കവിത എ. കെ. മോഹനൻ
ഇരുട്ടിനെ പേടിച്ചത്രയും
വേറൊരാളെയും
പേടിച്ചിട്ടുണ്ടാവില്ല ആരും
അകത്ത് കുനിഞ്ഞിരുന്ന്
ഇമ ചിമ്മിച്ചിമ്മിക്കൊണ്ടിരിക്കുന്ന
മുട്ടവിളക്കിനെ
ജനലഴികളിലൂടെ
പതുങ്ങിപ്പതുങ്ങി വന്ന്
ഊതിക്കെടുത്തി കാറ്റ്
ഒന്നും അറിയാത്തതുപോലെ
നടന്നുപോകും
അപ്പോഴേക്കും
ചുമരിൽ
നെറ്റിയിടിച്ച്
നല്ല മുഴ വന്നിട്ടുണ്ടാവും
ഒരു കരിങ്കുള്ളനെപ്പോലെ രാത്രി
എനിക്കരികിൽ
നിവർന്നുകിടക്കും
നത്തുകൾ
മൂളുന്നുണ്ടാവും
കീരാങ്കീരികൾ
പാട്ടുപാടുന്നുണ്ടാവും
അകലെ
എവിടെയോ
ഒറ്റയ്ക്കായിപ്പോയ
പക്ഷിയുടെ പാട്ട്
എന്റെ നെഞ്ചിടിപ്പ് കൂട്ടും
ഞാൻ ഒരു തുരങ്കത്തിലൂടെ ഓടും
ഒരു സ്വർഗ്ഗം പോലെ
പകലപ്പോൾ
എനിക്ക് മുന്നിൽ വെളിപ്പെടും
കുറച്ചുനേരം
കഴിയുമ്പോഴേക്കും
കരിങ്കുള്ളന്റെ കൈയിൽ പിടയുന്ന
ചോരയിറ്റി വീണുകൊണ്ടിരിക്കുന്ന
കോഴിയെപ്പോലെ
പകലിനെ കാണും
മിന്നുന്ന
ഉണ്ടക്കണ്ണുകൾ കണ്ട്
മൂത്രമൊഴിച്ചുപോകും
എണ്ണയൊലിക്കുന്ന ശരീരം
കണ്ണുചിമ്മിച്ചിമ്മി നോക്കിക്കൊണ്ടിരിക്കും
എല്ലാമെല്ലാം നിന്റെ
കൈപ്പിടിയിലായിരുന്നല്ലോ പണ്ട്
എന്നെ മുള്ളിന്മേലിട്ട്
നിർത്തിപ്പൊരിച്ച ഇരുട്ടേ,
നീ ഇന്ന് എത്ര മാത്രം
രോഗിയും
നിരാലംബനും
ഏകാകിയും
ആയിപ്പോയിരിക്കുന്നു
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.