മരണത്തിന്‍റെ നിറം

1
347

കഥ

നിതിൻ മധു

നേരം ഒരുപാട് കഴിഞ്ഞിരുന്നു. നരച്ച താടി ഒരു വട്ടം കൂടി നീട്ടി തടവി കുമാരന്‍ ഗേറ്റിന്‍റെ പുറത്ത് തന്നെ തമ്പടിച്ചു. മുന്നിലേക്ക് മാറ്റി നിര്‍ത്തിയ ഓട്ടോയുടെ മുന്നില്‍ രമേശന്‍ സിഗരറ്റ് വലിച്ചുകൊണ്ട് തലങ്ങും വിലങ്ങും നടന്നു, ഇടക്ക് എന്തോ ഓര്‍ത്തത് പോലെ അയാള്‍ ഓട്ടോയുടെ ഉള്ളിലേക്ക് തല നീട്ടി, സാധനം ഉണ്ടെന്ന് ഉറപ്പിച്ചുകൊണ്ട് നടപ്പ് വീണ്ടും തുടര്‍ന്നു. കുമാരന്‍ മടുപ്പ് പുറത്ത് കാണിച്ചുകൊണ്ട് മെയിന്‍ റോഡില്‍ നിന്ന് ഒതുങ്ങി കിടന്ന നീണ്ട വഴിയുടെ രണ്ടറ്റത്തേക്കും നോക്കി. സിഗരറ്റ് വലി നിര്‍ത്തിയത് മോശം തീരുമാനമായി അയാള്‍ കണക്ക് കൂട്ടി. വൈകും എന്ന് അയാള്‍ പറഞ്ഞിരുന്നെങ്കിലും, ഇത്രയും നേരം തീരെ പ്രതീക്ഷിച്ചില്ല…!!! രാത്രി അതിന്‍റെ പത്തി പൂര്‍ണ്ണമായും വിടര്‍ത്തി ഉഗ്രരൂപത്തിലേക്ക് തിരിഞ്ഞിരുന്നു. രണ്ടില്‍ ഒരാളെങ്കിലും വന്നിരുന്നുവെങ്കില്‍ പൈസ കൊടുത്ത് കാര്യം സാധിക്കാമായിരുന്നു ഓട്ടോയില്‍ ഇരുന്ന് മൂട് കനം പിടിച്ചപ്പോഴാണ്, ശ്മശാനത്തിന്‍റെ മുന്നില്‍ വന്ന് നിന്ന് മരവിക്കാന്‍ തുടങ്ങിയത്. അല്ലെങ്കില്‍ എത്ര നേരം പൊതിഞ്ഞ ശരീരത്തിലേക്ക് നോക്കി ഇരിക്കാന്‍ പറ്റും…..? എല്ലുപൊടിയുടെ മണം ഇരുട്ടിലും കുറ്റാന്വേഷകനെ പോലെ തേടിയെത്തി. ഒഴിഞ്ഞ് മാറിയെങ്കിലും ഉന്നം തെറ്റാതെ കൃത്യമായി മാറി മാറി കുത്തി. അകത്ത് നിന്ന് മഴത്തുള്ളികള്‍ പാതി കെടുത്തിയ ചായ്പ്പിലെ അടുപ്പ് പോലെ , ഒരു അജ്ഞാതന്‍റെ ശരീരം ഭൂമിയില്‍ നിന്ന് വിട്ട് പോകാത്ത വാശിയില്‍ കത്തി മുകളിലേക്ക് ഉയര്‍ന്ന് കൊണ്ടിരുന്നു. പുക നോക്കെത്താത്ത ദൂരത്തിലേക്ക് ഉയര്‍ന്നു…. ഒരു പക്ഷെ ഭൂമിക്കും അപ്പുറം…. ചിലപ്പോ അതിലുപരി, ബഹിരാകാശം വരെ….. ഈ പുക, മനുഷ്യന്‍റെ അവസാനം ആണെന്ന്, അവര്‍ തിരിച്ചറിയുമോ….? ഒരു പക്ഷെ പശുവിന്‍റെയോ,പന്നിയുടെയോ,പട്ടിയുടെയോ, ആവാം,എന്നവര്‍ ചിന്തിച്ചിരിക്കാം… അതിന്‍റെ നിറമോ കുലമോ അറിയുമോ….?

ദൂരെ നിന്ന് ഒരു ബൈക്കിന്‍റെ വെളിച്ചം മുഖത്തേക്ക് ആഴ്ന്നിറങ്ങി. തടിച്ചു വീര്‍ത്ത കണ്ണുകളുമായി പൊക്കം കുറഞ്ഞ, ചേട്ടാനുജന്മാരെ പോലെ തോന്നിക്കുന്ന രണ്ട് പേര്‍ അവിടേക്ക് വന്നു. പുറകില്‍ ഇരുന്ന ആള്‍ താക്കോല്‍ ഉപയോഗിച്ച് ഗേറ്റ് തുറന്നു വണ്ടി അകത്തേക്ക് കയറ്റിയ ശേഷം അവര്‍ എന്തോ രഹസ്യം പറഞ്ഞു. അവരെ കണ്ടതും രമേശന്‍ നടത്തം നിര്‍ത്തി, ശ്മശാനത്തിന്‍റെ മുന്നിലേക്ക് എത്തി. രഹസ്യം പറച്ചിലിന് ഒടുവില്‍ ഒരാള്‍ അകത്തേക്കും, മൂത്തവന്‍ എന്ന് തോന്നിക്കുന്നവന്‍ പുറത്തേക്കും വന്നു. ഗേറ്റില്‍ ചാരി നിന്ന കുമാരനെയും, കൂടെയുള്ള രമേശനെയും അയാള്‍ മാറി മാറി നോക്കി. അയാള്‍ രമേശനെ മാത്രം വിളിച്ച് മാറ്റി നിര്‍ത്തി. ഇരുട്ടിനിടയിലും അയാള്‍ കൃത്യമായി തന്നെ രമേശനെ തിരിച്ചറിഞ്ഞു. പങ്കപാടിന്‍റെ പല ലക്ഷണങ്ങളും ശരീരത്തില്‍ ഉണ്ടെങ്കിലും, സങ്കടത്തിനും മനുഷ്യ ശരീരത്തില്‍ കൃത്യമായ മാറ്റങ്ങള്‍ സൃഷ്ട്ടിക്കാന്‍ കഴിയുമെന്ന്, കുമാരന്‍ ഇരുട്ടിലും തിരിച്ചറിഞ്ഞു. ഫോണ്‍ പെട്ടന്ന് ബെല്ലടിച്ചു. അയാളും രമേശനും നടന്നതിന്‍റെ എതിര്‍വശത്തേക്ക് കുമാരന്‍ നീങ്ങി. ഫോണില്‍ മകളുടെ പേര് എഴുതി കാണിച്ചു. മകള്‍ ആയിരിക്കില്ല, ഭാര്യ ആയിരിക്കും, കുമാരന്‍ മനസ്സില്‍ കരുതി. ഫോണ്‍ എടുത്തു, സംസാരിച്ചു.“കഴിഞ്ഞോ ?” യാന്ത്രികമായി അപ്പുറത്ത് നിന്ന് ഭാര്യ ചോദിച്ചു.“ഇല്ലാ,ആള് വന്നിട്ടേയുള്ളൂ” അപ്പുറത്ത് നിന്ന് മിശ്രമായ പല ശബ്ദങ്ങളും ഒരു ഒഴുക്കില്‍ കുമാരന്‍റെ ചെവിയിലേക്ക് എത്തി. ഇരുവരും ഒന്നും മിണ്ടാതെ മൗനം തുടര്‍ന്നു. “അവള്‍ക്ക് ഒന്നൂടി കാണണം എന്ന് പറഞ്ഞ് കരച്ചിലാണ് ” കുമാരന്‍ ഒന്നും തിരിച്ച് പറയാതെ മൂളിക്കേട്ടു. “എന്താ പറയണ്ടേ ?” ഭാര്യ വീണ്ടും ചോദിച്ചു.“അവന്‍ വീട്ടിലേക്ക് വന്നോ ? ” ഫോണില്‍ അപ്പുറത്ത് നിന്ന് എന്തോ എറിഞ്ഞുടക്കുന്ന ശബ്ദം കേട്ട് കുമാരന്‍ ഇരുട്ടില്‍ പെട്ടന്ന് ഭയന്നു.“രണ്ട് ദിവസം കാല് പിടിച്ചിട്ടും, തിരിച്ച് എന്ത് പറ്റി എന്ന് ചോദിക്കാത്തവനാണ്,ഇപ്പൊ വിശേഷം അറിയാന്‍ വരാന്‍ പോകുന്നെ…” നീണ്ട മൗനത്തിന്‍റെ അവസാനം ഭാര്യയുടെ കരച്ചില്‍ കേട്ട് തുടങ്ങിയ നിമിഷം കുമാരന്‍ ഫോണ്‍ കട്ട്‌ ചെയ്തു. ഓര്‍മകളും തെറ്റായ തീരുമാനങ്ങളും ജീവിതത്തിന്‍റെ ശ്മശാനത്തില്‍ കത്തി തീര്‍ന്നുകൊണ്ടിരുന്നു. ഇനിയും എത്രയോ…

ഫോണ്‍ സംസാരം നിലച്ചിട്ടും, രമേശനും ശ്മശാനത്തിലെ മൂത്തവനും തമ്മിലുള്ള സംസാരം നിന്നിരുന്നില്ല. കുമാരന്‍ ആശയകുഴപ്പത്തില്‍ ഇരുട്ടില്‍ ഇരുവരെയും മാറി മാറി നോക്കി, അവരുടെ അടുത്തേക്ക് പോവാന്‍ മടിച്ച് നിന്നു. പെട്ടന്ന് ഇടുങ്ങിയ വഴിയിലേക്ക് ഇരട്ടി വെളിച്ചവുമായി ഒരു ജീപ്പ് കയറി. കുമാരന്‍ തല തിരിച്ചു. ശ്മശാനത്തിലെ മൂത്തവന്‍ വായില്‍ വന്ന തെറി വെളിച്ചത്തിലേക്ക് നോക്കി വിളിച്ചു. ജീപ്പ് പെട്ടന്ന് ലൈറ്റ് ഓഫ് ചെയ്തു. മറച്ചു പിടിച്ച കണ്ണ് കുമാരന്‍ പതിയെ തുറന്ന് ജീപ്പിലേക്ക് നോക്കി. ജീപ്പില്‍ നിന്ന് അതിനെക്കാള്‍ ഇരട്ടി വെളിച്ചം ഉള്ള ടോര്‍ച്ചുമായി എസ്ഐയും,രണ്ട് കോണ്‍സ്റ്റബിള്‍മാരും പുറത്തേക്ക് ഇറങ്ങി. പരുങ്ങി നിന്ന കുമാരന്‍റെ മുഖത്തേക്ക് ടോര്‍ച്ച് അടിച്ചു.“എന്താടോ രാത്രി ഇവിടെ പരിപാടി ?” കുമാരന്‍റെ ശബ്ദം പുറത്തേക്ക് വന്നില്ല. കുമാരന്‍റെ പിന്നിലേക്ക് വന്ന് നിന്ന രണ്ട് നിഴലിലേക്ക് കൂടി എസ്ഐ ടോര്‍ച്ച് അടിച്ചു.“നിന്നെ ഒന്നും ഇവിടെ കണ്ടിട്ടില്ലല്ലോ” കോണ്‍സ്റ്റബിള്‍ സംശയം തോന്നി ചുറ്റും നോക്കി. മാറ്റി ഇട്ടിരുന്ന ഓട്ടോയുടെ അടുത്തേക്ക് അയാള്‍ നീങ്ങി, അയാള്‍ ഓട്ടോ തുറന്ന് ഫോണിന്‍റെ ഫ്ലാഷ് ചുറ്റും അടിച്ച് നോക്കി. “നിനക്ക് എന്താടാ വാ ഇല്ലേ ?”എസ്ഐ പതിയെ നിയന്ത്രണം വിട്ടു.“സാറെ അത്” ശ്മശാനത്തിലെ മൂത്തവന്‍ പിറുപിറുത്തു. കോണ്‍സ്റ്റബിള്‍ ഓട്ടോയില്‍ പൊതിഞ്ഞ് വച്ചിരുന്ന ശരീരം പതിയെ തൊട്ട് നോക്കി, കോണ്‍സ്റ്റബിള്‍ പെട്ടന്ന് ഞെട്ടി പിന്നിലേക്ക് മാറി “സാറെ ഒന്നിങ്ങ് വന്നെ !!! ”. ജീപ്പിലേക്ക് കയറ്റിയപ്പോളും കുമാരന്‍ ഒന്നും മിണ്ടിയില്ല, തെരുവില്‍ പരതി നടന്ന നായക്ക്,വലിച്ചെറിഞ്ഞ് കിട്ടിയ എച്ചില്‍ പൊതി പോലെയായിരുന്നു രാത്രി അവര്‍ ചെന്ന് പെട്ടത്. ശ്മശാനത്തിലെ മൂത്തവന്‍ എന്തോ പറഞ്ഞ് ന്യായീകരിക്കാന്‍ നോക്കി കൊണ്ടിരുന്നു. കലി കയറി കോണ്‍സ്റ്റബിള്‍ കോറ തുണി അലക്കുകല്ലില്‍ അടിക്കും പോലെ, കൈ വീശി അയാളുടെ നടുംപുറത്ത് ഒന്ന് പൊട്ടിച്ചു.നാല് പേരെയും തള്ളി കയറ്റി പോലീസ് വണ്ടി നീങ്ങി,പിന്നാലെ രമേശന്‍റെ ഓട്ടോയും.

ആശുപത്രിയുടെ മണവും,മകളുടെ കരച്ചിലും. രണ്ടും കുമാരന്‍റെ മനസിനെ നിര്‍ത്താതെ അലട്ടികൊണ്ടിരുന്നു. പ്രസവത്തിനും പത്ത് ദിവസത്തിനും മുന്‍പേ രേഷ്മയെ വൈപ്പിന്‍ ഗവണ്മെന്‍റ് ഹോസ്പ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തു. രാവും പകലും മാറി മാറി കുമാരനും ഭാര്യയും ഹോസ്പ്പിറ്റലില്‍ നിന്നു. തുരുമ്പിച്ച ജനാല കമ്പികള്‍ക്കും അടുക്കി വച്ച മരുന്ന് കവറുകള്‍ക്കും ലോകത്തെ ഏറ്റവും വലിയ ഏകാന്തതയും വിരസതയും നല്‍കാന്‍ ആവും എന്ന് രേഷ്മ മനസിലാക്കി. മയക്കത്തില്‍ അടുത്ത് വരുന്ന ഓരോ ആളുകളും മനോജ്‌ ആയിരിക്കും എന്ന് രേഷ്മ വെറുതെ കരുതി. പ്രേമ വിവാഹത്തിന്‍റെ മെഴുക്ക്‌ പുരട്ടി തെളിഞ്ഞ ആദ്യ ദിനങ്ങള്‍ ,പതിയെ പതിയെ ക്ലാവ് പിടിച്ച് കറുത്ത് തുടങ്ങി. സ്നേഹത്തിന്‍റെ തോട് പൊട്ടിച്ച് മനോജും വീട്ടുകാരും ,കറുപ്പും വെളുപ്പും വേര്‍ത്തിരിച്ച് നിര്‍ത്തി. ഇടുന്ന ചെരിപ്പില്‍ തുടങ്ങി തരുന്ന ഭക്ഷണ പാത്രത്തില്‍ വരെ വേര്‍തിരിവ് തുടങ്ങി. വീട്ടിലേക്ക് ഉള്ള വന്ന് പോകലുകള്‍,ഒരിക്കലും തിരിച്ച് പോകാത്ത കൈ അകലത്തിലേക്ക് എത്തി. അനുരഞ്ജനത്തിന് എത്തിയ കുമാരനെ അവര്‍ വീട്ടില്‍ കയറ്റാതെ പുറത്ത് നിര്‍ത്തി,വാതില്‍ ചേര്‍ത്തടച്ചു. രേഷ്മ പലവട്ടം കരഞ്ഞു, രേഷ്മ കരയുന്നത് ഒരു ഭിത്തിക്ക് അപ്പുറത്ത് നിന്ന് കുമാരനും, വയറിനുള്ളില്‍ നിന്ന് ഭ്രൂണവും മാത്രം തിരിച്ചറിഞ്ഞു. ഈ പത്ത് മാസത്തിനിടയില്‍ പലവട്ടം പലരും പ്രസവ വിവരം പറഞ്ഞ് മനോജിന്‍റെ വീട്ടിലേക്ക് പോയി,ഭിത്തിയില്‍ എറിഞ്ഞ റബര്‍ പന്ത് പോലെ തെറിയും,പ്രാക്കുകളുമായി മറുപടികള്‍ തിരിച്ചെത്തി. അതിലൊന്ന് മാത്രം രേഷ്മയുടെ ചെവിയില്‍ തങ്ങി “ഇനി ആ ചെളികുണ്ടില്‍ നിന്ന്‍ ആരെയും ഈ വീട്ടില്‍ കയറ്റാന്‍ പോകുന്നില്ല”.

വണ്ടി പോലിസ് സ്റ്റേഷന്റെ മുന്നില്‍ നിര്‍ത്തി. നാലുപേരെയും എസ്ഐയുടെ ക്യാബിനിലേക്ക് കോണ്‍സ്റ്റബിള്‍ കയറ്റി. റൂമിലേക്ക് കയറി ഒന്നും മിണ്ടാതെ എസ്ഐ, ശ്മശാനത്തിലെ ആളുകളുടെ രണ്ട് പേരുടെയും കവിളത്ത് ആഞ്ഞ് അടിച്ചു. “നിന്‍റെ ഒക്കെ ശവം കത്തിക്കാന്‍ സമയം എപ്പോഴാടാ ? ” ശ്മശാനത്തിലെ മൂത്തവന്‍ വിങ്ങിക്കൊണ്ട് പറഞ്ഞു “ സാറെ ഒന്‍പത് തൊട്ട് ആറുവരെ !!” എസ്ഐയുടെ മുഖം വീര്‍ത്തു. “പുറത്തോട്ട് നിക്കട !!” ശ്മശാനത്തിലെ ആളുകളോട് എസ്ഐ ഒച്ച ഉയര്‍ത്തി. അവര്‍ പോയ ഉടന്‍ എസ്ഐ കുമാരന്‍റെയും,രമേശന്‍റെയും നേര്‍ക്ക് തിരിഞ്ഞു. “പാതി രാത്രി എവിടെന്ന് കൊന്നിട്ട് വരുവാടാ ? ” കുമാരന്‍ ഒന്നും മിണ്ടാതെ പതുങ്ങി, മുഖം താഴ്ത്തി “കൊന്നതൊന്നും അല്ല സാറെ ” “ഒച്ചത്തില്‍ പറയടാ ” കുമാരന്‍ മുഖം ഉയര്‍ത്തി എസ്ഐയുടെ കണ്ണുകളിലേക്ക് നോക്കി. കുമാരന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. “കൊല്ലാന്‍ ഉള്ള ധൈര്യം ഉണ്ടായിരുന്നെങ്കില്‍, ഇതിനെക്കാള്‍ നന്നായി ജീവിച്ചേനെ സാറെ”. കുമാരന്‍ കരയുന്നത് കണ്ട് എസ്ഐ പെട്ടന്ന് പകച്ചു. “മോള്‍ടെ കുട്ടിയാ സാറെ, അടക്കാന്‍ ഞങ്ങടെ വീട്ടില് സ്ഥലം ഇല്ലാ,അവളുടെ ഭര്‍ത്താവിനും വേണ്ടാ. മനുഷ്യ കൊച്ചല്ലേ സാറെ, വഴിയില്‍ ഇടാന്‍ പറ്റത്തില്ലല്ലോ ” എസ്ഐ പതിയെ അടങ്ങികൊണ്ട് സീറ്റില്‍ ഇരുന്നു.“ഞങ്ങളുടെ വീട് വൈപ്പിനാണ് സാറെ,രാവിലെയായിരുന്നു സംഭവം. കുറച്ച് ദൂരെ പോയിട്ട് വയ്ക്കാം എന്ന് ഞാനാ പറഞ്ഞെ സാറെ,എത്തിയപ്പോ വൈകി പോയി” രമേശന്‍ പറഞ്ഞൊപ്പിച്ചു. “ഏത് ഹോസ്പ്പിറ്റലില്‍ വച്ചായിരുന്നു ? ” “വൈപ്പിന്‍ ഗവണ്മെന്റ് ഹോസ്പ്പിറ്റല്‍ ” എസ്ഐ ഒന്നടങ്ങി. “നിങ്ങള്‍ ഇരിക്ക്”. സമാധാനപ്പെട്ട് രമേശനും,കണ്ണ് തുടച്ചുകൊണ്ട് കുമാരനും കസേരയില്‍ ഇരുന്നു. “നിങ്ങടെ പേര് എന്താ ?” “കുമാരന്‍ ” “മോളുടെയോ ?” “രേഷ്മ ”എസ്ഐ അവിടെ ഇരുന്ന് തന്നെ വൈപ്പിന്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. കുമാരന്‍റെയും മോളുടെയും പേര് പറഞ്ഞ് വിവരം അന്വേഷിച്ചു. അരമണിക്കൂറിനുള്ളില്‍ അവര്‍ തിരിച്ചും വിളിച്ച് കാര്യങ്ങള്‍ സത്യമാണെന്ന് അറിഞ്ഞു. എസ്ഐ നേരം വെളുക്കുന്ന വരെ അവരെ അവിടെ ഇരുത്തി. പുലര്‍ന്നപ്പോള്‍ ശ്മശാനത്തിലെ ജീവനക്കാരെ അടക്കം പുറത്തേക്ക് വിട്ടു.

വിടര്‍ന്ന വെളിച്ചത്തിനും,തണുത്ത കാറ്റിനും ഒപ്പം അവര്‍ പുലര്‍ച്ചെ ശ്മശാനത്തിലെക്ക് എത്തി. ശ്മശാനത്തിലെ മൂത്തവനും ഇളയവനും ചേര്‍ന്ന്‍ ഫര്‍ണസ് ചൂടാക്കി. കുമാരനും രമേശനും ശ്മശാനത്തിന്‍റെ മുന്നില്‍ തണുപ്പ് കൊണ്ട് ഇരുന്നു. കുറച്ച് കഴിഞ്ഞ് മൂത്തവന്‍ ഇരുവരെയും കൈതട്ടി വിളിച്ചു. കുമാരന്‍ പതിയെ ഡോര്‍ തുറന്ന് പൊതിഞ്ഞ് കെട്ടിയ നവജാത ശിശുവിനെ,വാത്സല്യത്തോടെ തന്നെ കൈകളില്‍ എടുത്തു. അകത്തേക്ക് കയറി പതിയെ ഫര്‍ണസിലേക്ക് കുട്ടിയെ വച്ചു. ശ്മശാനം ജീവനക്കാര്‍ രമേശനെയും കുമാരനെയും മാറി മാറി നോക്കി. ഫര്‍ണസ് പതിയെ അടച്ചുകൊണ്ട് അകത്തേക്ക് തള്ളി. കുഞ്ഞിന്‍റെ ശരീരം കത്തി തീരും വരെ കുമാരന്‍ അവിടെ നിന്നു. ചാരം കുടത്തിലാക്കി വേണ്ടാ എന്ന് രമേശന്‍ അവരെ അറിയിച്ചു. പറഞ്ഞുറപ്പിച്ച പൈസ കൊടുത്ത് അവര്‍ പുറത്ത് ഇറങ്ങി. ശ്മശാനത്തില്‍ നിന്ന് പുറത്ത് ഇറങ്ങുമ്പോള്‍, വെളുത്തപുക മുകളിലേക്ക് ഉയരുന്നത് കുമാരന്‍ കണ്ടു. വണ്ടി നിശബ്ദത വിഴുങ്ങിയ രണ്ട് മനുഷ്യ രൂപങ്ങളെയും കൊണ്ട് മുന്നിലേക്ക് ഓടി. മൗനം വെടിഞ്ഞ് രമേശന്‍ കുമാരനോട് ചോദിച്ചു “കുട്ടി ആണായിരുന്നോ ? പെണ്ണായിരുന്നോ ? ” കുമാരന്‍ ഒന്നും മിണ്ടിയില്ല,മുകളിലേക്ക് നോക്കി. ആ വെളുത്ത പുക ഏത് മനുഷ്യന്‍റെയാണ് എന്ന് തിരിച്ചറിയുമോ ? അതിന്‍റെ നിറമോ.. കുലമോ…. അറിയുമോ… ?


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here