കവിത
ജാബിർ നൗഷാദ്
എന്റെ നെഞ്ച്
ജീവനോടെ കുഴിച്ചു മൂടപ്പെട്ട
സ്നേഹിതരുടെ ഖബർസ്ഥാനാണ്
ദിനം പ്രതി അവിടെ പുതിയ
മീസാൻ കല്ലുകൾ മുളയ്ക്കുന്നു.
അതിന്റെ ഭാരം
താങ്ങാനാകാതെ ഞാൻ
തളർന്നു വീഴുന്നു.
എന്റെ ഹൃദയത്തിൽ
നിലയ്ക്കാതെ
മിടിച്ചു കൊണ്ടിരിക്കുന്ന പ്രാർത്ഥന
അവസാനിക്കുമ്പോൾ
അവരൊക്കെയും ഖബറിൽ
നിന്നെണീറ്റു വരും.
എനിക്ക് വേണ്ടി
തിരികൾ കത്തിക്കും
ദിക്റ് ചൊല്ലും.
അങ്ങനെ ഞാൻ
മണ്ണിലേക്കടിയുമ്പോൾ
അവരുടെ ഉള്ളിൽ
ഒളിച്ചിരുന്ന സ്നേഹം
പതിയെയെന്റെ
ഖബറിന് മീതെ
കുഴിച്ചു വെക്കും.
പക്ഷേ,അപ്പോഴേക്കും
ചെടികളോടും
പൂക്കളോടുമുള്ള
എന്റെ ഭ്രമം
വാടിവീണിട്ടുണ്ടാകും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല