പീഡോഫിലിയ : ചില വസ്തുതകൾ

0
497

ലേഖനം
സോണി അമ്മിണി

ഓരോ മാതാപിതാക്കളുടേയും സ്വപ്നമാണ് അവരുടെ കുട്ടി.അവന്റെ അല്ലെങ്കിൽ അവളുടെ വളർച്ചയും വിദ്യാഭ്യാസവും എല്ലാം ഏതൊരു രക്ഷിതാവിന്റെയും സ്വപ്നമാണ്.അവരുടെ ചിരിയും കളിയുമാണ് അച്ഛനമ്മമാരുടെ സന്തോഷം.എന്നാൽ ഇന്നു പല മാതാപിതാക്കളുടെയും നെഞ്ചിൽ അവരുടെ വളർന്നു വരുന്ന കുട്ടികളെ ആലോചിച്ചുള്ള ആധി കൂടുകയാണ് ചെയ്യുന്നത്. ദിനം പ്രതി അത്തരം വാർത്തകൾ ആണ് നമ്മൾ അറിയുന്നതും കേൾക്കുന്നതും.സ്വയം സംരക്ഷിക്കാന്‍ കഴിവില്ലാത്ത കുരുന്നുകള്‍ക്ക്‌ പ്രകൃതി അറിഞ്ഞുനല്‍കിയ വരമാണ് അവരുടെ ഓമനത്തം.മറ്റുള്ളവരുടെ ശ്രദ്ധയും വാത്സല്യവും പരിചരണവും അതവര്‍ക്കുറപ്പുനല്‍കുന്നു. എന്നാലിതിന്‍റെ മറുവശമാണ് ലോകമെമ്പാടുമുള്ള ശിശുപീഡകരിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്. അസ്വസ്ഥതാജനകമാംവിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ബാലലൈംഗികത്തൊഴിലാളികളും കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള അശ്ലീലദൃശ്യപ്രചാരണങ്ങളും മനുഷ്യക്കടത്തലുകളുമെല്ലാം വിരല്‍ ചൂണ്ടുന്നതും ഈ പ്രശ്നത്തിലേക്കു തന്നെയാണ്.

പലപ്പോഴും അപരിചിതരെക്കാളും ബന്ധുക്കളില്‍ നിന്നാവും കുട്ടികള്‍ക്ക് ലൈംഗികപീഡനം ഏല്‍ക്കേണ്ടിവരിക. കുടുംബത്തിനേല്‍ക്കുന്ന അപമാനഭാരം ഓര്‍ത്തു പലപ്പോഴും ഇത്തരം സംഭവങ്ങള്‍ പുറംലോകമറിയാറില്ല. എന്തെങ്കിലും മാനസിക രോഗമുളളവര്‍ മാത്രമാണ് പൊതുവായി കുട്ടികളെ പീഡിപ്പിക്കാന്‍ മുതിരുന്നത്. പ്രായപൂര്‍ത്തിയായ ആള്‍ക്ക് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയോടുണ്ടാവുന്ന ലൈംഗിക ആസക്തിയാണ് ‘പീഡോഫീലിയ’.
പതിമൂന്നുവയസ്സോ അതിനു താഴെയോ പ്രായമുള്ള കുട്ടികളോട് ആവര്‍ത്തിച്ചനുഭവപ്പെടുന്ന തീവ്രമായ ലൈംഗികാകര്‍ഷണം, അനുബന്ധതാല്‍പര്യങ്ങള്‍, മനോരാജ്യങ്ങള്‍ എന്നിവയും ഇത്തരം ത്വരകള്‍ മൂലം കുട്ടികള്‍ക്കുനേരെ നടത്തുന്ന അനുചിത ചേഷ്ടകളുമെല്ലാം പീഡോഫീലിയയുടെ മുഖമുദ്രകളാണ്. ഈ താല്‍പര്യത്തിന്‍റെ തീവ്രത പലപ്പോഴും ഒരു മുതിര്‍ന്ന വ്യക്തിക്ക് പ്രായപൂര്‍ത്തിയായ എതിര്‍ലിംഗക്കാരോട് തോന്നുന്നതിനു തുല്യമോ അതിലും കൂടുതലോ ആയിരിക്കാം. ഈ ലക്ഷണങ്ങള്‍ വ്യക്തിപരവും സാമൂഹികവുമായുമുള്ള അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ഉണ്ടാക്കുമ്പോഴാണ് ഈയവസ്ഥയ്ക്ക് ഒരു മാനസികക്രമക്കേടിന്‍റെ പദവി കൈവരുന്നത്. അതായത് പീഡോഫീലിയ ഒരസുഖമെന്ന നിലയില്‍ (Pedophile disorder) കണക്കാക്കപ്പെടണമെങ്കില്‍ തങ്ങളുടെ വികലമായ ലൈംഗിക താല്പര്യങ്ങള്‍ ഇക്കൂട്ടര്‍ക്ക് മാനസീകസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങണം..

പെണ്‍കുട്ടികളുടെ കാര്യത്തില്‍ പെതുവേ ശ്രദ്ധനല്‍കാറുള്ള നാം ആണ്‍കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധനല്‍കാറില്ല. ആണ്‍കുട്ടികള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാകുന്നു എന്ന് നാം പലപ്പോഴും വാര്‍ത്തകളില്‍ കേള്‍ക്കാറുണ്ട്. എന്നിരുന്നാലും ഇത്തരം അതിക്രമങ്ങളില്‍ ശ്രദ്ധാലുവായിരിക്കണമെന്ന് നാം പലപ്പോഴും ആണ്‍കുട്ടികളോട് പറഞ്ഞു കൊടുക്കാറില്ല. പൊതുവെ ശിശു പീഡനങ്ങളുടെ കണക്കെടുത്താൽ ആൺകുട്ടികളുടെ പീഡനം തന്നെ ആണ് കുറച്ചുകൂടി മുന്നിൽ നിൽക്കുന്നത്. എന്നാൽ പലതും പുറത്തറിയാൻ വൈകുന്നു എന്നത് മറ്റൊരു യാഥാർഥ്യം ആകുന്നു.
പീഡോഫീലിയ ആദ്യമായി ഔപചാരികമായി അംഗീകരിക്കപ്പെടുകയും പേര് നൽകപ്പെടുകയും ചെയ്തത് 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്. 1980 മുതൽ ഈ മേഖലയിൽ കാര്യമായ അളവിലുള്ള ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. കൂടുതലും പുരുഷന്മാരിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഈ അസുഖം പ്രകടിപ്പിക്കുന്ന സ്ത്രീകളും ഉണ്ട്. പീഡോഫീലിയയ്‌ക്ക് ഒരു ചികിത്സയും വികസിപ്പിച്ചിട്ടില്ല, എന്നാൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഒരു വ്യക്തിയുടെ സംഭവങ്ങൾ കുറയ്ക്കാൻ കഴിയുന്ന ചികിത്സാരീതികളുണ്ട്.പീഡോഫീലിയയുടെ കൃത്യമായ കാരണങ്ങൾ കൃത്യമായി സ്ഥാപിക്കപ്പെട്ടിട്ടില്ല.”പാരാഫിലിയ”എന്ന് മനശാസ്ത്രജ്ഞര്‍ വിളിക്കുന്ന മാനസിക നിലയുടെ വക ഭേദങ്ങളിലൊന്നാണു പീഡൊഫീലിയ. സാധാരണ നിലയില്‍ നിന്നും വ്യത്യസ്തമായ ലൈംഗിക ചോദനകളെയാണു പാരഫീലിയ എന്നു വിളിക്കുന്നത്. ഇതില്‍ ചിലതിനെ രോഗമായും ചികിത്സിക്കേണ്ടവയായും ചിലതിനെ കേവലം വകഭേദമായും തരം തിരിച്ചിട്ടുണ്ട്.

ബാലലൈംഗിക കുറ്റവാളികളിൽ പീഡോഫീലിയയെക്കുറിച്ചുള്ള ചില പഠനങ്ങൾ വിവിധ ന്യൂറോളജിക്കൽ അസ്വാഭാവികതകളുമായും മനഃശാസ്ത്രപരമായ കാരണങ്ങൾ ആയും പറയപ്പെടുന്നു.പീഡോഫീലിയയെ ലൈംഗിക മുൻഗണനയുടെ ക്രമക്കേടായി വിശേഷിപ്പിക്കപ്പെടുന്നു, ഇത് ഒരു ഭിന്നലിംഗമോ സ്വവർഗരതിയോ ആയ ആഭിമുഖ്യത്തിന് സമാനമാണ്. എന്നിരുന്നാലും, ഈ നിരീക്ഷണങ്ങൾ പീഡോഫീലിയയെ ഒരു മാനസിക വൈകല്യമായി വർഗ്ഗീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കുന്നില്ല.
പീഡോഫൈല്‍ ആയവരില്‍ അന്‍പതു മുതല്‍ അറുപത് ശതമാനം ആളുകള്‍ അമിതമായി ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്നും എന്നാല്‍ ലഹരിയിലായിരിക്കുമ്പോഴും സാധാരണ അവസ്ഥയിലും ഇവര്‍ തങ്ങളുടെ ലൈംഗികതാല്‍പ്പര്യം അങ്ങനെതന്നെ പ്രകടിപ്പിക്കുന്നതായും ചില പഠനങ്ങള്‍ പറയുന്നു. അതുപോലെ ഭൂരിഭാഗം പീഡൊഫിലുകളും ചെറുപ്പത്തില്‍ മുതിര്‍ന്നവരില്‍ നിന്നുളള ലൈംഗികാതിക്രമത്തിനു വിധേയവരായവരാണെന്നും സര്‍വ്വേകള്‍ പറയുന്നു. ഒളിഞ്ഞുനോട്ടം, നഗ്നതാപ്രദര്‍ശനം, കുട്ടികളുടെ ദേഹത്ത് തങ്ങളുടെ ലൈംഗികാവയവങ്ങള്‍ ഉരസുക തുടങ്ങിയ പ്രവര്‍ത്തികള്‍ മുതല്‍ ലിംഗപ്രവേശനം വരെയുളള പ്രവൃത്തികള്‍ ഇവര്‍ കുട്ടികളുടെയടുത്ത് പ്രയോഗിക്കാറുണ്ട്. എല്ലാ ശിശുപീഡകരും പീഡൊഫിലുകളല്ല , എന്നാല്‍ ശിശുപീഡനം ആവര്‍ത്തിക്കുന്നവരില്‍ 88 ശതമാനം പേരും പീഡൊഫിലിയ ഉളളവരായിരിക്കുമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.

പതിനാറു വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരിലാണ് സാധാരണ ഈ രോഗം പരിഗണിക്കാറുള്ളത്. എന്നാല്‍ തങ്ങളേക്കാള്‍ അഞ്ചു വയസ്സെങ്കിലും കുറവുള്ള കുട്ടികളോടു ലൈംഗികതല്‍പരത കാണിക്കുന്ന കൗമാരക്കാരുടേയും പ്രശ്നം പീഡോഫീലിയ തന്നെയാകാം.

യാതൊരു വിധ കുറ്റബോധമോ നാണക്കേടോ ഉത്കണ്ഠയോ ഇതു മൂലം അനുഭവപ്പെടാത്തവരെയും, ഇത്തരം ത്വരകളുടെ പ്രഭാവത്തില്‍ ഒരിക്കല്‍ പോലും കുറ്റകൃത്യങ്ങളിലേര്‍പ്പെടാത്തവരെയും, പ്രശ്നങ്ങളിലൊന്നും ചെന്നുചാടാതെ സ്വന്തം പ്രവര്‍ത്തനമേഖലയില്‍ സുഗമമായി മുന്നോട്ടു പോകാനാകുന്നവരുമായവരെയും പീഡോഫിലിയ രോഗികളായല്ല മറിച്ചു പീഡോഫിലിക് വാഞ്ഞ്ഛയുള്ള വ്യക്തിത്വങ്ങളായാണു വൈദ്യശാസ്ത്രം കണക്കാക്കാറുള്ളത്.

ഈ പറഞ്ഞ ഇരുകൂട്ടരിലും ആണ്‍കുട്ടികളോടു മാത്രമോ പെണ്‍കുട്ടികളോടു മാത്രമോ താല്‍പര്യം കാണിക്കുന്നവരും, കുട്ടികളോടും മുതിര്‍ന്നവരോടും തുല്യ ആസക്തിയുള്ളവരുമുണ്ടാകാം. കുടുംബാംഗങ്ങളായ കുട്ടികളോടു മാത്രം ലൈംഗികതാല്‍പര്യം കാണിക്കുന്ന ഒരു വിഭാഗവുമുണ്ട്. ചിലര്‍ തങ്ങളുടെ ഈ സമാന്തരതാല്‍പര്യങ്ങളെ തുറന്നു സമ്മതിക്കുമെങ്കില്‍ മറ്റുചിലര്‍ തെളിവോടെ പറഞ്ഞു മനസ്സിലാക്കിയാല്‍ പോലും കാര്യം നിഷേധിക്കുന്നവരാകാം.

എല്ലാ ശിശുപ്രേമികളും കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാറില്ല എന്നതൊരു അതിശയോക്തിയായി തോന്നിയേക്കാം. അതായത്, ശിശുപ്രേമികളില്‍ ശിശുപീഡകരും അങ്ങിനെയല്ലാത്തവരുമുണ്ട്.പൊതുവെ നാമറിയുന്നത് ആദ്യവിഭാഗക്കാരെപ്പറ്റി മാത്രമാണ്. എന്നാല്‍ ശാസ്ത്രം പറയുന്നു, രണ്ടാമത്തെ വിഭാഗവും പരോക്ഷമായ രീതിയില്‍ കുഞ്ഞുജീവിതങ്ങളെ താറുമാറാക്കിക്കൊണ്ടിരിക്കുകയാണെന്ന്!കുഞ്ഞുങ്ങളെ നേരിട്ടുപയോഗിക്കാത്ത ഇവരില്‍ വലിയൊരു ശതമാനമാണ് ചൈല്‍ഡ് പോര്‍ണോഗ്രാഫിയുടെ സജീവപ്രേക്ഷകര്‍. കുഞ്ഞുങ്ങളുടെ അശ്ലീലദൃശ്യങ്ങളോടുള്ള തീവ്രമായ അടിമത്തം ഇവരുടെ പ്രത്യേകതയാണ്. അശ്ലീലഛായാഗ്രഹണത്തിന്‍റെയും തദ്വാരാ ലൈംഗികത്തൊഴിലിന്‍റെയും ലോകത്തേക്ക് ഏതൊക്കെയോ കുഞ്ഞുങ്ങളെ പരോക്ഷമായി വലിച്ചിഴക്കുകയാണ് ഇത്തരം ‘ഉപഭോക്താക്കള്‍’!കുഞ്ഞുങ്ങളെ ചിത്രീകരിക്കുന്ന ലക്ഷോപലക്ഷം അശ്ലീലസൈറ്റുകളും അവയുടെ ഇരുപതിനായിരം കോടിയില്‍പരം വരുന്ന ആസ്തിയും കൈചൂണ്ടുന്നത് പീഡോഫീലിയ എന്ന സമസ്യയുടെ ഇത്തരം വിഷമവശങ്ങളിലേക്ക് തന്നെയാണ്. അംഗീകരിക്കാന്‍ വിഷമം തോന്നുമെങ്കിലും,പുറംലോകമറിയാതെ ഒരുപാടുപേര്‍ നമുക്കുചുറ്റും ഈ പ്രശ്നവുമായി നടപ്പുണ്ട് എന്നത് തന്നെയാണ് വസ്തുത!

പീഡനവിധേയരായവരെ എങ്ങനെ തിരിച്ചറിയാം?

★പ്രായത്തിനുമപ്പുറത്തുള്ള ലൈംഗികപരിജ്ഞാനം
★സംസാരത്തിലും പെരുമാറ്റത്തിലും വരയ്ക്കുന്ന ചിത്രങ്ങളിലുമെല്ലാം സെക്സിനെക്കുറിച്ചുള്ള സൂചനകള്‍
★കളിപ്പാട്ടങ്ങളും മറ്റും കൊണ്ടു ജനനേന്ദ്രിയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങള്‍
★മറ്റുകുട്ടികള്‍ക്കു നേരെ നടത്തുന്ന ലൈംഗികചേഷ്ടകളും അനുബന്ധപ്രവൃത്തികളും.
★പൊതുഇടങ്ങളില്‍ സ്വയംഭോഗത്തിനു മുതിരുക
★ലൈംഗികാവയവങ്ങളില്‍ വേദന, ചൊറിച്ചില്‍, നിറം മാറ്റം, രക്തസ്രാവം തുടങ്ങിയവ.
★വിശപ്പില്ലായ്മ, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, സ്വയം മുറിവുകളേല്‍പ്പിക്കാനും അംഗഭംഗപ്പെടുത്താനുമുള്ള പ്രവണത
★അപ്രതീക്ഷിത ഭാവമാറ്റങ്ങള്‍ ഉദാ: ഭയവും പെട്ടെന്നുള്ള ദേഷ്യവും അനിയന്ത്രിതമായകരച്ചിലും, അക്രമസ്വഭാവവും, ഉള്‍വലിയലും.
★പ്രത്യക്ഷകാരണങ്ങളൊന്നും കൂടാതെ ചില ആളുകളെയോ സ്ഥലങ്ങളെയോ പ്രവര്‍ത്തികളെയോ ഒഴിവാക്കുവാനോ അകറ്റിനിര്‍ത്താനോ ശ്രമിക്കുന്നത്
★പതിവില്ലാതെ തന്നെക്കാള്‍ പ്രായം കുറഞ്ഞ കുട്ടികളെപ്പോലെ പെരുമാറുന്നത്.
★കുട്ടിയുടെ കൈവശം എവിടുന്നെന്നു വ്യക്തമാകാത്ത വിധം പണം കാണപ്പെടുന്നത്.

ഭാവിയിലവര്‍ക്കെന്തു സംഭവിക്കാം?

ലൈംഗികപീഡനത്തിനിരകളാകുന്ന കുട്ടികളിലധികവും ചിരസ്ഥായിയായ വൈകാരികപ്രശ്നങ്ങള്‍ പ്രകടിപ്പിക്കുന്നതായാണ് പഠനങ്ങള്‍ കാണിക്കുന്നത്. ക്രിമിനല്‍ ചായ്‌വുകളും അനുചിതലൈംഗിക താല്‍പര്യങ്ങളും അക്രമസ്വഭാവങ്ങളും പ്രായോചിതമല്ലാത്ത പെരുമാറ്റരീതികളും അവരില്‍ കണ്ടു വരുന്നു. ആത്മനിന്ദ, ആത്മവിശ്വാസക്കുറവ്, ആത്മഹത്യാപ്രവണത, വിഷാദം, ഉത്കണ്ഠ, ലഹരിയുപയോഗം, നിദ്രാരോഗങ്ങള്‍, ഭക്ഷണശീലപ്രശ്നങ്ങള്‍, മനക്ലേശം മൂലമുളവാകുന്ന വ്യക്തമായ രോഗകാരണം കണ്ടെത്താനാവാത്ത ശാരീരികാസ്വാസ്ഥ്യങ്ങള്‍ (psychosomatic disorders), പഠനത്തില്‍ പുറകോട്ടു പോകല്‍ എന്നിങ്ങനെ കുട്ടികള്‍ക്കുണ്ടാകാനിടയുള്ള പ്രശ്നങ്ങളേറെയാണ്

മുതിര്‍ന്നു കഴിഞ്ഞാലാകട്ടെ ലൈംഗിക അസ്വാസ്ഥ്യങ്ങളും ദാമ്പത്യതകര്‍ച്ചയും പങ്കാളിയെ ശാരീരികവും മാനസീകവുമായി പീഡിപ്പിക്കാനുള്ള പ്രവണതയും ദൃഡബന്ധങ്ങള്‍ നിലനിര്‍ത്താനും നല്ലൊരു രക്ഷാകര്‍ത്താവായിരിക്കാനുമുള്ള കഴിവില്ലായ്മയുമെല്ലാം ഇവരില്‍ പ്രത്യക്ഷമാകാം.ചിലരെങ്കിലും വീണ്ടും ഇത്തരം പീഡനാനുഭവങ്ങള്‍ക്കുള്ള വിധേയത്വമനോഭാവവും പ്രകടിപ്പിക്കാം. കുട്ടിയായിരിക്കുമ്പോള്‍ ലൈംഗികപീഡനത്തിനിരയായവര്‍ക്ക് മാനസീകരോഗങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. യൂനിസെഫ് പറയുന്നത്, ഇത്തരമനുഭവങ്ങളുടെ അനുരണനങ്ങളായിരിക്കും കൗമാരക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയുടെ നല്ലൊരു ശതമാനവുമെന്നാണ്.

എന്തായിരിക്കാം ഇത്തരക്കാരുടെ തലച്ചോറിനകത്ത് നടക്കുന്നത്? വൈദ്യശാസ്ത്രത്തിനിനിയും പൂര്‍ണവ്യക്തത കൈവന്നിട്ടില്ലാത്ത ഒരു മേഖലയാണത്. സാമൂഹ്യചോദനകളെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗങ്ങള്‍ മറ്റുള്ളവരുടേതില്‍ നിന്നും വ്യത്യസ്ഥമാണിവരിലെന്നാണ്. പ്രായ, ലിംഗ, സ്ഥാനവ്യത്യാസങ്ങളനുസരിച്ച് മറ്റുള്ളവരോടു പെരുമാറാനുള്ള ശേഷി നമുക്കു നല്‍കുന്ന നാഡീശൃംഖലകളുടെ വിനിമയശേഷിയിലുണ്ടാകുന്ന പ്രശ്നങ്ങളും ഈ അവസ്ഥക്കുപുറകിലുണ്ട്. കഷ്ടപ്പെടുന്നവരെ കാണുമ്പോള്‍ അനുകമ്പയും, ദുഷ്ടരെ കാണുമ്പോള്‍ വെറുപ്പും ദേഷ്യവും, ഇണയെ കാണുമ്പോള്‍ കാമവും സ്ഥലകാലബോധത്തോടെ മനസ്സിലുണരുന്നത് ഈ നാഡീശൃംഖലകളുടെ താളനിബദ്ധമായ പ്രവര്‍ത്തനങ്ങള്‍ മൂലമാണ്.അവയിലുണ്ടാകുന്ന തകരാറുകളാണ് കുഞ്ഞുങ്ങളെ കാണുമ്പോള്‍ സാധാരണക്കാരിലുണരുന്ന സ്നേഹവാത്സല്യങ്ങള്‍ക്കു പകരം പീഡോഫീലിയാബാധിതര്‍ക്ക് ലൈംഗിക ഉണര്‍വ്അനുഭവപ്പെടുത്തുന്നത്.കൗമാരത്തില്‍ത്തന്നെ ഇത്തരം താല്‍പര്യങ്ങള്‍ കണ്ടെത്താനോ മാനസിക സംഘര്‍ഷങ്ങളും കുറ്റവാസനകളും ഒഴിവാക്കാനുതകുന്ന നടപടികളെടുക്കാനോ ഉള്ള അവസരങ്ങള്‍ നമ്മുടെ നാട്ടില്‍ ഇല്ല എന്നുതന്നെ വേണം പറയാന്‍.

പലപ്പോഴും ഇത്തരം സംഭവങ്ങള്‍ തുറന്ന് പറയാന്‍ കുട്ടികള്‍ മടിക്കുന്നത് രക്ഷിതാക്കളോട് ഈ കാര്യങ്ങള്‍ പറയാമോ എന്ന് അവര്‍ ഭയക്കുന്നു. സംഭവിച്ചത് അപമാനമാണെന്നും മറ്റുള്ളവര്‍ അറിഞ്ഞാല്‍ അവര്‍ ഒറ്റപ്പെടലിനും കളിയാക്കലുകള്‍ക്കും പാത്രമാകേണ്ടി വരുമെന്നും അവര്‍ ഭയക്കുന്നു. അതുകൊണ്ടു തന്നെ കുട്ടികളെ ഇത്തരം അതിക്രമങ്ങളില്‍ നിന്നും രക്ഷിക്കണമെങ്കില്‍ ആദ്യം മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്.എന്തു പ്രശ്‌നം വന്നാലും നേരിടാന്‍ മാതാപിതാക്കള്‍ കൂടെയുണ്ടെന്ന വിശ്വാസം കുട്ടിയില്‍ വളര്‍ത്തിയെടുക്കുക.എന്തെങ്കിലും ദുരനുഭവങ്ങള്‍ നേരിട്ടാല്‍ മാതാപിതാക്കളോട് പറയാന്‍ കുട്ടിയെ നിരന്തരം ഓര്‍മിപ്പിക്കുക. സൗഹൃദങ്ങളും അടുപ്പങ്ങളും എങ്ങിനെ കൊണ്ടു നടക്കണമെന്നും അതിന്റെ നല്ല വശങ്ങളും ചീത്ത വശങ്ങളും പറഞ്ഞ് മനസ്സിലാക്കി കൊടുക്കാനും ശ്രദ്ധിക്കണം..കുട്ടികൾക്ക് എതിരെ ഉള്ള അക്രമങ്ങൾക്ക് ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ ആക്ട്,ഐ ടി നിയമം, ബാലവകാശ നിയമം തുടങ്ങി ഒട്ടേറെ നിയമങ്ങൾ സാധാരണക്കാരനോടൊപ്പം തന്നെ ഉണ്ട്‌.എന്തും പറയാൻ ഉള്ള സ്വാതന്ത്ര്യം നമ്മുടെ കുട്ടികൾക്ക് കൊടുത്തു കൊണ്ടു തന്നെ വളരെ മികച്ച രീതിയിൽ നമുക്കും നമ്മുടെ കുട്ടികളുടെ കൂടെ തന്നെ യാത്ര തുടരാം.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here