ഒരു ഫോട്ടോഗ്രാഫർ എന്ന രീതിയിൽ എന്റെ തുടക്കം

0
818
athmaonline-photostories-arun-inham

ഫോട്ടോസ്റ്റോറി

അരുൺ ഇൻഹാം

ഈ ലോക്ഡൗൺ കാലത്ത് പോകാൻ എപ്പോഴും പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ഒന്നായിരുന്നു വടകര താഴങ്ങാടി.

2011ൽ അതായത് ഹൈർസെക്കണ്ടറി പഠനകാലത്താണ് അങ്ങാടിയിലെ തണൽ ഓർഫനേജ് സന്ദർശിക്കുന്നത്, അന്നാണ് അങ്ങാടി ആദ്യമായി കാണുന്നത്. പഠിക്കുന്ന കാലത് അദ്ധ്യാപകരുടേയും, സഹപാഠികളുടെയും, നാട്ടുകാരുടെയും അങ്ങാടിയെക്കുറിച്ചു പറഞ്ഞ കുറച്ചധികം പേടിപ്പെടുത്തുന്ന കഥകൾ ഉണ്ടായിരുന്നു മനസ്സിൽ.

“അങ്ങാടിലത്തെ പിള്ളേരോട് കളിക്കേണ്ട, അലമ്പ് ടീംസ് ആണ്”

“നാട്ടിലെ പ്രധാന കഞ്ചാവ് കേന്ദ്രമാണ്”

“നല്ല കാക്ക കൊട്ടേഷൻ ടീംസ് ഉണ്ട് ആടെ”

“തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമാണ്”

അങ്ങനെ ഒരായിരം anti social elementകളുടെ ആസ്ഥാനമായാണ് ആ കഥയിലെ അങ്ങാടി ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. നാം സ്വയം പുരോഗമനവാദികൾ എന്ന് അഡ്രസ്സ് ചെയുന്ന ഒരു വലിയ സമൂഹമാണ് അങ്ങാടിയെ കുറിച്ച് ഇത്തരം കഥകൾ പ്രചരിപ്പിച്ചത് , അതുകൊണ്ട് തന്നെ ആ പുരോഗമ, വിപ്ലവകാരികളുടെ പ്രതിനിധി ആയതുകൊണ്ട് തന്നെ ഈ കഥകൾ വിശ്വസിക്കാൻ എനിക്കും വല്യ ബുദ്ധിമുട്ട് ഇല്ലായിരുന്നു.

പിന്നെ ഒരുപാട് വർഷത്തിനു ശേഷമാണ് ഫോട്ടോഗ്രാഫിയിൽ സജീവമാകാൻ തീരുമാനിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം കല ആത്മാവിഷ്കാരത്തിനുള്ള പാത തന്നെയായിരുന്നു. ആദ്യകാലത്തുതന്നെ അങ്ങാടിയിലെ പുരാതന കെട്ടിടങ്ങൾ നല്ല രീതിയിൽ എന്നെ സ്വാധീനിച്ചിരുന്നു. ആ സ്വാധീനം മൂലം അവിടുത്തെ കെട്ടിടങ്ങളെ ഡോകുമെന്റ് ചെയ്യാൻ തീരുമാനിച്ചു.

സമയം കിട്ടുമ്പോൾ ഒക്കെ അങ്ങാടിയിൽ പോയി അവിടുത്തെ കെട്ടിടങ്ങളുടെ നിർമാണ ശിൽപ്പകല ക്യാമറയിൽ പകർത്താൻ തുടങ്ങി, വളരെ പതുക്കെ അങ്ങാടിയിലെ പഴയകാല കാലപ്രവർത്തനങ്ങളെ കുറിച്ചു അറിയാൻ തുടങ്ങി. കേരളത്തിൽ മറ്റ് എവിടെയും ഇല്ലാത്തവിധം സമ്പന്നമായിരുന്നു അങ്ങാടിക്കാരുടെ ഗസൽ ചരിത്രം. എണ്ണമറ്റ ഗസൽ ഗായകരുടെ ജീവിതത്തെ അങ്ങാടി സ്വാധീനിച്ചിട്ടുണ്ട്.

അങ്ങാടിയിലെ മനുഷ്യരോട് സംസാരിക്കാൻ തുടങ്ങിയത്തിനുശേഷം പണ്ട് കേട്ട കഥകൾ പൂർണമായും തെറ്റാണെന്നും, ഇസ്ലാമോഫോബിക്കായ ഒരു സമൂഹത്തിന്റെ ഇരകളാണ് അങ്ങാടിയിലെ മനുഷ്യർ എന്നും ബോധ്യപ്പെട്ടു.

ആ ഒരു ബോധ്യപ്പെടൽ ഇസ്ലാമോഫോബിയക്കെതിരെ ഇസ്ലാമിനോട് രാഷ്ട്രീയപരമായി ഐക്യപ്പെട്ടുകൊണ്ട് രാഷ്ട്രീയ കലാ പ്രവർത്തനം നടത്താൻ എന്നെ പ്രാപ്തനാക്കി. ഞാൻ ഇത്രനാളും ജീവിച്ച ഇടത് പുരോഗമന ചുറ്റുപാടുകൾ നിലനിൽക്കുന്നത് തന്നെ മുസ്ലിം വിരുദ്ധതയെ ശിരസാ വഹിച്ചുകൊണ്ടുതന്നെയാണ്. അങ്ങാടിയിലെ പോലെ രാഷ്ട്രീയപ്രബുദ്ധരായ ഒരു ജനതയെ മറ്റെവിടെയും ഞാൻ കണ്ടിട്ടില്ല. ലോക രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചു അവിടുത്തെ സാധാരണക്കാരായ മനുഷ്യർക്ക് കൃത്യമായ മനുഷ്യത്വപരമായ നിലപാടുകൾ ഉണ്ട്. അങ്ങാടിയിൽ ചരിത്രാതീത കാലത്ത് കച്ചവടത്തിനായി വന്ന സേട്ടുമാർ അവിടെ സ്ഥിരതാമസം ആക്കിയതും ഏതു മനുഷ്യരെയും സ്വാഗതം ചെയ്യുന്നതും അങ്ങാടിക്കാരുടെ സ്നേഹം കണ്ടുകൊണ്ടുതന്നെയാണ്.

അങ്ങാടിയിലെ അത്താഴ കമ്മിറ്റി അന്നും ഇന്നും വടകരയിലെ പട്ടിണി കിടക്കുന്നർക്ക് അത്താണിയായി നിലനിൽക്കുന്നു. അങ്ങനെ പറഞ്ഞാൽ തീരാത്ത അത്രയും കഥകൾ…

അങ്ങാടിയോടും അവിടുത്തെ മനുഷ്യരോടും അവരുടെ വിശ്വാസത്തോടും, രാഷ്ട്രീയ പ്രശ്നങ്ങളോടുള്ള ഐക്യപ്പെടലുകളും സൂഫി മിസ്റ്റിക്കുകളെക്കുറിച്ചുള്ള പഠനങ്ങളും വളരെ പെട്ടന്ന് തന്നെ എന്നെ ഇസ്ലാമിനോട് ആത്മീയപരമായി അടുപ്പിച്ചു. അതു കൊണ്ടു തന്നെയാവാം ഫോട്ടോ എടുക്കാൻ അങ്ങാടിയിലെ വലിയ ജമാഅത്ത് പള്ളിയിൽ കയറിയപ്പോൾ അറിയാതെ മനസ്‌ തണുത്തുപോയത്. തീവ്രവാദത്തിന്റെയോ മറ്റ് ആന്റി സോഷ്യൽ പ്രവർത്തനങ്ങളുടെയോ അല്ല ആത്മീയതയുടെയും കലയുടെയും തെരുവാണ് അങ്ങാടിയും അവിടുത്തെ മനുഷ്യരും.

ഒരുപക്ഷേ അങ്ങാടിയിലെ ഈ അലച്ചിൽ ജീവിതത്തിൽ ഒരിക്കലും അവസാനിക്കാത്ത ഒന്നുതന്നെ ആകും. അങ്ങനെ എത്ര എഴുതിയാലും തീരാത്ത ഓർമകളുണ്ട് വടകര താഴെ അങ്ങാടിയെക്കുറിച്ച്.

അരുൺ ഇൻഹാം


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here