പ്രണയം അതിജീവനത്തിലാണ്

1
169

കവിത

ഭൗമിനി

എത്രയോ,
മിണ്ടാതിരുപ്പുകളുടെ
കടുത്തനീറ്റലിൽ
ഉപ്പു വിതറിയൂട്ടി
പ്രണയമതിന്റെ
എല്ലുന്തിയ ഉടലിനെ
മിനുപ്പിക്കുന്നു.

എത്രയോ,
ഇറങ്ങിപ്പോകലിന്റെ
ആഴങ്ങളിൽ
മുങ്ങിച്ചാകാതെ
പ്രണയമതിന്റെ
കെട്ടുപോയ
കണ്ണുകളും തുറന്നു
പൊന്തി വരുന്നു.

എത്രയോ,
തിരിച്ചുവരവിന്റെ
ധന്യതയിൽ
ഉന്മാദം പൂണ്ടു
പൂത്തുലഞ്ഞ്
നില തെറ്റാതെ
പ്രണയമതിന്റെ
ചുവടുകളെ,
ഒരു ഉറപ്പിന്മേൽ
കൊളുത്തിയിടുന്നു.

എത്രയോ
മുൾവേലികളിൽ
കൊരുത്തും
ചോരയൊലിപ്പിച്ചും
മുറിഞ്ഞുപോകാതെ
ഒട്ടിയൊട്ടിപ്പിടിക്കുന്ന
ആത്മാവിലേക്ക്
പ്രണയമതിന്റെ
അതിജീവനത്തെ
ചേർത്തുവയ്ക്കുന്നു

പ്രണയമേ…
നീയെന്നും
നിലനില്പു സമരത്തിന്റെ
കൊടിപിടിക്കുന്നു.
പ്രണയികളോ,
രക്തസാക്ഷിയെപ്പോലെ
അടിമുടി ചുവക്കുന്നു !


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here