(കവിത)
കവിത ജി ഭാസ്ക്കരൻ
അവസാനമില്ലാത്ത
ആഴങ്ങളിൽ നിന്ന്
ഞാൻ എന്നെ
നൂലിഴകൾ പോലെ
പെറുക്കിയെടുക്കുന്നു…
നീല, മഞ്ഞ,
ചുവപ്പ്, കറുപ്പ്
അങ്ങനെയങ്ങനെ..
നീളെ നീളെ…
ഒരു
നെയ്തെന്ത്രത്തിലെന്ന പോലെ
ഞാനവയെ
കൈപ്പത്തിയിൽ നിരത്തുന്നു..
വിരലിൽ ചുറ്റിയെടുക്കുന്നു…
നനഞ്ഞൊട്ടി,
ശോഷിച്ച പാമ്പിൻ കുഞ്ഞുങ്ങളെ പോലെ
തണുത്തത്…
ഉടുപ്പു നെയ്യാനെന്ന്
നിനക്ക് നീട്ടുന്നതിന്
തൊട്ടുമുൻപവയ്ക്ക്
അനക്കം വെയ്ക്കുന്നു..
സ്വയമഴിഞ്ഞ്
പതുക്കെയെന്നെ
ആപാദചൂഡം ചുറ്റിവരിഞ്ഞ്…
ഞാനൊരു നൂൽ പന്തുപോലെ,
വർണ്ണശഭളമായത്…
പണ്ട് വിരലിൽ
നൂൽ ചുറ്റിമുറുക്കി
ചോപ്പിച്ചടയാളം വെച്ചതിന്റെ
ഓർമ്മയിൽ,
വലിയൊരു വിരലാണ്
ഞാൻ
മുറിയാതെ നോവുന്ന
പെരുവിരലെന്ന്
ഉള്ളിലൊരു തമാശ
ചോരയിറ്റി പൊടിഞ്ഞു തീർന്നു…
നൂൽപന്തുകൾ
വെള്ളത്തിൽ പൊങ്ങി കിടക്കുമോ??
ചുവപ്പും മഞ്ഞയും
കഴുത്തിലമരുമ്പോൾ
അതായിരുന്നു ആലോചന…
നീലയും കറുപ്പും
തലയോട്ടി പിളർത്തിയതിനാൽ
പാതിയിലത് വെള്ളത്തിൽ കലർന്നു…
നൂൽ പന്തുകൾ
വെള്ളത്തിൽ പൊങ്ങി വരുമോ??
തുന്നൽ ക്ലാസിലൊരു കുട്ടി
ഉപേക്ഷിക്കപ്പെട്ട
നൂൽ കഷ്ണങ്ങളെ ചുറ്റിയെടുത്ത്
രഹസ്യമായൊരു
നൂലുണ്ടയുണ്ടാക്കാൻ തുടങ്ങി…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല