Friday, January 27, 2023
HomeTHE ARTERIASEQUEL 05പതിനെട്ടാമത്തെ നിറം

പതിനെട്ടാമത്തെ നിറം

പൈനാണിപ്പെട്ടി

വി. കെ. അനിൽകുമാർ

പാട്ട്.

പാട്ട് ഒരു നാടിൻ്റെ അടയാളവാക്യമാണ്.
ഇത്രയധികം പാട്ടുകളുള്ള ദേശം വേറെയുണ്ടാകുമോ.
ഈ കാണുന്ന കാട് ഈ നീലാകാശം ഈ പുഴയഴക് ആരുടെ രചനയാണ്.
ഈ പാട്ടായ പാട്ടുകളൊന്നും
എഴുതിയതല്ല പാടിയതാണല്ലോ
എഴുതിയുറപ്പിക്കും മുന്നേ പാടിപ്പാടിചുവടുറച്ച കളിപ്പാട്ടുകൾ..

പാട്ടുകൾ പലതുണ്ട്
പാടിയ പാട്ടുകൾ
കെട്ടിയ പാട്ടുകൾ
എഴുതിയ പാട്ടുകൾ
ഓർമ്മകളുടെ പുവരമ്പിൻ്റെ അറ്റാംകൊടിക്കൊരു പാട്ടുമരമുണ്ട്.
മരത്തിന് ചുറ്റിലും കളിച്ചിന്ദു പാടിക്കളിക്കുന്ന കുട്ടികൾ….
വേനൽച്ചൂടിൽ വാടി നിറം കെട്ട ശരീരങ്ങൾ.
പൂവാളിയിൽ ഒന്നാം നിറം പാടിത്തിളങ്ങി
പൂർണ്ണാഹരിയിൽ രണ്ടാം നിറപ്പൊലിമ
വനാഹരിയുടേയും കനകാഹരിയുടേയും നിറഭേദങ്ങൾ…
ഓരോരോ നിറഭേദങ്ങളിലൂടെ ചുവട് വെച്ച് കുട്ടികൾ പാടിയാടുകയാണ്

”ഒന്നായോരേക സ്വരൂപവും വാഴുകവേ.
രണ്ടായി നിന്ന ശിവശക്തി വാഴുക വേ..
മൂന്നായ മൂർത്തികൾ മൂവരും വാഴുകവേ..
നാലായ വേദവും നാൻമുഖൻ വാഴുകവേ..
അഞ്ചായ പഞ്ചഭൂതങ്ങളും വാഴുകവേ..
ഇസ്ഥലം നല്ലോരരംഗകം വാഴുകവേ..
ഇസ്ഥലം വാഴും ഭഗവതി വാഴുകവേ..
ആരിയ പൂമാല ശ്രീപാദം വാഴുക വേ..
ആരിയ പൂമാരുതൻ ദൈവം വാഴുകവേ
വിഷ്ണു മൂർത്തീ പാദം തൃഷ്ണയിൽ വാഴുകവേ..
പന്തലും വാഴ്കപരദൈവം വാഴുകവേ..
പന്തലിൽ വെച്ചുള്ള ദീപവും വാഴുകവേ
പാടും പണിക്കരും ബാലന്മാർ വാഴുകവേ
കളി കാൺമാൻ വന്ന മഹാജനം വാഴുകവേ
നൻമയോടെൻ്റെ ഗുരുപാദം വാഴുകവേ… ”

athmaonline-the-arteria-painanippetti
ചിത്രീകരണം – രാജേന്ദ്രൻ പുല്ലൂർ

പൂരക്കളിപ്പാട്ടുകൾ മഥിക്കുന്നതു പോലെ മറ്റൊരു പാട്ടനുഭവം വേറെ ഇല്ല.
ഏത് ദേശത്തായാലും ഏത് കാലത്തായാലും ഈ കളിപ്പാട്ടുകളുടെ കയങ്ങളിൽ പെട്ട് നിലയില്ലാതെ കൈകാലിട്ടടിക്കും.
മീനത്തിലെ തീവെയിലേറ്റ് വിണ്ടു കീറിയ കണ്ടത്തിലൂടെ കാലു പൊള്ളി കളിപ്പന്തലിലേക്ക് നടക്കുകയാണ്…
കുന്നച്ചേരി പൂമാലക്കാവിലെ കളിപ്പന്തൽ
ഉമ്പർകോൻ്റെ വമ്പും പ്രതാപവുമായി പന്തലിലുയർന്ന ഹിമവൽശൃംഗസമം രാമന്തളി ക്യഷ്ണൻ പണിക്കർ.
വെൺനരയുടെ വെഞ്ചാമരം ചൂടിയ പണ്ഡിതസാർവ്വഭൗമൻ.
നിസ്തോഭൻ.
നിരഹങ്കാരൻ
എതിർ കളിക്കാരൻ മാധവമധുവോലുന്ന യൗവ്വനാംഗൻ മാധവൻ പണിക്കർ.
പുലിക്കോടിൻ്റെ പുലിവീര്യം കോരി നിറച്ചാണ് മനീഷിയായ വയലിൽ കുഞ്ഞിരാമൻ പണിക്കർ മാധവൻ പണിക്കരെ നിർമ്മിച്ചിരിക്കുന്നത്
കൂട്ടുപുരികവും പുറത്തെ ചുരുണ്ട രോമക്കെട്ടുകളും യൗവ്വനത്തിൻ്റെ ഗാംഭീര്യമുദ്രകൾ…
കെട്ടിയുടുത്ത് പൊൻവള ചൂടിയ പുലിക്കോട് മാധവൻ പണിക്കരെ കണ്ടു കണ്ടിരിക്കാനുള്ള രസം….

നമ്പൂതിരിമാരുടെ അന്യോന്യം പോലെയല്ല.. ഇത് മൂക്കിന്മേൽ മുഞ്ചുള്ള തീയ്യരുടെ സംസ്കൃതം ആഞ്ഞുവീശിയുള്ള പൊയ്ത്താണ്.
കളിമൂത്തുമൂത്ത് മറത്ത് കളി കയ്യാങ്കളിയായി മാറിയ അനുഭവങ്ങൾ ഏറെയുണ്ട്..

തിളച്ചുമറിയുന്ന മീനത്തിലെ നട്ടുച്ച.
അതിലും തിളച്ചുമറിയുന്ന തർക്കസഭ.
സംസ്കൃതസാഹിത്യത്തിൻ്റെയും അലങ്കാരത്തിൻ്റെയും ശാസ്ത്രങ്ങൾ മാലപ്പടക്കം പോലെ പൊട്ടുകയാണ്.
ഭാമഹനും ദണ്ഡിയും രാജശേഖരനും മമ്മടനും എന്താണുണ്ടാവുകയെന്നറിയാതെ സംഭ്രപ്പെട്ടു.
നാടൻറാക്കി ൻ്റെ രൂക്ഷഗന്ധത്തിൽ കണ്ണുകലങ്ങിയ തീയ്യന്മാർ അടിയുണ്ടാക്കാൻ ഒരേതുവിനായി കാത്തുനിന്നു.
അക്ഷരം പഠിക്കാത്ത അവർക്ക് തർക്കത്തിൻ്റെ ന്യായാന്യായങ്ങളൊന്നും തിരിഞ്ഞില്ല.
പക്ഷേ യുവാവായ മാധവൻ പണിക്കർ തൊടുത്ത ആയുധങ്ങളിൽ ചിലത് പണ്ഡിത കേസരിയായ രാമന്തളി ക്യഷ്ണൻ പണിക്കരെ മുറിവേൽപിക്കുന്നുണ്ടെന്ന് തീയ്യന്മാർക്ക് മനസ്സിലായി…
തർക്കഭൂമി അതിൻ്റ എല്ലാ വീറും വാശിയും കൊണ്ട് ചുട്ടുപൊള്ളി.
നിയന്ത്രണം കൈവിട്ടുപോകുമെന്ന അവസ്ഥ വന്നപ്പോൾ മുൻഷി എടപെട്ടു. അത് വരെ കത്തിയാളിയ തീജ്വാലയ്ക്ക് മുകളിൽ വെള്ളമൊഴിച്ചതു പോലെ തർക്ക വേദി നിശ്ചലം , നിശ്ശബ്ദം.
അറിവിനാൽ വിനീതനായ ആചാര്യൻ സാക്ഷാൽ ഒ.കെ.മുൻഷി.
കറുത്ത കട്ടിക്കണ്ണട പൂർണ്ണചന്ദ്രാനനം .
ജ്ഞാനസ്വരൂപം.
മുൻഷി സൗമ്യമായി അർത്ഥങ്ങളുടെ ഏറ്റവുമാഴത്തിലുള്ള ഗഹനതയോടെ സംസാരിച്ചുതുടങ്ങി.
അതുവരെ കടിച്ചുകീറിയ ചേകവന്മാർ പൂച്ചക്കുഞ്ഞുങ്ങളെപ്പോലെ പതുങ്ങി.
മറത്തു കളിയുടെ നിയമങ്ങളും ചിട്ടവട്ടങ്ങളും അങ്ങനെയാണ്.
വിദ്വാൻ ഒ. കെ. മുൻഷി വളരെ പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചു.
മുന്നിലെ മേശയ്ക്ക് മുകളിൽ വെച്ച കറുത്ത ബാഗിൽ നിറയെ ഗ്രന്ഥക്കെട്ടുകളാണ്.
കാളിദാസനും ഭവഭൂതിയും ഭാസനും ജഗന്നാഥ പണ്ഡിതരും ഭരതമുനിയും ഒ. കെ. മുൻഷിയുടെ കറുത്ത ബാഗിനകത്ത് വിശ്രമിച്ചു.

യുവാവായ മാധവൻ പണിക്കർ പരാശക്തിയെ വന്ദിച്ച് അടുത്ത പദ്യത്തിലേക്ക് കടന്നു.
കറുത്ത തീയ്യന്മാരുടെ കളി കാണാൻ
തീയ്യത്തികളും വന്നുനിറഞ്ഞു.
പന്തലിൽ കളിക്കാർ നിറഞ്ഞു.
അള്ളക്കോട്ടെ അമ്പുവേട്ടൻ പള്ളിയറ മുറ്റത്തെ കിണറിൽ നിന്നും ചെറിയ ചെമ്പുകുടത്തിൽ വെള്ളം കോരി ചാണകമെഴുകിയ പന്തലിൽ കുടഞ്ഞു.
വെളുത്ത മുണ്ട് കയറ്റിക്കെട്ടി അതിന് മുകളിൽ ഉറുമാല് കെട്ടി തീയ്യന്മാർ പന്തലിൽ അണിനിരന്നു.
പൂരക്കളി തുടങ്ങി.

” നാരായേണാ ഹരി നാരായേണ
വാസുദേവാ എന്ന് കൈതൊഴുന്നേൻ
നാരായണൻ്റെ ചരിതമിന്ന്
ശാരികമൗലെ പറകെന്നോട്
പറവതിന്നധികം പണിയുണ്ടെങ്കിലും ഞാൻ
പറയുന്നേൻ കുറഞ്ഞൊന്നറിഞ്ഞവർ സഭയിൽ
പരമപുരുഷൻ്റെ ചരിതത്തെ ശ്രവിപ്പാൻ
പരിതപം നശിപ്പാനെളുതെന്നു നിനച്ചു…”

കളിയും ആളുകളും ചുവടുകളും ആരവങ്ങളും മുറുകുകയാണ്.
വൻകളിയിലേക്ക് കടക്കുകയാണ്.
വൈകുന്നേരമായി.
നാടൻറാക്കിൻ്റെ വീര്യത്തിൽ പാട്ടിൽ തീയാളി
കായക്കാരൻ കുഞ്ഞിക്കണ്ണൻ്റെയും കായക്കാരൻ കുഞ്ഞമ്പുവിൻ്റെയും പാട്ടിൻ്റെ
പടഹധ്വാനത്തിൽ കളിപ്പന്തൽ ഇളകിമറിഞ്ഞു….

മീനത്തിലെ മറ്റൊരു കളിപ്പന്തൽ.
എല്ലാം തികഞ്ഞ രണ്ടങ്കച്ചേകവന്മാർ കൊയോങ്കര പൂമാലക്കാവിലെ പന്തലിൽ പോര് കോഴികളെ പോലെ മുഖത്തോട് മുഖം നോക്കി നിൽക്കുന്നു.
പൊൻവളയും വിരുതും വാങ്ങി ആരെയും ഭയക്കാതെ കളിപ്പന്തലിലെ ദേവേന്ദ്രനായി വിളങ്ങുന്ന കുണിയൻ ദാമോദരൻ പണിക്കർ.
കളി ചിരികളില്ല. കണിശവും കർക്കശവുമായ നോട്ടം .
രാകിമിനുക്കിയ വാൾത്തല മൂർച്ച.
എണ്ണക്കറുപ്പ്.
ചല്ലനും ചൊറയും ഉറുമാലും കെട്ടിയുടുത്ത് പന്തലിൽ പ്രശോഭിതഗാത്രം.
രൂക്ഷമായ നോട്ടം കൊണ്ട് കുണിയൻ ദാമോദരൻ പണിക്കറുടെ പാണ്ഡിത്യഗരിമയെ ഭസ്മീകരിക്കുന്ന കഠിന ഭാവവുമായി ഒരു ചെറുപ്പക്കാരൻ.
ഇരുണ്ടുറച്ച പേശികൾ.
ഏത് വമ്പനെയും വീഴ്ത്താനുള്ള രണവീര്യം ഉള്ളിലുറഞ്ഞ കടപ്പുറത്തെ
പൊക്കൻപണിക്കർ.
എൻ്റെ ആവനാഴിയിൽ എന്താണിരിക്കുന്നതെന്ന് കണ്ടോളൂ എന്ന ഭീഷണി ഓരോ നോട്ടത്തിലും ഉണ്ടായിരുന്നു.
രണ്ട് പണിക്കന്മാരും കൂട്ടായിക്കാരും കെട്ടിയുടുത്ത് തയ്യാറായി നിന്നു.
മലയൻ പണിക്കർ ചെണ്ട കൊട്ടി.
പണിക്കന്മാർ ചെണ്ടയുടെ താളത്തിൽ കളരിമുറയിൽ കെട്ടിത്തൊഴുതു.
ഭൂമിക്ക് തിരശ്ചീനമായി ഗരീരംകൊണ്ടെഴുതുന്ന കാവ്യമാണ് കെട്ടിത്തൊഴൽ.
ആയോധനകലയിലധിഷ്ഠിതമായമനോഹരമായ കൊറിയോഗ്രഫി..
കുണിയൻ ദാമോദരൻ പണിക്കർ രാശിയെ സംബന്ധിക്കുന്ന ശ്ലോകമാണ് ചൊല്ലിയത്..
തർക്കം തുടങ്ങി.
പൊക്കൻ്റെ കടുംപിടുത്തത്തിൽ ദാമോദരൻ വിയർക്കുന്നുണ്ടോ.
പുലി ഇരയുടെ കഴുത്തിന് പിടിക്കുന്ന പോലെയാണ് പൊക്കൻ പണിക്കറുടെ ആക്രമണശൈലി..
ചത്താലും പിടിവിടില്ല..
പക്ഷേ അറിവിൻ്റെ ആഴക്കടൽ താണ്ടിയ ദാമോദരൻ പണിക്കർ തന്ത്ര കുശലതയോടെ തികഞ്ഞ ശാസ്ത്രയുക്തിയോടെ എതിരാളിയോട് ചോരവീഴ്ത്തി പൊരുതി.
രാശിശാസ്ത്രം വിട്ട് സൂക്ഷ്മചർച്ച പ്രപഞ്ചത്തെ കുറിച്ചും ജീവനെ കുറിച്ചും വേദാന്തത്തെകുറിച്ചുള്ള വാക്ക്പോരിലേക്ക് കടന്നു.
ജയപരാജയങ്ങൾ തീരുമാനിക്കാനുള്ള വിവരം സഭയിൽ കുടിയ ആർക്കുമില്ല.
മുൻഷി തർക്കത്തിൽ ഇടപെടാതെ കളി ആസ്വദിക്കുകയാണ്…
വെടിമരുന്നറയ്ക്ക് തീപിടിച്ച പോലെ പണ്ഡിത സിംഹങ്ങളായ തീയ്യന്മാർ നിന്ന് കത്തി പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു…

അങ്ങേയറ്റം ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന സംസ്കൃതവും അതിൻ്റെ ശാസ്ത്രങ്ങങ്ങളും ഇന്നോളമുള്ള പാപങ്ങൾ കഴുകിക്കളയുന്നത് ഉത്തരമലബാറിലെ മറത്തു കളി പന്തലിലാണ്.
വേദങ്ങൾ കേട്ടാൽ ഈയ്യം ഉരുക്കിയൊഴിക്കുന്ന കാലത്താണ് നമ്മുടെ നാട്ടിലെ കണ്ടത്തിൽ കാലീന പൂട്ടുന്നവനും കൈക്കോട്ട് പണിയെടുക്കുന്നവനും വേദങ്ങളും ശാസ്ത്രവും മീമാംസയുമൊക്കെ പഠിക്കുന്നത്.
സംസ്കൃതം അതിൻ്റെ സവർണ്ണമായ എല്ലാ ആഭിജാത്യഗരിമയും ഗർവ്വും കൈവെടിയുന്നത് പൂരക്കളിപ്പന്തലിലാണ്.
രാമന്തളി കൃഷ്ണൻ പണിക്കറുടേയും വെങ്ങര കൃഷ്ണൻ പണിക്കറുടേയും കുണിയൻ ദാമോദരൻ പണിക്കറുടേയും പൊക്കൻ പണിക്കറുടേയും പിലിക്കോട് മാധവൻ പണിക്കറുടേയും കളിക്കാലം….
അത് കണ്ടവർക്കറിയാം
അനുഭവിച്ചവർക്കറിയാം.
സംസ്കൃതജ്ഞാനത്തിൻ്റെ മഹാമേരുക്കളായി സാധാരണക്കാർക്കിടയിൽ ജീവിച്ചവർ .
ഇന്ന് ഉറുമാലഴിച്ചുവെച്ചിരിക്കുകയാണ്.
ചിലർ മീനവെയിലും കടന്നങ്ങുപോയി.
കളിയിലെ വീറും വാശിയും രണവീര്യവും കളിയുടെ നിയമമാണ്.
കളിപ്പന്തലിൽ പോരാട്ടം മാത്രം.
യാതൊരു ദയയുമില്ല.
പന്തലിന് പുറത്ത് അങ്ങേയറ്റം ബഹുമാനമുള്ള ആത്മമിത്രങ്ങൾ..
അങ്ങനെയൊരു കളിക്കാലം
പുരക്കാലം…

കുട്ടിക്കാലത്തെ ഓർമ്മച്ചിത്രങ്ങളിൽ മായാതെ കിടക്കുന്നതാണ് കുന്നച്ചേരി അറയിലെ കളിപ്പന്തലും ചെമ്പകമരങ്ങളും.
പണിക്കന്മാരുടെ തർക്കമൊന്നും ആർക്കും തിരിയലൊന്നുമില്ല.
അത് തീയ്യൻ്റെ അവകാശമാണ്.
പൂരക്കളി കാണാനാണ് കുടുതൽ സ്ത്രീകളും ജനങ്ങളും വരുന്നത്..
കുന്നച്ചേരിയും കണ്ടോത്തറയും തമ്മിലാണ് ഏറെക്കാലം കളി ഒത്തിരുന്നത്.
കണ്ടോത്തെ ചെറുപ്പക്കാരുടെ പൂരക്കളിക്കിടയിലെ കളരിയഭ്യാസങ്ങൾ അതിമനോഹരമായിരുന്നു.
കണ്ടോത്തെ തീയ്യച്ചേകവന്മാരുടെ തേള് നടത്തവും മലക്കവും കണ്ട് ശ്വാസം നിലച്ചു പോയിട്ടുണ്ട്.
നാടൻറാക്കിൻ്റെ വീര്യത്തിൽ ചെറിയ ചെറിയ അടിപിടികളൊക്കെയുണ്ടാകും.
പൂരക്കളിയിലെ മത്സരം അങ്ങനെയാണ്.
എതിർ കളിക്കാരായ കണ്ടോത്തെ തീയ്യരെ കളിയാക്കുന്ന ഒരു പാട്ട് പോലും നാട്ടിലുണ്ട്.

” കണ്ടോത്തെ പുള്ളറെ കണ്ടാലറിയില്ലെ
കുണ്ടി കറുത്തിറ്റും കോണം വെളുത്തിറ്റും.. ”

(പൂരക്കളി സ്പോർട്സിലധിഷ്ഠിതമായ ഒരായോധന കലയായതിനാൽ പ്രിയപ്പെട്ട കണ്ടോത്തെ ചെറുപ്പക്കാർ ഈ പാട്ടിനെ സ്പോർട്സ് മാൻ സ്പിരിറ്റോടെ സ്വീകരിക്കും എന്നറിയാം)
പുരക്കളിയുടെ ജനകീയത അങ്ങനെയാണ്.
പിൽക്കാലം അതിൽ മാറ്റങ്ങൾ വന്നു.
സഭയും സദസ്സും ശുഷ്കമായതിനാൽ വെളിവരുന്നതുവരെയുള്ള കളിസമ്പ്രദായം ഉപേക്ഷിച്ചു…
രാത്രി വൈകുന്നതുവരെ കളി കണ്ട്
രാവിലെ ഉണരുമ്പോൾ കേൾക്കുന്ന രാമന്തളി ക്യഷ്ണൻ പണിക്കറുടെ പാട്ടിനോളം ഹൃദ്യമായി മറ്റൊന്നുള്ളതായി തോന്നീട്ടില്ല.
സൂര്യവെളിച്ചം വിടർന്ന് നിറംവെച്ച് വരുമ്പോൾ കേൾക്കുന്ന മംഗള ഗാനം

” തന്തനാതനത്തനാ തനത്തനാ തനത്തനാ
താനനാ തനത്തനാ തനത്തനാ തനത്തനൈ
നാഥനായ ജീവനാം നിരാമയസ്വരൂപനെ
നീതിയോടറിഞ്ഞ യോഗി നിർമ്മലൻ നിരഞ്ജനൻ ”

മീനത്തിൽ മാത്രം കേൾക്കാകുന്ന വടക്കിൻ്റെ വെങ്കിടേശ്വര സുപ്രഭാതം….
താരമ്പൻ പൂരത്തിനാരംഭമായ്
പാർത്ഥലത്തിലെ താർതേൻ മൊഴിമാർകളുടെ പാട്ട്…

വി. കെ. അനില്‍കുമാര്‍

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

RELATED ARTICLES
- Advertisment -spot_img

Most Popular

കഥകൾ

കവിതകൾ

വായന

PHOTOSTORIES