HomeTHE ARTERIASEQUEL 104നുണയുടെ നേരുകള്‍

നുണയുടെ നേരുകള്‍

Published on

spot_imgspot_img

(ലേഖനം)

ബി. മധു

മലയാളത്തിലെ‍ കഥയെഴുത്തുകാരില്‍ ‍ മാധവിക്കുട്ടിയുടെ തുടര്‍ച്ചയായാണ് അഷിതയെ അടയാളപ്പെടുത്തി കാണാറുള്ളത്. പക്ഷെ ഇരുവരുടേയും രചനകളില്‍ പ്രകടമായ വ്യതാസങ്ങളുണ്ട്. മാധവിക്കുട്ടി തന്റെ കഥകളില്‍ പ്രണയത്തേയും സ്നേഹത്തേയും അന്വേഷിക്കുമ്പോള്‍ അഷിത സത്യത്തെയാണ്  തേടുന്നതെന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. പ്രിയ എ എസ് തന്റെ പഠനക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നതു പോലെ ആന്തരീകമായ യുക്തികളിലും, ഇഷ്ടാനിഷ്ടങ്ങളിലും സ്വാതന്ത്ര്യങ്ങളിലും വിഹരിക്കുന്ന ഒട്ടേറെ സ്ത്രീമനസ്സുകളുടെ വിന്യാസങ്ങളാണ് അഷിതയുടെ കഥകള്‍. എന്നാല്‍ സത്യത്തെ തേടുന്ന കഥാകാരി നുണയെക്കുറിച്ചാണ് ഏറെ ഏഴുതിയതെന്നത് കൌതുകകരമാണ്.  മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച അഷിതയുടെ കഥകള്‍ എന്ന സമാഹാരത്തില്‍ തലക്കെട്ടില്‍ തന്നെ ‘നുണ’ എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ള മൂന്ന് കഥകളാണുള്ളത് – കല്ലുവെച്ച നുണകള്‍, അമ്മ എന്നോട് പറഞ്ഞിട്ടുള്ള നുണകള്‍, ശ്രേഷ്ഠമായ ചില നുണകള്‍. നുണയെന്ന  ബിംബം കഥാഗതിയെ നിയന്ത്രിക്കുന്ന വേറേയും കഥകളുണ്ട് ഈ സമാഹാരത്തില്‍. അഷിതയുടെ കഥകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു വായനക്കാരന് ഒരു വ്യക്തിയുടെ നുണകളിലൂടെയുള്ള  ക്രമാനുഗതമായ വളര്‍ച്ച ഈ കഥകളില്‍  കാണാവുന്നതാണ്. നുണയും തമാശയും ഒന്നായി കരുതുന്ന ഉമക്കുട്ടി വളര്‍ന്നാണ് ദാമ്പത്യം തുടരാന്‍ സ്നേഹം വേണമെന്നില്ല, സ്നേഹിക്കുന്നുവെന്ന തോന്നല്‍ മറ്റാളില്‍  ഉണ്ടാക്കിയാല്‍ മാത്രം മതി എന്ന രഹസ്യ കോഡ് പഠിച്ചെടുത്ത അനുരാധയാകുന്നത്. അഷിതയുടെ കഥകളിലെ നുണകളുടെ വളര്‍ച്ചയിലൂടെ നടത്തുന്ന ഒരോട്ടപ്രദക്ഷിണമാണി ലേഖനം. കഥകളുടെ പ്രസിദ്ധീകരണകാലത്തിന്റെ അടിസ്ഥാനത്തിലല്ല ഇവിടെ അവയെ കണക്കാക്കിയിട്ടുള്ളത്, മറിച്ച് നുണപറയുന്നവരുടെ (നുണകളുടേയും) വളര്‍ച്ചയാണ് കഥകളുടെ തെരഞ്ഞെടുപ്പിന് ആധാരം.‍

നുണകളാല്‍ നെയ്ത ലോകം

White Lies forms a light
So bright that honesty has
No room to shine through
                                     Haiku by Vonita

നുണ എന്നതിന് പല നിര്‍വ്വചനങ്ങള്‍ ലഭ്യമാണ്. അവയില്‍ ഏറ്റവുമധികം അംഗീകരിക്കപ്പെട്ടിട്ടുള്ളത് Aesthetics and the Theory of Criticism: Selected Essays of Arnold Isenberg എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ രചയിതാവായ ഐസന്‍ബര്‍ഗ് നല്‍കുന്ന നിര്‍വചനമാണ്. അത് ഇപ്രകാരമാണ്  ” A Lie is a statement made by one who does not believe it with the intension, someone else shall be led to believe it”  എന്നതാണ് [3,11,12]. ഈ നിര്‍വ്വചനമനുസരിച്ച് പറയുന്ന കാര്യം താന്‍ വിശ്വസിക്കുന്നില്ലെങ്കിലും മറ്റൊരാള്‍ വിശ്വസിക്കണമെന്നും അതുവഴി അവരുടെ പ്രീതി സമ്പാദിക്കണമെന്നുമാണ് നുണയരുടെ ആഗ്രഹം. അതിനാല്‍ തന്നെ നുണയ്ക്ക്   ” ഇഷ്ടത്തിനായിട്ടു പറയുന്ന വ്യാജം”  എന്ന ശബ്ദതാരാവലി നല്‍കുന്ന അര്‍ത്ഥം കുറേക്കൂടി വ്യാപ്തിയുള്ളതാണ് എന്നുകാണാം.           

നുണകള്‍ എക്കാലവും മനുഷ്യന്റെ ഇഷ്ടവിഷയങ്ങളിലൊന്നായിരുന്നു. എന്തുകൊണ്ടു നമ്മള്‍ നുണ പറയുന്നു എന്നത് പഠിക്കാന്‍ ശാസ്ത്രവും ശ്രമിച്ചിട്ടുണ്ട്. നുണകള്‍ പറയുന്നത് എന്തുകൊണ്ടാണ് എന്ന് മനശ്ശാസ്ത്രജ്ഞര്‍ മനുഷ്യരുടെ പെരുമാറ്റങ്ങളെ വിശകലനം ചെയ്ത് പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ നുണപറയുമ്പോള്‍ തലച്ചോറിലെ ഏതെല്ലാം കോശങ്ങളാണ് ഉദ്ദീപിപ്പിക്കപ്പെടുന്നത് എന്നതിനെക്കുറിച്ചുള്ളതാണ് ന്യൂറോസയന്‍സിലെ ചില പഠനങ്ങള്‍.

നുണകള്‍ പറയാനും മറ്റുള്ളവര്‍ പറയുന്ന നുണകളില്‍  വിശ്വസിക്കാനുമുള്ള  കഴിവാണ് മനുഷ്യരാശിയുടെ ഇന്നു കാണുന്ന വളര്‍ച്ചയുടെയെല്ലാം ആധാരമെന്നാണ് Youval Naoh Harari അദ്ദേഹത്തിന്റെ ബെസ്റ്റ് സെല്ലറായ Sapiens : A brief history of Humankind ല്‍ പറയുന്നത്[1]. കെട്ടുകഥകളിലൂടെ ഒത്തുകൂടിയ ചെറുസാപ്പിയന്‍ കൂട്ടങ്ങളാണ് പിന്നീട് മതങ്ങളായും രാഷ്ട്രങ്ങളായും വളര്‍ന്നതെന്നും അവരെ കൂട്ടിനിര്‍ത്തുന്നതും പരസ്പരം സഹകരിപ്പിക്കുന്നതും അവര്‍ പങ്കുവെക്കുന്ന നുണകളാണ് എന്നുമാണ് ഹരാരി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇത്തരം കെട്ടുകഥകളാലും സങ്കല്പങ്ങളാലും നിര്‍മ്മിക്കപ്പെട്ട രാജ്യങ്ങളും മതങ്ങളും അവരുടെ സത്യത്തിലുള്ള അചഞ്ചലത നിരന്തരം ആവര്‍ത്തിക്കുന്നത് രസകരമായിതോന്നിയേക്കാം. ഉദാഹരണത്തിന് 1993 ല്‍ ചെകോസ്ളാവാക്യ എന്ന രാജ്യം ചെക് റിപ്പബ്ലിക് ആകുമ്പോള്‍ സ്വീകരിച്ച മുദ്രാവാക്യമായ Pravda vítězí യുടെ അര്‍ത്ഥം സത്യം ജയിക്കട്ടേ എന്നതാണ്. 1950 ജനുവരി 26ന് ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് എന്ന സങ്കല്പത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നമ്മള്‍ സ്വീകരിച്ചതും സമാനമായിരുന്നു. മുണ്ഢകോപനിഷത്തിലെ സത്യമേവ ജയതേ ആണല്ലോ നമ്മുടെ ആപ്തവാക്യം.

എന്നാല്‍ സത്യം മാത്രം പറഞ്ഞു കൊണ്ടുള്ള ഒരു ലോകം സാധ്യമാണോ എന്നതില്‍ സാക്ഷാല്‍ വ്യാസനും സംശയമുണ്ടായിരുന്നിരിക്കണം. മഹാഭാരതത്തിലെ പ്രഖ്യാപിതസത്യസന്ധനായ സാക്ഷാല്‍ ധര്‍മ്മപുത്രര്‍ പോലും പറഞ്ഞിട്ടുള്ളത് പതിനഞ്ചര കള്ളങ്ങളാണത്രേ [2]. ഇതേ മഹാഭാരതം തന്നെ നുണപറയാന്‍ അനുവദനീയമായ അഞ്ചു സന്ദര്‍ഭങ്ങള്‍- പ്രാണരക്ഷക്ക്, സമ്പത്ത് സംരക്ഷിക്കാന്‍,സ്ത്രീകളോട്, വിവാഹം നടക്കാന്‍, തമാശക്ക്- ആദിപര്‍വ്വത്തില്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഇതെല്ലാം പുരാണത്തിലെ കാര്യങ്ങള്‍, എന്നാല്‍ ആധുനീകകാലത്തും നുണകള്‍ പറയാതെ ജീവിക്കാന്‍ സാധ്യമല്ല എന്നതൊരു സത്യമാണ്. 1882 ല്‍ വിഖ്യാത സാഹിത്യകാരനായ മാര്‍ക്ക് ട്വയിന്‍ On the Decay of the Art of Lying ല്‍ എഴുതിയത് എല്ലാ മനുഷ്യരും അവരുടെ ഉണര്‍വിലും ഉറക്കത്തിലും സ്വപ്നത്തിലും ആഹ്ലാദത്തിലും വിലാപങ്ങളിലും എല്ലാ ദിവസവും എല്ലായെപ്പോഴും നുണപറയുന്നവരാണ് എന്നാണ് [13]. ആ വാചകങ്ങളുടെ സാഹിത്യഭംഗി മാറ്റിനിര്‍ത്തിയാല്‍ അതില്‍ ഒരു പാട് വസ്തുതകളുണ്ട് എന്നാണ് അമേരിക്കന്‍ കൌണ്‍സിലിംഗ് അസോസിയോഷന്‍ പോലുള്ള സംഘടനകളുടെ അഭിപ്രായം. U.S. National Institutes of Health’s National Library of Medicine (NIH/NLM) യുടെ കീഴിലുള്ള PMC പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനം പറയുന്നത് 40% മുതിര്‍ന്നവരും ദിവസത്തില്‍ ഒരു നുണയെങ്കിലും പറയുന്നുണ്ട് എന്നാണ്. അത്തരം നുണകളില്‍ വളരെ ചെറിയൊരംശം മാത്രമാണ്  നിയമപരമായ കുറ്റമാകുന്നത്.  മറ്റുള്ള നുണകളെല്ലാം തന്നെ വ്യക്തിപരമായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ളവയാണ് [6].   ഭക്ഷണം ഇഷ്ടമായോ എന്ന് ആതിഥേയന്‍ ചോദിക്കുമ്പോഴും, വൈകിയെത്തിയതിന് കാരണം ബോധിപ്പിക്കുമ്പോഴും, സുഖമാണോ എന്ന കുശലത്തിന് മുന്നിലും ഒക്കെ നമ്മള്‍ പറയുന്ന ഉത്തരങ്ങള്‍ ഒന്ന് ഓര്‍ത്തു നോക്കിയാല്‍ ഈ പഠനത്തില്‍ വിശ്വാസം ഉണ്ടാകും.

മനുഷ്യര്‍ തമ്മിലുള്ള ഇടപെടലുകളിലെല്ലാം തന്നെ നുണ കടന്നുവരുമെന്ന് മേല്‍പ്പറഞ്ഞതില്‍ നിന്ന് വ്യക്തമാണല്ലോ.  നുണപറയുക എന്നത് ധാര്‍മ്മികമായി തെറ്റായാണ് സമൂഹം കണക്കാക്കുന്നത് എന്നിരിക്കിലും എന്തുകൊണ്ടാണ് നമ്മള്‍ നുണപറയുന്നത് എന്ന ചോദ്യത്തിന് ഉത്തരം കാണാന്‍ ശ്രമിച്ച  സാമൂഹികശാസ്ത്രജ്ഞരും മനശ്ശാസ്ത്രജ്ഞരും മറ്റും മനുഷ്യരുടെ ഇടപെടലുകളില്‍ നുണകള്‍ക്കുള്ള പങ്കിനെക്കുറിച്ച്  ഹരാരിയുടെ വാദഗതികളുടെ സമീപത്തുതന്നെയാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.  Journal of Social and Personel Relationships ല്‍ Edel Ennis, Aldert Vrij, Claire Chance എന്നിവര്‍ നടത്തിയ പഠനത്തില്‍ [4]  ആരോടു നുണ പറയുന്നു എന്നതിനെ ആശ്ര‍യിച്ച് നുണകളുടെ തീവ്രത ഏറുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മനുഷ്യര്‍ കൂടുതല്‍ അടുപ്പമുള്ളവരോടാണ് കൂടുതല്‍ നുണപറയുന്നത് എന്ന് അവര്‍ നിരീക്ഷിക്കുന്നുണ്ട്. അതിന് കാരണമായി അവര്‍ പറയുന്നത് ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതുമായി നേരിടേണ്ടി വരുന്ന ഉത്കണ്ഠകളാണ് പലരേയും നുണപറയുന്നതിലായി പ്രേരിപ്പിക്കുന്നത് എന്നതാണ്. നുണ പറയുന്നതിലെ മനശ്ശാസ്ത്രത്തെക്കുറിച്ചു പഠിച്ച ഫരീഷ എ,  ഷക്കീല്‍ കെ എന്നിവര്‍‍ ചൂണ്ടിക്കാട്ടുന്നതു പോലെ  മനുഷ്യര്‍ വ്യക്തിബന്ധത്തിലെ  വേദനകളെ ഒഴിവാക്കുന്നതിനും സന്തോഷം നിലനിര്‍ത്തുന്നതിനുമാണ് പലപ്പോഴും നുണകള്‍ പറയുന്നത് [3]. അതായത് മനുഷ്യരുടെ പരസ്പരബന്ധങ്ങളെ നിലനിര്‍ത്തുന്നതില്‍ നുണകള്‍ക്ക് വലിയ പങ്കുണ്ട് എന്നു ചുരുക്കം.

അതോടൊപ്പം നടന്നിട്ടുള്ള ചില പഠനങ്ങള്‍ കുട്ടികള്‍ പറയുന്ന നുണകള്‍ എങ്ങനെയാണ് മുതിര്‍ന്നവരുടേതില്‍ നിന്ന് വ്യത്യസ്തമാകുന്നത് എന്നതിനെക്കുറിച്ചാണ്. അത്തരം അന്വേഷണങ്ങള്‍ കാണിച്ചു തരുന്നത്  ചില രസകരങ്ങളായ അറിവുകളാണ്. അതില്‍ ഒന്ന് നുണപറയുന്നതിനുള്ള കാരണങ്ങളില്‍ മുതിര്‍ന്നവരും കുട്ടികളും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളൊന്നും ഇല്ല എന്നതാണ്.  മറ്റുള്ളവരുടെ മുന്‍പില്‍ നല്ലവരാകുക എന്നതാണ് രണ്ടുകൂട്ടരുടേയും ഉദ്ദേശം. എന്നാല്‍ നുണ പറയുന്നതിന് തയ്യാറെടുക്കുമ്പോള്‍ കുട്ടികളുടെ തലച്ചോറില്‍ ഉദ്ദീപിപ്പിക്കപ്പെടുന്ന കോശങ്ങള്‍  മുതിര്‍ന്നവരുടേതില്‍ നിന്നും വ്യത്യസ്തങ്ങളാണ് എന്നും പഠനങ്ങള്‍  ചൂണ്ടിക്കാട്ടുന്നു [7]. അതായത് നുണ പറയുന്നതിനുള്ള കാരണങ്ങള്‍ സമാനങ്ങളാണെങ്കിലും കുട്ടികളും മുതിര്‍ന്നവരും നുണകള്‍ നിര്‍മ്മിക്കുന്ന പ്രക്രിയകള്‍ വ്യത്യസ്തങ്ങളാണ്. നുണയെ നിര്‍മ്മിക്കുന്നതോടൊപ്പം അവ പൊളിയാതെ സൂക്ഷിക്കുന്നതിലുള്ള മിടുക്കുകൂടിയാണ് മുതിര്‍ന്നവരുടെ നുണകളെ കുട്ടികളുടേതില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

സംഭവങ്ങളെ സത്യമെന്നും നുണയെന്നും  വെള്ളം കടക്കാത്ത രണ്ട് അറകളായി തിരിക്കുന്നത് വൃഥാവ്യായാമമാണെന്ന് ചുരുങ്ങിയപക്ഷം കഥയെഴുത്തുകാരെങ്കിലും തിരിച്ചറിഞ്ഞിരിക്കണം. അതിനാലാകണം വെള്ളത്തില്‍ വെച്ച പെന്‍സിലിന് വളവുണ്ട് എന്ന തോന്നല്‍ പോലെയാണ് നുണ സത്യത്തില്‍ നിന്നും വേര്‍പെടുന്നതെന്ന് അഷിത അഭിമുഖത്തില്‍ പറയുന്നത്. നുണയെന്ന ബിംബത്തെ ഇത്ര മനോഹരമായി ഉപയോഗിച്ച മറ്റൊരെഴുത്തുകാരി മലയാളത്തിലുണ്ടോ എന്ന് സംശയമാണ്. മുന്‍പ് പറഞ്ഞ ആശയങ്ങളെ മുന്‍നിര്‍ത്തി അഷിതയുടെ കഥകള്‍ വായിക്കുമ്പോള്‍ ലഭിക്കുന്നത് നുണകളുടേയും അതു പറയുന്നവരുടേയും വളര്‍ച്ചയുടെ വിവിധഘട്ടങ്ങള്‍ ആണ്. നമുക്കവയെ കുറേക്കൂടി വിശദമായി കാണാന്‍ ശ്രമിക്കാം. 

നുണകളില്‍ വളരുന്ന കുട്ടി

രാഷ്ട്രങ്ങളുടെയും മതങ്ങളുടേയും കാര്യത്തില്‍ നിരീക്ഷിച്ചതു പോലെ നുണകളാല്‍ നെയ്ത ലോകത്ത് ജീവിക്കുന്നവരാകുമ്പോഴും നമ്മുടെ കുഞ്ഞുങ്ങള്‍ സത്യസന്ധരാകണമെന്നതാണ് ഓരോ മനുഷ്യന്റെയും ആഗ്രഹം. നമ്മുടെ വ്യവസ്ഥിതികള്‍ , കുടുംബമായാലും, വിദ്യാലയങ്ങളായാലും നുണ പറയാത്ത, സത്യത്തിന്റെ പാതയില്‍ ചരിക്കുന്ന കുട്ടികളെ വളര്‍ത്തുക എന്ന ലക്ഷ്യത്തിനാണ് ഊന്നല്‍ കൊടുക്കുന്നത്. നുണ പറയുന്ന കുഞ്ഞുങ്ങളെ ജീവിച്ചിരിക്കുമ്പോള്‍ ശിക്ഷിക്കാനായി ചൂരലുകളേയും  മരണശേഷം ശിക്ഷിക്കാനായി നരകത്തേയും  നമ്മള്‍ സൃഷ്ടിച്ചിട്ടുണ്ട്. നുണ പറയുമ്പോള്‍ മൂക്കു നീളുന്ന പിനോക്യോ കഥകള്‍ പറഞ്ഞ് നമ്മളവരെ ഭയപ്പെടുത്തുന്നു. അതോടൊപ്പം സത്യം പറയുകയെന്നത്  കഠിനമാണെന്നും അതിനുള്ള ശക്തി തരാന്‍ ദൈവത്തോട് അപേക്ഷിക്കണമെന്നും പന്തളം കേരളവര്‍മ്മ പ്രാര്‍ത്ഥനയിലൂടെ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്.

മുതിര്‍ന്നവരുടെ ലോകത്തേക്ക് കടന്നിട്ടില്ലാത്തവളാണ് വരികള്‍ക്കിടയിലെ ഗൌരി എന്ന എല്‍കെജിക്കാരി. ‘ഇല്യാത്ത രാജ്യത്തെ ഇല്യാത്ത രാജകുമാരന്റേയും ഇല്യാത്ത രാജകുമാരിയുടേയും വല്ലാത്തകുട്ടികളുടേയും’ കഥകള്‍ കേട്ട് വളരുന്ന അവള്‍ സ്ക്കൂളില്‍ ഒരു ക്രാഫ്റ്റ് ടീച്ചറേയും സന്ദീപ് ജിയേയും വികൃതികാട്ടുന്ന മറ്റൊരു ഗൌരി പി ആറിനേയുമൊക്കെ സൃഷ്ടിച്ച് അമ്മയെ വിഭ്രമിപ്പിക്കുന്നുണ്ട്. നാലു വയസ്സുള്ള കുഞ്ഞുങ്ങള്‍ ഇത്തരത്തില്‍ സാങ്കല്പികമായ കൂട്ടുകാരേയും മറ്റും  സൃഷ്ടിക്കുന്നതും അവരോടൊപ്പം ഇടപഴകുന്നതും സ്വാഭാവികമാണ് എന്നാണ് മനശ്ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇവിടെ ഒരു പടികൂടി കടന്ന് സ്കൂളിംഗ് എന്ന വ്യവസ്ഥിതിയോടുള്ള കുഞ്ഞിന്റെ പ്രതികരണം കൂടിയാണ് അവളുടെ സങ്കല്‍പസൃഷ്ടിയായ ക്രാഫ്റ്റ് ടീച്ചര്‍.

കല്ലുവെച്ച നുണകളിലെ ഉമപ്രസീദ ഒന്നാം ക്ലാസുകാരിയാണ്, ഗൌരിയേക്കാള്‍ മുതിര്‍ന്നവള്‍. മുതിര്‍ന്നവരുടെ ലോകവുമായി കുറച്ചു കൂടി കൂടുതലായി ഇടപഴകുന്നവള്‍. ചിലപ്പോഴൊക്കെ  നുണകള്‍ പറയാന്‍ അവളെ മുതിര്‍ന്നവര്‍ അനുവദിക്കുന്നുമുണ്ട്. അത്തരം ചില നുണകളെ തമാശകളായി കണ്ട് ചുറ്റുമുള്ളവര്‍ ചിരിക്കുന്നതും അവള്‍ കണ്ടിട്ടുണ്ട്. മുതിര്‍ന്നവരുടെ നുണകളുടെ ലോകവും കുഞ്ഞുങ്ങളുടെ നുണക്കഥകളുടെ ലോകവും അവളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. അതിനാലാണ് താന്‍ പറഞ്ഞത്  നുണകളല്ലെന്നും തമാശയാണെന്നും അവള്‍ ന്യായീകരിക്കുന്നത്. നുണ പറയുന്നവര്‍ മരിച്ചു ചെന്നാല്‍  അവരെ പാമ്പുപിടിക്കുമെന്ന അമ്മയുടെ പേടിപ്പെടുത്തലിനെ അവള്‍ നേരിടുന്നത് തനിക്ക് നിരവധി നുണക്കഥകള്‍ പറഞ്ഞുതന്ന മുത്തശ്ശി നാരായണിയെ പാമ്പു പിടിച്ചിട്ടുണ്ടാകുമോ എന്ന മറുചോദ്യം കൊണ്ടാണ്.

ഈ കഥകളിലെ അമ്മമാര്‍ എല്ലാവരും അഭ്യസ്തവിദ്യരും കുലീനകളുമാണ്.അവര്‍ വായിക്കുന്നത് കുട്ടികളെ എങ്ങനെ നന്നാക്കാമെന്ന പുസ്തകങ്ങളാണ്. എന്നാല്‍ കുഞ്ഞുങ്ങളുടെ ലോകം മനശ്ശാസ്ത്രജ്ഞരുടെ പാചകക്കുറിപ്പുകള്‍ക്കു പുറത്താണ്  എന്നറിയുമ്പോള്‍ അവര്‍ അമ്പരക്കുകയും നിസ്സഹായരാവുകയും ചെയ്യുന്നത് കാണാം. കുട്ടികളുടെ നുണകളെ നേരിടുമ്പോഴൊക്കെ തങ്ങളുടെ ജീവിതത്തില്‍ ബോധപൂര്‍വ്വം പറഞ്ഞിട്ടുള്ള നുണകള്‍ അവരെ പൊള്ളിക്കുന്നുണ്ട്. നുണ പറഞ്ഞതിന് സ്വന്തം അമ്മയുടെ കൈയ്യില്‍ നിന്നും ശാസന ഏറ്റുവാങ്ങിയതിനു ശേഷവും താന്‍ നുണകള്‍ പറഞ്ഞിട്ടുണ്ടല്ലോ എന്ന് ഉമയുടെ അമ്മ ഓര്‍ക്കുമ്പോള്‍ അവരുടെ നോട്ടം ചിരിക്കുന്ന വിവാഹഫോട്ടോവിലേക്ക് വീഴുന്നതിലൂടെ കഥാകാരി നല്‍കുന്ന സൂചന അവഗണിക്കാവുന്നതല്ല.

ഈ കഥകളിലെവിടേയും കുട്ടികളുടെ അച്ഛന്മാര്‍ കടന്നുവരാത്തത് യാദൃശ്ചികമാണ് എന്ന് കരുതാന്‍ കഴിയില്ല. ചിലപ്പോള്‍ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ അമ്മമാരെ ഇറക്കിവിട്ടിട്ട് കഥയിലേക്ക്  വരാന്‍ കൂട്ടാക്കാതെ  മുറിയില്‍ കയറി വാതിലടച്ചിരിക്കുകയാവും അവര്‍. ഒറ്റ രക്ഷാകര്‍ത്തൃത്വം -single parenting- എന്ന ദുഷ്കരമായ പ്രഹേളികയെ നേരിടുന്നവരാണ് അഷിതയുടെ ഈ അമ്മമാര്‍. ഇത്തരത്തിലുള്ള അമ്മമാരുടെ (അച്ഛന്മാരുടേയും) എണ്ണം കൂടുന്നതായി അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്റെ പഠനങ്ങള്‍ പറയുന്നു [10]. ഇന്ത്യയിലാകട്ടെ ഇത്തരം ഒറ്റ‍ രക്ഷാകര്‍തൃ കുടുംബങ്ങള്‍‍ ഭൂരിഭാഗവും അമ്മമാരുടെ ചുമലിലാണ് എന്നതാണ് പഠനങ്ങള്‍ പറയുന്നത് [7,8]. മാതൃത്വത്തെ അമിതമായി മഹത്വവല്‍ക്കരിക്കുന്നതിന്റെ ഭാരം പേറേണ്ടി വരുന്നതിനാല്‍ ഇത്തരം അമ്മമാര്‍ നേരിടുന്ന സമ്മര്‍ദ്ദം വളരെയധികമാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് പ്രശ്നങ്ങള്‍ പങ്കുവെക്കാനും പരിഹാരം തേടാനും ഒരു കൂട്ടില്ലാതിരിക്കുക എന്നത്. ഈയൊരു പ്രശ്നം ഉമയുടേയും ഗൌരിയുടേയും അമ്മമാരും നേരിടുന്നതായി കാണാം. ഒറ്റ രക്ഷാകര്‍ത്തൃത്വം അമ്മമാരുടെ മുന്നോട്ടു വെയ്ക്കുന്ന മറ്റൊരു പ്രധാനപ്രശ്നം കുഞ്ഞിനോടൊപ്പം അവര്‍ക്ക്  കൂടുതല്‍ സമയം ഫലപ്രദമായി ചെലവഴിക്കാന്‍ കഴിയുന്നില്ല എന്നതാണ്.  ഇത്തരം സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികളോട് ഏറ്റവുമധികം നുണപറയുന്നത് അവരുടെ അമ്മമാരാകും, അവര്‍ ഏറ്റവുമധികം നുണകള്‍ പറഞ്ഞിട്ടുള്ളതും അവരുടെ അമ്മമാരോടാകും [അമ്മ എന്നോടുപറഞ്ഞ നുണകള്‍].

പാകപ്പെടു(ത്തു)ന്ന നുണകള്‍

അഷിതയുടെ  ഗൌരിയും ഉമക്കുട്ടിയും വളരുന്നത്  വലുതായാല്‍ തങ്ങള്‍ക്കും ഇഷ്ടം പോലെ നുണകള്‍ പറയാമല്ലോ എന്ന ആശ്വാസത്തിലേക്കാണ്  [അമ്മ എന്നോടുപറഞ്ഞ നുണകള്‍]. എന്നാല്‍ തമാശക്കല്ലാതെ ബോധപൂര്‍വ്വം നുണകള്‍ പറയുന്നതോടെ ഇല്യാത്ത രാജകുമാരന്റേയും രാജകുമാരിയുടേയും ലോകം അവര്‍ക്കു പിന്നില്‍ അടയുകയും  ‘ലോകത്തിനു ചില വിടവുകളി’ലെ അഭിരാമിയെപ്പോലെ  അവര്‍ എന്നെന്നേക്കുമായി മുതിര്‍ന്നവരാകുകയുമാണ് സംഭവിക്കുന്നത്. ഗൌരിയേയും ഉമയേയുമപേക്ഷിച്ച് കുടുംബത്തിലെ ബന്ധങ്ങളെ കുറേക്കൂടി അടുത്തു നിന്ന് മനസ്സിലാക്കുന്നവളാണ് അഭിരാമി. പക്ഷെ അവള്‍ കാണുന്ന ദാമ്പത്യം ഒട്ടും മനോഹരമായിരുന്നില്ല.  “ഓര്‍മ്മ വെച്ചനാള്‍ മുതല്‍ പരസ്പരം പേടിച്ചും ഭീഷണിപ്പെടുത്തിയും പറ്റിച്ചും പ്രലോഭിപ്പിച്ചും നുണ പറഞ്ഞുമാണ് “അവളുടെ മാതാപിതാക്കള്‍ അവരുടെ ദാമ്പത്യം നിലനിര്‍ത്തിയിരുന്നത്. അതിനാല്‍ തന്നെ ഭാവനയുടെ ലോകത്ത് അഭിരമിച്ചിരുന്ന അഭിരാമി വലിയ ബുദ്ധിമുട്ടില്ലാതെയാണ് ഈ ഭയാനകമായ ലോകത്തേക്ക് എത്തിപ്പെടുന്നത്. താനും ഒപ്പമുണ്ടാകുമെന്നു കരുതി ആത്മഹത്യക്കു ശ്രമിച്ച പതിനാറുകാരന്റെ വാര്‍ത്ത കേള്‍ക്കുന്ന ആ പതിനാലുകാരിയുടെ ഉള്ളിലെ ആളല്‍ വളരെ എളുപ്പത്തിലാണ് ശൈത്യമൂറുന്ന നോട്ടമായി പരിണമിക്കുന്നത്.

വിവാഹം ഒരു സ്ത്രീയോട്  ചെയ്യുന്നത് എന്ന കഥയില്‍ അനുരാധയെന്ന മകള്‍ അമ്മയോട് ദാമ്പത്യത്തെക്കുറിച്ച് ചില ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. എന്നിട്ടോ എന്ന ഉമക്കുട്ടിയുടെ ചോദ്യത്തിന് മുന്‍പില്‍ പാലിച്ച മൌനം മതിയാകില്ല വിവാഹിതയായ മകളുടെ മുന്‍പില്‍ എന്നത് ആ അമ്മയുടെ അവസ്ഥയെ കൂടുതല്‍ ദുഷ്ക്കരമാക്കുന്നു. വിവാഹത്തിലുള്ളത് സ്നേഹമോ കാമമോ എന്ന മകളുടെ ചോദ്യത്തിനു മുന്‍പില്‍, ആ തീഷ്ണതക്കുമുന്‍പില്‍ അടിയറവു പറയുന്ന അമ്മയോട് “അങ്കുരിക്കുമ്പോഴേ തൃപ്തമാകുന്നതാണ് സ്നേഹം” എന്നുകൂടി പറഞ്ഞുകൊടുക്കുന്നുണ്ട് അനുരാധ. വിവാഹമെന്ന നുണയേക്കാള്‍ എത്രയോ നല്ലതാണ് അതില്‍ നിന്ന് പുറത്തു കടക്കുന്നതെന്ന് ആ അമ്മയോടൊപ്പം വായനക്കാര്‍ക്കും തോന്നിയാല്‍ അത്ഭുതമില്ല. എന്നാല്‍ ശിവേന സഹനര്‍ത്തനത്തില്‍ (ഇതേ ? ) അനുരാധ  വിവാഹം വിജയിക്കുന്നത് സ്നേഹവും സത്യസന്ധതയും കൊണ്ടൊന്നുമല്ലെന്ന് തിരിച്ചറിയുന്നു.  അതെല്ലാമുണ്ടെന്ന കേവലമൊരു തോന്നല്‍ മറ്റേയാളില്‍ ഉണ്ടാക്കലാണ്  ദാമ്പത്യവി‍ജയത്തിന് വേണ്ടതെന്നുമുള്ള പരിഹാരത്തിലേക്കാണ് അവള്‍ അവിടെ എത്തിച്ചേരുന്നത്. [ഈ രണ്ടു കഥകളെ  മറ്റൊരു ക്രമത്തില്‍ വായിച്ചാല്‍ മഹത്തായ ഭാരതീയ അടുക്കളയുടെ സാദ്ധ്യതയും തെളിഞ്ഞേക്കാം.]

അഷിതയുടെ ഈ കഥകള്‍ നോക്കിയാല്‍ ഗൌരിയില്‍ നിന്നും, അവള്‍ പറയുന്ന തമാശയില്‍ നിന്ന് വേറിട്ടറിയാന്‍ കഴിയാത്ത നുണകളില്‍ നിന്നും വളര്‍ന്നാണ് സ്നേഹം എന്ന ഒന്ന് യഥാര്‍ത്ഥത്തില്‍ ഉണ്ടാകണമെന്നില്ലെന്നും അതുണ്ട് എന്ന ഒരു തോന്നല്‍ മറ്റേയാളില്‍ ഉണ്ടാക്കിയാല്‍ മതിയെന്നും തിരിച്ചറിയുന്ന അനുരാധയിലും, അവളുടെ ദാമ്പത്യമെന്ന വലിയ നുണയിലുമെത്തുന്നത്. ആ പെണ്‍കുട്ടിയുടെ വളര്‍ച്ചയിലെ വിവിധ പടവുകളിലാണ് ഉമയും അഭിരാമിയും അവരുടെ നുണകളും എല്ലാം നില്‍ക്കുന്നത്.  വളരുമ്പോള്‍ നമ്മുടെ നുണകളുടെ ആഴം എത്രമാത്രം കൂടുമെന്നതിനു് അഷിതയുടെ കഥാപാത്രങ്ങള്‍ മികച്ച  ഉദാഹരണങ്ങളാണ്. മുന്‍പ് സൂചിപ്പിച്ചതു പോലെ ഗൌരിയും ഉമയും‍ നുണയുണ്ടാക്കുന്ന അതേ  പ്രക്രിയയിലൂടെയല്ല അനുരാധ നുണയുണ്ടാക്കുന്നത് എന്നു കാണാം. ഗൌരിയുടേയും ഉമയുടേയുമെല്ലാം നുണകള്‍ വളരെ എളുപ്പം തിരിച്ചറിയപ്പെടുന്നവയാണ്. കൂടുതല്‍ സങ്കീര്‍ണ്ണങ്ങളായ നുണകള്‍ പറയാന്‍ അവരുടെ തലച്ചോര്‍ പ്രാപ്തമായിട്ടില്ല. എന്നാല്‍ യുക്തിഭദ്രമായ നുണകള്‍ പറയാന്‍ വേണ്ട കറിക്കോപ്പുകള്‍  അനുരാധയുടെ തലച്ചോര്‍ സംഭരിച്ചിരിക്കുന്നു. ഉചിതമായ സമയത്ത് അവ പാകപ്പെടുത്തി വിളമ്പുകയാണ് അവള്‍ ചെയ്യുന്നത് എന്നു കാണാം.

മുതിര്‍ന്നവരുടെ ലോകത്തേക്ക് എത്തിച്ചേര്‍ന്ന ഉമയും ഗൌരിയും അഭിരാമിയുമൊന്നും മടങ്ങുന്നില്ല. ഉള്ളിലേക്ക് പോകുന്തോറും വിസ്താരം കുറയുന്ന കിണറുകള്‍ക്കുള്ളില്‍ നൃത്തം ചെയ്യാന്‍ [ശിവേന സഹനര്‍ത്തനം] അവര്‍ പഠിക്കുന്നു, വിവാഹം നല്‍കുന്ന കപടമായ സുരക്ഷിതത്വത്തിന് ചുങ്കം കെട്ടുന്നു [വിവാഹം ഒരു സ്ത്രീയോട് ചെയ്യുന്നത്], “രാജകുമാരനും രാജകുമാരീം കൂടെ ടാക്സീല് ‘ജാം’ ന്നങ്ട് പൂവും. എന്നിട്ടോ ?” എന്ന ചോദ്യത്തിന് [എന്നിട്ടോ ?] സത്യം പറയാതിരിക്കുന്നു. തൃഷ്ണകളുടെ കരിമ്പൂച്ചകളെ പുറത്താക്കി വാതിലടക്കുന്നു. എന്നിട്ട് അവനവന്റെ തന്നെ അടിമകളായി ഒ(ടു)തുങ്ങുന്നു.

അഷിതയുടെ കഥകളിലൂടെ സഞ്ചരിക്കുമ്പോള്‍ നമ്മള്‍ കണ്ടത് കുഞ്ഞുങ്ങളുടെ നുണകളെ ചൂരല്‍ കൊണ്ടും ശാസനകള്‍ ‍കൊണ്ടും നേരിടുന്ന ഒരു ലോകമാണ്. എന്നാല്‍ മുതിര്‍ന്നവര്‍ പറയുന്ന നുണകളെ അതേ ലോകം‍ എങ്ങനെയാണ് കാണുന്നത്? അവയോട് ‍ കണ്ണടക്കുന്നു എന്നുമാത്രമല്ല പല നുണകളേയും   നമ്മള്‍ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നു. എന്തുകൊണ്ടാണിത് എന്ന ചോദ്യങ്ങള്‍ക്ക് അഷിത കഥകളിലൂടെ പറയുന്ന ഉത്തരം ലളിതമാണ്.  രാഷ്ട്രവും മതവും പോലെ, ഒരു പക്ഷെ അതിനേക്കാളുമധികം,  സ്ഥാപനവത്കരിക്കപ്പെട്ട കുടുംബമെന്ന ആശയം നിലനില്‍ക്കുന്നത് ഇത്തരം നുണകളിലൂടെയാണ്. ആ ശീട്ടുകൊട്ടാരങ്ങളെ മാറ്റത്തിന്റെ കാറ്റടിക്കുമ്പോള്‍ വീഴാതെ  കാക്കേണ്ടത് ഇത്തരം നുണകളുടെ കോട്ടകള്‍ കൊണ്ടാണ് എന്ന് കഥാകാരിക്ക് നല്ല ഉറപ്പുണ്ടായിരുന്നു.

ഹരാരി പറഞ്ഞതു പോലെയുള്ള മനുഷ്യരാശിയെ വളര്‍ത്തിയ, മുന്നോട്ടു നടത്തുന്ന കെട്ടുകഥകളല്ല, മറിച്ച് ദാമ്പത്യമെന്ന കാപട്യത്തിന്റെ കാളവണ്ടിയെ മുന്നോട്ടു നടത്തുന്ന തിരണ്ടിവാലുകളാണ് അഷിതയുടെ കഥകള്‍. തന്റെ കഥകളിലെവിടെയും സ്ത്രീപക്ഷനിലപാടുകള്‍ ഉച്ചൈസ്തരം ഘോഷിക്കുന്ന എഴുത്തുകാരിയല്ല‍ അഷിത.

അഷിതയുടെ കഥകളില്‍ നുണയും സത്യവും വെവ്വേറെയല്ല എന്ന അറിവു മാത്രമല്ല, അതോടൊപ്പം  നുണയും സത്യവും ഉരുക്കിച്ചേര്‍ത്തെടുത്തതാണ് ദാമ്പത്യമെന്ന തിരിച്ചറിവുകൂടിയുണ്ട്. എന്തു കൊണ്ടാണ് നുണകള്‍  എന്ന ചോദ്യത്തിന് കഥാകാരി പറയുന്ന മറുപടി  നുണകളില്‍ ചാരുന്ന ആത്മാക്കളുടെ നിവൃത്തികേടുകളാണ് തന്റെ കഥകളെന്നാണ്. അതോടൊപ്പം ചേര്‍ത്തുവെക്കേണ്ടതാണ് അമ്മ എന്നോടുപറഞ്ഞ നുണകളില്‍ കഥാകാരി നല്‍കുന്ന ഈ സത്യവാങ്മൂലം. “എനിക്ക് ചായ് വ് സത്യത്തിന്റെ ചാരനിറത്തേക്കാള്‍ നുണയുടെ വര്‍ണ്ണഭംഗികളോടായിരുന്നു. ജലം സ്വന്തം നില തേടി കണ്ടെത്തുന്നതു പോലെ ഞാന്‍ അവസരം കിട്ടുമ്പോഴൊക്കെ ആ ലോകം തേടിച്ചെന്നു.” അതു തന്നെയാണ് സത്യവും.

റഫറന്‍സ്

[1] Youval Naoh Harai, Sapiens: A Brief History of Human Kind, Vintage,2011
[2]  Gautam Chikermana, The fifteen and an half lies of Yudhishthira in Mahabharata, 2015  https://www.firstpost.com/living/not-half-not-one-the-15-and-a-half-lies-of-yudhishthira-in-mahabharata-2135673.html
[3] Farisha A, Sakkeel K. (2015). Psychology of Lying. International Journal of Indian Psychology, 2(2), March 25, 2015
[4]  Ennis E, Vrij A, Chance C. Individual differences and lying in everyday life. Journal of Social and Personal Relationships. 2008;25(1):105-118. doi:10.1177/0265407507086808
[5] Choshen-Hillel, Shoham & Shaw, Alex & Caruso, Eugene. (2020). Lying to appear honest. Journal of Experimental Psychology: General. 149. 10.1037/xge0000737.
[6] Williams E J, Bott LA, Patrick J, Lewis MB, Telling Lies; the irrepressible truth ? PloS One, 2013; 8(4)
[7] Shirley S Wang , Survival of the Fibbest: Why We Lie So Well, Wall Street Journal,May 11, 2010
[8] Kotwal, Nidhi & Prabhakar, Bharti. (2009). Problems Faced by Single Mothers. Journal of Social Science. 21. 10.1080/09718923.2009.11892771.
[9] Shalini Bharat, Single Parent Families-Consequences for Single Parents, The Indian Journal of Social Work, Vol. XLIX, No. 3 (July, 1988)
[10] https://www.apa.org/topics/parenting/single-parent
[11] https://plato.stanford.edu/entries/lying-definition/
[12] Isenberg, Arnold (1964). Deontology and the ethics of lying. _Philosophy and Phenomenological Research_ 24 (4):463-480.
[13] https://archive.org/details/stolenwhiteelep01twaigoog/page/n8/mode/2up


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

 

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

More like this

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...