HomeTHE ARTERIASEQUEL 86ആത്മാവിൽ നിന്ന് അടർന്നു വീഴുന്ന ഇലകൾ

ആത്മാവിൽ നിന്ന് അടർന്നു വീഴുന്ന ഇലകൾ

Published on

spot_imgspot_img

ആത്മാവിന്റെ പരിഭാഷകള്‍
സിനിമ ,കവിത ,സംഗീതം (ഭാഗം 5)

ഡോ. രോഷ്നിസ്വപ്ന

 

“”മടക്കിപ്പിടിച്ച
വിരലുകൾ
പൊട്ടിക്കാതെ
നമുക്ക്‌
നിവർത്താനാവില്ല””

-കൽപ്പറ്റ നാരായണൻ

ആനന്ദിന്റെ കാഴ്ച എന്ന കഥയിൽ “”ഓർമ്മയാണോ, കാഴ്ചയാണോ, സ്പർശമാണോ, മണമാണോ പ്രധാനം എന്ന് ചോദിക്കുന്നുണ്ട്..

ഓർമ്മ എന്ന് തിരുത്തുന്നു കഥ അപ്പോള്‍ത്തന്നെ. മനുഷ്യനില്‍ ഓര്‍മ്മ പലതരത്തിലാണ് നില നില്‍ക്കുന്നത് .ധാതുസ്മൃതിയായും, സമൂഹസ്മൃതിയായുമൊക്കെ ഓര്‍മ്മ നമ്മില്‍ പ്രവര്‍ത്തിക്കുന്നു. വാര്‍ദ്ധക്യത്തിലെ ഓര്‍മ്മയും ഓര്‍മ്മയുടെ കൊഴിഞ്ഞു പോക്കും കാലം നിശ്ചയിച്ച പ്രതിഭാസങ്ങളില്‍ ഒന്നാണ്. മനുഷ്യന് മറികടക്കാന്‍ ആകാത്ത ചിലത് പ്രപഞ്ചത്തിലുണ്ടല്ലോ. ഇത്തരത്തില്‍ പുറത്ത് വന്ന സിനിമകളും നിരവധിയുണ്ട്. അതിൽ വാർദ്ധക്യവും ഏകാന്തതയും ഒറ്റപ്പെടലും സൂക്ഷ്മമായി നിരീക്ഷിക്കുന്ന സിനിമകളും ഉള്‍പ്പെടുന്നു. അലൻ അയ്ക് ബോൺ 1985ൽ സംവിധാനം ചെയ്ത വുമൺ ഇൻ മൈൻഡ് (തീയേറ്റർ പെർഫോമൻസ് ) തർക്കോവ്സ്കിയുടെ നൊസ്റ്റാൾജിയ, ബെർഗ് മാന്റെ ‘വൈൽഡ് സ്ട്രോബറീസ്
അകിറ കുറസോവ യുടെ ഇകിരു,(1952), ലിവിങ്, വിക്ടോറിയ ഡി സിക്കയുടെ ഉംബർട്ടോ ഡി (1952),
ടോം ബ്രൗൺ സംവിധാനംചെയ്ത റേഡിയേറ്റർ (2014), ഡേവിഡ് ലിൻ ചിന്റെ ദി സ്ട്രൈറ്റ് സ്റ്റോറി (1999), കൊണോർ അലിൻ സംവിധാനം ചെയ്ത നോ മാൻസ് ലാൻഡ് (2020), ഒസുവിൻറെ ടോക്കിയോ സ്റ്റോറി,
ജോൺ ലീഗലിൻറെ “ദി ഷൂട്ടിസ്റ്റ്, ഷാജി എം കരുണിന്റെ പിറവി, പദ്മരാജന്റെ മൂന്നാം പക്കം,
എന്നിവ ലോക സിനിമയിൽ വാർദ്ധക്യം എന്ന വിഷയത്തെ സമീപിക്കുന്ന സിനിമകളിൽ പ്രിയപ്പെട്ട ചില സിനിമകളാണ്. അത്തരത്തിൽ ഓർമ്മയെയും വാർദ്ധക്യത്തെയും പ്രധാന പ്രമേയമാക്കിയ ഏറെ പ്രിയപ്പെട്ട രണ്ട് ചലച്ചിത്രങ്ങളാണ് ഫ്ലോറിയൻ സെലർ സംവിധാനം ചെയ്ത “ദി ഫാദർ (2020), മൈക്കിൾ ഹെനെഗെ സംവിധാനം ചെയ്ത അമോർ (Amour) എന്നിവ.

ഇലകളും ചില്ലകളും പൊഴിയും പോലെ

ഓർമ്മയും മറവിയും വാർദ്ധക്യവും ഇഴപിരിയുന്ന അതീവ സുന്ദരമായ ഒരു ചലച്ചിത്രമാണ് ദി ഫാദർ.
ഫ്ലോറിയാൻ സെല്ലറിന്റെ അതെ പേരിലുള്ള നാടകത്തിന്റെ ചലച്ചിത്രാഖ്യാനമാണ് THE FATHER (2021,UK).
ഓർമയിൽ നിന്ന് വിസ്മൃതിയിലേക്ക് വഴുതി പോകുന്ന ആന്റണി എന്ന കഥാപാത്രത്തിൻറെ
ജീവിതത്തിൻറെ അവസാന കാലങ്ങളാണ് പ്രതിപാദ്യം. ആന്റണി ഹോപ്കിൻസ് എന്ന മഹാനടന്റെ സാന്നിധ്യം കൊണ്ടു തീവ്രാനുഭവമാകുന്നുണ്ട് ദി ഫാദർ. മറവിയിലാണ് അയാൾ. അത് പ്രത്യക്ഷത്തിൽ പറയണമെന്ന യാതൊരു നിർബന്ധവും സംവിധായകൻ പുലർത്തുന്നില്ല. അതാവശ്യവുമില്ല.
മറവിയുടെ കണ്ണിലൂടെയാണ് ക്യാമറയുടെ ആഖ്യാന ഇടം (narrative space )സ്ഥിതി ചെയ്യുന്നത്. ആ മറവിയിലൂടെ ചലിക്കുന്ന മറ്റു കഥാപാത്രങ്ങൾ… അവരുടെ ശരീരങ്ങൾ..വസ്തുക്കൾ, നിറങ്ങൾ, വായു, വെളിച്ചം, ഇരുട്ട്, നിഴൽ തുടങ്ങിയ ഘടകങ്ങൾ ഫാദറിൽ ഈ മറവിക്കൊപ്പം ചരിക്കുന്നു. first person ന്റെ ഇടമാണ് ക്യാമറക്ക് എന്ന് പറയേണ്ടി വരും. അത് ചലച്ചിത്രത്തിന്റെ സൗന്ദര്യo വർദ്ധിപ്പിക്കുന്നു. മറവി,തന്റെ കഴിഞ്ഞ കാലത്തിലിടപെടുന്നതിനെക്കുറിച്ച് ആന്റണി ബോധവാനല്ല. എന്നിരുന്നാലും, മാഞ്ഞു തെളിഞ്ഞു പോകുന്ന നിശബ്ദമായ ഭൂതകാലത്തിന്റെ ആഴമുള്ള ഭൗതിക ഇടങ്ങൾ അയാളിലും അയാളുടെ പരിസരങ്ങളിലും നിറയെ ഉണ്ട്.

“”എന്റെ ജീവിതത്തിൽ നിന്ന്
ഇലകൾ കൊഴിഞ്ഞു പോകുന്നത്
ഞാൻ അറിയുന്നു.
ശാഖകൾ അടർന്നുപോകുന്നത്…..
കാറ്റ് ഊർന്നു പോകുന്നത്
മഴ പെയ്തൊഴിയുന്നത്…..
എനിക്കറിയില്ല….
ഇതിലപ്പുറം ജീവിതത്തിൽ
ഇനി എന്ത് സംഭവിക്കാനാണ്!”

എന്ന് ആന്റണി പറയുന്നു. മനുഷ്യൻ എന്ന അനിശ്ചിതത്വത്തെയാണ്‌ ഫ്ലോറിയാൻ
അഭിസംബോധന ചെയ്യുന്നത്. മറവി മാത്രമല്ല, കുടിയേറ്റവും, ദേശീയതയും, വംശചിന്തകളും കലർന്ന ആന്തരിക രാഷ്ട്രീയം കൂടി ദി ഫാദർ ന്റെ ഒരു പ്രധാന അടരാണ്. അത് വിളിച്ചു പറയേണ്ടതില്ല എന്ന് സംവിധായകന് ബോധ്യമുണ്ട്. (ഇസ്രായേൽ ജൂത പ്രശ്‌നം ഏറെ നിശബ്ദമായി കൈകാര്യം ചെയ്ത The insult ഓർക്കുക. കഴിഞ്ഞ ലക്കം ഈ സിനിമയെ കുറിച്ചാണ് പറഞ്ഞത്.)

സ്ഥലവും കാലവും സ്മൃതിയും സ്മൃതിഭ്രംശം കലർന്ന് ജീവിതത്തിൻറെ വർത്തമാനത്തെ
റദ്ദാക്കുന്ന ആഖ്യാനമാണ് ‘ദി ഫാദർ’. വാർദ്ധക്യത്തിന്റെ ഇലകൾ അടരുന്നത് അയാൾ നോക്കി നിൽക്കുന്നു.
അറ്റുപോകുന്ന ഇലകളും ശാഖകളും പോലെ വർത്തമാനകാലത്തിൽ നിന്ന് അയാളുടെ
ഓർമ്മകൾ ഞെട്ടറ്റു പോകുകയാണ്. ഒരു വെള്ളിടി പോലെ ചിലപ്പോൾ ആൻറണിയുടെ ഓർമ്മ നിശ്ചലമാകുന്നു. കാലം അയാൾക്കൊപ്പം മുന്നോട്ടും പിന്നോട്ടും പായുന്നു. ഓർമയുടെ ചെറിയ ചെറിയ ചീളുകൾക്കിടയ്ക്ക് ആൻറണി വർത്തമാനകാലത്തെ തൊട്ടു കാണിക്കുന്നുണ്ട്. സ്വപ്നസമാനമായ പകർച്ചകളിലൂടെ അയാൾ തന്റെ ജീവനെ തൊട്ടു നോക്കുന്നു. ഇതിവൃത്താഖ്യാനത്തിലെ പ്രധാന വിഷയങ്ങളായ വാർദ്ധക്യത്തെയും സ്മൃതിനാശത്തെയും കോർത്തെടുത്ത് ഒരൊറ്റ കാഴ്ചയിലേക്ക് തൊടുത്തുവിടാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്. ഓർമ്മ ഒരു രൂപകമായോ മാധ്യമമായോ വർത്തിക്കുന്നു ചലചിത്രത്തിൽ. സ്ഥല കാലങ്ങളും വസ്തുക്കളും വാക്കുകളും ചുറ്റുമുള്ള മനുഷ്യരും ആൻറണിയുടെ വാർദ്ധക്യത്തെയും മറവിയെയും ബാധിക്കുന്നുണ്ട്. ആന്റണിക്ക് ചുറ്റുമുള്ള മകൾ, മരുമകൻ, ആയ തുടങ്ങിയ കഥാപാത്രങ്ങൾ ഒക്കെ തന്നെ, ആന്റണിയുടെ മറവിയുടെ വിവിധ തലങ്ങളിൽ,വിവിധ രൂപങ്ങളിൽ,വിവിധ സ്വത്വങ്ങളിൽ പ്രതിഫലിക്കുന്ന ആൾരൂപങ്ങൾ മാത്രമാകുന്നുണ്ട്. യാതൊരു സങ്കീർണതകളും ഇല്ലാതെ കഥ പറഞ്ഞു പോകുന്നു. കഥാപാത്രങ്ങളുടെ സ്ഥാനഭ്രംശങ്ങൾ ആഖ്യാനത്തെ ഒട്ടുംതന്നെ ബാധിക്കുന്നില്ല.

ആൻറണിയുടെ വാർദ്ധക്യവും അയാളുടെ ആന്തരിക ലോകവും അയാൾ
കടന്നുപോയിക്കൊണ്ടിരിക്കുന്ന സ്മൃതിഭ്രംശം എന്ന അവസ്ഥയും ഒരു രൂപകം എന്ന നിലയിൽ ചലച്ചിത്രത്തിലെ ആഖ്യാനത്തിൽ ഇടപെടുന്നു. ആൻറണിയുടെ കാഴ്ചയിലൂടെ നാം കാണുന്ന കഥാപാത്രങ്ങൾ ചിലപ്പോൾ മാറിമാറിവരുന്നു. അല്ലെങ്കിൽ അവരെ ഒരു കാഴ്ചയ്ക്ക് ശേഷം പിന്നീട് കാണാതാവുന്നു. ആൻറണിയോടൊപ്പം നമ്മളും അവരെ തിരയുന്നു, കാത്തിരിക്കുന്നു.
വസ്തുക്കളുടെയും വസ്തുതകളുടെയും സ്ഥാനഭ്രംശങ്ങൾ ആൻറണിയിൽ തീർക്കുന്ന
ഭാവവ്യത്യാസങ്ങളെ വാർധക്യ സഹജമായ സ്വഭാവമാറ്റങ്ങൾ ആയിട്ടാണ് നമുക്ക്
അനുഭവപ്പെടുക. ആഖ്യാനത്തിൽ അത് അവതരിപ്പിച്ചിരിക്കുന്നത് അങ്ങനെ തന്നെയാണ്.

Why do you look at me as if something is wrong. Everything is fine. The world is turning.

എന്നാണ് ആൻറണി മകളോട് പറയുന്നത്. അയാളുടെ ലോകം സ്ഥിരമാണ് പക്ഷേ ബാഹ്യലോകം മാറിക്കൊണ്ടിരിക്കുന്നു. ആൻറണി മാത്രമേ അത് ശ്രദ്ധിക്കുന്നു. മരണപ്പെട്ട മകളെ തിരയുകയാണ് അയാൾ ഒരിക്കൽ. ആൻറണിയുടെ ചിന്തയിലാണ് ക്യാമറയുടെ കാഴ്ചയുടെ വേരുകൾ നിലവിലുള്ളത്. അയാൾ കാണുന്നത് നമ്മളും കാണുന്നു. അയാൾ കാണാത്തത് നമ്മിൽ നിന്ന് മറഞ്ഞിരിക്കുന്നു.
ആഖ്യാനത്തിന്റെ രേഖീയ സ്വഭാവം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെങ്കിലും അദൃശ്യമായ ഒരു നോൺ ലീനിയർ കഥപറച്ചിൽ രീതി ഫാദറിന്റെ ആന്തരികതയിലുണ്ട്. സ്മൃതിനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിൽ ആൻറണിയുടെ വാർദ്ധക്യവും നേരിട്ടുകൊണ്ടിരിക്കുന്ന മാനസികാവസ്ഥയാണ് സിനിമയുടെ ആധാരം. എന്താണ് തൊട്ടടുത്ത നിമിഷം സംഭവിക്കാൻ പോകുന്നത് എന്ന് മനസ്സിലാക്കാൻ കഴിയാത്ത ഒരു അവസ്ഥയാണ് അയാളിൽ നിലനിൽക്കുന്നത്. അയാൾ പെട്ടെന്ന് കോപാകുലനായിപോകുന്നു. ദുഖിതനാകുന്നു.

You keep changing your mind, how do expect everyone to keep up?

എന്നയാൾ അവനവനോട് തന്നെ ചോദിക്കുന്നു. മകൾക്ക് ഭർത്താവിനോടൊപ്പം വിദേശത്തേക്ക് പോകേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ആൻറണിയെ പരിചരിക്കാൻ അവർക്കിനി സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം. ആന്റണിയും മകളായ ആനിയും തമ്മിലുള്ള ചില സംഭാഷണങ്ങൾ നടക്കുന്നത് യഥാർത്ഥത്തിൽ ആൻറണിയുടെ അബോധമനസ്സിലാണ്..അത് ആദ്യം ദൃശ്യവൽക്കരിക്കുന്നു.
പിന്നീട് ആ രംഗത്തെ റദ്ദാക്കുന്ന തരത്തിൽ അത് ആൻറണിയുടെ ഭാവനയാണ് എന്ന തോന്നൽ / സത്യം, ആഖ്യാനത്തിലൂടെത്തന്നെ നിർവഹിക്കപ്പെടുന്നു. ഒരുപക്ഷേ കാഴ്ചക്കാരൻ ആൻറണിയുടെ വാർദ്ധക്യത്തിലേക്കും മറവിയിലേക്കും സ്വന്തം ലോകത്തെ പ്രവേശിപ്പിക്കുന്നു. മനുഷ്യർ സ്വന്തം രൂപങ്ങളിൽ നിന്ന് മറ്റ് ഉടലുകളിലേക്ക് മാറുന്നു. സ്ഥലമെന്നത് ഇല്ലാതാകുന്നു. ആൻറണി താമസിക്കുന്ന വീട്ടിലെ വസ്തുക്കൾ മാറുന്നു. മറ്റേതോ വീടുപോലെ എന്ന് ആൻറണി പറയുന്നത് നമുക്കും അനുഭവപ്പെടുന്നു. ദൃശ്യങ്ങൾ പരസ്പരബന്ധമില്ലാതെ കടന്നുവരുന്നു. തുടർച്ച ഇല്ലല്ലോ എന്ന ആശങ്കയിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നു. പതുക്കെ പതുക്കെ വികസിച്ച് തെറ്റിയ സമയ സൂചിയിലൂടെയും വസ്തുക്കളുടെയും മനുഷ്യരുടെയും സ്ഥാനഭ്രംശങ്ങളിലൂടെയും ആൻറണിയുടെ മാറുന്ന ഓർമ്മയിലൂടെയും സിനിമ സംഭവിക്കുന്നു. ആന്റണി എന്ന കഥാപാത്രത്തിന് ശരീരത്തിൻറെ ഓർമ്മയിലെ
(Body memory.) വസ്തു സാന്നിധ്യങ്ങളും മനുഷ്യ സാന്നിധ്യങ്ങളും അയാളുടെ ധാതുസ്മൃതിയുമായി
(Mineral memory) ഇടയുന്നു. തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് അയാൾ അറിയുന്നില്ല. തൻറെ ഭൂതകാലത്തിലെ സാന്നിധ്യവും അസ്ഥിത്വവും ഇപ്പോഴും അയാളുടെ വിദൂരമായ ഓർമ്മയിൽ നിലനിൽക്കുന്നുണ്ട്. ഒടുവിലത്തെ രംഗം എത്തുമ്പോൾ ആണ് ആഖ്യാനത്തിന്റെ തന്ത്രം പ്രേക്ഷകർക്ക് പിടികിട്ടുന്നത്. വാർദ്ധക്യവും വാർദ്ധക്യത്തിലെ ഒറ്റപ്പെടലുകളും തീവ്രമായി ചിത്രീകരിക്കുന്ന സിനിമയാണ് ദി ഫാദർ. ചലനത്തിന്റെയും നിശ്ചലതയുടെയും സമാന്തര ലോകങ്ങൾ ഹോപ്കിൻസിന്റെ
കഥാപാത്രത്തിൽ പിണയുന്നു. ചിത്രം പകുതിക്ക്‌ ശേഷം പതിയെ നാം നമ്മുടെ ലോകത്തെത്തുന്നു.
അവസാന രംഗത്ത് മാത്രമാണ് ഓർമ്മയുടെയും മറവിയുടെയും വർത്തമാന കാലത്തിൻെയുo
രേഖകൾ കൂട്ടി മുട്ടുന്നത്. അപ്പോൾ മാത്രമാണ് ഫാദറിന്റെ ദൃശ്യഭാഷ അയാളുടെ മറവിയെ
വെളിവാക്കുന്നത്. ആർക്കാണ് മറവി നമുക്കോ അതോ അയാൾക്കോ….?!

മരണം മറവിയാകുമ്പോൾ

മൈക്കിൾ ഹെനേഗേയുടെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രമാണ് അമോർ (Amour). സംഗീതത്തിൻറെ മാസ്മരികത പോലെ ആസ്വദിച്ചുയരുന്ന ആരോഹണക്രമമാണ് ഈ ചിത്രത്തിൻറെ കാതൽ. ജോർജ്, അന്ന ദമ്പതികളുടെ വാർദ്ധക്യവും ഏകാന്തതയും പ്രണയവും അന്നക്ക് സംഭവിക്കുന്ന പക്ഷാഘാതവും ആഖ്യാനത്തിന്റെ മുറുക്കത്തെ സമതുലനം ചെയ്യുന്നു. വാർദ്ധക്യസഹജമായ മറവി ഇരുവരെയും ബാധിച്ചിട്ടുണ്ടെങ്കിലും അന്നയുടെ ശാരീരികസ്ഥിതിയിൽ തന്റെ ശാരീരികാസ്വസ്ഥതകൾ
ജോർജ് മറക്കുകയാണ്. പരസ്പരമുള്ള സംഭാഷണത്തിനിടയിൽ ഒരിക്കൽ അയാൾ പറയുന്നുണ്ട്

” ആ സിനിമയെ കുറിച്ച് എനിക്ക് ഓർക്കാൻ കഴിയുന്നില്ല
പക്ഷേ അത് സമ്മാനിച്ച വൈകാരികതയെ
ഞാൻ ഇപ്പോഴും ഓർക്കുന്നു”

ജീവിതവും മരണവും പ്രണയവും വാർദ്ധക്യവും മനുഷ്യജീവിതത്തിന്റെ ബാക്കിപത്രങ്ങളായോ
അവശിഷ്ടങ്ങളായോ അതിനുള്ളിൽ ഒളിഞ്ഞുകിടക്കുന്ന ഘടകങ്ങളായോ ഒക്കെയാണ്
ഈ സിനിമയിൽ നിന്ന് കാഴ്ചക്കാരനെ ബാധിക്കുക. ജീവിതത്തിലെ ഒരു ഘട്ടം മാത്രമാണ് ഈ സിനിമയിൽ
മരണം എന്നുവരുന്നു. പിന്നീട് സ്വാഭാവികമായി അടുത്ത ഘട്ടം ആരംഭിക്കുന്നു. മരണപ്പെട്ട അന്ന ജോർജിനോടൊപ്പം പുറത്തേക്കിറങ്ങുന്നു. സിനിമ ആരംഭിക്കുമ്പോൾ കേൾക്കുന്ന പിയാനോ സംഗീതം അവസാനം വരെ സിനിമയുടെ മറ്റൊരു ആഖ്യാനതലമായി നിലനിൽക്കുന്നു. ഒരു കാവ്യാത്മക ഘടനയാണ് സംഗീതത്തിന് അമോറിൽ. ചിത്രത്തിനായി മൈക്കിൾ സ്വീകരിച്ചിട്ടുള്ളത് രേഖീയാഖ്യാനമാണ് (linear narration ). ഒരു അപ്പാർട്ട്മെൻറ് ലേക്ക് അഗ്നിശമന സേനാംഗങ്ങളും പോലീസും കടന്നു വരുന്നതായാണ് സിനിമയുടെ ആദ്യഷോട്ട്. ഏറെ നേരത്തെ തിരച്ചിലിനുശേഷം കിടപ്പുമുറിയിൽ പൂക്കളിൽ പൊതിഞ്ഞ ഒരു വൃദ്ധയുടെ മൃതശരീരം അലങ്കരിക്കപ്പെട്ടു കിടക്കുന്നത് കാണാം. ജോർജിന്റെയും അന്നയുടേയും ജീവിതം പുസ്തകങ്ങളും സംഗീതവും പ്രണയവും പാരസ്പര്യവും കൊണ്ട് ബന്ധിതമാണ്. ആഹ്ളാദകരമായ വാർദ്ധക്യം ആണ് അവരുടേത്. ഒറ്റപ്പെടലിന്റെ നേർത്ത സാന്നിധ്യമുണ്ടെങ്കിലും അവർ പരസ്പരം അത് പരിഹരിക്കുന്നുണ്ട്.

ഓർമ്മക്കുറവിന്റെ ചെറിയ ധൂളികൾ അന്നയിലേക്ക് കടന്നിരിക്കുന്നതോട് കൂടിയാണ്, ആ ജീവിതത്തിന്റെ വേഗം മാറിമറിയുന്നത്. അതിസൂക്ഷ്മമായി സിനിമയുടെ ആദ്യം മുതലേ അന്നയുടെ ഓർമ്മക്കുറവിന്റെ സൂചനകളുണ്ട്. പിയാനോ കച്ചേരി കഴിഞ്ഞ് തിരിച്ചെത്തുന്ന ജോർജ് വാതിൽ തുറന്നു കിടക്കുന്നത് കാണുന്നു. പിന്നീട്, പിറ്റേന്ന് പ്രഭാതത്തിൽ ജോർജിൻറെ വാക്കുകളോട് പ്രതികരിക്കാതെ ഇരിക്കുന്ന അന്ന മറ്റൊരാളായി മാറുന്നത് നമുക്ക് കാണാം. അതോടുകൂടി ജീവിതത്തിൻറെ ഗതി മാറുന്നു. ഒഴുക്കില്ലാത്ത നീണ്ടുനിന്ന നീങ്ങുന്ന സമയത്തിലേക്ക് അന്നയുടെ മറവി ഒരു തുള വീഴ്ത്തുന്നു. പതിയെപ്പതിയെ അതൊരു വലിയ വിടവാകുന്നു. ജോർജ് ആ വിടവ് ചേർത്തടയ്ക്കാൻ സ്വന്തം ജീവിതവും ശരീരവും മനസ്സും മുഴുവനായി ഉപയോഗിക്കുന്നുണ്ട്. വിശദമായ ചിത്ര സന്നിവേശങ്ങൾ കൊണ്ട് വാർദ്ധക്യത്തെ കാവ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്നു. രണ്ടാമത്തെ പക്ഷാഘാതത്തിന് ശേഷം അന്നയുടെ സംസാരശേഷി കൂടി ഭാഗികമായി നഷ്ടപ്പെടുന്നു. കൊടിയ സഹനത്തിൽ നിന്ന് മുക്തയാക്കാൻ ജോർജ് അന്നയെ മരണത്തിലേക്ക് ശ്വാസം മുട്ടിച്ചു കൊണ്ടാക്കുന്നു. കാരുണ്യ വധത്തിന്റെ പരിധിയിൽ പെടുന്നുണ്ടോ ഇത് എന്ന ചർച്ചയെക്കാൾ അന്നയുടെ ശാരീരിക-മാനസിക പീഡകൾ കണ്ടു നിൽക്കാൻ ഉള്ള കരുത്ത് ജോർജ് എന്ന വൃദ്ധന് ഉണ്ടാവുന്നില്ല.

ഹിരോഷിമ മോൺ അമോർ എന്ന വിഖ്യാത ചലച്ചിത്രത്തിലെ നായികയായ ഇമാനുവൽ റിവോയാണ് അമോറിലെ അന്നയായി വേഷമിടുന്നത്. ജീൻ ലൂയിസ് ട്രിൻഡിഗ്നന്റ് ആണ് ജോർജ് ആയി വേഷം ഇടുന്നത്.
രണ്ട് അഭിനേതാക്കളും യഥാർത്ഥ ജീവിതത്തിൽ 80 കടന്നവരാണ്. കഥാപാത്രങ്ങളുടെ
ശരീരഭാഷയിലൂടെത്തന്നെ ചലച്ചിത്രത്തിൽ ദൃശ്യവികാസം സംഭവിക്കുന്നുണ്ട്.കാരുണ്യ വധവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചകളും വിവാദങ്ങളും ഈ സിനിമയുമായി ചേർത്ത് വന്നുവെങ്കിലും, മികച്ച നടി മികച്ച വിദേശഭാഷാ ചിത്രം എന്നിങ്ങനെ അഞ്ച് ഓസ്കാറുകൾ ആണ് ചിത്രത്തിന് ലഭിച്ചത്. കാലങ്ങളായി ഭാര്യയെ പരിചരിക്കുകയും വൈകാരികമായി നൈരാശ്യത്തിലേക്ക് വീഴുകയും ചെയ്യുന്നുണ്ട് ജോർജെന്ന വൃദ്ധൻ. ഇടനാഴിയിലൂടെ നടക്കുമ്പോൾ കാൽക്കീഴിലേക്ക് വെള്ളംഇരച്ചുവരുന്ന, പിന്നിൽ നിന്ന് മുഖവും വായും പൊത്തി പിടിക്കുന്ന രംഗം ഒരു സ്വപ്നമായി അവതരിപ്പിക്കപ്പെടുന്നു. ജോർജിൻറെ വാർദ്ധക്യ സഹജമായ നൈരാശ്യം(depression )ചിത്രത്തിൻറെ ആന്താരികാഖ്യാനമായി കടന്നുവരുന്നു.

സമാനമായ അനുഭവമാണ് ജിയോ ബേബി സംവിധാനം ചെയ്ത old age home ലെ ജോജുവിന്റെ പ്രകടനം.
ജോജു എന്ന നടന്റെ അഭിനയ സ്വത്വത്തെ ഇത്രമേൽ ഉടച്ചു വാർത്ത കഥാപാത്രങ്ങൾ അയാൾക്ക് ഇത് വരെ കിട്ടിയിട്ടില്ല. പക്ഷെ ഈ ചിത്രം ജോജുവിലെ നടനെ മുഴുവനായി വെളിപ്പെടുത്തുന്നു. അയാൾ അതിന് വേണ്ടി മുടക്കിയ സമയവും ചിന്തയും ഈ കഥാപാത്രത്തിലുണ്ട്. അയാളിൽ മറവിയല്ല. ജീവിച്ച ജീവിതത്തിൽ നിന്ന് ഭൂതകാലത്തിലേക്ക് കുതറുന്ന ഓർമ്മയാണത്..അയാൾക്ക് വർത്തമാന കാലത്തിന്റെ വിരസതകളെയോ മാമൂലുകളെയോ ഭയക്കേണ്ടതില്ല. അയാളുടെ ആന്തരികതയിൽ ഉള്ളത് തെളിഞ്ഞ കാലമാണ്.
അതിലേക്കെയാൾ പതുക്കെ ഊളിയിടുന്നത് അത്രമേൽ നിശബ്ദമായ കലാസ്പർശമായാണ് സംവിധായകൻ കണ്ടെത്തുന്നത്. അതിൽ നടൻ തന്നെയാണ് മുഖ്യം.ദാമ്പത്യവും സ്ത്രീയുടെ സ്വത്വബോധവുമെല്ലാം കടന്നുവരുന്ന old age home ന്റെ അന്തരീക്ഷത്തിലെ ചെറിയ തണുപ്പ് അനുഭവിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് സംവിധാകൻ എനിക്ക് തന്ന സമ്മാനം.

ദി ഫാദർ ഒരൊറ്റ മുറിയിലാണ് സാധ്യമാകുന്നത്. മറ്റു ആഖ്യാന സ്ഥലങ്ങളും ഇടങ്ങളും അയാളുടെ പിണഞ്ഞു പോകുന്ന ഓർമ്മയിലാണ് കടന്നു വരുന്നത്. Amour എന്ന സിനിമയുടെ ഫ്രെയിമുകളോളമോ അതിനുമപ്പുറമോ ആസ്വദിച്ചു കണ്ട ഫ്രെയിമുകളും ഷോട്ടുകളും സീക്വൻസുകളുമാണ് ഫാദറിന്റേത്. സമാനമായ പ്രമേയങ്ങൾ. കാലികമായ ആഖ്യാനം, ദൃശ്യപ്പടർച്ചകൾ..ഓർത്തെടുക്കാൻ ഇനിയുമുണ്ടാവാം വർദ്ധക്യത്തെ സമീപിച്ച സിനിമകൾ. എങ്കിലും
സമാനമായ അനുഭവങ്ങൾ ചേർത്ത് വയ്ക്കുന്ന ഈ സിനിമകളിൽ നിന്ന്
എല്ലാ മനുഷ്യരുടെയും ആസന്ന ഭാവിയുടെ കാഴ്ചയുണ്ട്. ഇലകൾ പൊഴിയുന്നത്രക്ക് മാത്രമേ ജീവിതം നമ്മിൽ ബാക്കി നിൽക്കുന്നുള്ളു എന്ന് ഈ സിനിമകൾ നമ്മോട് പറയുന്നുണ്ട്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...