സൈബറിടങ്ങളിലെ മാമ്പൂ മണം….

0
656
V K Anilkumar

പൈനാണിപ്പെട്ടി
വി.കെ. അനിൽ കുമാർ
ചിത്രീകരണം: ഇ.എൻ. ശാന്തി

പൂത്ത മാവുകളും ഉണ്ണികളും വെയിൽക്കാലത്തെ ഇഷ്ടപ്പെടുന്നു.
മാമ്പൂക്കൾക്കും കുട്ടികൾക്കും വെയിലിനെ പേടിയില്ല.
വെയിൽ അവരെ പേടിപ്പെടുത്തുന്നതേയില്ല.
കുപ്പായമിടാത്ത കുട്ടികളുടെ അയൽക്കുരു തിണർത്ത ശരീരം വെയിലിൽ കരുവാളിച്ചിട്ടുണ്ട്
പക്ഷെ മാവുകൾ തീവെയിലേറ്റ് തുടുത്തിരിക്കുകയാണ്.
തേൻ ചുരത്തുന്ന ചുവന്ന മധുരക്കുടുക്കകൾ ചില്ലകളിൽ ഉറി തൂക്കിയിട്ടിരിക്കുന്നു.
പൊള്ളിക്കുന്ന ആവിയിലാണ്
മാമ്പഴത്തിൽ മധുപാനിയൊഴിച്ച് നിറക്കുന്നത്…

നുണയുന്നത് മാധുര്യമല്ല വെയിലിൻ്റെ ഉള്ളുരുക്കങ്ങളെയാണ്…..
മാധവ മധുമാസ നിലാവിൻ്റെ പുഞ്ചിരി മാഞ്ഞ് മഴക്കാറിരുളുമ്പോൾ ഉള്ളിൽ വല്ലാത്തൊരാധിയാണ്.
മഴക്കാറുകൾ മാമ്പൂക്കളുടെ അന്തകരാണ്.
മാവുകളുടെ ഭ്രൂണഹത്യ നടത്തുന്ന മഴമേഘങ്ങൾ.
മാഞ്ചോട്ടിൽ പിടഞ്ഞുവീഴുന്ന
തേൻ കനിക്കുരുന്നുകൾ.
പച്ചയുടെ, തണലിൻ്റെ, മധുരത്തിൻ്റെ സൂക്ഷ്മരൂപികളാണ് മണ്ണിൽ മരിച്ചു കിടക്കുന്നത്….

വെയിലിൽ വാടി പോകാതെ
തീയിൽ കുരുത്ത കുട്ടികൾ കളിച്ച് മദിക്കുകയാണ്.
ഈ അടഞ്ഞ മുറിക്കുള്ളിലിരുന്ന് അങ്ങകലെയായി പോയ ബാല്യകാലത്തെ നേർക്കുനേർ കൂടി കാണുകയാണ് …

പനസാരൻ മാവിൻ്റെ ചോട്ടിൽ കുട്ടികൾ ഒത്തുകൂടീട്ടുണ്ട്.
മാഞ്ചോട്ടിൽ എല്ലാരും കളിപ്പന്തലൊരുക്കുന്ന തിരക്കിലാണ്.
കുത്തി നിർത്തിയ മുളങ്കാലുകൾക്ക് മുകളിൽ കളിപ്പന്തൽ ഉയർന്നു.
മെടഞ്ഞ പച്ചോല കൊണ്ട് വാതിലുണ്ടാക്കി.
പഴയ സാരിയും തുണിത്തരങ്ങളും കൊണ്ട് മേൽക്കൂര മേഞ്ഞു.
മാങ്കനി ചൂടിയ ചില്ലയിൽ ഓരോ ഇല്ലിക്കമ്പുകൾ കൂട്ടി കൂടൊരുക്കുന്ന കാക്കൾ കുട്ടികളുടെ കളിമ്പങ്ങൾക്ക് കാതോർത്തു.
നിങ്ങൾക്ക് കളിവീട്
എനിക്ക് വീട്.

ഓരോ നാട്ടുമാവിൻ തണലുകളും
ഓരോ ഊരാണ്.
അല്ലെങ്കിൽ ഓരോ ഇടവേളകളിലും അങ്കങ്ങൾ മാറുന്ന അരങ്ങാണ്.
കുട്ടികൾ ഒരു ദിവസം പല കളികളിലാണേർപ്പെടുന്നത്.
അത്രയധികം കളികളാൽ സമ്പന്നമായ കളിക്കാലം…
കളിപ്പന്തലിൻ്റെ കാലുകൾ ഊരിയെറിഞ്ഞ് കുട്ടികൾ കണ്ണുകെട്ടി കളിക്കുകയാണ്.
കളിവീട് നിന്നിടം ഒരു കോട്ടയാണ്.
കണ്ണില്ലാത്തവൻ കോട്ടയിലകപ്പെട്ട കൂട്ടുകാരനെ കണ്ടെത്തണം.
ഓരോ കളിയും ഓരോ ജീവിതമാണ്.
എല്ലാ കളിക്കും ഒരൊറ്റ നിയമമാണ്.
ഒറ്റയ്‌ക്കൊരുത്തൻ ഒരു സംഘത്തെ നേരിടുക.
അങ്ങനെ പോരാടാത്ത കളികൾ കളികളേയല്ല.

ഇപ്പോൾ കളിക്കുന്നത് മരഞ്ചാടിക്കളിയാണ്.
ഒറ്റയായവനെ പൊതുവായി വിളിക്കുന്ന നാട്ടുപേര് ‘കാക്ക ‘എന്നാണ്.
ഒരിക്കലും ഒറ്റയാകാത്ത ജീവിയാണ് കാക്ക.
കളിയിൽ ഒറ്റയാകുന്നവന് ഇതിലും നല്ലൊരു പേരില്ല.
മരഞ്ചാടിക്കളിയിലെ കാക്കയെ മങ്കി എന്നും പറയും.
മങ്കി താഴെ നിലത്തും മറ്റുള്ളവർ മാവിന് മുകളിലുമാണ്.
തടിച്ച ഒരു വടിക്കഷണത്തിന് കാവലാണ് മങ്കി.
വടി മങ്കി കയ്യിലെടുക്കാൻ പാടില്ല. നിലത്ത് വെക്കണം.
മാവിൻ മുകളിലെ കൂട്ടുകാരെ കാക്കയായ മങ്കി തൊടണം.
ഒരാളെ ഇങ്ങനെ തൊടാൻ ശ്രമിക്കുമ്പോൾ മറ്റൊരാൾ ചാഞ്ഞ ചില്ലയിലൂടെ ഊർന്നിറങ്ങി വടിക്കഷണം ദൂരേക്ക് വലിച്ചെറിയും.
മങ്കി ഓടിപ്പോയി വടി എടുത്തു വരുമ്പോഴേക്കും എറിഞ്ഞയാൾ മരത്തിൽ കയറി രക്ഷപ്പെടണം.
അല്ലങ്കിൽ മങ്കി അയാളെ തൊടും.
പിന്നെ അയാളാണ് കാക്ക.
അങ്ങനെയാണ് ജീവിതത്തിന് മുകളിലെ വിധി മാറിമറിയുന്നത്…..

അങ്ങനെ ജീവിതം പഠിപ്പിച്ച എത്രയെത്ര കളികൾ.
കളിപ്പോരുകൾ.
കളിച്ചാലും കളിച്ചാലും മതിവരാത്ത കളികൾ.
ആൺ പെൺ വ്യത്യാസമില്ലാതെ കുട്ടികളൊത്തു കൂടി പങ്കുവെച്ച് പകുത്ത കാലങ്ങൾ
കനവുകൾ.
ആമോദങ്ങൾ
ഒളിച്ചുകളി, കൊത്തങ്കല്ല്, ദാലും കോലും, കോട്ടിക്കുണ്ട്, കോരി, ഉപ്പുഷോടി, കള്ളനും പോലീസും, കല്ലാഹെ, മഞ്ചാടിക്കളി, കല്ല് വാരിക്കളി, കുറ്റി മാറിക്കളി, കൊച്ചമ്മാടിക്കളി, എട്ടേറ് കളി…
കളികൾ പറയാനുള്ളതല്ല കളിക്കാനുള്ളതാണ്…

പല കളികളും ഇന്ന് കേട്ട്കേൾവി പോലുമല്ല.
കളികളിൽ തെയ്യം കളി പ്രധാനപ്പെട്ട കളി തന്നെയായിരുന്നു.
ചെങ്കല്ലരച്ച് മോത്തെഴുതി കരിക്കട്ട ചാലിച്ച് കണ്ണെഴുതി കുരുത്തോല കൊണ്ട് ഒലിയുടുത്തു.
പേജ് കണക്ക് പുസ്തകത്തിൻ്റെ ഉറപ്പുള്ള തടിച്ച കവർ കീറിയെടുത്ത് കണ്ണ് തുളച്ച് കളിയൻ്റെ മോപ്പാളയുണ്ടാക്കി.
വക്കുടഞ്ഞ അലുമിനിയം പാഞ്ഞിയിൽ ചെണ്ട കൊട്ടി.
അടുപ്പിലെ വെണ്ണീരെടുത്ത് കുറി കൊടുത്തു.
മുണ്ടമുൾച്ചെടിയുടെ കയ്യരിഞ്ഞ് കരവാള് തീർത്തു.
ദൈവമാണാടുന്നത്.
മാഞ്ചില്ലകൾ നിഴൽച്ചിത്രങ്ങളെഴുതിയ കളിമുറ്റമല്ല തെയ്യ മുറയുന്ന കാവാണ്….

ഇത് കളികൾ നിലച്ച കാലം.
കുട്ടികളുടെ കളി ചിരികളും കലമ്പലുകളും കാൽപ്പാടുകളും തലച്ചോറിൽ ആവർത്തിക്കുന്ന ഭ്രാന്തൻ നാട്ട് മാവ് മാത്രം ഇന്ന് ബാക്കിയായി.
കളികളുടെ മൃതകുടീരം പോലെ.
വീണ്ടും പഴയ കളിത്തട്ടിലാടാൻ ശ്രമിക്കുമ്പോഴാണ് ആ വാസ്തവം
അറിഞ്ഞത്.
കഴിഞ്ഞു പോയ കളികളൊന്നും കളികളായിരുന്നില്ല
കാര്യമായിരുന്നു.
ഇത് പുതിയ കാലം
പുതിയ കുട്ടികൾ
പുതിയ കളികൾ

കളികളെ കുറിച്ചുള്ള എഴുത്ത് നിർത്തി ഉറങ്ങാൻ പോയി.
രാത്രി 12 മണി കഴിഞ്ഞിരിക്കുന്നു.
അപ്പോഴും മോൻ ഉറങ്ങാതെ കളിച്ചു കൊണ്ടിരിക്കുകയാണ്.
നേരം ഇത്രയും വൈകീട്ടും ഉറങ്ങാത്തതിനാൽ മോനോട് ശബ്ദമുയർത്തി.
“അച്ഛാ പുതിയ ഗെയിം ഇൻസ്റ്റാൾ ചെയ്തു.
അതാ കളിച്ചു കൊണ്ടിരിക്കുന്നത്. ”
അവൻ്റെ കയ്യിലെ വെർച്ച്വൽ പ്രഭയിലേക്ക് സൂക്ഷിച്ച് നോക്കി.
ഉള്ളിൽ അടങ്ങാത്ത ആവേശം കുതികുത്തി.
കാലങ്ങൾക്കപ്പുറത്തെ തൃക്കരിപ്പൂരിലെ അതേ ചക്കരേൻമാവ്.
നിറയെ പഴുത്ത മാങ്ങകൾ..
ഒളിച്ചുകളി കളിക്കുന്ന കുട്ടികൾ
മെലിഞ്ഞു കരുവാളിച്ച് നിറം കെട്ട ഉടുപ്പിട്ട് മാവിൽ കണ്ണ് പൊത്തിയെണ്ണുന്ന കാക്ക അവൻ്റെ അച്ഛൻ തന്നെയാണ്.
കാട്ടുപൊന്തകളിൽ മറഞ്ഞിരിക്കുന്നത് അങ്ങേ വീട്ടിലെ സുര, സുമ, പാലാളിലെ മുരളി, വടക്കേതിലെ ബാബു, രമേശൻ, സന്തോൻ….

മോൻ്റെ കയ്യിലെ ഇത്തിരി വെളിച്ചത്തിൽ ഈ ഭൂമി കറങ്ങി
കഴിഞ്ഞു പോയ കാലത്തെ കളികളെ അവൻ
കയ്യിൽ ക്കൊണ്ടുനടക്കുന്നു…

LEAVE A REPLY

Please enter your comment!
Please enter your name here