HomeTHE ARTERIASEQUEL 98ചരിത്രം തിരസ്കരിച്ച സുൽത്താൻ

ചരിത്രം തിരസ്കരിച്ച സുൽത്താൻ

Published on

spot_imgspot_img

ലേഖനം

ബിബിൻ ജോൺ

ചരിത്രം വസ്തുനിഷ്ഠമാണോ അതിശയോക്തിപരമാണോ എന്നത് ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്ന കാര്യമാണ്. ഓരോ ചരിത്ര രചയിതാക്കളും തങ്ങളുടെ രചനകളിൽ മിത്തും സത്യവും എത്ര ഉൾക്കൊള്ളിച്ചു എന്നത് കണ്ടെത്താനും ബുദ്ധിമുട്ടാണ്. കാലങ്ങൾ കഴിയുന്തോറും ചരിത്രാംശങ്ങളെ വളച്ചൊടിക്കാൻ ചിലർ വ്യഗ്രത കാട്ടാറുണ്ട്. തലമുറകളിലൂടെ കൈമാറിവരുന്ന വാമൊഴി രൂപങ്ങൾക്കും ചില പൊടിപ്പും തൊങ്ങലും വന്ന് ചരിത്രത്തിന്റെ തന്നെ ബീജരൂപത്തിൽ നിന്ന് ഗതിമാറിയതായി കാണാൻ കഴിയുന്നു. ഇത്തരത്തിൽ ചരിത്രം തമസ്കരിച്ചതും വിഭിന്ന ചരിത്രകാരന്മാർ തേജോവധം ചെയ്തതുമായ ഭാരതത്തിലെ അപ്രശോഭിത രാജാവായിരുന്നു ടിപ്പുസുൽത്താൻ. ഒരു സാമ്രാജ്യത്വ സ്രഷ്ടാവിന്റെ(ഹൈദർ)പുത്രനായി പിറന്ന്, ആ സാമ്രാജ്യത്തെ നശിപ്പിച്ച ക്രൂരൻ, മതഭ്രാന്തൻ, നിഷ്‌ഠൂരൻ എന്നിങ്ങനെ ചരിത്രകാരന്മാർ ടിപ്പുവിനെ മാറിമാറി ഉപദ്രവിച്ചതായി ചരിത്രത്താളുകളിൽ കാണാം. എങ്കിൽപോലും, ഈ ചരിത്രകാരന്മാർക്ക് ചില കാര്യങ്ങളിൽ ടിപ്പുവിനെ എതിർക്കാനോ, ആ പ്രതിഛായയെ പൂർണമായി മങ്ങലേൽപ്പിക്കാനോ സാധിക്കാത്ത അവസരങ്ങളും ഉണ്ടായിട്ടുള്ളതായി കാണാൻ കഴിയും. കാരണം, ഇന്ത്യാചരിത്രം ടിപ്പുവിനെ കൂടാതെ അപൂർണമായതുകൊണ്ട് തന്നെ.

ഭരണരീതികൾ,യുദ്ധ തന്ത്രങ്ങൾ, ജീവിതം മുതലായ കാര്യങ്ങളിൽ അക്കാലത്തെ മറ്റുരാജാക്കന്മാരിൽ നിന്നും ടിപ്പു എപ്രകാരം വ്യത്യസ്തനാകുന്നു, അതായിരുന്നു ഇന്ത്യാചരിത്രത്തിൽ ടിപ്പുവിന്റെ സ്ഥാനം. “ടിപ്പു ആധുനിക ഇന്ത്യാചരിത്രത്തിലെ ശ്രദ്ധേയനായ ഒരു വ്യക്തിയാണ്. അസാധാരണമായ കഴിവും ആത്മവിശ്വാസമുള്ള ഒരു ഭരണാധിപനായിരുന്നു ടിപ്പു. കർഷകരുടെ ഉന്നമനത്തെ ലക്ഷ്യമാക്കി കൃഷിക്കുവേണ്ടി എല്ലാ പ്രോത്സാഹനവും അദ്ദേഹം നൽകി”1. “നിഷ്ക്രിയത, ആലസ്യം, അന്ധവിശ്വാസങ്ങൾ എന്നിവ മുഖമുദ്രയായിരുന്ന നാട്ടുരാജാക്കൻമാർ, ഭൂപ്രഭുക്കന്മാർ, നായർ പടയാളികൾ, ആഢ്യ ബ്രാഹ്മണർ തുടങ്ങിയവർക്ക് കനത്ത ആഘാതമായിരുന്നു മൈസൂർ ആക്രമണങ്ങൾ”2 . “ടിപ്പുവിന്റെ നാട്ടുകാരോടുള്ള പെരുമാറ്റം അങ്ങേയറ്റം പൈശാചികമായിരുന്നു. കോഴിക്കോട് വെച്ച് ടിപ്പു അമ്മമാരേ കഴുകിൽ കയറ്റുകയും കൈക്കുഞ്ഞുങ്ങളെ അവരുടെ കഴുത്തിൽ കെട്ടി ഞാത്തുകയും ചെയ്തു”3. ഇത്തരത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള സമ്മിശ്രപ്രതികരണങ്ങളാണ് ചരിത്രകാരന്മാർക്കിടയിൽ. ചില ചരിത്രഗ്രന്ഥങ്ങളാകട്ടെ നിക്ഷിപ്‌ത താല്പര്യങ്ങൾക്കായി രചിച്ചതാണ്. രചയിതാക്കൾക്ക് ടിപ്പുവിനോടുള്ള വൈരാഗ്യം മനസ്സിൽ കൊണ്ടു നടന്ന് ചരിത്രത്തിൽ അദ്ദേഹത്തെ അടയാളപ്പെടുത്തുന്ന രീതിയും കാണാം. അവർക്ക് മാതൃകയായിരുന്നത് ടിപ്പുവിനോട് അങ്ങേയറ്റം ശത്രുത ഉണ്ടായിരുന്ന ഇംഗ്ലീഷുകാർ എഴുതിയ ചരിത്രങ്ങളായിരുന്നു. ടിപ്പുവിന്റെ സ്വഭാവം, യുദ്ധതന്ത്രം, ജീവിതരീതി, വാണിജ്യതാൽപ്പര്യങ്ങൾ എന്നിവ ആ കാലഘട്ടത്തിൽ തികച്ചും നൂതനമായിരുന്നു. സത്യാനന്തര കാലത്ത് ചരിത്രം പുനർവായനയ്ക്ക് വിധേയമാകുമ്പോൾ, ടിപ്പു ആവിഷ്കരിച്ച പല പരിഷ്കാരങ്ങളും ഈ നൂറ്റാണ്ടിൽ നാം ഉപയോഗിക്കുന്നുണ്ടെങ്കിലും അവ ചരിത്രത്താളുകളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.

ടിപ്പുസുൽത്താന് സ്വന്തം രാജ്യത്തോടും പ്രജകളോടും ഉണ്ടായിരുന്ന സ്നേഹം, അനുകമ്പ എന്നിവ പല ഭരണാധിപന്മാർക്കും മാതൃകയാണ്. പല പ്രതിസന്ധികളേയും തരണം ചെയ്യുന്നതും ആ ഭരണത്തിന്റെ ഉദാത്തമായ മികവാണ്. ഇത്തരത്തിൽ ഒരു നല്ല ഭരണതന്ത്രജ്ഞനെയും ഭരണ രീതികളെയും ആകമാനം താറടിച്ചു കാണിക്കുകയാണ് ചരിത്രത്തിൽ. അസാധാരണമായൊരു ട്രാജഡിയാണ് ടിപ്പുവിന്റെ ജീവിതം. കാരണം, അത്രമാത്രം ചരിത്രതല സ്പർശിയായ ടിപ്പുവിനെ നീചനും മതഭ്രാന്തനും ആയി ചിത്രീകരിക്കാനാണ് ബഹുഭൂരിപക്ഷ ഗ്രന്ഥകർത്താക്കളും ശ്രമിച്ചിട്ടുള്ളത്. ഒരു മുസ്ലീം ഭരണാധികാരി എന്നതിനാൽ തന്നെ തരംതാഴ്ത്തപ്പെട്ട രാജാവായിട്ടാണ് ടിപ്പുവിനെ ചരിത്രം കാണുന്നത്. മുഗൾ സാമ്രാജ്യത്തിന്റെ തകർച്ചയോടനുബന്ധിച്ച് വളർന്നുവന്ന കൊച്ചു രാജ്യങ്ങളും മഹാരാഷ്ട്രർ, ഹൈദരാബാദ് നൈസാം, മൈസൂർ എന്നീ പ്രബലശക്തികളും ധാരാളം അപ്രസിദ്ധരാജ്യങ്ങളുമായിരുന്നു അന്ന് ഭാരതത്തിൽ ഉണ്ടായിരുന്നത്. ആശ്രിതനായി കടന്നു വന്ന് തന്റെ കഠിനാധ്വാനം കൊണ്ട് പല സ്ഥാനമാനങ്ങൾക്ക് അർഹനാവുകയും ആ പ്രയത്നത്തിലൂടെ ഒരു സാമ്രാജ്യം രൂപീകരിച്ചെടുക്കുകയും ചെയ്ത വ്യക്തിയായിരുന്നു ഹൈദർ. തന്റെ അതേ ഭരണമികവിനെ നല്ല വിദ്യാഭ്യാസത്തിലൂടെയും ശിക്ഷണത്തിലൂടെയും മകനായ ടിപ്പുസുൽത്താനിലേക്ക് പകരാൻ ആ പിതാവിന് കഴിഞ്ഞിട്ടുണ്ട്. ഹൈദരോടൊപ്പം യുദ്ധങ്ങളിൽ പങ്കെടുക്കുവാനും, വിഭിന്ന സംസ്കാരങ്ങളുമായി ഇടപഴകി ജനജീവിതത്തെ മനസ്സിലാക്കുവാനും ടിപ്പുവിന് സാധിച്ചു. ജീവിതവികാരങ്ങളോടുള്ള ചിട്ടയായ പെരുമാറ്റവും ലോകവിജ്ഞാനദാഹശമനത്തിനായുള്ള വായനയും അദ്ദേഹത്തിനുണ്ടായിരുന്നു. ‘വിവിധ വിഷയങ്ങളെപ്പറ്റി നിഷ്കർഷിച്ച് സൂക്ഷിച്ചുപോന്ന 2000 പുസ്തകങ്ങളുടെ ഒരു ലൈബ്രറി അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും, തന്റെ നിത്യജീവിതപരിപാടിയിൽ ഗ്രന്ഥപാരായണത്തിനും അഭിജ്ഞാഭാഷണത്തിനും സമയമുണ്ടായിരുന്നു എന്ന് കാണുന്നു’4.

കേവലം 49 വയസ്സുവരെ മാത്രം ജീവിച്ച ടിപ്പുവിന്റെ ജീവിതകാലം അത്യന്തം ദുർഘടം പിടിച്ചതായിരുന്നു. നാല് പ്രധാന മൈസൂർ യുദ്ധങ്ങൾ, കൂടാതെ നൈസാമിന്റെയും മറാത്തികളുടെയും യുദ്ധങ്ങൾ. ഇത്തരത്തിൽ അസ്സമാധാനത്തിന്റെ ജീവിതമായിരുന്നു ടിപ്പുവിന്. 80-മത്തെ വയസ്സിൽ ഹൈദർ മരിക്കുമ്പോൾ ആ സാമ്രാജ്യത്തിന്റെ അധിപനായിട്ടാണ് ടിപ്പു വരുന്നത്. ഉറച്ച പാടവങ്ങളോടെയായിരുന്നു ടിപ്പുവിന്റെ ഭരണമെന്ന് കാണാൻ കഴിയും. അതിൽ പ്രധാനമായിരുന്നു ഒരു ഏകീകരണ ഭരണം നടപ്പിലാക്കുക എന്ന ചിന്ത. ഹൈദറിൽ തുടങ്ങിയ ആ ചിന്ത ടിപ്പു ഏറ്റെടുത്ത് നടപ്പിലാക്കി. മറ്റ് ഇടവർത്തികളുടെ കൊള്ളരുതായ്മകളെ ചെറുക്കാൻ ടിപ്പു സ്വീകരിച്ച ഈ നിലപാട് അദ്ദേഹത്തിന്റെ പ്രധാന ഭരണനടപടിയായി പല ചരിത്രകാരന്മാരും കാണുന്നുണ്ട്. മൂന്നാം മൈസൂർ യുദ്ധത്തിനു ശേഷം ഉണ്ടായ ശ്രീരംഗപട്ടണം ഉടമ്പടിയോടെ തന്റെ പകുതി രാജ്യം നഷ്ടമായെങ്കിലും, തന്റെ ഭരണമികവ് ശത്രുക്കൾക്ക് കൊടുത്ത ദേശങ്ങളിൽ കാണാൻ കഴിഞ്ഞതിനെ പലരും സ്മരിക്കുന്നുണ്ട്. 1766 -1790 വരെ 24 കൊല്ലമാണ് മൈസൂർ അധിനിവേശം മലബാറിൽ ഉണ്ടായിരുന്നത്. അതിൽ 16 കൊല്ലം മാത്രമേ ഒരു ഭരണമികവ് ഉള്ളതായി കാണാൻ കഴിയൂ. അതിൽ 9 കൊല്ലം ഹൈദറിന്റെയും, 7 കൊല്ലം ടിപ്പുവിന്റെയുമാണ്. ഈ 7 കൊല്ലം കൊണ്ട് ടിപ്പു നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങൾ തന്നെയാണ് അദ്ദേഹത്തിന്റെ ക്രാന്തദർശിത്വത്തിന് തെളിവും.

മലബാറിലാദ്യമായി ലാൻഡ് സെറ്റിൽമെന്റ് നടത്തിയത് ടിപ്പുവിന്റെ കാലത്താണ് ( അക്കാലത്ത് തിരുവിതാംകൂറിലും, കൊച്ചിയിലും ഈ രീതി ഉണ്ടായിരുന്നി ല്ല). അതുവരെ ഭൂസർവ്വേ നടന്നിരുന്നില്ല. മലബാറിൽ അതുവരെ നിലനിന്ന ജന്മി സമ്പ്രദായത്തിന് കനത്ത തിരിച്ചടിയായിരുന്നു ഈ നടപടി. ഭൂമി മുഴുവനും ജന്മസ്വത്തായിരുന്ന ഒരു സ്ഥലത്ത്, ജന്മികൾ മുഴുവൻ നമ്പൂതിരിമാരും നായർനാടുവാഴികളുമായിരുന്നു. രാജ്യഭോഗം പോലും ഇവർക്ക് കൊടുക്കേണ്ടിയിരുന്നില്ല. ‘കൃഷിക്കാരുമായി നേരിട്ടാണ് മൈസൂർ സർക്കാർ സെറ്റിൽമെന്റ് നടത്തിയത് ‘5. തന്മൂലം കർഷകരുടെ ഉന്നമനത്തിന് ഇത് കാരണമായിത്തീർന്നു. ചൂഷിതരും അടിച്ചമർത്തപ്പെട്ടവരുമായ കർഷകർക്ക് തങ്ങളുടെ ഉല്പന്നത്തിന് ന്യായമായ വില ലഭിക്കാൻ തുടങ്ങി. ‘തിരുവിതാംകൂറിൽ കുരുമുളക് കുത്തകവിലയായി നിശ്ചയിച്ചിരുന്നത് ഒരു കണ്ടി കുരുമുളകിന് 25 ക. ആയിരുന്ന കാലത്താണ് മലബാറിൽ 100 ക. ടിപ്പു നൽകിയിരുന്നത് ‘6. ഇടപ്രഭുക്കന്മാരെ ഒഴിവാക്കാനും രാജ്യത്തിന്റെ അഭിവൃദ്ധിക്കായി കാർഷികമേഖലയെ സുസ്ഥിരപ്പെടുത്താനും ടിപ്പുവിനായി എന്നത് അദ്ദേഹത്തിന്റെ ഭരണമികവ് തന്നെയാണ്. യുദ്ധരംഗത്തും മുന്നേറ്റങ്ങളിലും ടിപ്പുവിന്റെ ഉറച്ച നിലപാടുകളാണ് സർവ്വശത്രുക്കളും ഒന്നടങ്കം ഭയക്കുന്ന ഒരു ഭരണാധിപനായി ടിപ്പുവിനെ വളർത്തിയത്. “ഒരു ദിവസം സിംഹത്തെ പോലെ ജീവിക്കുന്നതാണ് നൂറ് കൊല്ലം കുറുക്കനെ പോലെ ജീവിക്കുന്നതിനേക്കാൾ മഹത്തരമായിട്ടുള്ളത് ” എന്ന അദ്ദേഹത്തിൻ്റെ പ്രസ്താവന തന്നെ ഉറച്ച നിലപാടുകളുടെ തെളിവാണ്. നിലവിലെ ജീവിതരീതികളിൽ നിന്നും വ്യത്യസ്തനായിരുന്ന രാജാവായിരുന്നു ‘ടിപ്പുസുൽത്താൻ’. മധ്യവയസ്സിൽ മരിച്ച അദ്ദേഹം ഹൈദറെപ്പോലെ വാർധക്യത്തിലായിരുന്നു മരിച്ചതെങ്കിൽ മൈസൂരിന്റെ ചിത്രം എത്രമാത്രം വ്യത്യസ്തമായിരുന്നേനെ ! പാശ്ചാത്യരും പൗരസ്‌ത്യരുമായ എല്ലാ ചരിത്രകാരന്മാരും ടിപ്പുവിനെ ഒരു മതഭ്രാന്തനും ക്രൂരനുമാക്കിയാണ് ചിത്രീകരിക്കുന്നത്. കാരണം പാശ്ചാത്യർ ടിപ്പുവിനോട് ഏറ്റുമുട്ടി പരാജിതരായവരും അത്യന്തം നാണം കെട്ട് തോറ്റ് ഓടിയവരുമായിരുന്നു. അതിനാൽ പ്രവൃത്തിയിലൂടെ വിജയിക്കാൻ കഴിയാത്ത ഇവർ പറച്ചിലിലൂടെ വിജയിക്കാനാണ് ശ്രമിച്ചത്. ചതിയിലൂടെയാണ് ടിപ്പുവിനെ അവർ കൊന്നത്. എന്നിട്ടും ആ ധീരയോദ്ധാവിന്റെ ചെറുത്തു നില്പ് ബ്രിട്ടീഷുകാരെ ഭയപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ ടിപ്പുവിന്റെ മരണശേഷവും ആ ചരിത്രകാരന്മാർ ടിപ്പുവിനെ കൊല്ലാക്കൊല ചെയ്തുകൊണ്ടിരുന്നു. പൗരസ്ത്യ എഴുത്തുകാരിൽ ചിലർ ടിപ്പുവിന്റെ മതവിശ്വാസത്തിലും ഉറച്ചനിലപാടുകളിലും ക്രുദ്ധരായി, ടിപ്പുവിന് ഇല്ലാത്ത ജീവിതവൈകൃതങ്ങൾ നൽകിയും നരവെറിയനാക്കിയും ചിത്രീകരിച്ചു. എങ്കിലും ചില വ്യക്തികൾ ടിപ്പുവിൻ്റെ ജീവിതത്തെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. ആ കർത്തവ്യ നിർവഹണത്തെ, കണ്ടിരുന്നവരുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ടിപ്പുവിനെ വിപുലമായി, വസ്തുനിഷ്ഠമായി ചിത്രീകരിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.

ലോകോത്തര നിലവാരമുള്ള ഒരു സൈനികവ്യൂഹത്തെ നിർമ്മിച്ചെടുക്കാൻ ടിപ്പുവിനായി. ആ കാലഘട്ടത്തിൽ(1750-1799)യൂറോപ്പിൽ നെപ്പോളിയന്റെ തേരോട്ടം, ഫ്രഞ്ച്-ഇംഗ്ലണ്ട് യുദ്ധങ്ങൾ എന്നിവ നടക്കുന്ന അവസരം കൂടി ആയിരുന്നു എന്ന് നാം ഓർക്കണം. ഭാരതത്തിലെ മൈസൂർ സാമ്രാജ്യം ലോകത്തിന്റെ കണ്ണിൽ ഒരു ചെറിയ വട്ടം മാത്രമായിരിക്കും. എങ്കിലും ആ സാമ്രാജ്യത്തിലെ ‘കുതിരപ്പട’ ലോകത്തിൽ വെച്ച് മികച്ചത് എന്ന് സർവ്വരും സമ്മതിക്കണമെങ്കിൽ ടിപ്പു എന്ന ഭരണതന്ത്രജ്ഞന്റെ മികവ് തന്നെയാണ്. “ടിപ്പു ലോകത്ത് ആദ്യമായി യുദ്ധത്തിന് ഉപയോഗിക്കുന്ന റോക്കറ്റ് കണ്ടു പിടിച്ച് ഉപയോഗിച്ച മഹാനായിരുന്നു. ടിപ്പുവിനെ വകവരുത്തി ആ റോക്കറ്റുകൾ കണ്ടെടുത്ത് വികസിപ്പിച്ചാണ് ബ്രിട്ടീഷുകാർ നെപ്പോളിയനെ ‘വാട്ടർലു’ യുദ്ധത്തിൽ തോൽപ്പിച്ചത്”7. ഇത് ടിപ്പുവിൻ്റെ ആയുധ നിർമ്മാണത്തിലെ ബുദ്ധി വൈഭവത്തെ കാണിക്കുന്നതാണ്. ഒരു രാജ്യത്തിന്റെ വാണിജ്യത്തിനും ആശയവിനിമയത്തിനും സൈനിക മുന്നേറ്റത്തിനും ഗതാഗതം കൂടിയേ തീരൂ എന്ന ചിന്ത പുതിയ പാതകളുടെ നിർമ്മാണത്തിന് വഴിവെച്ചു. ഇന്ന് കേരളത്തിലുള്ള മിക്ക റോഡുകളുടെയും സൃഷ്ടാവ് ടിപ്പുവാണ്. അത് തന്നെ ടിപ്പുവിന്റെ വികസന ചിന്തയെ പ്രോജ്ജ്വലിപ്പിക്കുന്നുണ്ട്. മലബാറിൽ നമ്പൂതിരി സ്ത്രീകളൊഴിച്ച് മറ്റു ജാതിയിലെ സ്ത്രീകൾക്ക് മാറ് മറയ്ക്കാൻ അവകാശം ഉണ്ടായിരുന്നില്ല. ഈ അവകാശനിഷേധത്തെ ആദ്യമായി ചോദ്യം ചെയ്തതും ടിപ്പുവാണ്. താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീ മാറ് മറച്ചതിന് അവരുടെ സ്തനങ്ങൾ കൊല്ലം റാണി അരിഞ്ഞു കളഞ്ഞതും ടിപ്പുവിന്റെ കാലത്തിന് ശേഷം ആണെന്നതും ഓർക്കേണ്ട വസ്തുതയാണ്. പാശ്ചാത്യ മാതൃകയിൽ മൈസൂരിനെ സൃഷ്ടിക്കാൻ ടിപ്പു ശ്രമിച്ചിരുന്നു. വാണിജ്യ കേന്ദ്രങ്ങളുടെ ഒരു ഭൂമികയായി മൈസൂരിനെ മാറ്റാനും സുസ്ഥിരവും സമഗ്രവുമായ ഒരു രാജ്യമാക്കാനും ടിപ്പു ശ്രമിച്ചിരുന്നു. (ആ കാലത്ത് മൈസൂരിൽ അന്ന് ലോകത്തെ ഏറ്റവും ജീവിതനിലവാരമുണ്ടായിരുന്ന ബ്രിട്ടനെ കവച്ചുവയ്ക്കുന്ന കൂലിയും ജീവിതനിലവാരവും ഉണ്ടായിരുന്നു. 1820-ലെ പ്രതിശീർഷ വരുമാനമനുസരിച്ച് ഇംഗ്ലണ്ടിൽ 1706 ഡോളറായിരുന്നപ്പോൾ അന്ന് മൈസൂരിൽ 2000 ഡോളറായിരുന്നു). അണക്കെട്ടുകളുടെ നിർമ്മാണത്തിലൂടെ കാർഷികവൃത്തിയുടെ അഭിവൃദ്ധിക്കായി നൂതനമായ ജലസേചന മാർഗ്ഗങ്ങൾ, ആയുധഫാക്ടറി മുതലായ പല നിർമ്മാണങ്ങൾക്കും മൈസൂരിൽ തുടക്കം കുറിച്ചു. ടിപ്പു കീഴ്‌പ്പെടുത്തിയ പ്രദേശങ്ങളിലും ഇത്തരത്തിലുള്ള നിർമ്മാണങ്ങൾക്ക് ആ ക്രാന്തദർശി ശ്രദ്ധിക്കാതിരുന്നില്ല.

സംഘർഷഭരിതമായ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് ടിപ്പു തേജോവധം ചെയ്യപ്പെടുന്നത്. അദ്ദേഹത്തിൻ്റെ മതം, വിശ്വാസം എന്നിവയാണ് ടിപ്പുവിനെ ആക്ഷേപിക്കുന്നവർക്ക് കൂടുതൽ പ്രിയം. കോളനീകരണത്തിലൂടെ ശക്തിപ്പെട്ട ആ വിമർശനങ്ങൾക്ക് ജനഹൃദയങ്ങളിൽ ടിപ്പു സുൽത്താന് കൊള്ളരുതായ്മയുടെയും നരഭോജിയുടെയും വേഷപ്പകർച്ചകൾ ആണ് സൃഷ്ടിക്കാൻ കഴിഞ്ഞത്. ചെയ്യാത്ത പല കാര്യങ്ങൾക്കും അയാൾ ബലിയാടായി. തലമുറകളായി അവ വിശ്വസിപ്പിച്ച് കൊണ്ടുപോകാൻ ഈ നിർബന്ധബുദ്ധികൾക്ക് ഒരു പരിധിവരെ സാധിച്ചു. ടിപ്പു എന്നാൽ അത് നായയ്ക്ക് ഇടുന്ന പേരല്ലെ എന്ന പുച്ഛപരമായ അന്തരീക്ഷത്തിലേക്ക് വരെ എത്തിക്കാൻ അവർക്ക് കഴിഞ്ഞു. എങ്കിലും ചരിത്രം പുനർവായിക്കുമ്പോൾ അവയെല്ലാം കള്ളത്തിൽ പൊതിഞ്ഞ പേടുകളാണ് എന്ന് ചരിത്രം തന്നെ തെളിയിക്കുന്നു.

( 2023 മെയ് 4 -ടിപ്പു സുൽത്താൻ്റെ 224 – ാം ചരമവാർഷികം)


കുറിപ്പുകൾ

1 – എ.ശ്രീധരമേനോൻ – ഇന്ത്യാചരിത്രം പേജ് – 168.
2 – കെ.വി.ബാബു – മലബാർചരിത്രം മിത്തും മിഥ്യയും സത്യവും, പേജ് -150,151.
3 – വില്യം ലോഗൻ – മലബാർ മാന്വൽ പേജ് – 303.
4 – കിർമ്മാണി പേജ് – 200.
5 – മലബാർ മാന്വൽ – വില്യം ലോഗൻ പേജ് – 610.
6 – എ ജേർണി ഫ്രം മദ്രാസ് – ബുക്കാനൻ
7 – ടിപ്പു സുൽത്താൻ സ്വഭാവഹത്യയുടെ രക്താക്ഷി പേജ് 18.

ഗ്രന്ഥ സൂചി

1 – കൃഷ്ണൻ ടി.വി(പരിഭാഷ), 2021, വില്യം ലോഗൻ-മലബാർ മാന്വൽ, മാതൃഭൂമി ബുക്സ്, കോഴിക്കോട്.
2 – ബാബു കെ.വി, 2017, മലബാർ ചരിത്രം മിത്തും മിഥ്യയും സത്യവും, കൈരളി ബുക്സ്, കണ്ണൂർ.
3 – ബാലകൃഷ്ണൻ പി.കെ, 2011, ടിപ്പുസുൽത്താൻ, ഡി സി ബുക്സ്, കോട്ടയം.
4 – ശ്രീധരമേനോൻ എ, 2017, ഇന്ത്യാ ചരിത്രം, ഡി സി ബുക്സ്, കോട്ടയം.
5 – സുകുമാരൻ പി. കെ, 2019, ടിപ്പു സുൽത്താൻ സ്വഭാവഹത്യയുടെ രക്തസാക്ഷി, മൈത്രി ബുക്സ്, തിരുവനന്തപുരം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...