എഴുത്തുമുറിയിലെ മരണവും കല്പറ്റ നാരായണന്റെ സമയപ്രഭുവും*

0
245

(കവിത)

അജിത് പ്രസാദ് ഉമയനല്ലൂർ
എഴുത്തുമുറിയിലെ
അടുക്കുതെറ്റിയ പുസ്തകങ്ങളിൽ നിന്നും
പുറപ്പെട്ടു വരുന്നുണ്ട്
ചതുരാകൃതിയിലുള്ള
അസാധാരണമായൊരു വെളിച്ചം.
ചുമരിനു കീഴെയായി
എഴുത്തുമേശയുടെ
കാലിളകിയാടിയതിന്റെ
നരച്ചപാടുകൾ.
മേശയ്ക്കു മുകളിലായി
മറിഞ്ഞുകിടക്കുന്ന
ധ്യാനബുദ്ധനും
കല്പറ്റനാരായണൻ മാഷിന്റെ
‘സമയപ്രഭു’വും.
(ധ്യാനബുദ്ധന്റെ ശിരസ്സിൽ
തലോടലിന്റെ പാടുകൾ )
സമയപ്രഭുവിലെ
വായിച്ച് അവശേഷിപ്പിച്ച പേജ്
അരികുമടക്കിക്കൊണ്ട്
അടയാളം വച്ചിരിക്കുന്നു.
മടക്കിവച്ച പേജിലെ
അവസാനത്തെ വരിയിൽ
അഴുക്കുപുരണ്ട ഒരു
വിരലടയാളവും!
അക്ഷമ കൂടെക്കൂട്ടിയിരുന്ന അയാളെ
അവസാന നിമിഷങ്ങളിൽ
സമയപ്രഭുവായിരുന്നിരിക്കണം
നയിച്ചുകൊണ്ടിരുന്നത്.
ചിത്രീകരണം: ഹാബീല്‍ ഹര്‍ഷദ്
– യാതൊരുവിധ ധൃതിയുമില്ലാതെ
സൗമ്യതയോടെ
അവസാനത്തെ ശ്വാസവുമുയിരിൽ നിന്നും
ഊർന്നുപോകുന്നതുവരെയുള്ള
ഒരേയൊരവകാശി –
അയാളുടെ
ഒഴിഞ്ഞകീശയിൽ നിന്നും കണ്ടെടുത്ത
“തൂങ്ങിമരിക്കാൻ
വിധിക്കപ്പെട്ടവന്റെ ജാതകം
എന്നെപ്പിന്തുടരുന്നു “
എന്ന കുറിപ്പടി
അയാളുടെ മരണത്തെ
ഏകദേശമറിഞ്ഞിരിക്കണം.
അതുകൊണ്ടുകൂടിയാകാം
ഒരാൾക്കുമുറങ്ങാൻ സാധിക്കാത്തത്ര
വെളിച്ചത്തിലിരുന്നുകൊണ്ട്
അയാൾക്കിത്ര ലാഘവത്തോടെ
ഉറങ്ങാൻ സാധിക്കുന്നത്!
എനിക്കിപ്പോൾ അറിയാം,
അയാൾ ഉറങ്ങുകയല്ല
സമയമില്ലാത്ത ജീവിതത്തിലേക്ക്
ഉടമ്പടിയ്ക്കൊപ്പുവയ്ക്കുകയാണയാൾ!
*കല്പറ്റനാരായണൻ മാഷിന്റെ കവിതാ സമാഹാരം.
അതിലെ മഹസ്സർ എന്ന കവിതയാണ്

ഇക്കവിതയ്ക്ക് പ്രചോദനം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here