HomeTHE ARTERIASEQUEL 22ജലഗോപുരം

ജലഗോപുരം

Published on

spot_imgspot_img

നാടകം

രചന : രാധാകൃഷ്ണൻ പേരാമ്പ്ര

സീൻ ഒന്ന്

പകൽ

മലയടിവാരത്തിലെ കാടിനടുത്തുള്ള ഒരു ഗ്രാമപ്രദേശം പഴയ ഒരു ഫോറസ്റ്റ് ഓഫീസിന്റെ മുറ്റത്ത് ആളുകൾ തടിച്ചു കൂടിയിരിക്കുന്നു. അവ‍ർ ബഹളം വെക്കുന്നുണ്ട്. അതിൽ നേതാവെന്ന് തോന്നിക്കുന്ന ഒരാൾ ആൾക്കൂട്ടത്തെ സമാധാനിപ്പിക്കുന്നുണ്ട്.

നേതാവ് : നിങ്ങൾ ഒന്ന് അടങ്ങിയിരിക്കൂ. നമുക്ക് എല്ലാത്തിനും പരിഹാരമുണ്ടാക്കാന്നേ! ഇങ്ങനെ ബഹളം വെച്ചാൽ എങ്ങനയാ….
ആൾകൂട്ടത്തിൽ നിന്ന് അതിന് മറുപടി ഉയരുന്നു.

ഒരാൾ : നിങ്ങൾക്ക് അത് പറയാ. ഞങ്ങളുടെ ആടിനെയും പൈയ്യിനൊക്കല്ലേ പുലി കൊണ്ടോയത്. കൊറ ദിവസായ് നിങ്ങൾ ഇത് തന്നെ പറയാൻ തുടങ്ങീട്ട്.

മറ്റൊരാൾ : ആഴ്ച രണ്ടായ് പുലി നാട്ടിലിറങ്ങിയിട്ട്. എന്നിട്ട് ഇതുവരെ പുലിൻ്റെ ഒരു രോമം വരെ തൊടാൻ നിങ്ങൾക്ക് കഴിഞ്ഞോ. എന്നിട്ട് പറയ്യ അടങ്ങി ഇരിക്കാൻ. എവിടെപ്പോയ് നിങ്ങളുടെ ആപ്പീസര് ഓനയാ ഞങ്ങൾക്ക് വേണ്ടത്.

നേതാവ് : അയാളിപ്പം ഇവിടെ എത്തും. അതുവരെ നിങ്ങൾ ഒന്ന് സമാധാനിക്കൂ. ഞാനല്ലേ പറയുന്നത്.

ഇതുകൊണ്ടൊന്നും ആളുകൾ തൃപ്തരാകുന്നില്ല. അവരുടെ കണ്ണുകളിൽ പുലിയോടുള്ള പക നിഴലിക്കുന്നുണ്ട്. അവർ അക്രമാസക്തരാകുന്നു. ഇതിനിടയിൽ പിന്നണിയിൽ വണ്ടിയുടെ ശബ്ദം. ആൾക്കൂട്ടത്തിനിടയിലൂടെ തിക്കി തിരക്കി ഫോറസ്റ്റ് ഓഫീസർ എത്തുന്നു. നേതാവ് ഒരുവിധം ഓഫീസറെ ആൾക്കൂട്ടത്തിൽ നിന്ന് രക്ഷിക്കുന്നു.

സൗമ്യനും വളരെ കൃത്യനിഷ്ഠയുമുള്ള ആളാണ് ഓഫീസർ. ആദർശശാലിയായ ഒരു ഉദ്യോഗസ്ഥൻ. ഓഫീസറെ കണ്ടപ്പോൾ അയാളെ കടിച്ച് കീറാനെന്നോണം ജനം പാഞ്ഞടുക്കുന്നു. ആൾക്കൂട്ടം പലതും വിളിച്ച് പറയാൻ തുടങ്ങി.

ഒരാൾ : “ഇയാളാണ് എല്ലാറ്റിനും കാരണക്കാരൻ വിടരുത് ഇവനെ. ഇക്കണക്കിന് പോയാൽ മനുഷ്യന്മാരെ പുലി പിടിക്കുന്നതുവരെ ഇവനൊക്കെ ഇങ്ങനെ ഇരിക്കും.

മറ്റൊരാൾ : മനുഷ്യനേക്കാൾ വലുതാണോ? നിന്റെഒക്കെ പുലി. എത്ര ദിവസായ് കൂട് കൊണ്ടു വരാൻ പറഞ്ഞിട്ട്.

ഓഫീസർ : നിങ്ങൾ ശാന്തരാകൂ. നിങ്ങൾ മനസ്സിലാക്കി വെച്ചിരിക്കുന്ന പോലെയല്ല കാര്യങ്ങൾ.

ഇതുകേട്ട് ജനം അയാളെ കൂവി വിളിക്കുന്നു. കയേറ്റം ചെയ്യാൻ ശ്രമിക്കുന്ന ഇവിടെയും നേതാവ് ഇടപെടുന്നു.

നേതാവ് : നിർത്തൂ നിർത്തു സർ പറയാനുള്ളത് പറയട്ടെ.

ഓഫീസർ : പുലിയിറങ്ങിയെങ്കിൽ അതിന് കൃത്യമായ ലക്ഷണങ്ങൾ കാണണം. പുലിയുടെ കാൽപ്പാടുകൾ, പുലിയുടെ കാഷ്ഠം അങ്ങനെ പലതും. ഇവിടെ അത്തരത്തിലുള്ള ഒന്നും തൽക്കാലം കാണാനില്ല.

ഒരാൾ : ഓ, അപ്പോൾ പുലിയിറങ്ങിയിട്ടില്ലാന്നാണോ ഇയാൾ പറഞ്ഞു വരുന്നത്.

മറ്റൊരാൾ : കണ്ടില്ലെ ഇയാളുടെ ഒരഹങ്കാരം. നിന്നോടൊക്കെ മറുപടി പറയേണ്ടത് നാവുകൊണ്ടല്ല. അധികം കളിച്ചാൽ നിന്റെ കൂടിനൊന്നും ഞങ്ങൾ കാത്തിരിക്കില്ല… നല്ല ഫൂരുഡാൻ ഞങ്ങളുടെ ഒക്കെ വീട്ടിലുണ്ട് അത് മറക്കണ്ട. പിന്നെ വേണ്ടാന്ന് വെച്ചിട്ടാ…

ഒരാൾ : ഒരു കാര്യം പറ‍ഞ്ഞേക്കാം. ഇവിടെ ഇനി ഏതെങ്കിലും വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ടാൽ! അപ്പോൾ കാണാം. പിന്നെനിന്നെ ഞങ്ങൾ ശരിയാക്കും. നോക്കിക്കോ! ഇനി ഞങ്ങൾക്ക് അറിയേണ്ടത് പുലിയെ പിടിക്കാൻ കൂട് കൊണ്ടുവരുന്നുണ്ടോ ഇല്ലയോ? അല്ലെങ്കിൽ നീ ഇവിടെ നിന്ന് പോകില്ല…..!

ഓഫീസർ : നിങ്ങൾ അവിവേകമൊന്നും കാണിക്കരുത്. കൂട് കൊണ്ടുവരില്ലെന്ന് ആരും പറഞ്ഞിട്ടില്ല.അതിന് ചില നടപടി ക്രമങ്ങളൊക്കെയുണ്ട്. അതാണ് താമസിച്ചത്. അതുകൊണ്ട് ആരും മറ്റൊരു രീതിയിലും പുലിയെ കൊല്ലാൻ ശ്രമിക്കരുത്.

ഇതിനിടയിൽ നേതാവ് ജനങ്ങളുടെ മുമ്പിൽ ഷൈൻ ചെയ്യാൻ എന്നോണം ഉയരത്തിൽ കയറി നിൽക്കുന്നു. എന്നിട്ട് ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നു.

“പ്രിയപ്പെട്ട നാട്ടുകാരെ സുഹൃത്തുക്കളെ വളരെ സമാധാനമായി കഴിഞ്ഞിരുന്ന നമ്മുടെ പാൽ വെളിച്ചം ഗ്രാമത്തിൽ ഇറങ്ങി നമ്മുടെ സ്വൈര്യജീവിതം കെടുത്തിയ ഭയവിഹ്വലതകൾ വിതച്ച നാടിനെ വിറപ്പിച്ച നമ്മുടെ പൊന്നോമന മൃഗങ്ങളെ കട്ട് കൊണ്ടുപോയി തിന്നുന്ന നീചനും ദുഷ്ടനുമായ പുലിയെ നമുക്ക് പിടികൂടുക തന്നെ വേണം. അതിനു വേണ്ടി പുലിക്കൂട് കൊണ്ടുവരാമെന്നും പുലിയെ കേവലം രണ്ട് ദിവസങ്ങൾക്കകം കെണിയിലാക്കാമെന്നും നമ്മുടെ പ്രിയങ്കരനായ ഫോറസ്റ്റ് ഓഫീസർ എനിക്ക് ഉറപ്പ് തന്നിരിക്കുന്ന വിവരം സന്തോഷപൂർവ്വം നിങ്ങളെ അറിയിക്കുകയാണ്. ഇത് കേട്ട് ജനം ആർപ്പ് വിളിച്ച് കയ്യടിക്കുന്നു. അവർ നേതാവിന് ജയ് ജയ് വിളിക്കുന്നു.

ജനങ്ങൾ പിരിഞ്ഞ് പോയത് അറിയാതെ നേതാവ് പ്രസംഗം തുടരുന്നു. പിന്നീട് അത് മനസ്സിലാക്കിയ നേതാവ് വിഷണ്ണനാകുന്നു.

അരങ്ങിൽ വെളിച്ചം അണഞ്ഞ് തെളിയുന്നു. പിന്നണിയിൽ ജനങ്ങളുടെ ആരവം കേൾക്കാം. ഒരു ഘോഷയാത്ര വരുന്നതുപോലെ എല്ലാവരും ആവേശത്തിലാണ്. പുലിക്കൂട് വഹിച്ചുള്ള യാത്രയാണത്. നേതാവ് മുന്നിൽ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. ഒരു ആട്ടിൻകൂട്ടിയെയും അതിന് കൊടുക്കാനുള്ള പ്ലാവിലയും കാണാം. ഓഫീസറുടെ നിർദ്ദേശ പ്രകാരം മറ്റ് ഗാ‍ർ‍ഡുകൾ കുറ്റിക്കാട്ടിൽ കൃത്യമായ ഒരു സ്ഥലത്ത് കൂട് സ്ഥാപിക്കുന്നു. ആളുകളുടെ ബഹളത്തിനിടെ ആട്ടിന്റെ ദയനീയമായ കരച്ചിൽ ഉയർന്ന് കേൾക്കാം. ആട്ടിനെ കൂട്ടിൽ കെട്ടിയിടുന്നു. ഇതെല്ലാം കൗതുകത്തോടെ വീക്ഷിക്കുന്ന ആൾക്കൂട്ടം .

ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ വിളിച്ച് പറയുന്നു.
“ഇതുകൊണ്ടൊന്നും കാര്യമില്ല. ഈ കൂടിൻ്റെ അഴിയൊക്കെ അവൻ പൊട്ടിക്കും. കൂട് പൊളിച്ച് അവൻ രക്ഷപ്പെടും. അവൻ അത്രയ്ക്ക് ശക്തനാ.”

മറ്റൊരാൾ : അത് ശരിയാ. ഈ കൂട് മതിയാവില്ല.

അത് മറ്റുള്ളവരും ഏറ്റെടുക്കുന്നു. വീണ്ടും ബഹളം. ജനത്തെ സമാധാനിപ്പിക്കാൻ നേതാവ് അപ്പോൾ ഒരു പ്രഖ്യാപനം നടത്തുന്നു.

നേതാവ് : ശരിയാ, ശരിയാ അതിന് വഴിയുണ്ട്. നിങ്ങൾ ബഹളം വെക്കരുത്.

ആൾക്കൂട്ടം : എങ്കിൽ അത് പറ. നേതാവ് ഓഫീസറുമായി സംസാരിച്ച് വന്ന് വിജയഭാവത്തോടെ ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നു.

നേതാവ് : പ്രിയമുള്ളവരെ, നിങ്ങൾ പറഞ്ഞത് ശരിയാണ്. ഈ പുലി അതീവ ശക്തനാണ്. അവൻ ചിലപ്പോൾ ഇരുന്പഴികൾ തകർത്തേക്കാം. പക്ഷേ തകർക്കാതിരിക്കാൻ ഒരു മാർഗ്ഗമുണ്ട്. ആ വിദ്യ ഞാൻ ഓഫീസറോട് പറഞ്ഞപ്പോൾ അയാൾ സമ്മതിച്ചിരിക്കുന്നു.

ആൾക്കൂട്ടം : അത് എന്താണ് വേഗം പറയൂ.

നേതാവ് : മയക്ക് വെടി. അതെ പുലി കൂട്ടിൽ കയറിയ ഉടനെ തന്നെ അവൻ നിന്ന് തിരിയുന്നതിന് മുന്നേ വെക്കണം മയക്ക് െവടി. പിന്നെ ഒന്നു കാണാണമല്ലോ ഇരുന്പഴി പൊട്ടിക്കുന്നത്. ഇത് കേട്ട് ജനത്തിന് സന്തോഷമായി. അവർ നേതാവിനെ സ്തുതിച്ചു. ജയ് ജയ് വിളിച്ചു. “ഇയാള് പുലി തന്നെ” എന്ന് ചിലർ വിളിച്ച് പറയുന്നുണ്ടായിരുന്നു.

ജനങ്ങൾ പിരിഞ്ഞു പോകുന്നു. പതിഞ്ഞ സ്വരത്തിൽ ആടിന്റെ കരച്ചിൽ മാത്രം കേൾക്കാം. ഒരു ഗാർഡ് മാത്രം പുലി കൂടിന് കാവലിരിക്കുന്നു. അയാളുടെ കൈയിൽ ഒരു തോക്ക് കാണാം. പുലിയുടെ വരവും കാത്ത് അയാൾ മയങ്ങാൻ പോകുന്നു.
അരങ്ങിൽ വെളിച്ചമണയുന്നു.

സീൻ രണ്ട്

സന്ധ്യ

മലനിരകളിൽ പൊടിപടലങ്ങളും പുകയും ഉയർന്നു പൊങ്ങുന്നു. പിന്നണിയിൽ ഉഗ്ര സ്ഫോടനത്തിന്റെ ശബ്ദം. താൻ ഏറെ സ്നേഹിച്ച ജീവനുകൾ തനിക്ക് തന്നെ എതിരാവുന്നത് കാണുന്ന ദുരന്ത മുഖത്ത് പകച്ച് നിൽക്കുകയാണ് സഹ്യാദ്രി. എങ്കിലും ഉറവ വറ്റാത്ത സ്നേഹം പകർന്ന് നൽകി ജനഗോപുരമായി ഉയർന്ന് നിൽക്കുന്നു സഹ്യാദ്രി!!

സർവ്വം സഹയായ് വരാനിരിക്കുന്ന ദുരന്തങ്ങൾ മുന്നിൽ കണ്ടുകൊണ്ടു തന്നെ. കരിങ്കൽ ക്വാറികളിൽ നിന്ന് ഉയരുന്ന ശബ്ദത്തിന്റെ ഇരന്പം സഹിക്ക വയ്യാതെ കൂട്ടത്തോടെ പക്ഷികൾ കൂട് വിട്ട് പറന്നകലുന്നു. പക്ഷികളുടെ കരച്ചിൽ കാടിന്റെ കരച്ചിലായി മാറുന്നു. നഗ്നമാക്കപ്പെട്ട മലനിരകൾ. അവിടെ അവശേഷിച്ച ഇത്തിരി പച്ചപ്പിൽ പരന്പാരഗതമായി കൃഷി ചെയ്തു വരുന്ന ആദിവാസി കർഷകനാണ് എഴുപത് പിന്നിട്ട മുത്തോറാൻ! ക്വാറി മുതലാളിമാരുടെ കണ്ണിലെ കരടാണ് അയാൾ. ക്വറികൾക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കുകയും അവരെ ബോധവൽക്കരിക്കുകയും ചെയ്യുന്ന മുത്തോറൻ അവരുടെ ശത്രു ആയില്ലെങ്കിലേ അത്ഭുതമുള്ളൂ. തന്റെ ചെറിയ കുടിലിൽ ഇരുന്ന് മുത്തോറൻ എല്ലാം ശ്രദ്ധിക്കുന്നുണ്ട്. അയാൾ ആകെ അസ്വസ്ഥനാണ്. തന്റെ ചെറുപ്പകാലത്ത് താൻ കണ്ട തല ഉയർത്തി നിൽക്കുന്ന പല മലനിരകളും ഇന്ന്് ഇടിച്ച് നിരപ്പാക്കപ്പെട്ടിരിക്കുന്നു. താനും തന്റെ തലമുറയും ഇതിനെതിരെ നിരന്തരമായി പോരാടുകയായിരുന്നു. അതുകൊണ്ട് തന്നെ കുറച്ച് കാലം ക്വാറികൾ നിശബ്ദമായിരുന്നു. ഇന്നിതാ വീണ്ടും ഉഗ്ര സ്ഫോടനം തുടങ്ങിയിരിക്കുന്നു. സ്ഫോടനത്തിന്റെ ശക്തിയിൽ അയാളുടെ വീടും റാന്തൽ വിളക്കും വിറകൊള്ളുന്നു. അന്തരീക്ഷം പാറപൊടികൾ കൊണ്ട് നിറയുന്നു.

ഇത്രയും കാലം താൻ നടത്തിയ പോരാട്ടം വിഫലമാകുകയാണോ അയാൾ അസ്വസ്ഥനായി. “മൂത്തോറൻ പെരിയോരെ മുത്തോറൻ പെരിയോരെ എന്ന് കരഞ്ഞ് വിളിച്ചു കൊണ്ട് ഒരു ചെറുപ്പക്കാരൻ അവിടെ ഓടി എത്തുന്നു. അയാൾ കിതച്ചു കൊണ്ട് പറഞ്ഞു. “പെരിയോരെ നിങ്ങൾ വേഗം പൊയ്ക്കോ അല്ലേ അവർ നിങ്ങളെ കൊല്ലും.” മരുത് എന്നാണ് ആ ചെറുപ്പക്കാരൻ്റെ പേര്. മൂത്തോറെന്റെ സഹായി ആണ് അയാൾ. തന്റെ ചുകന്ന തോർത്ത്മുണ്ട് അരയിൽ മുറുക്കിക്കെട്ടി കിതപ്പ് അടക്കി മരുത് തുടർന്നു. “അവർ എത്തി, നിങ്ങൾ ഇനി ഇവിടെ നിൽക്കണ്ട വേഗം പോയ്ക്കോ! നിങ്ങൾ രക്ഷപ്പെട്ടോ! ഇനി ഇവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം. വേഗമാവട്ടെ….

അവന്റെ നിഷ്കളങ്കമായ കണ്ണുകളിൽ മൂത്തോറനോടും സഹ്യാദ്രിയോടുമുള്ള സ്നേഹം ഇരമ്പുന്നുണ്ടായിരുന്നു. മരുതിനെ ആശ്വസിപ്പിച്ച് കൊണ്ട് മൂത്തോറൻ ഇങ്ങനെ പറഞ്ഞു. “അവർക്കെന്നല്ല ആർക്കും എന്നെ ഒന്നും ചെയ്യാൻ പറ്റില്ല. കാരണം ‍ഞാൻ ഈ കാടിന്റെ മകനാണ്!”

മരുത് : വേണ്ട…. നിക്കണ്ട, “മൂത്തോറനാണ് അവരുടെ നേതാവെന്നും അവനെ ഇല്ലാതാക്കണം എന്നും ചായക്കടയിൽ വെച്ച് അവർ പറേന്നത് ഞാൻ കേട്ടതാ! അതോണ്ട് നിങ്ങൾ ഇനി ഒന്നിനും നിൽക്കണ്ട ഇവിടം വിട്ട് പോയ്ക്കോ!

ഇതുകേട്ട് മൂത്തോറൻ റാന്തൽ വിളക്ക് എടുത്ത് ഉയർത്തി ദൂരത്തേക്ക് നോക്കുന്നു. അതിനു ശേഷം കൂരയിലെ മൂലയിൽ സൂക്ഷിച്ച് വെച്ചിരിക്കുന്ന ചെറിയ ചാക്ക് കെട്ടുകൾ കാണിച്ച് ഇങ്ങനെ പറയുന്നു.

“കണ്ടില്ലെ ഞാൻ സൂക്ഷിച്ച് വെച്ചിരിക്കുന്ന വിത്തുകളാണ് ഇതിനകത്ത്. വരും തലമുറകൾക്ക് വേണ്ടി കരുതി വെച്ചിരിക്കുന്ന അപൂ‍‍ർവ്വ ഇനം വിത്തുകൾ. ഇത് എനിക്ക് സംരക്ഷിക്കണം!” അയാൾ ചാക്ക് കെട്ടുകളെ മാറോടണക്കുന്നു.

“ഇതെന്റെ ആത്മാവാണ്. ഈ വയനാടൻ മലമടക്കിലെ കറുത്ത മണ്ണിന്റെ മകൾ വർഷങ്ങളായി മണ്ണിനോട് പൊരുതി സംഭരിച്ച വെച്ച വിത്തുകൾ! ഇതിൽ നിന്റെയും എന്റെയും നമ്മുടെ പൂർവ്വികരുടെയും വിയർപ്പിന്റെ ഉപ്പുണ്ട്. ഇതെല്ലാം വിട്ട് ഞാൻ പോകണമെന്നാണോ നീ പറയുന്നത്.” അയാൾ വീകാരാധീനനാകുന്നു.

മരുത് : അതൊക്കെ ശരിയാണ്. പക്ഷെ നമ്മളെയും ഈ വിത്തുകളെയും ആർക്കും വേണ്ടല്ലോ ഇപ്പോൾ! പകൽ നമ്മുടെ കൂടെയുണ്ടെന്ന് തോന്നുന്നവ‍ർ പോലും രാത്രിയിൽ അവരുടെ കൂടെയല്ലേ? പിന്നെ ആർക്ക് വേണ്ടി നിങ്ങൾ ഇങ്ങനെ കഷ്ടപ്പെടണം. സൂക്ഷിക്കണം എന്ന് പറയാനാ ഞാൻ വന്നത്. മരുത് പോകുന്നു.

കൃഷി ഗീതയിലെ വിത്തുകളെ പ്രകീർത്തിച്ചു കൊണ്ടുള്ള പാട്ട് പിന്നണിയിൽ ഉയർന്ന് കേൾക്കാം.

Black Out

രാത്രി

ഷീണിതനായ മൂത്തോറൻ ചാക്ക് കെട്ടുകൾ കെട്ടിപ്പിടിച്ച് മയങ്ങി പോകുന്നു. എവിടെനിന്നോ ഒരു തുടിയുടെ താളം അയാളിലേക്ക് എത്തുന്നു. ഒരു സ്വപ്നത്തിലെന്ന പോലെ അയാൾ അതിൽ ലയിച്ചിരിക്കുന്നു. തുടിതാളം മുറുകി മുറുകി അതിന്റെ ഉച്ചസ്ഥായിലെത്തുന്നു. പതുക്കെ അത് നിശബ്ദമാകുന്നു.

“മൂത്തോറാ ഇത് ഞാനാണാ. തുടി നിന്റെ ജീവിതത്തിന് താളമായവൻ എന്നെയും നിനക്ക് കിട്ടിയത് നിന്റെ പൂർവ്വികരിൽ നിന്നാണ്. നീ ഇപ്പോൾ കേട്ടത് വെറും തുടിയുടെ ശബ്ദം മാത്രമല്ല. നിന്റെ ഹൃദയത്തിന്റെ മിടുപ്പ് കൂടിയാണ്.നീ ഈ ഊരുകൾക്ക് പെരിയോനായത് എന്നിലൂടെയാണ്. ഞാൻ എന്നും നിന്റെ കൂടെയുണ്ട്. അതുകൊണ്ട് ഒരിക്കലും വിഷമിക്കരുത്. നീ എന്നിൽ കൊട്ടി ഉണരൂ! ആളുകളെ ഉണർത്തൂ പെട്ടെന്ന് ഞെട്ടി ഉണർന്ന് മൂത്തോറൻ ചുറ്റിലും നോക്കുന്നു. ചുമരിൽ തൂങ്ങി നിൽക്കുന്ന തുടിയ്ക്ക് ജീവൻ വെച്ചതുപോലെ അയാൾക്ക് തോന്നുന്നു. തുടി അയാളെ വിളിക്കുന്നതു പോലെ. അയാൾ തുടിയെടുത്ത് കൊട്ടി പാടാൻ തുടങ്ങുന്നു.
“കൃഷി ഗീതിയിലെ പാട്ട്”

തുടിയുടെ താളവും നാടൻപാട്ടും ആ താഴ്്വരയിൽ പ്രതിധ്വനിക്കുന്നു.
ആളുകൾ കൂട്ടമായി എത്തി മൂത്തോറന്റെ പാട്ടിന് ചുവട് വെക്കുന്നു. പാട്ടും ആട്ടവും അവരെ പുതിയ ലോകത്തേക്ക് എത്തിക്കുന്നു.
പാട്ട് പാടി തങ്ങളും കൂടെയുണ്ടെന്ന് അറിയിച്ച് വന്നവർ തിരിച്ചു പോകുന്നു.
മൂത്തോറന് സന്തോഷമായി. അയാൾ തുടി മാറോടണച്ച് താളത്തിൽ ലയിച്ച് ഇരിക്കുന്നു.

തുടി വീണ്ടും സംസാരിച്ച് തുടങ്ങുന്നു.

“മൂത്തോറ നീ ചെയ്യേണ്ടത് ചെയ്യുന്നുണ്ട്. എന്നിട്ടും പിടിച്ച് നിൽക്കാൻ പറ്റുന്നില്ലെങ്കിൽ നീ ഇവിടം വിട്ട് പോയ്ക്കോളൂ. മണ്ണിനോടും വിത്തിനോടുമുള്ള നിന്റെ സ്നേഹം എനിക്ക് മനസ്സിലാകും. പക്ഷെ വിഷലിപ്തമായ ഈ മണ്ണിൽ ഇനി വിത്തുകൾ മുളക്കില്ല. വേരുകൾ മണ്ണിലേക്ക് ഇറങ്ങില്ല. അതുകൊണ്ട് മണ്ണിന്റെ ഊർവ്വരത വറ്റാത്ത മറ്റൊരിടത്ത് ഈ വിത്തുകൾ എത്തിക്കൂ. ഈ വിത്തുകൾ വരും തലമുറയ്ക്ക് ഉപരകരിക്കട്ടെ!”

മൂത്തോറൻ : എന്ത്? നീ അല്ലേ പറഞ്ഞത് നീ എന്റെ ആത്മാവാണെന്ന് എന്നിട്ട് നീയും എന്നെ കൈവിടുകയാണോ? എന്റെ പരിശ്രമങ്ങൾക്ക് വിലയില്ലെന്നാണോ?

തുടി : വിലയുണ്ടാവണം. അതിനാണ് ഞാൻ പറയുന്നത്! തൽക്കാലം നീ പോകുക തന്നെ വേണം. മണ്ണിന്റെ സിരകളിൽ വിഷം കലർത്തുന്ന മണ്ണിന്റെ മാറിടം ചീന്തിപൊളിക്കുന്ന ഈ വൃത്തികെട്ട മനുഷ്യരിൽ നിന്ന് നീ രക്ഷപ്പെടുക തന്നെ വേണം. കാരണം നന്മയുടെ ഉറവ വറ്റാത്ത നിന്റെ ഉള്ളിൽ ഇനിയും പുതിയ വിത്തുകൾ നാമ്പെടുക്കും!

മൂത്തോറൻ : അവശേഷിച്ച ഈ പച്ചപ്പുകളും നശിക്കട്ടെ എന്നാണോ?

തുടി : പക്ഷെ നിനക്ക് അത് തടയാൻ കഴിയില്ല.അത്രയ്ക്ക് ദുഷ്ടരാണ് അവർ. ശക്തരും . മനസ്സിന്റെ ചെകുത്താൻ കോട്ടകളിൽ ആത്മാവിനെ തളച്ചിട്ടവ‍ർക്ക് ഈ ‘ജലഗോപുരത്തിന്റെ’ നന്മകൾ തിരിച്ചറിയാൻ കഴിയില്ല.

മൂത്തോറൻ : ജലഗോപുരമോ?

തുടി : അതെ, ഈ മലനിരകൾ ജലഗോപുരങ്ങൾ തന്നെയാണ്. സഹ്യാദ്രി അതിന്റെ ഗർഭത്തിൽ നിരവധി ജലസ്രോതസ്സുകൾ കരുതിവെച്ചിട്ടുണ്ട്. അത് നിങ്ങൾക്ക് തരുന്ന സ്നേഹമാണ് ഉറവകളായും അരുവികളായും പിന്നെ പുഴകളായും ഒഴുകുന്നത്. അതൊരു കുഞ്ഞിന് നൽകുന്ന മുലപ്പാലു പോലെ! വിശുദ്ധ സ്നേഹത്തിന്റെ വാഹകനാണ് ജലം. പക്ഷെ തിരിച്ചറിയേണ്ടവർ തിരിച്ചറിയുന്നില്ലെന്ന് മാത്രം. നിന്റെ വിത്തുകളിൽ ആ സ്നേഹമുണ്ട്. അത് എത്തേണ്ടിടത്ത് എത്തുക തന്നെ വേണം. അതുകൊണ്ട് ഈ ഇവിടം വിട്ട് പോകുക!
എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ ക്ഷീണിതനും അസ്വസ്ഥനുമായ അയാൾ മയക്കത്തിലാകുന്നു.
അരങ്ങിൽ മങ്ങിയ വെളിച്ചം മാത്രം. അപ്പോൾ ഭീകര ജീവികളെ പോലെ തോന്നിക്കുന്ന ചില രൂപങ്ങൾ ഇരുളിൽ നിന്നും പ്രവേശിക്കുന്നു. അവ‍ർ മുത്തോറന് ചുറ്റിലും താണ്ഡവമാടുന്നു. അയാളെ ഭീതിപ്പെടുത്തുന്നു.

“ഞങ്ങൾ അന്തക വിത്തുകൾ. നിന്റെയും നിന്റെ വിത്തുകളുടെയും കാലന്മാർ. നിന്നെ ഇനി ഇവിടെ ആർക്കും വേണ്ട. നിന്റെ വിത്തുകളും! ഇത് ഞങ്ങളുടെ കാലമാണ്! എവിടെ നിന്റെ വിത്തുകൾ അവ നശിക്കണം. എവിടെ വേഗം പറഞ്ഞോളൂ? അല്ലെങ്കിൽ നിന്നെ ഞങ്ങൾ പാതാളത്തിലേക്ക് അയയ്ക്കും.”

പേടിച്ചരണ്ട മൂത്തോറൻ ഞെട്ടി ഉണരുന്നു. അയാൾ വിയർത്തു കുളിച്ചിട്ടുണ്ട്. ഉണർന്ന ഉടനെ അയാൾ പരതുന്നത് തന്റെ വിത്തുകളെയാണ്. അവ അവിടെ തന്നെ ഉണ്ടെന്ന് ഉറപ്പ് വരുത്തി ഓരോ ചാക്ക് കെട്ടുകളും ഉയർത്തിപ്പിടിച്ച് വിത്തുകളുടെ പേരുകൾ ഉരുവിടുന്നു.

“ഹ… എന്റെ ജീരകശാല ഗന്ധകശാല തവളക്കണ്ണൻ, മുണ്ടകൻ… ഇല്ല. നിങ്ങളെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല. ഉറപ്പ്.”

അയാൾ ചാക്ക് കെട്ടുകൾ മാറോടണയ്ക്കുന്നു.

Black out

പകൽ

പരിഭ്രാന്തനായ മൂത്തോറന്റെ മുഖത്ത് ഉറക്കച്ചടവ് കാണാം. ഒരു തയ്യാറെടുപ്പെന്ന പോലെ സാധനങ്ങളെല്ലാം എടുത്തു വെക്കുന്നു. മരുതിന്റെ ശബ്ദ്ദം ദൂരെ നിന്ന് കേൾക്കുന്നു. “മൂത്തോറൻ പെരിയോരെ വേഗം മാറിക്കോളൂ. ഇതാ അവരിങ്ങ് എത്തി. അവർ നമ്മുടെ അടുത്തുള്ള ഈ പാറമടയിലും കുഴി ബോംബ് വെച്ചിട്ടുണ്ട്. രക്ഷപ്പെട്ടോളൂ!

പുറത്ത് കാൽപെരുമാറ്റം കേട്ട മൂത്തോറൻ കിളിവാതിലിലൂടെ നോക്കുന്ന ഭീമാകാരന്മാരായ ഗുണ്ടകൾ അവ‍ർ അഞ്ച് പേരുണ്ട്. പിന്നെ മൂത്തോറൻ ഒന്നും ആലോചിച്ചില്ല. അയാൾ തന്റെ വിത്തുകൾ അടങ്ങുന്ന ചാക്ക് കെട്ടുകളെടുത്ത് മിന്നൽവേഗത്തിൽ പുറത്ത് കടന്ന് ഒരു പാറ ഇടുക്കിൽ ഒളിച്ചിരിക്കുന്നു. വേട്ടനായ്ക്കളെ പോലെ കുടിലിനകത്ത് പ്രവേശിച്ച് അവർ മൂത്തോറനെ തിരയുന്നു. അട്ടഹസിച്ചു കൊണ്ട് കുടിൽ അടിച്ച് പൊളിക്കുന്നു. ദയനീയമായ ഈ കാഴ്ച മൂത്തോറൻ കാണുന്നുണ്ട്. അയാൾ ചാക്ക് കെട്ടുകൾ മാറോടണച്ച് ശ്വാസം പിടിച്ച് ഇരുന്നു.

അതിൽ നേതാവെന്ന് തോന്നിക്കുന്ന ഒരാൾ മറ്റുള്ളവർക്ക് നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. അവർ മൂത്തോറനെ അധിക്ഷേപിക്കുന്നു.

“നീ എവിടെയാ കിഴവാ! ധൈര്യമുണ്ടെങ്കിൽ പുറത്ത് വാടാ! നീ വലിയ സമരക്കാരനല്ലേ എലിയെപ്പോലെ മാളത്തിലൊളിക്കാതെ കാണിക്കെടാ നിന്റെ സമരവീര്യം.”

മറ്റൊരാൾ
“ലക്ഷങ്ങൾ ചെലവാക്കി ഞങ്ങളുടെ മുതലാളി നേടിയെടുത്ത ഈ ഭൂമിയിൽ കൃഷിയുടെ പേര് പറഞ്ഞ നീ ആളെ കൂട്ടും അല്ലേ? അള്ളിപ്പിടിച്ച് ഇരിക്കാതെ പുറത്ത് വാടാ.”

മൂത്തോറനെ കിട്ടാത്തതിന്റെ ദേഷ്യത്തിൽ അവർ അയാളുടെ വസ്ത്രങ്ങളും സാധനങ്ങളും വാരി വലിച്ചെറിയുന്നു. മൂത്തോറന്റെ തോൾ സഞ്ചിയും കുപ്പായവും ഉയർത്തി കാട്ടി പരിഹസിക്കുന്നു.

“ഓ…. സമരനായകന്റെ തോൾ സഞ്ചിയും കുപ്പായവും….. ഇതെല്ലാം കത്തിക്കൂ.അവനെ കിട്ടിയില്ലെങ്കിലും അവന്റെതായ ഒന്നും അവശേഷിക്കരുത്.! ഒന്നിച്ച് തീയിടൂ.”

എന്നിട്ട് കുടിലിന് തീയിടുന്നു. തീ കത്തി പടരുന്നത് കണ്ട് അവർ ആർത്ത് അട്ടഹസിക്കുന്നു.

നേതാവ് : ഏയ് കിഴവാ കണ്ടില്ലേ? എനിയും ഞങ്ങളോട് കളിച്ചാൽ നിന്നെയും ഇതുപോലെ കത്തിക്കും. ആരും ചോദിക്കാൻ വരില്ല. നീ അത്ര എളുപ്പം ഇവിടെ നിന്ന് പോവില്ലാന്ന് അറിയാം. ഒരുകാര്യം പറ‍ഞ്ഞേക്കാം. ഇനിയും ആളെ കൂട്ടി സമരം ചെയ്താൽ എല്ലാത്തിന്റെയും ഗതി ഇതായിരിക്കും. ഒന്നിനെയും വെറുതെ വിടില്ല.

നീ കണ്ടോ അധികം വൈകാതെ ഈ പാറമടകളും പൊട്ടിത്തെറിക്കും. അതിന് മുന്പ് സ്ഥലം വിട്ടോളണം.
അവർ എല്ലാ ദേഷ്യവും തീർത്ത് ആർത്ത് വിളിച്ച് വിജയമാഘോഷിച്ച് തിരിച്ചു പോകുന്നു.

അല്പനേരം കഴിഞ്ഞ് മൂത്തോറൻ പാറയിടുക്കിൽ നിന്നും പുറത്തുവരുന്നു. കത്തിയമർന്ന കുടിലിൽ നിന്ന് തുടിയുടെ താളം കരച്ചിൽ പോലെ ഉയർന്നു വരുന്നു. മൂത്തോറൻ ഒരു ഭ്രാന്തനെപ്പോലെ അസ്വസ്ഥനായി പാറയിൽ ചാരി ഇരിക്കുന്നു. കാത് പാറയോടടുപ്പിച്ചു.
നീരൊഴുക്കിന്റെ സംഗീതം അയാൾ കേൾക്കുന്നു.
ഉറവകൾ നിലവിളിക്കുന്നതുപോലെ അയാൾക്ക് തോന്നുന്നു.

“പോയ്ക്കോളൂ… പോയ്ക്കോളൂ.”

ക്വാറികളിൽ നിന്നുള്ള സ്ഫോടനങ്ങളും അരുവികളുടെ നിലവിളിയും അയാളുടെ കാതുകളിൽ വന്ന് അലയ്ക്കുന്നു.
വിത്തുകളും അയാളോട് സംസാരിക്കുന്നതുപോലെ

“ഞങ്ങൾക്ക് മുളക്കണം. മണ്ണിന്റെ ഊർവ്വരതയിൽ ഞങ്ങൾക്ക് കിളിർക്കണം. ജീവന്റെ വിശപ്പകറ്റാൻ ഞങ്ങളെ അനുവദിക്കണം.”

പിന്നെ അയാൾ ഒരു തീരുമാനമെടുത്തു. ഇനി അവിടം വിടുക തന്നെ. ഉള്ളിൽ ദുഃഖം അടക്കി പിടിച്ച് മൂത്തോറൻ താൻ ജീവന് തുല്യം സ്നേഹിച്ച തന്റെ കൃഷിഭൂമി വിട്ട് യാത്രയായി.

തുടിയുടെ സംഗീതം ഉയർന്നു താഴ്ന്നു.

രാത്രി, നിബിഡ വനം

പിന്നണിയിൽ കാടിന്റെ സംഗീതം. കാട് അയാളെ ഒരു കുഞ്ഞിനെ പോലെ സ്വീകരിച്ചു. കാട്ടരുവിയിലെ തെളിനീരും കാട്ടുപഴങ്ങളും കഴിച്ച വിശപ്പകറ്റി. അയാൾ വിശ്രമിക്കാനൊരിടം തേടി നടന്നു. അവിടെ ഒരു അത്ഭുതകരമായ ഒരു കാഴ്ച കണ്ടു. ഒരുവലിയ മരത്തിൽ നിറയെ മിന്നാമിനുങ്ങുകൾ. കൂരിരുട്ടിൻ വെളിച്ചം പകർന്ന് മിന്നാമിനുങ്ങുകൾ അയാൾക്ക് കൂട്ടുവന്നു.

അടുത്ത് കണ്ട ഒരു ഗുഹയിൽ അയാൾ അഭയം തേടി. തന്റെ ചാക്ക് കെട്ടുകൾ കൊണ്ട് ഗുഹാമുഖം അടച്ചുവെച്ചു. ക്ഷീണം കാരണം വേഗം ഉറങ്ങിപ്പോയി. പുറത്ത് ശബ്ദം കേട്ട് അയാൾ ഞെട്ടി ഉണർന്നു. ആരെയോ പേടിച്ച് ഓടി കിതച്ച് കൊണ്ട് ഒരു പുലി അവിടെ എത്തുന്നു. കവാടം അടച്ച് വെച്ചത് കാരണം പുലിക്ക് അകത്ത് കടക്കാൻ കഴിഞ്ഞില്ല. തന്റെ വാസസ്ഥലം മറ്റൊരാൾ കീഴടക്കി എന്ന് മനസ്സിലാക്കിയ പുലി ദേഷ്യത്തോടെ ചാക്ക് കെട്ടുകൾ മാറ്റാൻ ശ്രമിച്ചു. അപ്പോൾ ഗുഹക്കടുത്ത് കൂടി തീപ്പന്തമേന്തിയ ആൾക്കൂട്ടം കടന്നുപോയി. ആൾക്കൂട്ടം വിളിച്ചു പറയന്നുണ്ടായിരുന്നു. “അവനെ വെറുതെ വിടരുത് കയ്യോടെ പിടികൂടണം.”

ഇതുകേട്ട് പുലിയും മൂത്തോറനും ഒരുപോലെ ഭയപ്പെടുന്നു. പുലിക്ക് മറ്റ് വഴികൾ ഉണ്ടായിരുന്നില്ല. തന്റെ സർവ്വശക്തിയുമുപയോഗിച്ച് ചാക്ക് കെട്ടുകൾ നീക്കി പുലി മടയ്ക്കകത്ത് കയറുന്നു. അകത്ത് ഒരു മനുഷ്യനെ കണ്ട പുലി ഞെട്ടുന്നു. ഭയത്തോടെയും സംശയത്തോടെയും പുലി മൂത്തോറനെ തുറിച്ചു നോക്കുന്നു.

പുലി : ആരാണ് നീ?

നിസ്സംഗതയോടെ
മൂത്തോറൻ : ഞാൻ ഒരു യാത്രക്കാരൻ. മൂത്തോറൻ എന്ന് പറയും.

പുലി : സത്യം പറയൂ നീ അവരുടെ കൂടെയുള്ള ആളല്ലേ. ഇപ്പോൾ കടന്നുപോയവരുടെ കൂടെയുള്ള. എന്റെ വാസസ്ഥലത്ത് നിനക്ക് എന്താണ് കാര്യം. ഈ ചാക്ക് കെട്ടുകൾക്ക് അകത്ത് എന്താണ് ആയുധങ്ങളെല്ലെ?

മൂത്തോറൻ : അല്ല വിത്തുകൾ

പുലി : വിത്തുകളോ?

മൂത്തോറൻ : അതെ, തലമുറകളായി കൈമാറി വന്ന വിത്തുകൾ. കാടിന് പുറത്തുള്ള കൃഷിയിടത്ത് ഞാനും എന്റെ പൂർവ്വീകരും വിളയിച്ചെടുത്ത വിത്തുകൾ. ഇത് നശിക്കാതെ പുതിയ തലമുറയ്ക്ക് കൈമാറണം.

പുലി : അപ്പോൾ കാടിനകത്ത് നിനക്ക് എന്താണ് കാര്യം. ഞങ്ങളെ വേട്ടയാടാനോ? അങ്ങനെയെങ്കിൽ എനിക്ക് നിന്നെ ഭക്ഷണമാക്കേണ്ടി വരും.

മൂത്തോറൻ : ഞാൻ ഒരു വേട്ടക്കാരനല്ല.

പുലി : നീ വല്ലാതെ ഭയപ്പെടുന്നുണ്ടല്ലോ? നീ ആരെയാണ് ഭയപ്പെടുന്നത്?

മൂത്തോറൻ : ഞങ്ങളുടെ കൂട്ടത്തിൽ പെട്ടവരെ തന്നെ. മണ്ണിൽ കൃഷി ചെയ്യുന്നതിന് പകരം കുന്നും മലകളും ഇടിച്ച് നിരത്തി വനഭൂമി മരുഭൂമി ആക്കി മാറ്റുന്നവരെ. നീ ഭയപ്പെടുന്നത് ആരെയാണ് ?

പുലി : ഓഹോ. അപ്പോൾ അവർ നിന്റെയും ശത്രുവാണല്ലേ? ഞാൻ ഭയപ്പെടുന്നത് അവരെ തന്നെയാണ്.

ഇതിനിടയിൽ തപ്പ് കൊട്ടി പന്തമേന്തി വീണ്ടും ആൾക്കൂട്ടമെത്തുന്നു. മൂത്തോറനും പുലിയും മടയിൽ തന്നെ ഒളിച്ചിരിക്കുന്നു. പുലി മൂത്തോറനെ ചാക്ക് കെട്ടുകൾക്കിടയിൽ ഒളിപ്പിക്കുന്നു. എന്നിട്ട് ആളുകളുടെ ചലനം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. രണ്ടു പേരുെടയും കണ്ണുകളിലും ഭയം, ആൾക്കൂട്ടം ആരവത്തോടു കൂടി ഗുഹയ്ക്ക് മുന്പിലെത്തി. പുലി ഒരു രക്ഷകനെപ്പോലെ മൂത്തോറനെ തന്റെ പുറകിൽ ഒളിപ്പിക്കുന്നു. ആൾക്കൂട്ടത്തിന് അവരെ കാണാൻ കഴിഞ്ഞില്ല. കുറച്ച് നേരത്തെ തിരച്ചിലിനു ശേഷം ആൾക്കൂട്ടം കടന്നുപോകുന്നു. അവർക്ക് രണ്ടുപേർക്കും ആശ്വാസമായി. ഭയത്തിന്റെ നിഴലിൽ അവ‍ർക്കിടയിൽ ഒരു ആത്മബന്ധം ഉടലെടുത്തു.

മൂത്തോറൻ : അവ‍ർ ആരെയാണ് തിരയുന്നത്? നിന്നെയോ അതോ എന്നെയോ?

പുലി : അറിയില്ല. ഒരുപക്ഷെ എന്നെയായിരിക്കും. ഞാനും എന്റെ ഇണയും ദിവസങ്ങളായി പട്ടിണിയിലായിരുന്നു.

മൂത്തോറൻ : പട്ടിണിയിലോ?

പുലി : അതെ കാട് മനുഷ്യൻ കയ്യേറിയപ്പോൾ, ചെറുജീവികൾ അപ്രത്യക്ഷമായപ്പോൾ എന്റെ ഇണയും ഞാനും തെറ്റാണെങ്കിലും കാടിനടുത്തുള്ള ഗ്രാമത്തിൽ നിന്നും ഒരു പശുക്കുട്ടിയെ പിടിച്ചു. അപ്പോൾ അവർ ഞങ്ങളുടെ ശത്രുക്കളായി.

മൂത്തോറൻ : എന്നിട്ട്

പുലി : ആളുകൾ കൂടി ഞങ്ങളെ ഓടിച്ചു.

മൂത്തോറൻ : നിന്റെ ഇണ ഇപ്പോൾ എവിടെയാണ്?

ഇതുകേട്ട പുലിയുടെ കണ്ണുകൾ ഈറനണിഞ്ഞു. അവൻ ദുഃഖിതനായി. കുറച്ച് നേരത്തേക്ക് മൗനത്തിന് ശേഷം തുടർന്നു.

പുലി : പാവം അവൾ! എവിടെയാണെന്ന് എനിക്ക് അറിയില്ല. ജീവനും കൊണ്ടുള്ള ഓട്ടത്തിനിടയിൽ ഞങ്ങൾ രണ്ടുപേരും രണ്ട് വഴിക്കായി. ഞാൻ അവളെ തിരഞ്ഞ് കൊണ്ടിരിക്കയാണ്.

മൂത്തോറൻ : സാരമില്ല. നീ സങ്കടപ്പെടണ്ട. അവൾ തിരിച്ചുവരും.

പുലി : ഈ മനുഷ്യരെന്തിനാണ് വെറുതെ കാട്ടിൽ കയറി ഞങ്ങളെ ഉപദ്രവിക്കുന്നത്.

മൂത്തോറൻ : ചില മനുഷ്യർ അങ്ങനെയാ. ആർത്തി മൂത്ത പിശാചുക്കളാണവർ. അവർ ഈ കാടിനെ മാത്രമല്ല, ഈ ഭൂമിയെ തന്നെ നശിപ്പിക്കും.

പുലി : വിശപ്പ് സഹിക്കാൻ വയ്യാഞ്ഞിട്ടാ അന്ന് അങ്ങനെ ചെയ്ത് പോയത്. അന്ന് പശുക്കുട്ടിയെ ഞങ്ങൾക്ക് പിടിക്കാൻ കഴിഞ്ഞിട്ടുമില്ല.

മൂത്തോറൻ : നീ ഒരു പശുവിനെ പിടിക്കാൻ ശ്രമിച്ചു. അതും വിശപ്പടക്കാൻ. പക്ഷെ നിനക്ക് അറിയാത്ത പല കള്ള കളികളുമുണ്ട് നാട്ടിൽ. നാട്ടിലെ പല വളർത്തു മൃഗങ്ങളും ഈ സമയം അപ്രത്യക്ഷമാകും. അവരുടെ ഇടയിലുള്ള കള്ളന്മാർ വളർത്തുമൃഗങ്ങളെ കശാപ്പ് ചെയ്ത് കാശാക്കും. എന്നിട്ട് അതിന്റെ കുറ്റവും നിങ്ങളുടെ തലയിൽ കെട്ടി വെക്കും. ഉടമസ്ഥന് സർക്കാർ വക നഷ്ടപരിഹാരവും ലഭിക്കും.

പുലി : ഓ… വല്ലാത്ത മനുഷ്യർ… ആവശ്യമുള്ളത് എടുത്തോളൂ. എന്നാലും ഞങ്ങളെ എന്തിനാണ് കാട്ടിൽ കയറി വന്ന് ഉപദ്രവിക്കുന്നത്. വെറുതെ വിട്ടുകൂടെ.

മൂത്തോറൻ : അങ്ങനെ ഉള്ളവരായിരുന്നു എൻ്റെ പൂർവ്വീകർ. അവർ ഈ പ്രകൃതിയിൽ നിന്ന് ആവശ്യമുള്ളതേ എടുത്തിരുന്നുള്ളൂ. പക്ഷെ ആർത്തി പുതിയ മനുഷ്യർ അങ്ങനെ അല്ല ഈ ഞാനടക്കം അവരുടെ ഇരയാണ്.

പഴയ കാലത്തിലേക്ക് മൂത്തോറൻ പുലിയെ കൂട്ടിക്കൊണ്ടുപോകുന്നു.
പഴയ മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന ദൃശ്യങ്ങളും സംഗീതവും മാറി മറിയുന്നു. കൃഷി ഗീതയിലെ വരികൾ

കാട്ടിലെ അരുവികൾ വറ്റുന്പോൾ മനുഷ്യൻ മൃഗങ്ങൾക്ക് വേണ്ടി കുളങ്ങൾ കുഴിച്ച് കൊടുക്കുന്ന ദൃശ്യങ്ങൾ.

പുലിയും മൂത്തോറനും കൂടുതൽ അടുക്കുന്നു.

പുലി : നിന്റെ പൂർവ്വീകർ എത്ര നല്ലവരായിരുന്നു. നീ അതിലെ അവസാനത്തെ കണ്ണിയാണോ? പുതിയ തലമുറക്ക് വേണ്ടി വിത്തുകൾ ശേഖരിച്ച് ജീവൻ അപകടപ്പെടുത്തി യാത്ര ചെയ്യുന്ന നിന്നെ എനിക്ക് വലിയ ഇഷ്ടമായി ശരിക്കും.

മൂത്തോറൻ : ഒരു യഥാർത്ഥ മനുഷ്യൻ ചെയ്യുന്നതേ ഞാനും ചെയ്യുന്നുള്ളൂ എന്നാണ് തോന്നിയിട്ടുള്ളത്. അവർ മുന്നോട്ട് സഞ്ചരിക്കുന്നു. പരസ്പരം തുണയായി. ശത്രുവിന്റെ ആക്രമണം ഏതു നിമിഷവും മുന്നിൽ കണ്ട് കൊണ്ട് കരുതലോടെ.

ഒരിടത്ത് എത്തിയപ്പോൾ മുൾപ്പടർപ്പിൽ കുരുങ്ങി കാറ്റിൽ പറക്കുന്ന ഒരു ചുവന്ന തോർത്ത് മൂത്തോറന്റെ ശ്രദ്ധയിൽ പെട്ടു. അത് മരുതിന്റെ തോർത്താണെന്ന് അയാൾക്ക് മനസ്സിലായി. മൂത്തോറൻ അസ്വസ്ഥനായി അവനെന്ത് പറ്റി? അവന്റെ തോർത്ത് എങ്ങിനെ ഈ കാട്ടിലെത്തി. അയാൾക്ക് ഭീതി തോന്നി ഇത് കണ്ട് പുലി ചോദിച്ചു.

പുലി : എന്തുപറ്റി?

മൂത്തോറൻ : ഇത് എന്റെ ഉറ്റ മിത്രം മരുതെന്ന യുവാവിന്റെ തോർത്ത് മുണ്ടാണ്. അവൻ എപ്പോഴും അരയിൽ മുറുക്കികെട്ടി നടക്കാറുള്ള അവന്റെ ചുവന്ന തോർത്ത് മുണ്ട്. ഇത് മുറുക്കി കെട്ടിയാൽ അവന് വല്ലാത്തൊരു ആവേശമായിരുന്നു.

പുലി : അയാൾ നിന്റെ കൂടെ വന്നിരുന്നോ?

മൂത്തോറൻ : ഇല്ല പക്ഷെ ഗുണ്ടകൾ എന്നെ തിരഞ്ഞ് വരുന്നുണ്ടെന്ന് അവനാണ് എന്നെ വിവരമറിയിച്ചത്. അതുകൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത്. പക്ഷെ അവൻ അവനെ അവർ??

പുലി : ഏയ് അവന് ഒന്നും സംഭവിക്കില്ല. നീ ഇവിടെ വിശ്രമിക്കൂ. ഞാൻ അന്വേഷിച്ചു വരാം

ഇത് പറഞ്ഞ് പുലി മുന്നോട്ട് മണം പിടിച്ച് കുതിച്ചു. കുറേ നേരം കാട്ടിലൂടെ ഓടി തിരിച്ചു വന്നു. എന്നിട്ട് നിരാശനായി പറഞ്ഞു.

“ദൂരെ നിന്ന് ആളുകളുടെ ആരവം കേൾക്കുന്നുണ്ട്. ഇവിടം ഭദ്രമല്ല. നീ ഇനി എന്റെ കൂടെ നിൽക്കുന്നത് ശരിയായിരിക്കില്ല. എന്റെ നേരെ ഏതു നിമിഷവും വെടിയുണ്ടകൾ ചീറി വന്നേക്കാം.”

മൂത്തോറൻ : എനിക്ക് മരണത്തെ പേടിയില്ല. എന്റെ വിത്തുകളെ കുറിച്ച് ഉത്കണ്ഠയുണ്ട്.

പുലി : ശരിയാണ് വിത്തുകൾ നിന്റെ കൈയിൽ ഭദ്രമായിരിക്കണം. പക്ഷെ എന്റെ പ്രിയപ്പെട്ടവൾ എവിടെ ആയിരിക്കും അവൾക്ക് വല്ലതും സംഭവിച്ചിരിക്കുന്പോൾ അവൾക്ക് തിരിച്ച് തിരിച്ച് വരില്ലെ?

മൂത്തോറൻ : എനിക്ക് പ്രതീക്ഷയുണ്ട്.അവൾ തിരിച്ചുവരും. അവൾ എവിടെയെങ്കിലും നമ്മെ പോലെ ഒളിച്ചിരിക്കുന്നുണ്ടായിരിക്കും. എനിക്ക് ഉറപ്പാ!

ദൂരെ നിന്ന് ആളുകളുടെ ബഹളം. പുലിയും മൂത്തോറനും ഒരു പാറപ്പുറത്ത് കയറി ബഹളം കേട്ട ഭാഗത്ത് ശ്രദ്ധിക്കുന്നു.

പുലി : ഇങ്ങനെ പോയാൽ ഇനി നമ്മൾ എങ്ങനെ ജീവിക്കും. അത്രയ്ക്ക് അപകടമാകുകയാണ് കാര്യങ്ങൾ.

മൂത്തോറൻ : അതാ അങ്ങ് ദൂരെ തീപ്പന്തങ്ങൾ തോക്ക് ധാരികളായ മനുഷ്യർ.

പുലി : ഇനി നിങ്ങൾ പോയ്ക്കൊളൂ

മൂത്തോറൻ : എനിക്ക് ഈ കാട് വിട്ട് പോകാൻ തോന്നുന്നില്ല. ഇനി ഈ കാടിനെ ആര് രക്ഷിക്കും?

പുലി : നിനക്കെന്നല്ല ആർക്കും രക്ഷിക്കാനാവില്ല, പക്ഷെ പ്രകൃതി തന്നെ അതിന്റെ രക്ഷകനാണ്. ഈ സഹ്യാദ്രിക്കറിയാം അതിനെ സ്വയം രക്ഷിക്കാൻ. പക്ഷെ ചൂഷണം അധികമായാൽ തിരിച്ചടി ഉറപ്പാ.

മൂത്തോറൻ മരുതിന്റെ തോർത്തുമുണ്ട് എടുത്ത് അരയിൽ കെട്ടുന്നു. എന്നിട്ട് പുലി കാണിച്ച് കൊടുത്ത വഴിയിലൂടെ നടക്കുന്നു.

പുലി : ആ കാണുന്ന പുഴ കടന്ന് ഇത്തിരി നേരം നടന്നാൽ ഗ്രാമത്തിലെത്താം. മൂത്തോറനും പുലിയും പരസ്പരം യാത്ര പറഞ്ഞ് മനസ്സില്ലാ മനസ്സോടെ പിരിയുന്നു.

സീൻ മൂന്ന്

ആദ്യരംഗത്തിലെ അതേ രംഗ സജ്ജീകരണം
സന്ധ്യ

മങ്ങിയ വെളിച്ചത്തിൽ പുലിക്കൂട് കാണാം. ഗാർഡ് തോക്ക് പിടിച്ച് തല താഴ്ത്തി ഉറക്കം തൂങ്ങിയിരിപ്പാണ്. കാടിന്റെ സംഗീതം പിന്നണിയിൽ കേൾക്കാം. രണ്ടുപേർ പ്രവേശിക്കുന്നു. അവർ നന്നായി മദ്യപിച്ചിട്ടുണ്ട്. അതിൽ ഒന്നാമൻ ഉറക്കം തൂങ്ങി ഇരിക്കുന്ന ഗാർഡിനടുത്ത് ചെന്ന് കൂർക്കം വലിക്ക് കാതോർക്കുന്നു.

ഒന്നാമൻ : ഓ എന്നാ വലിയ അമ്മച്ചീ. വെറുതെയല്ല പുലി ഈ വഴിക്കൊന്നും വരാത്തത്.

ശബ്ദം കേട്ട് ഗാ‍ർഡ് എഴുന്നേൽക്കുന്നു.
അയാൾ അലർട്ട് ആകുന്നു. തോക്ക് ചൂണ്ടി അവരെ പേടിപ്പിക്കുന്നു.

രണ്ടാമൻ : പിന്നെ പേടിപ്പിക്കാതെ സാറെ. നിങ്ങൾ ചുണക്കുട്ടിയാണെങ്കിൽ പുലിയെ പിടിച്ച് കാണിക്ക്.

ഒന്നാമൻ : അതെ നിങ്ങൾ കൂടും വെച്ച് ഉറക്കം തൂങ്ങാൻ തുടങ്ങിട്ട് എത്ര ദിവസമായി സാറെ.

ഇതുകേട്ട് ഗാർഡിന് ദേഷ്യം വരുന്നു.

ഗാർഡ് : കൂടുതൽ നെഗളിച്ചാലുണ്ടല്ലോ! രണ്ടിനെയും ‍‍‍ഞാൻ അഴിക്കകത്താക്കും. ബഹളം വെക്കാതെ വിട്ടാട്ടെ. ഉം വേഗം. അവർ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായി അടുത്ത് ചെന്ന്.

ഗാ‍ർഡ് : എടാ കള്ളു കുടിച്ചിട്ടുണ്ടോടോ?

ഒന്നാമൻ : ഇല്ല സർ, പിന്നെ തണുപ്പൊക്കെ അല്ലേ… അതുകൊണ്ട് വെറുതെ ഒരു രസത്തിന്

അവർ തിരിച്ചു പോകാൻ ഒരുങ്ങുന്പോൾ ഗാർഡ് അവരെ തിരിച്ചു വിളിക്കുന്നു.
ദേഹപരിശോധന നടത്തുന്നു.ഒരാളുടെ അരയിൽ നിന്നും മദ്യക്കുപ്പി കിട്ടുന്നു.

ഗാർഡ് : അതുശരി. അപ്പോ തുടങ്ങീട്ടെ ഉള്ളൂ. ഓക്കെ. എന്നാ പിന്നെ തണുപ്പ് മാറ്റിയാലോ?

ഒന്നാമൻ : അതു ശരി അപ്പോ പിന്നെ സാറിന്റെ കൂടെ ഇന്നങ്ങ് അടിച്ച് പൊളിക്കാം

അവർ മദ്യം കഴിക്കുന്നു. മദ്യലഹരിയിൽ നാടൻപാട്ട് പാടുന്നു.

ഒന്നാമൻ : സാറെ ഞാൻ ഒന്ന് ചോദിച്ചോട്ടെ സത്യത്തിൽ പുലിയിറങ്ങിയിട്ടുണ്ടോ? കൊറെ ദിവസമായില്ലേ നമ്മൾ ഇങ്ങനെ കൂടും വെച്ച് കാത്തിരിക്കുന്നു?

രണ്ടാമൻ : പിന്നെ അല്ലാതെ എൻ്റെ രണ്ട് ആട്ടിൻകുട്ടികളെയല്ലേ അവൻ അടിച്ച് കൊണ്ടുപോയത്?

ഒന്നാമൻ : ഹഹ അത് മനസ്സിലായി സാറെ. ആ പുലി ഇവൻ തന്നെയാ. ഭാര്യ കാണാതെ ആട്ടിൻ കുട്ടികളെ ഇവൻ തന്നെ ചന്തയിൽ കൊണ്ടുപോയി വിറ്റതാ.

ഗാ‍ർഡ് : ആണോടാ….

രണ്ടാമൻ : സാറെ അത് പിന്നെ….

ഒന്നാമൻ : സാറ് കണ്ടിട്ടുണ്ടോ ഈ പുലിയെ ?

ഗാ‍ർഡ് : അവൻ ഇന്നലെ ദാ അവിടെ ആ വീട്ടിമരത്തിന്റെ അടുത്തുവരെ വന്നിരുന്നു.

ഇത് കേട്ടതും ‘അയ്യോാാാ’ എന്ന് വിളിച്ച് രണ്ടുപേരും ചാടി എഴുന്നേറ്റ് ഗാർഡിന്റെ അടുത്ത് വന്നിരിക്കുന്നു.

രണ്ടുപേരും : നേരാണോ സർ?

ഗാർഡ് : പുലിന്നൊക്കെ പറഞ്ഞാൽ ഇവനാ പുലി ഒരഞ്ചടി നീളം അതിനൊത്ത വണ്ണം അവന്റെ കൈകാലുകളൊക്കെ ഒന്ന് കാണണം! തടിച്ച് കൊഴുത്ത്, ഞാൻ എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഇത്രയും വലിയ ഒരു െമണ്ടൻ പുലിയെ! എന്താ അവന്റെ മുറത്തെ ഒരു ക്രൗര്യം കാണേണ്ടതു തന്നെയാ!

ഗാ‍ർഡിന്റെ ഈ വിവരത്തിനനുസരിച്ച് രണ്ടുപേരും പേടിച്ച് വിറക്കുന്നുണ്ട്. അവിടെ വന്ന് പെട്ടല്ലോ എന്ന മട്ടായി. അവർ അടിച്ച മദ്യത്തിന്റെ ലഹരി ഒക്കെ ഉരുകി പോയതുപോലെ അവർ തല കുലുക്കുന്നുണ്ട്.

ഗാർഡ് : അവന് ഈ കൂട് മതിയാകോന്നാ എനിക്ക് സംശയം

ഒന്നാമൻ : പേടിപ്പിക്കാതെ സാറെ അടിച്ചതെല്ലാം ഇറങ്ങിപ്പോയ്. ഇനി എങ്ങനെയാ കിടന്ന് ഉറങ്ങുന്നത്.

രണ്ടാമൻ : സാറെ ഞാനൊരു കാര്യം പറയാനാ ശരിക്കും ഇവിടെ വന്നത്.
ഓർത്തെടുത്ത്
സാറെ നമ്മുടെ ചാലിലെ രാജീവേട്ടനും കൂട്ടരും

അതിനിടയിൽ ഒന്നാമൻ ഇടപെടുന്നു.

ഒന്നാമൻ : ചാലിലല്ല… മീത്തലെ വീട്ടിൽ

രണ്ടാമൻ : അല്ല ചാലിൽ രാജീവൻ

ഒന്നാമൻ : മീത്തലെ വീട്ടിൽ

അവർ തമ്മിൽ തർക്കമാകുന്നു. ഗാർഡ് ഇടപെടുന്നു.

ഗാർഡ് : ഒന്നു നിർത്തെടോ. ചാലിലോ ഏത് കോപ്പിലോ ആട്ടെ കാര്യം പറഞ്ഞ് തുലക്ക്.

രണ്ടാമൻ : രാജീവനും കൂട്ടരും കോഴിപിണ്ധത്തിൽ എന്തോ കലക്കി വെച്ചിട്ടുണ്ട് പുലിയെ കൊല്ലാൻ.

ഒന്നാമൻ : പുലിക്ക് ഈ കോഴി പാട്സ് വലിയ ഇഷ്ടാ സാറേ.

ഇത് കേട്ടപ്പോൾ ഗാർഡ് അലർട്ട് ആകുന്നു.

ഗാർഡ് : നീ കണ്ടോ…ടാ

രണ്ടാമൻ : അല്ല ‍ഞാൻ കണ്ടില്ല. വീട്ടിൽ പേരക്ക പറിക്കാൻ വന്ന കുട്ടികൾ പറേന്ന് കേട്ടതാ.

ഒന്നാമൻ : ശരിയാ സാറെ പേരക്ക പറിക്കാൻ കുട്ടികൾ വന്നിട്ടുണ്ട്.

ഇത്കേട്ട് ഗാർഡിന് ദേഷ്യം വരുന്നു.

ഗാർഡ് : അങ്ങനെ വല്ലതും സംഭവിച്ചാ നോക്കിക്കോ എല്ലാത്തിനേം ഞാൻ കൂട്ടിലാക്കും.ഒന്ന് പോയ് തുലയെടാ…. ഓന്റെ ഒരു കോഴി പാട്സും പേരക്കയും

രണ്ടുപേരും അവിടെ നിന്ന് തടിതപ്പുന്നു

രാവ് ഏറെ ആയി. ഗാ‍ർഡ് നല്ല ഉറക്കത്തിലാണ്. എന്തോ കണ്ട് പേടിച്ച് ആടിന്റെ കരച്ചിൽ കേൾക്കാം. പെട്ടെന്ന് പുലികൂടിന്റെ വാതിൽ അടയുന്ന ശബ്ദം. ഇതുകേട്ട് ഗാർഡ് ഞെട്ടി ഉണരുന്നു. പിന്നെ അയാൾ ഒന്നും ആലോചിച്ചില്ല. കൂട്ടിലേക്ക് തന്റെ തോക്കിൽ നിന്നും നിറയൊഴിക്കുന്നു.

ഗാർഡ് ഓഫീസറെ വിവരമറിയിക്കുന്നു. ഓഫീസർ സ്ഥലത്തെത്തുന്നു.

പുലി കുടുങ്ങിയെന്ന വാർത്ത നാട്ടിൽ പരക്കുന്നു. ആളുകൾ കൂട്ടമായി എത്തിത്തുടങ്ങി. അവർ സന്തോഷിക്കുന്നു. ആർപ്പ് വിളികളും തപ്പ് കൊട്ടലും ഉയർന്ന് കേൾക്കാം. പക്ഷെ ഓഫീസറും ഗാർഡും അസ്വസ്ഥരാണ്.

പുലിക്കൂട്ടിനടുത്തേക്ക് വരാൻ അവർ ആരെയും അനുവദിക്കുന്നില്ല. പുലിയെ കാണണമെന്ന് പറഞ്ഞ് ആളുകൾ ബഹളം വെക്കുന്നു. അളനക്കം കേട്ടാൽ പുലി ഉണരാൻ സാധ്യതയുണ്ടെന്നും അത് അപകടമാണെന്നും ഓഫീസർ ജനങ്ങളെ ധരിപ്പിക്കുന്നു.

പുലിയെ കാണാൻ പറ്റാത്ത നിരാശയോടെ ആളുകൾ പിരിഞ്ഞു പോകുന്നു.
ഗാ‍ർഡും ഓഫീസറും കൂട്ടിലേക്ക് ഒന്ന് കൂടി ടോർച്ച് തെളിക്കുന്നു.
പുലിക്ക് പകരം കൂട്ടിൽ കുടുങ്ങിയത് വിത്തുമായി എത്തിയ മൂത്തോറനാണെന്ന സത്യമറി‍ഞ്ഞ അവർ ‍ഞെട്ടുന്നു.
അവർ മൂത്തോറനെ ഉണർത്താൻ ശ്രമിക്കുന്നുണ്ട്. പക്ഷെ നെ‍ഞ്ചിൽ തന്നെ വെടിയേറ്റതിനാൽ മൂത്തോറൻ മരിച്ചിരുന്നു.
ഉടുക്കിന്റെ താളം ഉയരുന്നു.
അരങ്ങിൽ വെളിച്ചമണി‍ഞ്ഞ് തെളിയുന്പോൾ പുലിക്കൂട്ടിനകത്ത് നെൽവിത്തുകൾ മുളച്ചുവരുന്നു. ഞാറ്റടിയായി മാറിയ പുലിക്കൂട് ഹരിതാഭമാകുന്നു. ഇളംകാറ്റ് വന്ന് നെൽച്ചെടികളെ തഴുകുന്നു. അപ്പുറത്ത് കുറെ ആളുകൾ ചേർന്ന് ഒരു പുലിയുടെ ജഡം മുളക്കന്പിൽ കെട്ടി നടന്നു പോകുന്നത് കാണാം.
വെളിച്ചം അണഞ്ഞ് വീണ്ടും തെളിയുന്നു.
ഭൂതകാലത്തെ ഓർമ്മപ്പെടുത്തി കാടിന്റെ സംഗീതം ഉയർന്നു വരുന്നു.
മലയടിവാരത്തിലൂടെ ഒരു ചെറുപ്പക്കാരൻ വിത്തും കൈക്കോട്ടുമായി നടന്നു നീങ്ങുന്നു. മരുതിന്റെ ചുവന്ന തോർത്തുമുണ്ട് അയാളും തലയിൽ കെട്ടിയിട്ടുണ്ട്.
കൃഷിഗീതയിലെ വരികൾ

… കർട്ടൻ…

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...