കാറ്റിന്റെ മരണം

0
129

(ക്രൈം നോവല്‍)

ഡോ. മുഹ്‌സിന കെ. ഇസ്മായില്‍

അദ്ധ്യായം 11

കാറ്റിന്റെ ഉപദേശം

“ഇന്ന് നമുക്കൊരു സ്ഥലം വരെ പോയാലോ?” മഞ്ഞിൻ പുതപ്പ് വകഞ്ഞു പുറത്തു വരാൻ ശ്രമിക്കുന്ന വാകപ്പൂക്കളെ നോക്കി നിൽക്കുന്ന സമീറയോട് കാറ്റന്വേഷിച്ചു.

“എവിടേക്കാ?”

“നീ ഇപ്പോൾ പോയിരിക്കേണ്ട ഒരു സ്ഥലമാണ്,” കാറ്റ് വഴികാട്ടിയെപ്പോലെ മുന്നിൽ നടന്നു. ചാർട്ടുകൾ നോക്കി വിവിധനിറങ്ങളിലുള്ള  രാസപതാർത്ഥങ്ങൾ ചേർത്ത് സോൾട്ട് ഉണ്ടാക്കുന്ന ബയോക്കെമിസ്ട്രി  ലാബിലേക്ക് പോകണോ  അതോ കാറ്റിന്റെ വാക്കുകൾ കേൾക്കണോ എന്ന കാര്യത്തിൽ  സമീറയ്ക്ക് സംശയമായി. ബ്രേക്കിന്റെ സമയത്ത് ആതിരയും ജാൻവിയും കോളേജ് വരാന്തയിലുള്ള ചായക്കടയിൽ  പോകുമ്പോൾ തന്നെ വിളിക്കുമോ? ഇന്നലെ ആതിരയുടെ ഹിസ്റ്റോളജി റിക്കോർഡ് വരച്ചു കൊടുത്തതല്ലേ? ചിലപ്പോൾ വിളിച്ചാലോ? ചായക്കടയിലെ പൈസ താൻ തന്നെ കൊടുക്കുമെന്നു മനസ്സിലുറപ്പിച്ചു സമീറ കാറ്റിന്റെ അഭ്യർഥന നിരസിച്ചു കുന്നിറങ്ങാൻ  തുടങ്ങി.

“പോവാണോ? വല്യച്ഛൻറെ  കാര്യമന്വേഷിക്കേണ്ടെ?”

“ക്ലാസ്സുണ്ട്?” സമീറയുടെ നാവിൽ  നന്നാറി സർബത്തിന്റെ മധുരവും തണുപ്പും പരന്നു.

“ഇന്ന് മാത്രേ ഇക്കാര്യം നടക്കൂ. നിനക്കു മാത്രമേ വല്യച്ഛൻറെ  കൊലപാതകിയെ  കണ്ടു പിടിക്കാൻ പറ്റൂ,” കാറ്റ് സമീറയെ നിർബന്ധിച്ചു.

“എന്താണവിടെ? ദൂരെയാണോ?” സമീറ വിളിച്ചു ചോദിച്ചു. സമീറ പിന്തുടരുമെന്നുറപ്പുള്ളത് പോലെ കാറ്റ് മുൻപോട്ടു നടന്നു.

“ഇവിടെ അടുത്താ,” എന്നാലും  അല്പമൊന്നു നിർബന്ധിച്ചാലേ  സമീറ വരൂ  എന്നു തോന്നിയത് കൊണ്ടാണ് കാറ്റ് അങ്ങനെ പറഞ്ഞത്.

കുത്തനെയുള്ള റബ്ബർ  മരക്കാടുകളും ഒരുമിച്ച് ശബ്ദമുണ്ടാക്കുന്ന കാക്കക്കൂട്ടങ്ങളെയും കടന്നു സമീറയും കാറ്റും  നീണ്ട മുടിയുള്ള  കാറ്റാടികളുടെ അടുത്തെത്തി.

“ഞാവൽപ്പഴമിഷ്ടാണോ?”

“പണ്ടെങ്ങോ കഴിച്ചതാ,” സമീറ പറഞ്ഞു.

കാറ്റ് പറന്നു ചെന്നു വയലറ്റ് നിറത്തിൽ നല്ല  പഴുത്തു തുടുത്ത ഞാവൽപ്പഴം താഴേയ്ക്ക് വീഴ്ത്തി. നിലത്തു വീഴുന്നതിന് മുൻപു പിടിച്ച പഴങ്ങളോരോന്നായി നുണയുമ്പോഴും സമീറയുടെ നാവിനെ  നന്നാറിയുടെ രുചിയും മനസ്സിനെ  കാറ്റ് തന്നെ കൊണ്ടുപോകുന്ന സ്ഥലത്തെപ്പറ്റിയുള്ള ഭീതിയും വന്നു മൂടി.

‘നമ്മളെവിടേക്കാ പോകുന്നേ?” സമീറയ്ക്ക് ചോദിക്കാതിരിക്കാനായില്ല.

“അതൊക്കെയുണ്ട്,” താഴെ വീണ മഞ്ചാടിക്കുരുകൾ  ഒരുമിച്ച് കൂട്ടുന്നതിനിടയിൽ കാറ്റ് പറഞ്ഞു.

“നമ്മൾ ഒരു സ്ഥലത്ത് പോകല്ലേ? പിന്നെന്താ ഇങ്ങനെ ഒരു തിരയ്ക്കുമില്ലാതെ നിൽക്കണത്?” സമീറ അല്പം ദേഷ്യത്തിലായിരുന്നു.

“പോകുന്ന വഴിയിലെ ചെറിയ സന്തോഷങ്ങളല്ലേ? ഇതൊന്നും പിന്നെ തിരിച്ചു കിട്ടില്ലല്ലോ,” കാറ്റ് ഒന്ന് പുഞ്ചിരിച്ചു. മനമില്ലാ മനസ്സോടെ സമീറ കാറ്റിന്റെ പുറകെ  നടന്നു.

“ ദാ, ഇത് കണ്ടോ? ഇത് തുമ്പികളാണ്. ഒറ്റ നോട്ടത്തിൽ   ചിത്രശലഭത്തെപ്പോലെയില്ലേ?” തിടുക്കം കൂട്ടുന്ന സമീറയുടെ മനസ്സ് നടത്തം പതിയെയാക്കുവാൻ  സമ്മതിച്ചില്ലെങ്കിലും ആ തുമ്പികൾ സമീറയിൽ  അത്ഭുതമുളവാക്കി.

നീളൻ പുല്ലുകൾ വളർന്നു നില്ക്കുന്ന പറമ്പുകളിലൂടെ നടന്നു കാറ്റ് ഒരു വീടിന്റെ മുറ്റത്തേക്ക് കയറി. നല്ല  ഉയരമുള്ള കരിങ്കല്ല് കൊണ്ട് തീർത്ത മതിലുകൾ  നോക്കി സമീറ അവിടെ നിന്നു. അപ്പോഴാണ് കാറ്റിന് തന്റെ അമളി മനസ്സിലായത്. സമീറയ്ക്ക് മതിലിനു മുകളിലൂടെ പറക്കാനാകില്ലല്ലോ. ഒന്ന് രണ്ട് മാവും കുറച്ചു പ്ലാവുകളും നിറയെ വാഴയുമുള്ള പറമ്പ് കടന്നു സമീറയും കാറ്റും വീടിന്റെ ഉമ്മറത്തെത്തി. അവിടെ വലിയൊരു ആൾക്കൂട്ടമുണ്ടായിരുന്നു.

വരാന്തയിൽ ഒരാളിരുന്നു കടത്ത് കഴിക്കുന്നത് പോലെ രാമായണം ഉച്ചത്തിൽ വായിക്കുന്നുണ്ടായിരുന്നു. അതിന്റെ തൊട്ടടുത്തു തന്നെ കുന്തിരിക്കം പുകച്ച പുകയിൽ കുളിപ്പിച്ച് ഒരാളെ  വെള്ളയിൽ പൊതിഞ്ഞു കിടത്തിയിരുന്നു. അതിന്  ചുറ്റുമിരിക്കുന്ന ഒന്നോ രണ്ടോ ആളുകളുടെ മുഖത്ത് മാത്രം  ചെറിയൊരു ദുഖം തളം കെട്ടി നിന്നു. ചിരിയടക്കാൻ  കഴിയാത്ത മുഖവുമായി ഒരു ‘യോയോ’ പയ്യൻ മുറ്റത്തെ തെങ്ങിൽച്ചാരി ഫോണിൽ നോക്കി നിൽക്കുന്നുണ്ടായിരുന്നു. മുറ്റത്തു കസേരയിലിരിക്കുന്ന ഭൂരിഭാഗം ആളുകളും മുടി നരച്ചവരും മരണത്തെ അല്പമൊരു ഗൌരവത്തോടെ കാണുന്നവരുമായിരുന്നതിനാൽ അവിടം മാത്രം നിശ്ശബ്ദമായിരുന്നു. വീടിനു പുറകിൽ കട്ടൻ  ചായ തിളപ്പിക്കുന്നവർ അതൊരു മരണ വീടാണോ അതോ കല്യാണ വീടാണോ എന്നു  മറന്ന  മട്ടായിരുന്നു. ആ ഉമ്മറത്ത് കിടക്കുന്ന ശരീരം ജീവിച്ചിരിക്കുമ്പോൾ  മരണത്തിൽ നിന്നു രക്ഷിച്ച ഒന്ന്  രണ്ട് ആളുകൾക്ക്  മാത്രം ആ മുഖത്തേക്ക് നോക്കുമ്പോൾ തങ്ങളാണ് മരിച്ചതെന്ന് തോന്നിപ്പോയി. ഗ്രാമവാസികളുടെ സംസാരത്തിനിടയിൽ ‘ഇനിയാര് രാജാവാകും’ എന്നു പറഞ്ഞത് പോലെ ഇനി അസുഖം വന്നാൽ  തങ്ങൾ കരഞ്ഞു കൊണ്ട് ആരുടെ അടുത്തേക്ക് ഓടുമെന്ന ചോദ്യം അവശേഷിച്ചു. വൈദ്യരുടെ ചികിത്സാമുറിയിലപ്പോഴും പകുതിയായ കഷായവും  ഒഴിഞ്ഞു  തുടങ്ങിയ ലേഹ്യക്കുപ്പികളും നിറഞ്ഞു നിന്നു. അന്ന് രാവിലെ വൈദ്യൻ  മരുന്ന് തയ്യാറാക്കിയ  മോർടാറും പിസിലും പച്ചിലയുടെ അവശിഷ്ടങ്ങളോടെ നിന്നു കണ്ണുനീർ വാർത്തു.

ചിത്രീകരണം: സുബേഷ് പത്മനാഭന്‍

“ ഹൃദയാഘാതമായിരുന്നു. ഇന്നു രാവിലെ വരെ ഓടി നടന്നിരുന്ന മനുഷ്യനാ. തൊണ്ണൂറ്റൊൻപത് തികച്ചു. ന്നിട്ടും ഓർമ്മക്കുറവുമൊന്നുമുണ്ടായിരുന്നില്ല,” സമീറയെക്കണ്ടതും ഉമ്മറത്തിരുന്നിരുന്ന പ്രായം ചെന്ന ഒരു സ്ത്രീ റെക്കോർഡ്  ചെയ്തു വച്ച ഒരു വാചകം പോലെ ഉരുവിട്ടു.

“അമ്മ നേരത്തെ പോയി. പിന്നെ ഞാൻ ഇവിടത്തന്നെയായിരുന്നു. വേറെ മക്കളൊന്നുമില്ലല്ലോ,” അവര് ഒരു കേൾവിക്കാരനെ കിട്ടിയ സന്തോഷത്തിൽ പറഞ്ഞു നിർത്തി.

“അല്ലാ. കുട്ടിയേതാ? ഞാൻ വിചാരിച്ചു നമ്മടെ ദാമോദരൻറെ  മോളാണെന്ന്,” സമീറയുടെ കഴുത്തിലെ കൊന്ത നോക്കിക്കൊണ്ടാണ് അവര് ചോദിച്ചത്.

തന്നെ കാറ്റ് എന്തിനാണ് ഈ വൈദ്യൻറെ  വീട്ടിലേക്കു കൊണ്ട് വന്നതെന്ന് സമീറയ്ക്കൊരു രൂപവുമില്ലായിരുന്നു. ആൾക്കൂട്ടം കണ്ടപ്പോൾ ചോദിക്കാനൊട്ട് തോന്നിയതുമില്ല.

“ഞാൻ.”

പിന്നെ അവരുടെ മുഖത്ത് വിരിഞ്ഞ ഭാവം ‘ഇവിടെ എന്താ കാര്യം? തന്റെ അച്ഛനെ എങ്ങനെ അറിയാം?’ എന്നാണെന്ന് വ്യക്തമായിരുന്നു.

“ ഞാനിവിടടുത്ത കോളേജില് ഡോക്ടറാകാൻ പഠിക്കുകയാണ്. ഒരു ദിവസം എന്റെ സുഹൃത്തിനെക്കാണികാൻ സാറിന്റെ അടുത്ത് വന്നിട്ടുണ്ട്. അന്ന് അസുഖം പെട്ടന്ന് മാറി. അതാ.. കേട്ടപ്പോ പെട്ടന്ന് വന്നത്,” സമീറ ഒരു വിധം പറഞ്ഞൊപ്പിച്ചു.

“ നല്ല വൈദ്യനായിരുന്നു. നാട്ടുകാർക്ക് അച്ഛനെ വലിയ വിശ്വാസമായിരുന്നു. ചിലർക്ക് അച്ഛനെ ഒന്ന് കണ്ടാൽത്തന്നെ അസുഖം മാറും. അച്ഛനാണേൽ  സ്വന്തം ആരോഗ്യം നോക്കാതെ നാട്ടുകാരെ സേവിച്ചു കൊണ്ട്  നടക്കും,” മകൾ എന്തോ വലിയ കാര്യം പറഞ്ഞ നിർവൃതിയോടെ കണ്ണടച്ചിരുന്നു.”

ഗെയിറ്റ് കടന്നു ഒന്ന് രണ്ടാളുകൾ കൂടി വന്നു.

“അമ്മാളുവേ, ഇനീപ്പൊ പെങ്ങൾക്ക്  വേണ്ടി കാക്കണോ?” തേച്ച് വടിപോലാക്കിയ ഇളം പച്ച നിറത്തിലുള്ള ഖാദി ഷർട്ടും  അതേ നിറത്തിലെ കരയുള്ള മുണ്ടുമുടുത്ത് മുടി കറുപ്പിച്ച ഒരു മാന്യൻ  മുന്നോട്ട് വന്നു അവരോടു ചോദിച്ചു.

“പെങ്ങളുടെ മോൻ കൊള്ളിവെയ്ക്കണം എന്നായിരുന്നു അച്ഛന്. പെങ്ങൾക്ക് വലിയ സ്നേഹോന്നൂല്ലെങ്കിലും ആ കുട്ടിയോട് വലിയ ഇഷ്ടായിരുന്നു അച്ഛന്. വന്നൊന്ന് കണ്ടോട്ടെ. സമ്മതല്ലെങ്കി ഞാൻ തന്നെ….”

“വല്യച്ഛനെക്കുറിച്ച് ചോദിക്ക്. വലിയ സുഹൃത്തുക്കളായിരുന്നു അവര് ,” കാറ്റ് സമീറയോട് പറഞ്ഞു.

അവര് അതും പറഞ്ഞു സാരിത്തലപ്പ് കൊണ്ട് മൂക്ക് പിഴിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ആ ഒരു അവസരത്തിൽ അച്ഛന്റെ പഴയ സുഹൃത്തിനെക്കുറിച്ച് കേൾക്കുന്നത് ഒരാശ്വാസം  തന്നെയാകും. എന്നാലും വാക്കുകളങ്ങനെ തൊണ്ടയിൽ തടഞ്ഞു നിൽക്കുന്നതു പോലെ സമീറയ്ക്ക് തോന്നി. ചിലപ്പോൾ നിശ്ശബ്ദതയ്ക്ക് വലിയൊരു ഭാരമാണ്.

“പെട്ടന്ന് ചോദിക്ക്. സമയമില്ലാട്ടാ,” കാറ്റ് നിർബന്ധിച്ച് കൊണ്ടിരുന്നു.

അവർ അവിടെ നിന്നു എഴുന്നേൽക്കുന്നതിന് മുൻപു  ‘എന്താ’ എന്ന ഭാവത്തോടെ  സമീറയെ ഒന്ന് നോക്കി. പൂർണ്ണ വിരാമം ഭേധിച്ചു സമീറയിൽ നിന്നു പതിയെ ആ അക്ഷരങ്ങൾ ആ ഉമ്മറത്തേക്കിറങ്ങി.

“ചെങ്ങലത്തുപറമ്പിൽ മാത്തപ്പന്റെ കൊച്ചുമോളാണ് ഞാൻ.”

“ ആ അത് പറ. അങ്ങേരെ തൂക്കിലേറ്റാനാണ് വന്നതെങ്കിൽ  നടപ്പില്ലെന്ന് പിടികിട്ടീലെ? ഇനിയിപ്പോ എന്നേം കൂടി ജയിലില് ഇട്ടേ അടങ്ങൂ എന്നാണോ? പൊയ്ക്കൊ അവിടുന്ന്,” അവരുടെ ശബ്ദം ഉമ്മറത്തെ തൂണുകളിൽ  തട്ടിത്തെറിച്ച് മുറ്റത്തേക്കിറങ്ങി. നാടകങ്ങളില്ലാത്ത മരണ വീട്ടിൽ കാഴ്ചക്കാരായി നിന്നവരുടെ കണ്ണും കാതും ഉമ്മറത്തേക്ക് നീണ്ടു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here