കണ്ണുകൾ മാറാല കെട്ടുന്ന മൂല

0
127
ചിത്രീകരണം: മിഥുന്‍ കെ.കെ.
(കവിത)
അഭിരാം എം പി

1

റോഡിൽ നിന്നും ഇടത്തോട്ട്
തിരിഞ്ഞ് നാലാം വളവിലെ
ഒരടി പാത കയറിയാലാണ് വീട്.
വെളുത്ത വലിയൊരു വീടിന്റെ,
ഭസ്മം കൊണ്ട് കുറി വരച്ച
ഒരു പടുവൃദ്ധൻ തറവാടിന്റെ,
അത്തറിന്റെ മിനിപ്പുള്ള
ഒരു ഗൾഫുക്കാരൻ വീടിന്റെ,
അങ്ങിനെയെല്ലാത്തിന്റെയും നടുക്ക്,
നെഞ്ചിനകത്ത് അകപ്പെട്ട
ഊർദ്ധ്വൻ പോലെ
അതുപോലെയൊരു വീട്.
നീണ്ടു കിടക്കുന്ന ഒരടിപ്പാത,
അതും വീട്ടിലേക്ക് അല്ല.
വീട്ടിലേക്ക് വഴിയേയില്ല.
അളന്നു പിരിച്ച വഴിയിൽ
ദ്വീപ്പായി ചുരുങ്ങിയതാണ് വീട്.
ചെരുപ്പിൽ നിറഞ്ഞ്,
വിണ്ടു തുടങ്ങിയ പഴകിയ കാല് പോലെ
അതുപോലെയൊരു വീട്

2.

ഞാൻ നീട്ടിവലിച്ച ശ്വാസത്തിന് ചിലപ്പോൾ ഗൾഫുക്കാരന്റെ ഭാര്യ വെച്ച

ബിരിയാണിയുടെ ഗന്ധമാണ്.
തറവാട് മൂപ്പിന്റെ നീട്ടി തുപ്പല്
പലപ്പോഴുമെന്റെ ചെരുപ്പിൽ വീഴും.
ബിരിയാണി മണവും
തുപ്പലിലെ പഴുപ്പുമെല്ലാം
മിക്കപ്പോഴും കട്ടപ്പിടിച്ചടിയും.
അത് മാറാല കെട്ടി കൂടും.
കണ്ണ് തുറിപ്പിച്ചു നോക്കിയിരിക്കും.
മുക്കിലും മൂലയിലും
വെട്ടാളൻ കാത് കൂട് കൂട്ടും.
തൂത്ത് കളയും തോറും
മുട്ടയിട്ട് പെരുകി
കണ്ണിന്റെ കുഞ്ഞുങ്ങൾ
ചോറിൽ വീഴും.
എട്ട് കുഞ്ഞിക്കാലുകൾ നീട്ടിയവ
ദേഹത്ത് അരിച്ചു നടക്കും.
തിണർത്തു ചുകന്നു പൊന്തുമ്പോൾ മാത്രമറിയുന്ന ചൊറിച്ചിലിന്റെ രാസഭാഷയിൽ
അവയെപ്പോഴും കഥകൾ
നെയ്തു കൂട്ടും.
ചിത്രീകരണം: മിഥുന്‍ കെ.കെ.
3.
മീന്തല കാത്ത് അടുക്കളപ്പുറത്ത്
അമ്മയെ മുട്ടിയിരുന്നൊരു പൂച്ച
പണ്ടൊരിക്കൽ ചാടിയെന്റെ
കട്ടിലിൽ വന്ന് വീണു.
നീണ്ട നഖങ്ങളാഴ്ത്തി
കിടയ്ക്ക അരിച്ചു പെറുക്കി ഒന്നും
കിട്ടാതെ മുരണ്ടപ്പോൾ,
വാല് മുറിച്ചിട്ട് കൊടുത്ത്
പഴയ പുസ്തകത്തിന്റെ ദ്രവിച്ച മണത്തിൽ
ഞാൻ മുഖം പൂഴ്ത്തിയിരുന്നിട്ടുണ്ട്.
പെണ്ണ് പോലെ പൊട്ട് തൊട്ട്,
കട്ടൻ ചായ മൊത്തി കുടിച്ചു,
അടച്ചിട്ട വാതിലിൽ പുസ്തകം വായിക്കുന്ന
പയ്യന്റെ ജനാല കാഴ്ചകൾ പിന്നെ
പരിപ്പിനും മുളകിനുമൊപ്പം തൂക്കി വിറ്റു തുടങ്ങി.
അടക്കിചിരികൾ ചുമയുടെയും
നെഞ്ചെരിച്ചിലിന്റേയും കൂടെ
പരക്കാൻ തുടങ്ങി.
തേങ്ങ ചിരവിക്കൊടുത്തെണീക്കുമ്പോൾ
മുറിപ്പാടില്ലാത്ത കയ്യിൽ നക്കി
പൂച്ച പിന്നീടും മുരണ്ടിട്ടുണ്ട്.
പെണ്ണുങ്ങളെ ചേൽക്ക് ചിരവുന്നും
ഓൻ പാത്രം മോറുംന്നൊക്കെ
കാറ്റ് വീശിയിട്ടുണ്ട്
4.
നാല് ചുമരിന്റെയുള്ളിലെ
തമോഗർത്തമാണ് മുറി.
ഒരു വെളിച്ച തരിയും
വിട്ടുകൊടുക്കാതെ
അതത്രയുമതിന്റെ ചതുരവയറിൽ
നിറച്ചു വയ്ക്കും.
വെട്ടം കൊണ്ട് മഞ്ഞളിച്ച കണ്ണിലെ
മാറാല, ഇരുട്ട് തട്ടി എരിഞ്ഞു പോകും.
മുരണ്ടു മുരണ്ടു മടുത്ത ഒച്ചകൾ
തൊണ്ട വിട്ടിറങ്ങി രാത്രി പുതച്ചുറങ്ങും.
അപ്പോൾ ഇരുട്ട് മുറിയിലെ
വെളിച്ചക്കണികകൾ തിന്ന മിന്നാമിന്നികൾ
പാറി എന്റെ പുസ്തകചട്ടകളിൽ മുട്ടയിടും.
ഇടതടവില്ലാതെയവ
നക്ഷത്രതിളകത്തിൽ ജ്വലിക്കും.
ചൂട് കട്ടന്റെയാലസ്യത്തിൽ ഞാൻ
ഒരു മിന്നാമിന്നി തിളക്കം നെറ്റിയിൽ
തൊട്ടു വയ്ക്കും.
ഇരുട്ടിലപ്പോൾ പാടും,
” പാടുക സൈഗാൾ പാടൂ…
നിൻ രാജകുമാരിയെ പാടി പാടിയുറക്കൂ… “

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here