കവിത
ജാബിർ നൗഷാദ്
എന്റെ അനന്തതാവളം
ഇവിടെയാവരുതെന്ന്
ഞാൻ പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്.
ഇവിടുത്തെ
മൈലാഞ്ചിയിലകൾക്ക്
പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല.
മഞ്ചാടിമരങ്ങളുടെ
ഇലകളിൽ നിറയെ പച്ചുറുമ്പുണ്ട്.
അഴിച്ചിട്ട ചെരുപ്പിൽ കയറിനിന്ന്
എനിക്ക് വേണ്ടി
യാസീൻ ഓതുമ്പോൾ
നിങ്ങളുടെ (മെയിൽ ഒൺലി)
കാലിലോ, ഉറുമ്പുകൾ
തുന്നി ചേർത്ത രണ്ടിലകൾ
പോലെ ചുരുണ്ട കയ്യിലോ
അവർ കടിച്ചുവെന്നിരിക്കും.
ആ നോവിലെന്നെക്കുറിച്ചുള്ളയോർമ്മ-
മുറിയും. അസ്വസ്ഥരാകും.
ദുആ വേഗത്തിലാകും
എന്റെ കൂർത്ത ശിഖരങ്ങളിൽ തൊട്ട്
സലാം ചൊല്ലി മടങ്ങാൻ ധൃതിയാകും.
എന്നാൽ,
എനിക്ക് മറന്നാലും മറക്കാത്തൊരോർമ്മയാവണം
മരണപ്പെട്ട പോസ്റ്റ്‌മാന്റെ സൈക്കിളാവണം
മരണപ്പെട്ട പാട്ടുകാരുടെ പാട്ടാവണം.
മരണപ്പെട്ട എഴുത്തുകാരുടെ വാക്കാവണം.
മരണപ്പെട്ട കുട്ടിയുടെ നിഷ്കളങ്കതയാവണം.
മരണപ്പെട്ട യാചകന്റെ വിശപ്പാവണം.
മരണപ്പെട്ട വേടന്റെ അമ്പാവണം
മരണപ്പെട്ട അന്ധന്റെ കേൾവിയാവണം.
മരണപ്പെട്ട പാപിയുടെ പശ്ചാത്താപമാവണം.
മരിച്ചാലും മരിക്കാതെയാവണം.
വളത്തുണ്ടുകളെത്തുന്നിടത്തേക്ക്
ഉറുമ്പുകളില്ലാത്തിടത്തേക്ക്
താവളമൊരുക്കുകയെന്ന
തീരുമാനത്തിലേക്ക്
ഞാൻ എത്തുന്നതങ്ങനെയാണ്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല