HomeTHE ARTERIASEQUEL 52ബുദ്ധനും ധമ്മവും എങ്ങിനെ സമൂഹത്തില്‍ സാഹോദര്യം സംജാതമാക്കും?

ബുദ്ധനും ധമ്മവും എങ്ങിനെ സമൂഹത്തില്‍ സാഹോദര്യം സംജാതമാക്കും?

Published on

spot_img

ജാതി വ്യവസ്ഥ എന്ന ബ്രാഹ്മണിക് വൈറസ്: പ്രതിവിധി ബുദ്ധമതമോ?
ഭാഗം -2

അജിത് വാസു

‘സാഹോദര്യം’ അഥവാ Fraternity ആണ് ജനാധിപത്യത്തിന്റെ ആണിക്കല്ല് എന്ന് കഴിഞ്ഞ ലക്കത്തിലെ വിശദീകരണത്തില്‍ നാം കണ്ടു. അതിന്റെ തുടര്‍ച്ചയായി ഇന്ത്യന്‍ സമൂഹത്തില്‍ സാഹോദര്യം എന്ന മൂല്യം എന്തിനു വേണ്ടി നശിപ്പിച്ചു, എങ്ങിനെ നശിപ്പിച്ചു എന്ന് മനസിലാക്കുകയും ആ വിനാശകരമായ കാരണങ്ങള്‍ക്ക് പ്രതിവിധിയായി ബുദ്ധധര്‍മ്മത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയുമോ എന്നു വിശകലനം ചെയ്യുകയാണ് ഇനിയുള്ള ഭാഗങ്ങളില്‍. ഇതിനു പ്രധാനമായും നാം ആധാരമാക്കുന്നത് ഡോ. അംബേദ്കറുടെ വിശകലനങ്ങളെയും ലേഖനങ്ങളെയുമാണ്. അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ക്കൊപ്പം നമുക്കും ഒന്നു സഞ്ചരിക്കാം.

Fraternity / സാഹോദര്യം നഷ്ടപ്പെട്ടതിന്റെ പശ്ചാത്തലം

“Revolution and counter Revolution in Ancient India” എന്ന പ്രസിദ്ധമായ ലേഖനത്തില്‍ അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ അദ്ദേഹം തുറന്നു കാട്ടുന്നുണ്ട്. ഇന്ത്യയുടെ ചരിത്രം തന്നെ ബ്രാഹ്മണിക സംസ്കാരവും ബൗദ്ധ സംസ്കാരവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ചരിത്രമാണ് എന്നാണ് അദ്ദേഹം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രസ്താവിക്കുന്നത്.

വേദങ്ങളെ ആധാരമാക്കിയുള്ള ബ്രാഹ്മണ പൗരോഹിത്യത്തിന്റെ യാഗയജ്ഞ സംസ്കാരത്തിന്റെ കാലത്താണ് ആദ്യം ഇന്ത്യന്‍ സമൂഹത്തിന് അപചയം ഉണ്ടാകുന്നത്. വര്‍ണ്ണവ്യവസ്ഥയിലൂന്നിയ വിഭജനം സമൂഹത്തെ പല തട്ടുകളിലാക്കി വിഭജിക്കാന്‍ ഉള്ള ആദ്യ ശ്രമമായിരുന്നു. പൗരോഹിത്യ ദുഷ്പ്രഭുത്വവും അന്ധവിശ്വാസ ജടിലമായ ബലിസംസ്കാരവും ജനജീവിതം ദുഃസ്സഹമാക്കി മാറ്റിയ കാലത്താണ് ഇന്ത്യയില്‍ ബൗദ്ധസംസ്കാരണത്തെ വീണ്ടെടുത്തുകൊണ്ട് ബൗദ്ധപരമ്പരയിലെ 28ആം ബുദ്ധനായ ഗൗതമബുദ്ധന്‍ ആദ്യ ‘സാമൂഹ്യ വിപ്ലവം’ നയിക്കുന്നത്. എന്നാല്‍ പിന്നീട്, മൗര്യസാമ്രാജ്യത്തിന് അന്ത്യം കുറിച്ചുകൊണ്ട്, അവസാനത്തെ മൗര്യ ചക്രവർത്തിയായ ബൃഹദ്രഥനെ വധിച്ചുകൊണ്ട് ബ്രാഹ്മണനായ പുഷ്യമിത്രസുംഗന്റെ നേതൃത്വത്തിലാണ് ‘പ്രതിവിപ്ലവം’ അരങ്ങേറുന്നത്. ബൗദ്ധസംസ്കാരത്തിന്റെ എല്ലാ സദ് മൂല്യവ്യവസ്ഥകളെയും കൃത്യമായി തകര്‍ത്തെറിഞ്ഞുകൊണ്ടാണ് വെറുപ്പിന്റെ തത്വശാസ്ത്രമായ മനുസ്മൃതിയെ ബ്രാഹ്മണര്‍ ഭരണസംഹിതയാക്കി സ്ഥാപിക്കുന്നത്. അങ്ങിനെ നൂറ്റാണ്ടുകള്‍ തുടരുന്നതിന്റെ ഫലമായി പരസ്പരം വെറുക്കാനും ജാതിനിയമങ്ങളനുസരിച്ചു മാത്രം അപരനോട് പെരുമാറുവാനും അതിന്റെ എല്ലാ ബീഭത്സമുഖങ്ങളോടും കൂടി ജാതിവ്യവസ്ഥ ദൈവീകനിയമങ്ങളായി അവതരിപ്പിച്ചു. ഉച്ചൈസ്തരം കൊട്ടിഘോഷിക്കുന്ന ആ ഹിന്ദു ‘സംസ്കാരം’ (പ്രതിസംസ്കാരം/ Negative culture) ഇന്ത്യയെ ഇന്ന് social indices ലും ലോകരാഷ്ട്രങ്ങളുടെ പിന്നിലേക്ക് കൊണ്ടെത്തിച്ചിരിക്കുകയാണ്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, സാമൂഹിക നീതി, സ്ത്രീ സുരക്ഷ, സാക്ഷരത, ശാസ്ത്ര അവബോധം, ശുചിത്വം തുടങ്ങിയ എല്ലാ parameters ലും ഇന്ത്യയുടെ സ്ഥാനം പിന്നിലോ ഒടുവിലോ ആണ്. കൃത്യമായി പറഞ്ഞാല്‍, സംസ്കാരങ്ങള്‍ തമ്മിലുള്ള ഒരേറ്റുമുട്ടലില്‍ ഇപ്പോള്‍ ‘പ്രതിസംസ്കാരം’ ആണ് മേല്‍ക്കൈ നേടി നില്‍ക്കുന്നത്.

ഏതാണ് യഥാര്‍ത്ഥത്തില്‍ സനാതന ധര്‍മ്മം?

‘ഏഹി ധമ്മോ സനന്തനോ’ എന്നാണ് പാലിഭാഷയില്‍ പ്രാപഞ്ചിക നിയമങ്ങളെ ആധാരമാക്കി ബുദ്ധന്‍ തന്റെ കണ്ടെത്തലുകളെ ക്രോഡീകരിച്ച് പറഞ്ഞിട്ടുള്ളത്. പ്രപഞ്ചത്തിന്റെ അടിസ്ഥാന നിയമമായ ‘കാര്യകാരണ നിയമം’ (law of cause and effect അഥവാ dependant origination) ആണ് ബുദ്ധന്‍ പറയുന്ന ആ സനാതന നിയമം. ‘സനാതനം’ എന്ന ആ വാക്കും അടിച്ചുമാറ്റി, ബൗദ്ധഭിക്ഷുകളുടെ കാവിവേഷവും അടിച്ചുമാറ്റി, ഭിക്ഷു സംഘത്തിന്റെ ‘സംഘം’ എന്ന വാക്കും അടിച്ചുമാറ്റി, ബ്രാഹ്മണ ജാതിവ്യവസ്ഥക്ക് ജനമനസില്‍ സ്വാധീനം കിട്ടാന്‍ ‘സനാതന ധര്‍മ്മം’ എന്ന ഓമനപ്പേരിട്ട് ജാതിവ്യവസ്ഥയെ അവതരിപ്പിച്ചു. എല്ലാ പ്രതിലോമകരമായ മൂല്യങ്ങള്‍ക്കും ന്യായീകരണമായി. ‘ധര്‍മ്മസംസ്ഥാപനം’ എന്ന വാക്കും ഉപയോഗിച്ചു. ജനോപകാരപ്രദമായി ഭരിച്ച മഹാബലിയെ പാതാളത്തിലേക്ക് ‘ചവിട്ടിത്താഴ്ത്തുന്നതിനും’ ധര്‍മ്മ സംസ്ഥാപനമെന്നാണ് ഓമനപ്പേര്. ന്യായീകരണം എങ്ങിനെയും ആവാമല്ലോ.

‘ദൈവീക നിയമങ്ങളാണ്’ എന്ന വ്യാജേന തെറ്റായ മൂല്യങ്ങളും ശീലങ്ങളും ബലമായി അടിച്ചേല്‍പ്പിച്ചാല്‍ കാലപ്പഴക്കം കൊണ്ട് അത് സമൂഹത്തിന്റെ പൊതുബോധവും വീക്ഷണവും ശീലവും ആയി മാറും. സ്വാതന്ത്ര്യാനന്തര ഇടക്കാലത്ത് ആധുനികവിദ്യാഭ്യാസവും രാഷ്ട്രീയബോധവും മൂലം ജാതി ബോധത്തില്‍ അങ്ങിങ്ങായി ചില അയവുകള്‍ വന്നെങ്കിലും വിവാഹക്കാര്യം വരുമ്പോള്‍ അതിന് വലിയ മാറ്റമില്ലാതെ തുടര്‍ന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പൂര്‍വ്വാധികം ശക്തിയോടെ ജാതിബോധം തിരിച്ചുവരുന്ന കാഴ്ചയാണ് നാം കാണുന്നത്. ഹിന്ദു(പ്രതി) സംസ്കാരവും ഹിന്ദുരാഷ്ട്ര നിര്‍മ്മാണവും തിരികെ വരുമ്പോള്‍ അതിന്റെ ജീവനാഡിയായ ജാതിബോധവും തിരികെയെത്തുന്നത് സ്വാഭാവികം. അതോടൊപ്പം ജനാധിപത്യവും തകര്‍ന്നു ഫാസിസത്തിലേക്കു വഴിമാറുമ്പോള്‍ അംബേദ്ക്കറുടെ ആശങ്കകള്‍ യാഥാര്‍ത്ഥ്യമാവുന്നത് നമ്മുടെ കണ്‍മുന്നില്‍ നാം കാണുകയാണ്. ‘ഹിന്ദുരാഷ്ട്രം ഒരു കാരണവശാലും നാം അനുവദിച്ചു കൊടുക്കരുത്’ എന്ന് അംബേദ്കര്‍ പറയുമ്പോള്‍ അത് ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ് എന്ന് അദ്ദേഹത്തിന്റെ മനസ് വിളിച്ചോതുന്നുണ്ടായിരുന്നു. കാരണം ഹിന്ദു സംസ്കാരം — ജാതിബോധം — സാഹോദര്യമില്ലായ്മ– ജനാധിപത്യതകര്‍ച്ച എന്നാണല്ലോ അതിന്റെ sequence.

എങ്ങിനെ പ്രതിസംസ്കാരം (negative culture) ഇന്ത്യന്‍ സമൂഹത്തില്‍ വേരുറപ്പിച്ചെടുത്തു?

അംബേദ്കര്‍ വിഭാവനം ചെയ്ത ബൗദ്ധസംസ്കാരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള രണ്ടാം വിപ്ലവം ബ്രാഹ്മണിക സംസ്കാരത്തെ നിര്‍വീര്യമാക്കാന്‍ പ്രാപ്തമാണോ എന്ന അന്വേഷണത്തിന് മുന്നോടിയായി, ബ്രാഹ്മണിസം എങ്ങിനെയൊക്കെയാണ് പ്രതിസംസ്കാരത്തെ ഇന്ത്യന്‍ മനസുകളില്‍ വേരുറപ്പിച്ചെടുത്തതെന്ന് പരിശോധിക്കേണ്ടതുണ്ട്. അവര്‍ അവലംബിച്ച ചില നടപടികള്‍ ഇതാ:

ആദ്ധ്യാത്മിക നേതൃത്വം (spiritual leadership) മറ്റാര്‍ക്കും കൊടുക്കാതെ ബ്രാഹ്മണര്‍ കൈപ്പിടിയിലൊതുക്കി

spiritual leadership എന്നത് വെറുമൊരു തൊഴിലല്ല, മറിച്ച് ആ മതത്തിന് കീഴില്‍ വരുന്ന ജനതയെ ആകെ നിയന്ത്രിക്കാനുള്ള അധികാരവടിയാണ്. ഹിന്ദുമതമൊഴിച്ച് മറ്റെല്ലാ മതങ്ങളിലും അതിലെ ഏതംഗത്തിനും വേണമെന്ന് വെച്ചാല്‍ പുരോഹിതനോ spiritual leader ഓ ആകാം. ഹിന്ദുമതത്തില്‍ ജന്മംകൊണ്ടു തന്നെ ബ്രാഹ്മണനാവണം. വേദങ്ങള്‍, ശ്രുതികള്‍, സ്മൃതികള്‍, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, ഭഗവദ്ഗീത, ഐതീഹ്യങ്ങള്‍ തുടങ്ങിയവയൊക്കെ ‘പൗരോഹിത്യം’ ബ്രാഹ്മണനായി ജനിച്ച ആള്‍ക്ക് മാത്രം എന്ന നിലപാടുള്ളവയാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ ചോദ്യശരങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനായി ‘ബ്രഹ്മം അറിയുന്നവനാരോ അവന്‍ ബ്രാഹ്മണന്‍’ എന്നൊക്കെയുള്ള തട്ടിപ്പുന്യായങ്ങള്‍ പടച്ചുനോക്കിയെങ്കിലും കേള്‍ക്കുന്നവര്‍ മണ്ടന്മാരല്ലാത്തതിനാല്‍ ക്ലച്ച് പിടിച്ചില്ല. പൗരോഹിത്യത്തിലുള്ള ഈ കുത്തകയാണ് ജാതിവ്യവസ്ഥയുടെ ആണിക്കല്ല്. എല്ലാവരെക്കൊണ്ടും ജാതിനിയമങ്ങള്‍ അനുസരിപ്പിക്കാനും ബ്രാഹ്മണര്‍ക്ക് സാധിച്ചത് പൗരോഹിത്യത്തിലുള്ള ഈ കുത്തക മൂലമാണ്. രാജാക്കന്മാരെപ്പോലും ഈ spiritual leadership ന്റെ ബലത്തില്‍ ആജ്ഞാനുവര്‍ത്തികളാക്കി.

ബ്രാഹ്മണര്‍ എത്തിപ്പെട്ട ഊരാക്കുരുക്ക്

ഇനി ജാതിവ്യവസ്ഥയും പൗരോഹിത്യകുത്തകയും ഒന്നും ബ്രാഹ്മണര്‍ വിചാരിച്ചാലും എടുത്തുമാറ്റാനാവില്ല. കാരണം വേദങ്ങളും പുരുഷസൂക്തവും മനുസ്മൃതിയും ഭഗവദ്ഗീതയും ഒന്നും ‘മനുഷ്യനിര്‍മ്മിതമല്ലല്ലോ’ എല്ലാം അപൗരുഷേയങ്ങളല്ലേ? അതായത് ദൈവങ്ങളായിട്ട് ഉണ്ടാക്കിയത് മനുഷ്യന് മാറ്റാനാവില്ല എന്നു ചുരുക്കം. നന്നാകണമെന്ന് വെച്ചാലും നന്നാകാന്‍ പറ്റാത്ത അവസ്ഥ! അവനവന്‍ കുരുക്കുന്ന കുരുക്ക്…!! അതാണ് അംബേദ്കര്‍ പറഞ്ഞത്. ‘ഹിന്ദുമതത്തെ നവീകരിക്കണമെങ്കില്‍ ആ മതത്തെത്തന്നെ നശിപ്പിക്കേണ്ടതായി വരും എന്ന്.

വര്‍ണ്ണസങ്കലനം /ജാതി സങ്കലനം ഏറ്റവും കൊടിയ പാപം

പ്രകൃതിയുടെ പരിണാമം അനുസരിച്ച് മനുഷ്യവംശം സ്വാഭാവികമായ mixing up ന് വിധേയമാകേണ്ടതാണ്. പക്ഷെ യഹൂദരുടേതിന് സമാനമായ രക്ത വംശ ശുദ്ധിബോധം ബ്രാഹ്മണരെ സ്വയം പ്രത്യേകവര്‍ണ്ണമായി / ജാതിയായി, മറ്റുള്ളവവരുമായി വിവാഹം മൂലം വംശീയമായി കലരാതിരിയ്ക്കാന്‍ പ്രത്യേക ശ്രദ്ധാലുക്കളാക്കി. ഇന്നും ഇന്ത്യയിലെ ജനസാമാന്യവുമായി ഒട്ടും കൂടിക്കലരാതെ വ്യതിരിക്തമായി നിലകൊള്ളുന്ന വിഭാഗം ബ്രാഹ്മണരാണ്. ഭഗവദ്ഗീതയില്‍ പറയുന്ന പ്രകാരം ഇഹലോകത്തിലെ ഏറ്റവും കൊടിയ പാപം ‘വര്‍ണ്ണസങ്കരം’ ആണത്രേ!

തദ്ദേശജനതക്ക് വിദ്യാഭ്യാസം നിഷേധിച്ചു

ബൗദ്ധസംസ്കാര കാലത്ത് നളന്ദ, തക്ഷശില തുടങ്ങിയ സര്‍വ്വകലാശാലകളോടു കൂടി ലോകത്തിന്റെ വിദ്യാഭ്യാസ കേന്ദ്രമായി നിലകൊണ്ട ഇന്ത്യ എങ്ങിനെ നിരക്ഷരുടെ നാടായി മാറി എന്നാരും ചോദിക്കാറില്ല, ചിന്തിക്കാറുമില്ല. അതിന്റെയും ഉത്തരവാദിത്തം മഹത്തായ ഹൈന്ദവസംസ്കാരത്തിന് തന്നെയാണ്. അന്ധവിശ്വാസങ്ങളും യുക്തി ഇല്ലാത്ത കെട്ടുകഥകളായ ഐതീഹ്യങ്ങളും (മിത്ത് എന്ന ഓമനപ്പേര്) ജനമനസുകളില്‍ കുത്തിനിറയ്ക്കണമെങ്കില്‍ വിദ്യാഭ്യാസം പാടില്ലല്ലോ. ജാതിനിയമങ്ങള്‍ ഉപയോഗിച്ച് വിദ്യാഭ്യാസം നിഷേധിച്ചില്ലായിരുന്നെങ്കില്‍ ജാതിബോധം പണ്ടേ അപ്രത്യക്ഷമായേനെ.

സ്ത്രീസ്വാതന്ത്ര്യം – പരിമിതപ്പെടുത്തി

ഇഷ്ടമുള്ള പുരുഷനെ പ്രായപൂര്‍ത്തിയാവുമ്പോള്‍ തെരഞ്ഞെടുക്കാന്‍ സ്ത്രീക്ക് സാധിച്ചിരുന്നെങ്കില്‍ ജാതി വ്യവസ്ഥ പണ്ടേ പൊളിഞ്ഞു പാളീസായേനെ. അത് സംഭവിക്കാതിരിക്കാന്‍ ബോധപൂര്‍വ്വം ശൈശവ/ബാലികാ വിവാഹം, വിധവാ ബഹിഷ്കരണം, സതി, പിതൃസ്വത്തില്‍ അവകാശമില്ലായ്മ തുടങ്ങി ഒട്ടേറെ നിബന്ധനകള്‍ ഏര്‍പ്പെടുത്തി.

ഭൂമി/ആയുധം/സഞ്ചാര സ്വാതന്ത്ര്യം / മിശ്രവിവാഹം/ മിശ്രഭോജനം… എല്ലാം നഹി!

തദ്ദേശജനതയ്ക്ക് ഈ പറഞ്ഞ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിച്ചു. സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷങ്ങളായിട്ടും രാജഭരണക്കാലത്ത് മനുസ്മൃതി നിയമങ്ങള്‍ ഉപയോഗിച്ച് മണ്ണിന്റെ മക്കളില്‍ നിന്നും അന്യായമായി തട്ടിയെടുത്ത ഭൂമി ഇന്നും അവര്‍ക്ക് തിരിച്ചു കൊടുത്തിട്ടില്ല. അതിജീവനം വെല്ലുവിളിയാകുമ്പോള്‍ അന്ധവിശ്വാസവും അടിമത്തവും സ്വാഭാവികം.

ധാര്‍മ്മിക മൂല്യങ്ങള്‍ തിരുത്തി

ഇന്ന് morality എന്ന വാക്കു കേള്‍ക്കുമ്പോള്‍ തന്നെ ഇന്ത്യയില്‍ ഒരു പുച്ഛമാണ്. സമൂഹത്തിന്റെ സ്വച്ഛമായ നിലനില്‍പ്പിനാധാരമായ സദ്മൂല്യങ്ങള്‍ എല്ലാം തന്നെ ബ്രാഹ്മണിസം തിരുത്തി. കളവു പറയരുത്, അര്‍ഹതപ്പെടാത്തത് അപഹരിക്കരുത്, കൊലപാതകം ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മദ്യം/മയക്കുമരുന്ന് എന്നിവ ഉപയോഗിക്കരുത് (പഞ്ചശീല തത്വങ്ങള്‍) എന്നിങ്ങനെയുള്ള സദാചാര മൂല്യങ്ങള്‍ കാറ്റില്‍ പറത്തും വിധം പുതിയ ബ്രാഹ്മണിക ഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ചു. മേല്‍പ്പറഞ്ഞ അഞ്ചുകാര്യങ്ങള്‍ക്കും കടകവിരുദ്ധമായി നിലപാടെടുക്കുന്ന ദൈവീക വചനങ്ങള്‍ സുലഭമായി അവയിലെല്ലാം കുത്തിനിറച്ചു. കൊലപാതകം, അപഹരണം, കളവുപറയല്‍ എന്നിവയ്ക്ക് ഒക്കെ ‘ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു’ എന്ന രീതിയില്‍ സാധൂകരണമായി. സുരയും സോമയും ദൈവങ്ങള്‍ പോലും യഥേഷ്ടം ഉപയോഗിക്കുന്നു. വ്യഭിചാരമാണെങ്കില്‍ പറയുകയേ വേണ്ട.

philosophy of hinduism, riddles in hinduism, riddles on Rama & Krishna
എന്നീ വാള്യങ്ങളിലൊക്കെ പുരാണ ഇതിഹാസ പ്രാമാണിക ഗ്രന്ഥങ്ങളെ ഉദ്ധരിച്ച് അംബേദ്കര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ധാര്‍മ്മികതയ്ക്ക് ഒരു സ്ഥാനവുമില്ലാത്ത സമൂഹത്തില്‍ ‘തെറിപ്പാട്ട് പാടുന്നതും’ ദേവിക്കിഷ്ടമാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നതില്‍ ഒരു അദ്ഭുതവുമില്ല. ഒരു സമൂഹം എത്രത്തോളം ധാര്‍മ്മികമായി അധഃപതിച്ചുവെന്നും ദുഷിച്ചു നാറിയെന്നും അറിയാന്‍ ഇതില്‍ക്കൂടുതല്‍ ഉദാഹരണങ്ങള്‍ വേണോ?

എല്ലാ എതിര്‍പ്പുകളെയും അടിച്ചമര്‍ത്താന്‍ കിരാതമായ ദണ്ഡനമുറകള്‍

ഇന്നത്തെ ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍, കെട്ടിയിട്ട് അടിച്ചു കൊല്ലല്‍ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തല്‍ തുടങ്ങിയവ ഒക്കെ ബ്രാഹ്മണ സംസ്കാരത്തിന്റെ ബാക്കിപത്രങ്ങളാണ്. ചെവിയില്‍ തിളച്ച ഈയം ഒഴിക്കല്‍, നാവ് അറുക്കല്‍, തിളച്ച എണ്ണയില്‍ കൈമുക്കല്‍, ശൂലാഗ്രത്തില്‍ കുത്തി നിര്‍ത്തിയുള്ള ചിത്രവധം, കൊന്ന് വരമ്പിനടിയില്‍ താഴ്ത്തി മട ഉറപ്പിക്കല്‍, നരബലി, ഗരുഡന്‍ തൂക്കം ഒക്കെ എതിര്‍ശശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ദണ്ഡനമുറകളായിരുന്നു.

പരിഹാരമെന്ത്?

ഇങ്ങനെ ഒരു ജനതയെ തങ്ങളുടെ സ്വാര്‍ത്ഥലാഭത്തിനും വംശശുദ്ധിക്കും വേണ്ടി സാംസ്കാരിക അധഃപതനത്തിലേക്ക് ബ്രാഹ്മണര്‍ തള്ളിവിട്ടതിന്റെ ഭവിഷ്യത്താണ് ഇന്ത്യ ഇന്നനുഭവിക്കുന്നത്. പക്ഷേ ദുരിതത്തിന്റെ ഒരു സുനാമി ഇന്ത്യന്‍ സമൂഹത്തില്‍ ആഞ്ഞടിയ്ക്കുമ്പോള്‍ ചെയ്യിച്ചവര്‍ക്കും ചെയ്തവര്‍ക്കും ഒന്നും അതില്‍ നിന്ന് രക്ഷപ്പെടാനാവില്ല എന്നതാണ് സത്യം.

ജനാധിപത്യം എന്ന ഭരണസംവിധാനം പോലും ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ തൊലിപ്പുറത്തെ ചികിത്സ കൊണ്ടൊന്നും ഫലമുണ്ടാവില്ല എന്ന് ഇന്ത്യയുടെ രോഗം ഏറ്റവും കൃത്യമായി നിര്‍ണ്ണയിച്ച അംബേദ്കര്‍ നന്നായി മനസിലാക്കിയിരുന്നു. ഒരു രണ്ടാം സാംസ്കാരിക വിപ്ലവം ആയിരുന്നു അദ്ദേഹത്തിന്റെ vision and mission. ബ്രാഹ്മണിസം ഉണ്ടാക്കിവെച്ച ഓരോ damage നെയും കൃത്യമായി പ്രതിരോധിക്കാനുതകുന്ന ശക്തിയും കൃത്യതയും ബൗദ്ധധര്‍മ്മത്തിനുണ്ട് എന്ന് വ്യക്തമായി അദ്ദേഹം മനസിലാക്കി.

മേല്‍പ്പറഞ്ഞ ബ്രാഹ്മണിസത്തിന്റെ ഓരോ തെറ്റിനെയും കൃത്യമായി നേരിടാന്‍ ബൗദ്ധധമ്മത്തിൽ എന്തൊക്കെ നിബന്ധനകളാണ് വെച്ചിട്ടുള്ളതെന്ന് അടുത്തലക്കത്തില്‍ നമുക്ക് നോക്കാം.

അടുത്തലക്കം: ബ്രാഹ്മണിസത്തിന്റെ ദോഷങ്ങള്‍ക്ക് ബൗദ്ധമതത്തിലുള്ള പ്രതിവിധികള്‍


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Latest articles

ജനത കൾച്ചറൽ സെന്റർ പുരസ്‌കാരം വിജയരാഘവൻ ചേലിയക്ക്

ജനത കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം നൽകിവരുന്ന പത്താമത് വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരത്തിന് പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനായ വിജയരാഘവൻ...

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....

ആന്റിജന്‍

കഥ അഭിനന്ദ് ഒന്ന് ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...

തോറ്റുപോയവൾ കവിതയെഴുതുമ്പോൾ

കവിത മനീഷ തോറ്റുപോയവൾ കവിതയെഴുതുമ്പോൾ കടലാസ്സിൽ വിഷാദത്തിന്റെ കരിനീല മഷി പടരും വരികളിൽ ക്ലാവ് പിടിച്ച ജീവിതം പറ്റിനിൽക്കും. കല്ലിലുരച്ചിട്ടും ബാക്കി നിൽക്കുന്ന വരാൽ ചെതുമ്പൽ കണക്കെ നിരാസത്തിന്റെ പാടുകൾ വരികളിലൊട്ടി നിൽക്കും. അവളുടുക്കാൻ കൊതിച്ച ചേല കണക്കെ...

More like this

ജനത കൾച്ചറൽ സെന്റർ പുരസ്‌കാരം വിജയരാഘവൻ ചേലിയക്ക്

ജനത കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം നൽകിവരുന്ന പത്താമത് വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരത്തിന് പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനായ വിജയരാഘവൻ...

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....

ആന്റിജന്‍

കഥ അഭിനന്ദ് ഒന്ന് ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...