കവിത
ഹാഷിം ഷാജഹാൻ മണ്ണാർക്കാട്
ബസ്സ് സ്റ്റോപ്പ്
ഒരു ട്രാവൽ ഏജൻസിയാണ്
നിന്ന നിൽപ്പിൽ
പലരെയും
പല വഴിക്ക്
പറഞ്ഞയക്കുന്ന
തിരക്കുണ്ടതിന്
പ്ലസ് വണ്ണിൽ പഠിക്കുന്ന
അനുജത്തിയെ
ദിവസേന സ്കൂളിൽ
പറഞ്ഞ് വിടുകയും
കൈ കാണിച്ച്
വണ്ടി നിർത്തിച്ച്
തിരിച്ചിറക്കുകയും
ചെയ്യുന്നു
ആശുപത്രിയിൽ
പോകാൻ നിൽക്കുന്ന
ശാന്തേടത്തിയുടെ
കിട്ടാതെ പോയ
ബസിന് പകരം
കാലിയടിച്ച് വരുന്ന
ഓട്ടോറിക്ഷ പറഞ്ഞയക്കുകയും
സമയത്തിന്
സ്ഥലത്തെത്തിക്കുകയും
ചെയ്യുന്നു
ഒൻപതാം ക്ലാസ്സിൽ
പഠിക്കുന്ന ജെയ്സൺ
എന്ന് പേരുള്ള കുട്ടിയെ
സ്കൂളിന്റെ മുൻപിലൂടെ
എവിടേക്കോ
പോകുന്ന ചേട്ടനെ
വണ്ടി നിർത്തിച്ച്
ലിഫ്റ്റ് കൊടുപ്പിക്കുകയും
ബസിന് കൊടുക്കേണ്ട
കാശ് കൊണ്ട്
സിപ്പ് അപ്പ് മേടിച്ച്
കൊടുക്കുകയും ചെയ്യുന്നു
രാത്രി രണ്ടേകാലിന്
നാട് വിടാൻ
വന്നയാൾക്ക് പോകാൻ,
ആന്ധ്രയിലേക്ക്
പോകുന്ന വണ്ടിയുടെ
ഡ്രൈവറെ വിളിച്ചുണർത്തി
അപകടത്തിൽ നിന്ന്
രക്ഷിക്കുകയും,
പോകുന്ന വഴിയിൽ
ഇഷ്ടമുളളിടത്ത്
ഇറക്കിക്കൊടുക്കാൻ
ഏർപ്പാടാക്കുകയും
ചെയ്യുന്നു
ഗൾഫിലേക്ക്
പോകാൻ വന്നയാളെ
വിമാനം ഇതിലേ
ഓടില്ലെന്ന് പറഞ്ഞ്
കാര്യം ധരിപ്പിച്ച്
കൂട്ടുകാരെന്റെ
കാർ വിളിപ്പിച്ച്
എയർ പോർട്ടിൽ
കൊണ്ടാക്കുകയും
രണ്ടു വർഷത്തിനു ശേഷം
ലീവിന് നാട്ടിലേക്ക്
വരുത്തിക്കുകയും
ചെയ്യുന്നു
നമ്മുടെ കല്യാണത്തിന്
വരാനുള്ള ആളുകളെ
വീട്ടിൽ ചെന്ന് വിളിച്ച്
കൂട്ടിക്കൊണ്ടു വരാൻ കൂടി
ഞാൻ ഏൽപ്പിക്കുന്നതുവരെ
ബസ്റ്റ് സ്റ്റോപ്പ്
ഒരു ട്രാവൽ ഏജൻസി മാത്രമാണ്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല