കവിത
അശ്വനി ആർ ജീവൻ
എന്റച്ഛന്റെ
വിണ്ടു പൊട്ടിയ കാലാണ്
ഞങ്ങളുടെ പുതിയ ഭൂപടം
വടക്കേയറ്റത്തെ
കാൽനഖങ്ങൾക്കുള്ളിൽ നിന്നും
വിണ്ട നിലങ്ങളിലേക്ക്
മണ്ണ് പാകുന്നുണ്ട് ചില വേരുകൾ
അതിലങ്ങോളമിങ്ങോളം
ചോരയിറ്റും വിരലുകൾ
ലാത്തി പിളർത്തിയ തൊലിയുടെ
‘ഇങ്ക്വിലാബ്’ തെക്കേയറ്റത്ത്…
വിഭജിച്ചു പോയ ദേശങ്ങളിലേക്ക്
പടർന്നു കയറണമെന്നുണ്ടതിന്
ഇപ്പോഴിറ്റു വീഴും മട്ടിൽ
കിഴക്കുനിന്നും പടിഞ്ഞാറു നിന്നും
പതാക നിവർത്തുന്നു,
നമുക്കൊരു അരുവിയായൊഴുകാം
എന്ന ഉടമ്പടിയിൽ ഒപ്പു വക്കുന്നു
രണ്ട് മുറിപ്പാടുകൾ
പൊട്ടിയ ചെരുപ്പിൽ
വളച്ചിട്ട കമ്പി കുത്തിപ്പഴുത്ത്
അക്കാലിലെ
ആറാമത്തെ വിരൽ ഇപ്പോഴില്ല;
വിട്ടു കളയാൻ മനസ്സില്ലാതെ
അധിനിവേശമെന്ന് അതിനെ
വരച്ച് വച്ചിരിക്കുന്നു
കറുത്ത കാലിൽ നിന്നും
കൽക്കരി വാരുന്ന
കുഞ്ഞുങ്ങൾ മാത്രം
ഓർക്കാറുണ്ട്
വിരലുള്ള കാലത്തെ ഭൂപടം
അവരുടെ നോട്ടങ്ങളിൽ കത്തിപ്പോകുന്നു
ചില തിട്ടൂരങ്ങൾ
എന്റച്ഛന്റെ
വിണ്ടു പൊട്ടിയ കാലാണ്
ഞങ്ങളുടെ പുതിയ ഭൂപടം
അതിലങ്ങോളമിങ്ങോളം
ചോരയിറ്റും അതിരുകൾ
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല