HomeTHE ARTERIASEQUEL 98ജീവിതവും തണുപ്പും ചേർത്തരച്ചെടുത്ത സംഗീതം

ജീവിതവും തണുപ്പും ചേർത്തരച്ചെടുത്ത സംഗീതം

Published on

spot_imgspot_img

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം)
ഭാഗം 16

ഡോ രോഷ്നി സ്വപ്ന

(Zer, turky
ഡയറക്ടർ :kazim Oz)

“When you travel,
it’s not about the destination
but about the process of traveling itself.”

ഒരു സംഗീതത്തിൻറെ കഷ്ണം എന്നെ ജീവനോടെ പിഴുതെടുത്തു
ജലത്തിനടിയിൽ എനിക്ക് ഭാരം കുറഞ്ഞതായി തോന്നി
ഉടലിൽനിന്ന് മീൻ ചെതുമ്പലുകൾ മുളച്ചു.
പാട്ടിൻറെ അക്ഷരങ്ങൾ എനിക്കുചുറ്റും
മീൻ കുഞ്ഞുങ്ങളായി നീന്തിത്തുടിച്ചു.
എനിക്ക് എൻറെ പല ജന്മങ്ങളെ കാണാനായി.

കാസിം ഓസിൻറെ സെർ (zer ) എന്ന തുർക്കി ചലച്ചിത്രമായിരുന്നു അത്. ഇസ്താംബൂളിന്റെ നിശബ്ദ സൗന്ദര്യം എന്നെ ഉന്മാദിനിയാക്കി. പോയ ജന്മങ്ങളിലൊന്നിൽ ഇസ്താംബൂളിന്റെ നദീതടങ്ങളിൽ
ഞാൻ അലഞ്ഞുതിരിഞ്ഞതിന്റെ പൊഴിഞ്ഞ പടങ്ങൾ എന്നെ വീണ്ടും ചുറ്റിവരിഞ്ഞു. തുർക്കിയിലെ കവിതകളെക്കുറിച്ച് മുന്നേ ശ്രദ്ധിച്ചിരുന്നു.വായനയുമുണ്ട്. നദികളും തടാകങ്ങളും മീനുകളും മനുഷ്യരും അവരുടെ ഓർമ്മകളും പുരാതന കെട്ടിടങ്ങളും മറവികളും കലർന്ന അവരുടെ കവിതകൾ ആരംഭിക്കുന്നത് അനറ്റൊലിയയിൽ നിലനിന്നിരുന്ന ഒരു സംസാരഭാഷയിൽ നിന്ന് രൂപപ്പെട്ടുവന്ന തുർക്കിയുടെ നാടോടി ഗീതങ്ങളിൽ നിന്നും, താളാത്മകമായി ചിട്ടപ്പെടുത്തിയ ചില വാങ്മയങ്ങളിൽ നിന്നുമാണ്. പ്രാചീന തുർക്കിയുടെ കവിതാ പാരമ്പര്യങ്ങളിൽ കേട്ടുകേൾവികളും കഥകളും ചൊല്ലുകളും നിറഞ്ഞ സമൃദ്ധമായ ഒരു വാമൊഴി ചരിത്രമുണ്ട്. അനശ്വരം എന്ന് വിശേഷിപ്പിക്കാവുന്ന ഈ വാമൊഴി ഭാഷ രൂപപ്പെടുത്തിയത് യൂനുസ് എംറേ,പീർ സുൽത്താൻ അബ്ദുൽ കൊറോഗു, കരാക്കാ വോഗ് ലൻ തുടങ്ങിയവരാണ്. ഓട്ടോമൻ എന്ന് വിളിക്കാവുന്ന ഭാഷയിലേക്ക് കലർന്ന പല ഭാഷകളിൽ എഴുതപ്പെട്ട ഒരു സാഹിത്യം പണ്ടുകാലത്ത് തുർക്കിയിൽ ഉണ്ടായിരുന്നു. പേർഷ്യനും അറബിയും കലർന്ന ഒരു ഭാഷാ സ്വരൂപമായിരുന്നു ഈ സാഹിത്യത്തിൽ അധികവും. ഫുസുലി, ബകി, നെറ്റിo, എന്നീ ആദ്യകാല കവികളിൽ ഈ ഭാഷ കണ്ടെടുക്കാനാവും.

13 മുതൽ 19 നൂറ്റാണ്ട് വരെയാണ് ദിവാൻ സാഹിത്യം എന്നറിയപ്പെട്ട ഈ പരമ്പരയുടെയും നാടോടി കവിത പാരമ്പര്യത്തിന്റെയും കാലം. പിന്നീട് അത് പത്തൊമ്പതാം നൂറ്റാണ്ടിൽ തീവ്രമായ പരിഷ്കരണങ്ങൾക്ക്‌ വിധേയമായി. തുർക്കിയുടെ കവിതാപാരമ്പര്യത്തെ 19, 20 നൂറ്റാണ്ടുകളോടെ മറ്റു കലാരൂപങ്ങളും പതിയെ സ്വാധീനിച്ചു തുടങ്ങുകയും പരമ്പരാഗത കാവ്യ മാതൃകകൾ പുതുക്കപ്പെടുകയും ചെയ്തു. നാസിം ഹിക്മതിനെ പോലുള്ളവരാണ് തുർക്കിയുടെ ആധുനിക കവിതയുടെ ശരീരത്തെ ഉടച്ചുവാർത്തത്. പാരമ്പര്യവാദങ്ങളെ കുടഞ്ഞു കളഞ്ഞ് നാസിം ഹിക്മത്ത് കവിതയുടെ പുതിയ ഭാവുകത്വ വ്യവഹാരങ്ങളെ തുർക്കി കവിതകളിൽ കൊണ്ടുവന്നു. ഏതാണ്ട് ഈ കാലത്തുതന്നെയാണ് തുർക്കി സിനിമകളുടെയും പരിവർത്തന പ്രക്രിയകൾ ആരംഭിച്ചത്.

തുർക്കി കവിതയെക്കുറിച്ച് ഇത്രക്ക് വാചാലമായത് ‘സെർ’ എന്ന് സിനിമയിലെ കവിതയുടെ പൊള്ളൽ ഏറ്റത് കൊണ്ടാണ്.

ഓർമ്മയിൽ ജലത്തിൽ ആണ്ടു പോയ നഗരം.
അടിത്തട്ടിൽ എത്തുമ്പോൾ
കനം കുറഞ്ഞു പോകുന്ന ഉടൽ .
ഓരോ അടരിലും
മീനുകൾ ഒഴിഞ്ഞ തണുപ്പ്.
ഇപ്പോൾ ഭൂമിയിൽ നിന്നൊളിച്ചു കിടക്കുന്ന തെരുവിൽ
ആ പാട്ട് കാത്തുനിൽക്കുന്നത്
എന്റെ മരണത്തെയാവാം.
എന്റെ ആത്മഹത്യയെയാവാം
എന്ന് തോന്നിപ്പിച്ച ഒരു സിനിമയായിരുന്നു ‘zer’.

ചില വിശാലതകൾ ജീവിതത്തെ നിശബ്ദമായി നിർണ്ണയിക്കും പോലെ….ചില ആഴങ്ങൾ ജീവനെ മൗനത്തിലേക്ക് ചേർത്ത് കെട്ടും പോലെ ആ സിനിമ എന്നിൽ ആവാഹിക്കപ്പെട്ടു.

തുർക്കിയിൽ നിരോധിക്കപ്പെട്ട ഒരു ന്യൂനപക്ഷ ഭാഷയാണ് കുർദിഷ്. കുർദിഷ് ഡയസ്പോറയിലും കുർദിസ്ഥാനിലുമാണ് ഈ ഭാഷ സംസാരിക്കുന്നത്. പക്ഷെ ഈ ഭാഷയിൽ അനേകം നാടോടി ഗീതങ്ങളും വാമൊഴികളും ഉണ്ട്. ഒരു ദേശത്തിന്റെ അമൂല്യമായ സംസ്കൃതിയുടെ, പാരമ്പര്യത്തിന്റെ, അവരുടെ നിലനിൽപ്പിന്റെ, അതിജീവനത്തിന്റെ അടയാളങ്ങളുമുണ്ട്. അത്തരം ഒരു ചരിത്രം ഈ സിനിമയിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്. പുതിയ കാലം മനഃപൂർവം മറന്നു പോയ ഭൂതകാലത്തിന്റെ മുറിവുകൾ പോലെ…നിരോധിക്കപ്പെട്ട ഭാഷയിൽ നിന്ന് കേൾക്കുന്ന നിലവിളികൾ പോലെ ….Zer എന്നെയും ആ മുറിവുകളിലേക്ക് കൊണ്ടു പോയി.

നിക്സ് ഹെലിലജ് വേഷമിട്ട ഷാൻ എന്ന കഥാപാത്രത്തിന്റെ മുത്തശ്ശി ന്യൂയോർക്കിലെ ഒരു ആശുപത്രിയിൽ മരണക്കിടക്കയിൽ ആണ്. ഒരു മ്യൂസിഷ്യൻ ആകാനാണ് ഷാൻ ആഗ്രഹിക്കുന്നത്. ആശുപത്രിയിൽ മുത്തശ്ശിക്കൊപ്പം അയാൾ മനസില്ലാ മനസോടെയാണ്‌ നിൽക്കുന്നത്. ആശുപത്രിയിലെ മൂകത, ഇരുട്ട്, പുറത്തെ ഇരുൾ, മുറിയിലെ നേരിയ വെളിച്ചം, മുത്തശ്ശിയുടെ വരണ്ട കൈവിരലുകൾ..ഇത്രയുമാണ് മരണത്തെ സ്വീകരിക്കുന്ന ആ സീക്വസുകൾക്ക് സംവിധായകൻ നൽകിയ ബിംബങ്ങൾ. ധാരാളം!മരണക്കിടക്കയിൽ വച്ചാണ് മുത്തശ്ശി ഷാനിന്റെ ചെവിയിൽ ആ പാട്ടിനെ കുറിച്ച് മന്ത്രിക്കുന്നത്. കാലങ്ങൾക്കപ്പുറത്ത് നിന്നെന്ന പോൽ ആ പാട്ട് ഷാനിനെ ആവേശിക്കുന്നു. മുത്തശ്ശിയുടെ മരണശേഷം അവൻ ആ പാട്ട് തിരഞ്ഞു പോകുന്നു. അവന്റെ മുൻഗാമികളുടെ നാട്ടിലേക്ക് അവൻ പോകുന്നു. സാരിഫെ എന്നാണ് മുത്തശ്ശിയുടെ പേര്. മരണക്കിടക്കയിൽ അവർ പറഞ്ഞ കാര്യങ്ങൾ ഷാൻ ഓർമ്മിക്കുന്നു. മുത്തശ്ശിയുടെ കുട്ടിക്കാലം. ഭീതികളില്ലാതെ മരങ്ങൾക്കിടയിലൂടെ ഓടിക്കളിച്ചിരുന്ന കാലം അവരുടെ ഓർമ്മകളിലൂടെ ഷാൻ കാണുന്നു. അപ്പോൾ 1938 ൽ കുർദുകൾക്കിടയിൽ നടന്ന കൂട്ടക്കൊലയുടെ ചരിത്രം കൂടി തെളിഞ്ഞു വരുന്നു. സാരിഫെ ആ കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ടവളാണ്.

യുദ്ധവും കലാപവും കൂട്ടക്കൊലയും കലർന്ന ചരിത്രം കാസിം ഓസ് വരച്ചിടുന്നു. ഓർമ്മ എങ്ങനെയാണ് രാഷ്ട്രീയമാകുന്നത് എന്ന് കാഴ്ചക്കാർക്ക് പകരുന്നുണ്ട് ഈ സിനിമ. തുർക്കിയുടെ ഔദ്യോഗിക ചരിത്രത്തിൽ ഈ കൂട്ടക്കൊലക്ക് സാരമായ സാന്നിധ്യമുണ്ട്. കിഴക്കൻ യൂറോപ്പിന്റെ ഭാഗമെന്ന് വിശ്വസിക്കപ്പെടുന്ന കുർദ് മേഖല യഥാർത്ഥത്തിൽ ഏത് പ്രവിശ്യയുടെ ഭാഗമാണ് എന്ന ചോദ്യം സംവിധായകൻ അദൃശ്യമായി തൊടുത്തുവിടുന്നു. പാതിമറവിയിലും അബോധത്തിലുമാണ് മുത്തശ്ശി തന്റെ കുട്ടിക്കാലങ്ങളെകുറിച്ച്… കൗമാരത്തെക്കുറിച്ച്..വെടിയുണ്ടകൾ ചീളിത്തെറിപ്പിച്ച ഉടലുകളെക്കുറിച്ച് പറയുന്നത് എന്ന് ഷാനിനോടൊപ്പം നമ്മളും കരുതുന്നു…..കരയാൻ മറന്ന് …വാൾനട്ട് മരത്തിനടിയിൽ…കൂട്ടുകാരിയോടൊപ്പം ഒളിച്ചിരുന്നത്….കൂട്ടക്കൊലയുടെ നിലവിളികൾ കേട്ട കഥ പറയുന്നത്…തൂവെള്ള പുതച്ച മലനിരകളെക്കുറിച്ചു പറയുന്നത്…ഇതിനിടയിൽ എവിടെയോ കളഞ്ഞു പോയ പാട്ടിനെ കുറിച്ച് പറയുന്നത്, പക്ഷെ വിസ്‌മൃതിയിലല്ല എന്ന് പിന്നീട് മനസിലാകുന്നു. അവർക്കെന്തോ ഷാനിനോട് പറയാനുണ്ട്. പകർന്നു കൊടുക്കാനുണ്ട്. അത് ആ പാട്ടാണ്. പ്രണയത്തെ കുറിച്ചാണ് ആ പാട്ട്. വർഷങ്ങളായി നിരോധിക്കപ്പെട്ട കുർദിഷ് ഭാഷയിലാണ് ആ പാട്ട്. നിയമങ്ങൾ ബാഹ്യലോകത്തു തീർക്കുന്ന ചങ്ങലകൾക്ക് ഓർമ്മകളിൽ ഒന്ന് എത്തിപ്പിടിക്കാൻ പോലും ആവില്ല എന്ന് തോന്നി പലപ്പോഴും.

2015 കാലത്ത് കുർദിസ്ഥാനിലെ തന്റെ ഗ്രാമമായ ദേർസിമിൽ ഒരു ഡോക്യുമെന്ററിയുടെ ചിത്രീകരണ സമയത്താണ് കാസിം ഓസ് വിശേഷപ്പെട്ട ഒരു പാട്ട് കേൾക്കുന്നത്. മനസ്സിനെ അത്രമേൽ പിടിച്ചുലച്ച ആ സംഗീതം തിരഞ്ഞ് സിനിമയിലെ ഷാനിനെപ്പോലെ കാസിമും ഒരുപാട് അലഞ്ഞു. കുർദിസ്ഥാനിന്റെ ഓരോ ഉള്ളകങ്ങളിലും തിരഞ്ഞു നടന്ന് ഒടുവിൽ കണ്ടെത്തുകയായിരുന്നു. ഒരു പാട് ആളുകൾ ഈ പാട്ട് പാടി നടക്കുന്നതായി. പാട്ടിന്റെ വേരുകളിലേക്ക് കൂടുതൽ അന്വേഷിച്ചു ചെല്ലും തോറും ഒരു കഥയുടെ സാധ്യത കാസിമിന് കിട്ടി. ഏകദേശം മൂന്ന് വർഷമെടുത്തു കാസിം ഈ പാട്ട് തിരഞ്ഞു കിട്ടാൻ. പിന്നീട് ആഖ്യാനത്തിലേക്ക് പല അടരുകളും ചേർത്താണ് ചലച്ചിത്രമായത്.

കാലം ഇടപെടുന്നുണ്ട് സിനിമയിൽ ഇടയ്ക്കിടെ. ചിലപ്പോൾ ജന്മങ്ങൾ കണക്കു തെറ്റിക്കുന്നു. പാതി മുഴുമിപ്പിക്കാതെ പോയ മുത്തശ്ശിയുടെ ഓർമ്മകളിൽ പിടിച്ചു ഷാൻ യാത്ര തുടരുന്നു. പലായനo ചെയ്യപ്പെട്ടവൻ വേരുകൾ അന്വേഷിച്ചു പോകും പോലെ അവന്റെ യാത്രകൾ ഓരോ തിരിവുകളിലും വച്ച് തീവ്രമാകുന്നു. ഇസ്താംബൂളിന്റെ നദീതടങ്ങളിൽ നിന്ന് തണുത്ത കാറ്റ് അവന്റെ മുഖത്തേക്ക് അടിക്കുന്നു. മണ്ണിനടിയിൽ നിന്ന് മരണപ്പെട്ടവർ തങ്ങളുടെ പേരെന്താണെന്ന് അവനോടു ചോദിക്കുന്നു. ഒറ്റ കാഴ്ച്ചയിൽ ഒരു റോഡ് മൂവി ആണ് എന്ന് കരുതാമെങ്കിലും, ഒരു കടംകഥയുടെ കെട്ടുകൾ അഴിച്ചഴിച്ച് പോകുന്ന ആഖ്യാനമാണ് സിനിമയുടേത്. ഷാനിന്റെ യാത്രയിൽ ആദ്യ ഭാഗത്ത് കാര്യമായ ലക്ഷ്യബോധമോ, പ്രതിബദ്ധതയോ കാണാനാവില്ല. പക്ഷെ പതിയെ അവൻ ചരിത്രത്തിന്റെ അടിത്തട്ടുകൾ
സ്പർശിക്കുന്നു. മനുഷ്യൻ എങ്ങനെയാണ്‌ സ്വന്തം ചരിത്രത്തെ തിരിച്ചറിയുന്നത് എന്ന് നൂലിഴ പിരിച്ചറിയും പോലെ ഷാൻ തന്റെ വേരുകൾ തൊട്ടറിയുന്നു. അതിൽ തന്റെ മുൻ ഗാമികൾ ഒഴുക്കിയ ചോരയും അവരുടെ പീഡകളും വേദനയുമുണ്ട്.

Mustafa Biber ന്റെ സംഗീതം പതിഞ്ഞ ലയമാണ് നൽകുന്നത്. സക്സോഫോണിന്റെ നാടോടി രൂപമാണ് കൂടുതലായി ഉപയോഗിക്കുന്നത്. മറവിയുമായി ചേർന്ന് പോകുന്ന മൈനെർ നോട്ടുകൾ ആഖ്യാനത്തിന്റെ വൈകാരികതയെ കൂടുതൽ കനമുള്ളതാക്കുന്നു.. ജലസ്പർശമാണ്‌ zer ന്റെ സൗന്ദര്യം വർധിപ്പിക്കുന്നത്. ഈയുപ് ബോസ്, ഫെസ കാൾഡ്രിയൻ, ഓർസ്യുഉം ഓസ്കിലിൻസ് എന്നിവരുടെ ഛായാഗ്രഹണം ഈ ജലസ്പർശങ്ങളെ കൂടുതൽ സുതാര്യമാക്കുന്നു. ദൃശ്യങ്ങൾ ആവശ്യപ്പെടുന്ന നിശബ്ദത മാത്രമേ അവർ ക്യാമറയിലൂടെ ഒപ്പിയെടുത്തിട്ടുള്ളു. അധിക നിറക്കലർപ്പുകളോ, വെളിച്ചമോ എവിടെയും കാണുന്നില്ല.
നിഴലുകൾ വീഴുന്ന വിശാലമായ തടാകത്തിനരികെവച്ച് അവനെ കാറ്റ് ആവേശിക്കുന്നു. ഗ്രാമത്തിലെത്തിയ ഷാൻ പലരോടും ആ പാട്ടിനെ കുറിച്ച് ചോദിക്കുന്നുണ്ട്. ആർക്കും അതറിയില്ല. പണ്ട് അവിടെയുണ്ടായിരുന്ന ഒരുവളാണ് സെർ എന്ന് മാത്രം ചിലർക്കറിയാം. ഒരാട്ടിടയനെ പ്രണയിച്ച സെർ…ഒരു പക്ഷെ അവളെക്കുറിച്ചായിരിക്കാം ഈ പാട്ട്. ഗ്രാമത്തിലൂടെ നടന്നു നടന്നവൻ ഒരു മരച്ചുവട്ടിലെത്തുന്നു. മരത്തിന്റെ വേരുകൾക്കൊപ്പം വെള്ളം. ഒരു വലിയ തടാകം. തന്റെ മുന്നിലെ ജലപ്പരപ്പിലേക്ക് അവൻ നോക്കി നിൽക്കുന്നു. ജലം അവനെ വിളിക്കുന്നു. അവൻ ആ തടാകത്തിലേക്ക് കൂപ്പു കുത്തുന്നു .
എപ്പോഴോ തന്റെ കണ്ണുകളിലേക്ക് നോക്കിയ ഒറ്റക്കാലുള്ള പക്ഷിയുടെ മൗനം അവനെ അജ്ഞാതമായ ഏതോ മറവിയിലേക്ക് നയിക്കുന്നു. മുത്തശ്ശിയുടെ മണിപേഴ്സിൽ നിന്ന് കിട്ടിയ വാൾനട്ട് വിത്തുകൾ
വിരലുകൾക്കിടയിൽ നിന്ന് അവനെ ഓർമ്മിപ്പിക്കുന്നതും മാഞ്ഞു പോയ ഒരു പ്രദേശത്തിന്റെ അടയാളങ്ങൾ ആണ്‌.

കാരണങ്ങൾ ഇല്ലാത്ത ഒരു പ്രേരണയിൽ അവൻ ആ ജലാശയത്തിലേക്ക് ആഴ്ന്നുപോകുന്നു.
തടാകത്തിനടിയിൽ അവനു ഭാരമില്ലാതാകുന്നു. ജലം മുക്കിക്കളഞ്ഞ ഒരു തെരുവിലാണിപ്പോൾ അവൻ. പതിയെ അവനാ പാട്ട് കേൾക്കുന്നു. നേർത്ത ഈണത്തിനോടൊപ്പം അവൻ ജലത്തിനടിയിൽ നടക്കുന്നുബ്. അടഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്ന് ഒരു ചുവന്ന തൂവാല..! അവനാ തൂവാലക്കൊപ്പം നടന്നു നീങ്ങുന്നു. വെള്ളത്തിന്റെ പാളികൾ അവനു വഴി മാറുന്നു. ഒരു ജനാലഴി പാതി തുറന്ന് ഒരുവൾ പുഞ്ചിരിക്കുന്നു

2018 ൽ ifft യുടെ ഫെസ്റ്റിവൽ ഡയറക്ടർ ആയ സമയത്ത് സമാപന ചിത്രമായിരുന്നു zer. കണ്ടിറങ്ങിയിട്ടും എനിക്കാ തടാകത്തിൽ നിന്ന് കയറിപ്പോരാൻ കഴിഞ്ഞിരുന്നില്ല. ജലം മറന്നു വച്ച ഓർമ്മയാണ് മനുഷ്യനെന്ന കവിത എഴുതും വരെ. സ്വപ്നമോ വിഭ്രമമോയെന്നറിയാതെ ജലത്തിന്റെ ഓരോ അടരും അവൻ താണ്ടുമ്പോൾ അവനോടൊപ്പം ഞാനും ആ പാട്ട് കേൾക്കുകയായിരുന്നു .

“””സെർ …സെർ …
നീ ആരുടെ പ്രണയിയാണ്‌ “””


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...