ഫോട്ടോ സ്റ്റോറി
ഡോ: ബിജു സീ.ജി
ചിത്രങ്ങൾ പകർത്തുന്നതിൽ സമയത്തിന് എത്രമാത്രം വിലയുണ്ടെന്ന അറിവാണ് എന്നെ മിന്നൽ ചിത്രങ്ങൾ എടുക്കാൻ കൂടുതൽ പ്രാപ്തനാക്കിയത്. അഞ്ച് വർഷങ്ങൾക്ക് മുന്നെ ഖത്തറിലെ ഫനാർ ഗോപുരത്തിൽ ആദ്യമായി മിന്നൽ ചിത്രമെടുത്തത് നീണ്ട നേരത്തെ കാത്തിരിപ്പിനൊടുവിൽ ആണെങ്കിൽ കഴിഞ്ഞ മാസം ചിത്രമെടുത്തത് വെറും അഞ്ചു മിനിറ്റുകൾ കൊണ്ട്. ഈ അഞ്ചു വർഷക്കാലത്തെ പ്രയത്‌നമാകാം അതിനു കാരണം.
മിന്നൽ ചിത്രങ്ങളെടുക്കാൻ ടെക്നിക്കൽ അറിവിനേക്കാളേറെ അതെവിടെ വരുമെന്ന കണക്കുകൂട്ടലാണ് മുഖ്യം. ഒരു നിശ്ചിത സമയത്തിനുള്ളിൽ മിന്നലുകളുടെ ഗതി എങ്ങനാന്ന് തിരിച്ചറിയാനാകണം. അതു കണ്ടെത്തിയാൽ പിന്നെ നല്ല ഫ്രയ്മുകൾ കണ്ടെത്തി അതിനുസരിച്ച് ക്യാമറ സ്റ്റാൻഡിൽ ഘടിപ്പിക്കണം. ഓരോ മുപ്പതു സെക്കന്റുകൾക്കുമിടയിൽ വന്നു പോകുന്ന മിന്നലുകൾ കൈവിരലുകൾ താഴുന്ന പോലെ ക്യാമറക്കുള്ളിൽ പതിയും. ഭാഗ്യം കടാക്ഷിച്ചാൽ ചിലപ്പോൾ നിമിഷങ്ങൾക്കുള്ളിൽ നല്ലൊരു ചിത്രം പിറവി കൊള്ളും. അതല്ലായെങ്കിൽ മണിക്കൂറുകൾ വേണ്ടി വരും.
മലേഷ്യയിലെ ലങ്കാവി ലഗൂണിൽ നിന്നും നല്ലൊരു മിന്നൽ ചിത്രം പകർത്താൻ നീണ്ട ആറു മണിക്കൂറുകൾ വേണ്ടി വന്നു. ക്ഷമയോടൊപ്പം ഭാഗ്യവുമുണ്ടെങ്കിലേ മിന്നൽ ചിത്രങ്ങൾ കിട്ടുകയുള്ളൂ. കൂടെ എല്ലാ വിധ സേഫ്റ്റിയും നോക്കി വേണം ചിത്രമെടുക്കാൻ. ഇടിയോടുകൂടി മിന്നലടിക്കുന്ന സമയം പുറത്തിറങ്ങി ചിത്രങ്ങളെടുക്കാറില്ല. നിരവധി അംഗീകാരങ്ങൾ മിന്നൽ ചിത്രങ്ങൾക്ക് കിട്ടിയിട്ടുണ്ടെങ്കിലും ജൂൺ 2022 ലക്കത്തിലെ യാത്രാ മാഗസ്സിനിൽ വന്ന ചിത്രത്തിന് വളരെയേറെ പ്രാധാന്യം അർഹിക്കുന്നു, കാരണം ഞാൻ താമസിക്കുന്ന ഫ്ലാറ്റിലെ ബാൽക്കണിയിൽ നിന്നും എടുത്ത ചിത്രമാണത്. അതിനാൽ തന്നെ ആ ചിത്രം ഖത്തറിലും മലേഷ്യയിലും പോയെടുത്ത ചിത്രങ്ങളേക്കാൾ സന്തോഷം തരുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.