കവിത
ബാലകൃഷ്ണൻ മൊകേരി
മുഷിഞ്ഞൊരു വൈകുന്നേരം,
പണിയുടുപ്പുമാറാതെ
അങ്ങാടിയിൽ വന്ന കിട്ടേട്ടൻ
മടിയിൽ വെച്ച കൂലിപ്പണത്തിൽ നിന്ന്
ഒരു പതാക
സാഭിമാനം പൊതിഞ്ഞുവാങ്ങി
തലയുയര്‍ത്തി നടക്കുമ്പോള്‍
ചോദിച്ചു ഞാൻ
ഇതെന്താണ് കൃഷ്ണേട്ടാ ?
ഇതോ, ചെറ്യോനേ, ഒരു കൊടിയാണ്
നമ്മുടെ ദേശീയപതാകയാണ്,
നിരന്തര സമരങ്ങളിലൂടെ,
നിരവധി ജീവാര്‍പ്പണത്തിലൂടെ
നമ്മുടെ നാട്
സ്വാതന്ത്ര്യം നേടിയതിന്റെ അടയാളം
നമുക്കിവിടെ
തലയുയര്‍ത്തി ജീവിക്കാനും
വഴിനടക്കാനും
ഉടപ്പിറപ്പുകളെ
ഭരണകേന്ദ്രത്തിലയക്കാനും
കരുത്തുതന്ന
സ്വാതന്ത്ര്യത്തിന്റെ അടയാളം
കിട്ടേട്ടൻ ഉറച്ച കാൽവെപ്പുകളുമായി നടന്നുപോകുന്നു.
2
തന്റെ സ്ഥാപനങ്ങളിൽ
പതാകയുയര്‍ത്താൻ നിര്‍ദ്ദേശിച്ച്
കൊടിയുമായി സെൽഫിയെടുക്കുന്ന
ശതകോടീശ്വരനോട്
ഇതെന്താണെന്നു ചോദിച്ചു
എന്നെ പുച്ഛത്തോടെ നോക്കിക്കൊണ്ട്
അയാള്‍ പറഞ്ഞു
ഇത് ഞങ്ങളുടെ
സ്വാതന്ത്ര്യത്തിന്റെ അടയാളം
ഞങ്ങള്‍ക്കിവിടെ
വളരാനും വികസിക്കാനും
വെട്ടിപ്പിടിക്കാനും ലഭിച്ച
സ്വാതന്ത്ര്യത്തിന്റെ അടയാളം
അയാള്‍ എയര്‍പോര്‍ട്ടിലേക്കു യാത്ര തുടരുന്നു
പിന്നീടുകണ്ട
ജാതിമത തീവ്രവാദികളും
അധോലോക ജീവികളും
അവരുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ
പതാകയെപ്പറ്റി വാചാലരായി.
അവര്‍ക്കെല്ലാം അത്
അവരുടെ സ്വാതന്ത്ര്യത്തിന്റെ പതാകയായിരുന്നു.
3
ഞാൻ വ്യാകുലനായി
അന്തിച്ചുനിൽക്കെ
ഒരു കുഞ്ഞുകുട്ടി അപ്പൂപ്പനുമൊത്ത്
അടുത്തുവരുന്നു
കുട്ടിയെനിക്കുനീട്ടിയ പതാകയിൽ
സ്നേഹ സമാധാനങ്ങളുടെ,
കരുതലിന്റെ
പ്രതിരോധത്തിന്റെ
സുഗന്ധമുണ്ടായിരുന്നു!
ആ പതാകയുമുയര്‍ത്തിനിൽക്കെ,
അശാന്തമായ മഞ്ഞുമലകളിൽനിന്ന്,
വരണ്ട പാടശേഖരങ്ങളിൽനിന്ന്
വീറുറ്റ തൊഴിലിടങ്ങളിൽനിന്ന്
ചോരയിറ്റുന്ന സമരമുഖങ്ങളിൽനിന്ന്
കരുത്തിന്റെ ജ്വാലാപ്രവാഹം
എന്റെ സിരകളിലേക്കൊഴുകുന്നത്
എനിക്കുമനസ്സിലാവുന്നു.
ഞാൻ,
പതാക ഉയര്‍ത്തിക്കൊണ്ടുനിൽക്കുന്നു
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.