ലേഖനം
ഡോ. കെ എൻ അജോയ് കുമാർ
പാരിസ്ഥിതികപ്രശ്നങ്ങൾ, ഭൂമിയിൽ ജീവന്റെ നിലനിൽപ് പോലും സാധ്യമല്ലാത്ത രീതിയിലേക്ക് എത്തിയിരിക്കുകയാണ്. ദുരന്തങ്ങളുടെ ആവർത്തനം ലോകവ്യാപകമായിത്തന്നെയാണ് നടക്കുന്നത്. ഭൂമിയുടെ പരിസ്ഥിതി തകർച്ച ഭീദിതമായപ്പോഴാണ് അന്താരാഷ്ട്ര ഏജൻസികളും ഭരണകൂട സംവിധാനങ്ങളും പരിസ്ഥിതി അജണ്ട അവരുടെ നയപരിപാടികളുടെ ഭാഗമാക്കുന്നത്. ഭൗമ ഉച്ചകോടികളും ഉടമ്പടികളും തുടർച്ചയായി ഈ പ്രതിസന്ധിപരിഹരിക്കുന്നതിനുള്ള നിർദേശങ്ങളുമായി നിലവിൽ വന്നത്. ആഗോളവ്യാപകമായി പരിസ്ഥിതിയുടെ രാഷ്ട്രീയം മുൻനിരയിലേക്ക് വന്നുകഴിഞ്ഞു. 2021 ഓഗസ്റ്റ് മാസത്തിൽ അവതരിപ്പിച്ച UNIPPCC യുടെ പരിസ്ഥിതിയെ സംബന്ധിച്ചുള്ള ഫിസിക്കൽ സയൻസ് റിപ്പോർട്ടിൽ (United Nations Intergovernmental Panel on Climate Change – Sixth assessment report -August 2021) പറയുന്ന നിരീക്ഷണങ്ങൾ ശ്രദ്ധേയമാവുന്നത് ഈ പശ്ചാത്തലത്തിലാണ്. പരിസ്ഥിതി പ്രശ്നങ്ങളെ സാങ്കേതികമായി പരിഹരിക്കാൻ കഴിയുമെന്ന് ഭാഗികമായെങ്കിലും മുമ്പ് കരുതിയിരുന്ന അവസ്ഥയിൽ നിന്നും അത് പൂർണമായും പിന്മാറുകയാണ് ചെയ്യുന്നത്. പുതിയ IPCC പഠനം കൂടുതൽ പ്രസക്തമാവുന്നത് അത് മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാട് കൊണ്ടാണ്. Carbon sequestrationഉം കാർബൺ ട്രേഡിങ്ങും തുടങ്ങിയ സംവിധാനങ്ങളിലൂടെ ആഗോളതാപനവും കാലാവസ്ഥ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയില്ല എന്ന് വ്യക്തമായി വിശദീകരിക്കുന്നതാണ് ഈ റിപ്പോർട്ടിനെ കഴിഞ്ഞകാല റിപ്പോർട്ടുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും മുൻകൂട്ടികാണുവാൻ സാധ്യമാകുന്നുവെന്നതും വളരെ പഴയകാലത്തെ ലോക പരിസ്ഥിതി ചരിത്രം സൂക്ഷമായും മനസ്സിലാക്കാൻ കഴിയുന്നുവെന്നതും ഈ റിപ്പോർട്ടിനെ വ്യത്യസ്തമാക്കുന്നുണ്ട്. കാലാവസ്ഥയെക്കുറിച്ച് പുതിയ ലോകവീക്ഷണവും അവബോധവും ഉണ്ടാകേണ്ടതിനെ അത് ബോധ്യപ്പെടുത്തുന്നു. പുതിയ വികസന കാഴ്ചപ്പാടുകൾ ഉണ്ടാകേണ്ടതിനെക്കുറിച്ച് അത് ലോകരാഷ്ട്രങ്ങളോട് അഭ്യർത്ഥിക്കുന്നു. മറ്റൊരു പോംവഴിയും ഇല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. കേരളത്തിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളും ഇത് തന്നെയാണ് ഓർമിപ്പിക്കുന്നത്. എന്നാൽ ഈ പ്രതിസന്ധിയിലും സാങ്കേതിക പരിഹാരത്തിനപ്പുറത്തുള്ള, അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് വ്യവസ്ഥാപിത ഭരണകൂടങ്ങൾ ലോകത്തെവിടെയും തയ്യാറല്ല എന്നതാണ് വസ്തുത. ഇന്ത്യയിലെയും കേരളത്തിലെയും സ്ഥിതി വ്യത്യസ്തമല്ല. Crisis managementനപ്പുറത്തേക്കു നമുക്ക് ഇതുവരെപോകാൻ കഴിഞ്ഞിട്ടില്ല.
മുതലാളിത്ത ഉത്പാദനരീതിയാണ് മനുഷ്യന്റെയും പ്രകൃതിയുടെയും തകർച്ചയിൽ എത്തി നിൽക്കുന്നത് . പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളായി ആഗോളതാപനവും പ്രകൃതിക്ഷോഭങ്ങളും വൈറസ് വ്യാപനവും കാലാവസ്ഥാമാറ്റങ്ങളും നിലനിൽക്കുന്നു. പ്രകൃതി വിഭവങ്ങളുടെ നിയന്ത്രണമില്ലാത്ത ചൂഷണത്തിലൂടെയാണ് മുതലാളിത്തം വളർന്നത്. ലാഭത്തിൽ മാത്രം ഊന്നുന്ന ഒരു വികസന സങ്കൽപ്പം അമിതമായ പ്രകൃതിവിഭവങ്ങളുടെ ഉപയോഗത്തിലേക്കും പാരിസ്ഥിതിക വിനാശത്തിലേയ്ക്കും എത്തുകയാണ് ചെയ്തത്. വിപണി കേന്ദ്രീകൃതമായ ഒരു ലോകവ്യവസ്ഥക്കുള്ളിൽത്തന്നെ പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന സമീപനമാണ് അത് മുന്നോട്ട് വെക്കുന്നത്. കാലാവസ്ഥാവിദഗ്‌ധരും പരിസ്ഥിതിശാസ്ത്രജ്ഞരും തള്ളിക്കളഞ്ഞ സാങ്കേതികവിദ്യയിൽ കേന്ദ്രീകരിക്കുന്ന പരിഹാരങ്ങളാണ് കോർപ്പറേറ്റ് വ്യവസായികൾ ആവർത്തിക്കുന്നത്. പരിസ്ഥിതിയുടെ രാഷ്ട്രീയം ചർച്ച ചെയ്യാതിരിക്കുക എന്നത് തന്നെയാണ് മൂലധന താല്പര്യങ്ങളുടെ ലക്‌ഷ്യം. സാങ്കേതികമായി കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു വിഷയമായി പരിസ്ഥിതി പ്രശ്നങ്ങളെ ചുരുക്കുകയാണ് നവലിബറൽ വികസനത്തിന്റെ വക്താക്കൾ ചെയ്യുന്നത്. സാങ്കേതിക വിദ്യയിലൂടെ അന്തരീക്ഷത്തിലെ കാർബൺ ബഹിർഗമനം ഇല്ലാതാക്കുവാൻ കഴിയുമെന്ന നിഗമനം ഇതിന്റെ ഭാഗമാണ്. വനനശീകരണത്തിന്റെ ഫലമായി വരൾച്ചയും വെള്ളപ്പൊക്കവും ഉണ്ടാവുമ്പോൾ വനമഹോത്സവങ്ങൾകൊണ്ട് നഷ്ടപെട്ട വനങ്ങൾ പുനഃസ്ഥാപിക്കാൻ കഴിയുമെന്നു കരുതുന്നതുപോലെ.
ഗാഡ്‌ഗിൽ പറഞ്ഞതും കേരളം കേട്ടതും
കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുള്ള സമഗ്രമായ പഠനറിപോർട്ടല്ല ഗാഡ്‌ഗിൽ അവതരിപ്പിച്ചത്. എല്ലാ പാരിസ്ഥിതിക ചോദ്യങ്ങൾക്കും ഉത്തരം നൽകുന്ന റീപ്പോർട്ടുമല്ല അത്. ഒരു പഠന റിപ്പോർട്ടിൽ പലവിശദീകരങ്ങളും ഉണ്ടാവും. അതുമുഴുവൻ നടപ്പിലാക്കാനുള്ളതല്ല . കേരളത്തെക്കുറിച്ചല്ല ഗാഡ്ഗിൽ പറഞ്ഞത്, പശ്ചിമഘട്ട മേഖലയെക്കുറിച്ചുള്ള പഠനമാണത്. എന്നിട്ടും ഗാഡ്ഗിൽ കേരളത്തിൽ പ്രത്യേകമായി വിചാരണ ചെയ്യപ്പെടുന്നു. എപ്പോഴൊക്കെ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുമ്പോഴും കേരളത്തിൽ ഏറ്റവും വിമർശിക്കപ്പെടുന്നത് ഗാഡ്‌ഗിൽ ആണ്. നടപ്പിലാക്കാനുള്ളതല്ല, ഗ്രാമ പഞ്ചായത്തുകളിലും ഗ്രാമസഭകളിലും ചർച്ചചെയ്യുന്നതിന് വേണ്ടിയാണ് അവതരിപ്പിക്കുന്നത് എന്ന് ആവർത്തിച്ചു പറഞ്ഞിട്ടും ഗാഡ്ഗിൽ കാടടച്ചു വെടിവെക്കുകയാണ് ചെയ്തത് എന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർ പോലും ആവർത്തിക്കുന്നു (Dr.Sreekumar, 18th October2021, mathrubhumi.com). ഗാഡ്ഗിൽ റിപ്പോർട്ട് ജനാധിപത്യ രീതിയിൽ ചർച്ച ചെയ്യാൻ കേരളം അനുവദിച്ചില്ല എന്ന വസ്തുതയാണിവർ മറച്ചു വെക്കുന്നത്. പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിർത്തിനിർണയം ജനകീയമായി നടത്തണം എന്നാവശ്യപ്പെടുന്ന ഒരു റിപ്പോർട്ടിനെയാണ് ഏകപക്ഷീയം എന്ന് പറഞ്ഞു വിമർശിക്കുന്നത്.
ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ നടന്ന അക്രമാസക്തമായ സമരങ്ങൾക്ക് വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികളുടെയെല്ലാം പിന്തുണയുണ്ടായിരുന്നു. ജനാധിപത്യത്തിൻറെ എല്ലാ സാധ്യതകളും പരിഗണിച്ചുകൊണ്ടു തന്നെയായിരുന്നു പശ്ചിമഘട്ടത്തെ കുറിച്ചുള്ള പഠനം ഗാഡ്ഗിൽ അവതരിപ്പിച്ചത്. ജനാധിപത്യ രീതിയിൽ ചർച്ചചെയ്തു തീരുമാനിക്കാനുള്ള നിർദേശങ്ങളാണ് എന്ന് വ്യക്തമായി പറഞ്ഞിട്ടും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാവി സാധ്യതകൾ അടങ്ങിയ റിപ്പോർട്ട് കേരളം തള്ളിക്കളഞ്ഞു. ഒരു ചർച്ചയും അനുവദിക്കില്ല എന്നതായിരുന്നു സമീപനം.
കേരളത്തിൽ ഉയർന്നു വരുന്ന പരിസ്ഥിതി മുന്നേറ്റങ്ങളെയെല്ലാം മുളയിലേ നുള്ളുന്നതിൽ വലതുപക്ഷവും ഇടതുപക്ഷവും ഒരേ പോലെ പങ്കുവഹിച്ചിട്ടുണ്ട്.പരിസ്ഥിതി ഘടകങ്ങളെ പരിഗണിക്കാതെ മുന്നേറിക്കൊണ്ടിരിക്കുന്ന മുതലാളിത്ത വികസന സങ്കല്പങ്ങൾക്കെതിരായി ലോകമെങ്ങും മുന്നേറ്റങ്ങൾ ഉയർന്നുവന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത്. വികസനത്തെക്കുറിച്ചുള്ള മുതലാളിത്ത സങ്കല്പങ്ങൾ അപരിഹാര്യമായ പരിസ്ഥിതി പ്രതിസന്ധിയിലേക്ക് എത്തിക്കഴിഞ്ഞു എന്ന് ലോകജനത തിരിച്ചറിയുന്ന കാലഘട്ടം കൂടിയാണിത്. യൂറോപ്പിലും മറ്റു വികസിതരാഷ്ട്രങ്ങളിലും വിപ്ലവകരമായ പരിസ്ഥിതി മുന്നേറ്റങ്ങളുടെ കാലം കൂടിയായിരുന്നു കോവിഡിനുമുമ്പുള്ള രണ്ടു വർഷങ്ങൾ. മഹാമാരിയിലേക്കു ലോകം എത്തിച്ചേർന്ന സന്ദർഭത്തിൽപോലും പാരിസ്ഥിതിക നീതിബോധമോ വികസനത്തെക്കുറിച്ചുള്ള പുതിയ സങ്കല്പങ്ങളോ ഇടതുപക്ഷ ചിന്തയ്ക്കു പ്രാമുഖ്യമുള്ള കേരളം മുന്നോട്ട് വെച്ചില്ല. ഗാഡ്ഗിൽ റിപ്പോർട്ട് എങ്ങിനെയാണ് ജനവിരുദ്ധമാവുന്നത്? ഇന്ന് നിലനിൽക്കുന്ന പരിസ്ഥിതി നിയമങ്ങൾ നടപ്പിലാക്കണമെന്ന് നിർദ്ദേശിക്കുന്നതോ? മരങ്ങളും പുഴകളും മറ്റു പ്രകൃതിവിഭവങ്ങളും ഇല്ലാതാകുമ്പോഴും ഇതിനെയൊക്കെ ചെറുക്കാൻ ബാധ്യതപ്പെട്ട സർക്കാരും ഉദ്യോഗസ്ഥരും നിയമലംഘനത്തിന് കൂട്ടുനിൽക്കുന്നത് ചൂണ്ടികാണിച്ചതാണോ? പരിസ്ഥിതിയെ തകർക്കുന്ന പ്രവർത്തനങ്ങൾ നിർത്തണം എന്നാവശ്യപ്പെടുന്നതോ?ക്വാറികൾ സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരണമെന്ന് പറയുന്നതോ? ക്വോറികളുടെ ദൂരപരിധി നിശ്ചയിക്കണമെന്നു ആവശ്യപ്പെടുന്നതോ? നെൽവയലുകൾ സംരക്ഷിക്കണമെന്ന് പറയുന്നതോ?മാലിന്യമുണ്ടാക്കുന്ന വ്യവസായശാലകൾ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്തു പാടില്ല എന്ന് പറയുന്നതോ? മാലിന്യസംസ്കരണത്തിന് പുതിയ രീതികൾ ആവിഷ്കരിക്കണമെന്നു നിർദ്ദേശം വെക്കുന്നതോ? ആദിവാസികൾക്ക് ഭൂമി തിരികെ നൽകണമെന്ന് ആവശ്യപ്പെടുന്നതോ? കർണാടക മാതൃകയിൽ കേരളത്തെ ഖനനത്തിനായി കുത്തകകൾക്ക് വിട്ടുകൊടുക്കരുത് എന്ന് ആവശ്യപ്പെടുന്നതോ? നദികൾ സംരക്ഷിക്കണമെന്ന് പറയുന്നതോ?തണ്ണീർത്തടങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നതോ? ഫോറസ്റ്റ് ഡിപ്പാർട്മെന്റിന്റെ തന്നെ ഒത്താശയോടെ തുടരുന്ന വനം കൊള്ള നിർത്തിവെക്കണമെന്ന് നിർദേശിക്കുന്നതോ?
ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെയുള്ള കലാപങ്ങൾക്ക് കേരളത്തിൽ നേതൃത്വം കൊടുത്തത് ആരായിരുന്നു? എല്ലാ വിധത്തിലുള്ള നിയന്ത്രണങ്ങളെയും ജനകീയസമരങ്ങളുടെ പേരിൽ അവസാനിപ്പിക്കുവാനുള്ള ശ്രമങ്ങളായിരുന്നു അത്. ജനാധിപത്യപരമായി നടക്കേണ്ട ചർച്ചകൾ അക്രമപ്രവർത്തനങ്ങളിലൂടെ തടയപ്പെട്ടു. പഞ്ചായത്ത് സമിതികളും ഗ്രാമസഭകളും അവലോകനം ചെയ്തു തീരുമാനിക്കണമെന്നു നിർദേശിക്കപ്പെട്ട റിപ്പോർട്ട്, ചർച്ചചെയ്യാൻ പോലും അസാധ്യമായ രീതിയിൽ പ്രബുദ്ധ കേരളം മാറുന്ന കാഴ്ചയാണ് നാം പിന്നീട് കണ്ടത്. വ്യവസ്ഥാപിത ഇടതുപക്ഷം ഗാഡ്ഗിൽ റിപ്പോർട്ടിനെതിരായ കാമ്പയിനിൽ പങ്കാളികളായി. റിപ്പോർട്ട് ചർച്ചചെയ്യുന്നതിന് പകരം ഗാഡ്ഗിലിൻറെ മുൻകാല പഠനങ്ങളിൽ ഉള്ള ഫ്യൂഡൽ-ഹൈന്ദവ താല്പര്യത്തെക്കുറിച്ചു ആരോപണം ഉന്നയിക്കാൻ തുടങ്ങി. Gadgil Report നെകുറിച്ചു ചർച്ച ചെയ്യാതെ ഗാഡ്ഗിലിനെ വ്യക്തിപരമായി ആക്രമിക്കുന്നരീതി തുടരുകയാണ് ചെയ്തത്. പരിസ്ഥിതിസമരങ്ങളിൽ ഇടപെടുന്നവർക്കെതിരെയും ഇതേ രീതിയിലുള്ള വിമർശനങ്ങൾ ഉണ്ടായി. കുടിയേറ്റ മേഖലകളിൽ അവികസിതരായി ജീവിക്കുന്ന സാധാരണക്കാരുടെ ജീവിതാവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിരോധങ്ങൾ. വികസനത്തിന്റെ ഫലങ്ങൾ അനുഭവിക്കുന്ന, നഗരങ്ങളിൽ താമസിക്കുന്നവരാണ് പരിസ്ഥിതിയുടെ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് സാധാരണക്കാരുടെ ജീവിതാവസ്ഥ തകർക്കുന്നത് എന്നതായിരുന്നു പ്രധാനപ്പെട്ട വിമർശനം. മുതലാളിത്ത പ്രകൃതിവിഭവ കൊള്ളയെ ന്യായീകരിക്കുന്നതിനു അവികസിത ജനവിഭാഗത്തിന്റെ ദാരിദ്ര്യത്തെ തന്നെയാണ് ഇന്നും ആയുധമാക്കുന്നത്. പാരീസ് ഉടമ്പടിയിൽ ഒപ്പു വെക്കാത്തത് അമേരിക്കയിൽ തൊഴിലില്ലായ്മയ്ക്കു കാരണമാവും എന്ന അമേരിക്കൻമുതലാളിത്തത്തിന്റെ പ്രചാരണം ഓർക്കുക. ജീവൽപ്രശ്നമായി ലോകത്താകമാനം ഉയർന്നുവരുന്ന പാരിസ്ഥിതികപ്രശ്നങ്ങളെ എത്ര ലാഘവത്തോടെയാണ് കേരളം നോക്കിക്കാണുന്നത് എന്നത് അരാഷ്ട്രീയവത്കരണത്തിന്റെ പുതിയ കേരളപരിസരത്തെയാണ് പുറത്തുകൊണ്ടു വരുന്നത്. പുരോഗമന ശക്തികൾക്കു മുൻകയ്യുണ്ടായിരുന്ന കേരളത്തിന്റെ സമകാലിക രാഷ്ട്രീയം എത്രമേൽ തകർന്നിരിക്കുന്നു എന്നതാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഭരണവർഗരാഷ്ട്രീയത്തിന്റെ ജീർണത അടിക്കടി ശക്തിപ്പെട്ടു വരുന്നതിന്റെ ഉദാഹരണമാണിത്.
പരിസ്ഥിതിയുടെ രാഷ്ട്രീയം ലോകരാഷ്ട്രീയ ജീവിതത്തിന്റെ മുൻനിരയിലേക്ക് കടന്നു വന്നിരിക്കുന്ന കാലഘട്ടത്തിലാണ്, മൂലധനത്തിന്റെ മോഹങ്ങൾക്ക് കിട്ടിയ സൗജന്യമായി കരുതുന്ന പ്രകൃതിയെ തകർക്കുന്നതിനെതിരെ, മുതലാളിത്ത വ്യവസ്ഥക്കെതിരെ പോരാടേണ്ട ഒരു ജനതയെയാണ് ധനമൂലധന താല്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി രംഗത്തിറക്കുന്നത്.
വികസനവും പരിസ്ഥിതിയും
ഭൂമിയിൽ മനുഷ്യൻ സൃഷ്‌ടിച്ച മാലിന്യങ്ങളുടെ ആകെ ഭാരം ഭൂമിയിലെ ജീവജാലങ്ങളുടെ ഭാരത്തിലും കൂടുതൽ ആണെന്നാണ് (Emily Elhacha-GlobalHuman made mass exceeds all living biomass; Anthropogenic mass1.1Terratonnes) നേച്ചർ മാസിക 2020 ഡിസംബറിൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നത്. കൊറോണയെപ്പോലുള്ള വൈറസുകൾ സൃഷ്ടിക്കപ്പെടുന്നതെങ്ങിനെ എന്നതിനെക്കുറിച്ചും നിരവധി പഠനങ്ങൾ കോവിഡിന് മുമ്പും പിന്നീടും പുറത്തുവന്നിട്ടുണ്ട്. അന്താരാഷ്ട്ര മാർക്കറ്റിംഗ് സെന്ററുകളും Agribusiness കുത്തകകളും ഇതിനുകാരണമാകുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
കാർഷികരംഗത്തെ മാറ്റങ്ങളും വനനശീകരണവും വൻകിട ഫാമുകളിലെ തിക്കിയും തിരക്കിയുമുള്ള മൃഗപരിപാലനവും എങ്ങിനെയാണ് കൊറോണ പോലുള്ള വൈറസുകൾ ഉത്ഭവിച്ചത് എന്നതിനെക്കുറിച്ചുള്ള Robwallaceന്റെയും Chavesന്റെയും പഠനങ്ങൾ (Robwallace – Bigfarms, Bigflues; Chaves 2020 -Crowded condition and De pressed immune response) മുതലാളിത്തത്തിന്റെ പരിസ്ഥിതിവിരുദ്ധതയുടെ ശ്രദ്ധേയമായ ഉദാഹരണങ്ങളായി നിലനിൽക്കുന്നു. മൃഗങ്ങളും പക്ഷികളും അവയുടെ പ്രതിരോധശേഷി നഷ്ടപ്പെട്ട് രോഗവാഹകരായി തീരുന്നതിനെക്കുറിച്ച് മുമ്പ്തന്നെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു. പാരിസ്ഥിതിക മാറ്റങ്ങൾ എങ്ങിനെയാണ് വൻ ദുരന്തങ്ങൾക്കു കാരണമാവുന്നത് എന്നതാണ് ഇന്നു ലോകം കണ്ടുകൊണ്ടിരിക്കുന്നത്. വളരെ കുറച്ചുകാലത്തേക്കു മാത്രം ലോകത്തിന്റെ ഭാവിയെ കാണുന്ന മൂലധനശക്തികൾക്ക് പെട്ടെന്നുണ്ടാകുന്ന ലാഭത്തെക്കുറിച്ചു മാത്രമേ ചിന്തിക്കാൻ കഴിയുകയുള്ളു. അന്തർദേശീയമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മൂലധനത്തിന് താത്കാലിക ലാഭം മാത്രമാണ് ലക്‌ഷ്യം. സർക്കാരുകളുടെയും ലക്‌ഷ്യം അതാകുമ്പോഴോ?. ദീർഘകാല ആസൂത്രണത്തിതിന്റെ ഭാഗമായി നടപ്പിലാക്കേണ്ട വികസനപദ്ധതികൾ വളരെച്ചെറിയ കാലത്തേക്ക് ആസൂത്രണം ചെയ്യുമ്പോൾ പരിസ്ഥിതി ഒരു അജണ്ട പോലും ആകുന്നില്ല. മുതലാളിത്തമാണ് ചരിത്രത്തിന്റെ അവസാനം എന്ന് ഉറച്ചു വിശ്വസിക്കുന്ന പ്രസ്ഥാനങ്ങളും സർക്കാരുകളും കോർപ്പറേറ്റ് താല്പര്യങ്ങൾ തന്നെയാണ് സംരക്ഷിക്കുക. കോർപറേറ്റുകളെപ്പോലെ പരിസ്ഥിതി പ്രവർത്തനത്തെ സർക്കാരുകളും ശത്രുക്കളെപ്പോലെയാണ് നേരിടുന്നത്. ഇതിൽ കേന്ദ്ര, സംസ്ഥാന വേർതിരിവുകൾ ഇല്ല. കേന്ദ്ര പരിസ്ഥിതിമന്ത്രാലയം പ്രസിദ്ധീകരിച്ച Draft environmental Impact Assessment Notification 2020ൽ പ്രധാനപ്പെട്ട പല വെള്ളം ചേർക്കലുകളും നടത്തിയത് ഈ കോർപ്പറേറ്റ് താല്പര്യം മുൻനിർത്തിയാണ്.
പ്രകൃതിവിഭവ ചൂഷണത്തിൽ ഞെട്ടിപ്പിക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ട്. കർണാടകയിലടക്കം പല സംസ്ഥാനങ്ങളിലെയും സർക്കാരുകൾ ഖനിവ്യവസായികളുടെ നിയന്ത്രണത്തിലാണ്. ക്വോറികളുടെ ദൂരപരിധി 50 മീറ്ററായി കുറച്ചുകൊണ്ടുവരണം എന്നാവശ്യപ്പെടുന്നത് ഇടതുപക്ഷ സർക്കാരാണ്. ഇതിനെതിരെ കോടതി പോലും എതിർപ്പു പ്രകടിപ്പിച്ചു അപേക്ഷ റദ്ദാക്കുകയായിരുന്നു. ക്വോറി വ്യവസായകുത്തകകൾക്കു കേരളത്തിൽ പല സ്ഥലങ്ങളിലും അനുവാദം കൊടുക്കാത്തത് ജനകീയപ്രതിഷേധം കൊണ്ടുമാത്രമാണ്.
മൂലധനത്തെയും ലാഭത്തെയും മുൻനിർത്തിയുള്ള എല്ലാ വികസന ചർച്ചകളും പരിസ്ഥിതിയ്ക് ഏല്പിക്കുന്ന ആഘാതം ഇന്ന് ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. മുതലാളിത്ത വ്യവസ്ഥയുടെ കീഴിൽ തുടരുന്ന അനന്തമായ വികസന സങ്കല്പം ഇടതുപക്ഷവും കേരളത്തിൽ ഏറ്റെടുക്കുന്നതിന്റെ അനുഭവങ്ങളാണ് നാം കാണുന്നത്. മനുഷ്യന്റെ ആവശ്യങ്ങളുടെ മുൻഗണനാക്രമത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടേണ്ട സാമൂഹ്യവ്യവസ്ഥയെക്കുറിച്ചുള്ള ചിന്തയ്ക്കു മാത്രമേ പ്രകൃതി നാശങ്ങൾ തിരിച്ചറിയാൻ കഴിയുകയുള്ളൂ മൂലധനത്തിന്റെ കേന്ദ്രീകരണത്തിൽ ഊന്നി നിൽക്കുന്ന ഒരു വ്യവസ്ഥയുടെ പരിസ്ഥിതിനയങ്ങളുടെ വിമർശനമായിരുന്നു മാർക്സ് ഉയർത്തിയത്. കോർപ്പറേറ്റ് ലാഭേച്ഛയിൽ രൂപപ്പെടുന്ന ഉത്പാദന സമ്പ്രദായത്തിൽ എങ്ങിനെയാണ് ലോകജീവിതം തകരുന്നത് എന്ന കാഴ്ചയിൽ നിന്നാണ് പുതിയ പരിസ്ഥിതി സമരങ്ങൾ ലോകവ്യാപകമായി രൂപപ്പെടുന്നത്.
ഓരോവർഷവും മൊബൈൽ ഫോണുകളും ലാപ്ടോപ്പ്കളും മാറ്റിവാങ്ങിക്കാൻ പ്രേരിപ്പിക്കുന്ന പുതിയ സാങ്കേതിക വിദ്യയുടെ (ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ കാലഹരണപ്പെടുന്ന നിർമാണപ്രക്രിയ planned obsolescence) മുതലാളിത്ത പ്രയോഗത്തിൽ നിന്നാണ് E-Waste കൾ എങ്ങിനെ രൂപപ്പെടുന്നു എന്നതിന്റെ ഉത്തരം ലഭിക്കുക. പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നതിന്റെ കണക്കുകൾ കോർപറേറ്റകൾ തങ്ങളുടെ ലാഭവിഹിതകണക്കു പുസ്തകത്തിൽ ഉൾപ്പെടുത്തിയാൽ ഇന്ന് രേഖപ്പെടുത്തുന്നതിന്റെ പതിന്മടങ്ങായിരിയ്ക്കും അവരുടെ ലാഭം . കേരളത്തിൽ പ്രകൃതിവിഭവചൂഷണം നടത്തുന്ന അദാനിമാരും, ക്വോറികളും ഖനനങ്ങളും നടത്തുന്ന വൻകിട കുത്തകകളും പ്രകൃതിവിഭവങ്ങളുടെ വില അവരുടെ കണക്കുപുസ്തകത്തിൽ ഉൾപ്പെടുത്തുന്നില്ല. അപ്പോഴും ജനകീയ ചെറുത്തുനിൽപ് കൊണ്ട് നീട്ടിവെക്കപ്പെടുന്നതല്ലാതെ ഒന്നും നമ്മെ വിട്ടു ഒഴിയുന്നില്ല. വികസനത്തിന്റെ പേരിൽ പ്രകൃതി വിഭവങ്ങളുടെ കൊള്ള അനുവദിക്കുകയാണ് കേരള സർക്കാറും ചെയ്യുന്നത്. കേരളത്തിൽ അനുവാദമില്ലാതെ പ്രവർത്തി ക്കുന്ന ക്വോറികളുടെ എണ്ണം ആറായിരത്തോളമുണ്ട്. ലൈസൻസ് ഇല്ലാത്ത ക്വോറികൾ അടച്ചുപൂട്ടണമെന്ന നിയമസഭാ പരിസ്ഥിതികമ്മിറ്റിയുടെ നിർദേശങ്ങൾ അവഗണിച്ചുകൊണ്ടാണ് ക്വോറികൾക്കു ലൈസൻസ് നീട്ടിനൽകിയത്. ഹരിത ട്രിബുണലിന്റെ വിധിയെ അവഗണിച്ചുകൊണ്ടാണ് സർക്കാർ വീണ്ടും ക്വോറിവ്യവസായികൾക്ക് വേണ്ടി കോടതിയിൽ പോയത്. കോവിഡിന്റെ മറവിൽ നടന്ന പരിസ്ഥിതി നിയമ ലംഘനങ്ങൾ പഴയതിൽ നിന്ന് പതിന്മടങ്ങാണെന്നു കണക്കുകൾ ബോധ്യപ്പെടുത്തുന്നുമുണ്ട്. ആഗോളതാപനത്തിലേയ്ക്കും ജൈവവൈവിധ്യ ശോഷണത്തിലേയ്ക്കും എത്തിച്ച ഈ ദുരന്തപാത എങ്ങിനെയാണ് നമ്മുടെ ഭൂമിയെ മാറ്റിത്തീർക്കുന്നത് എന്ന് ലോകം ഉത്കണ്ഠയോടെയാണ് നോക്കികാണുന്നത്. അനന്തമായ വികസനവും അനന്തമായ പ്രകൃതിചൂഷണവും നിയന്ത്രിക്കുന്നതെങ്ങിനെ? പ്രളയവും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കാലാവസ്ഥവ്യതിയാനവും ഏതെങ്കിലും ഒരു പരിസ്ഥിതി നാശവുമായി നേർരേഖ ബന്ധം ഉണ്ടാവണമെന്നില്ല. പാരിസ്ഥിതിക വിനാശത്തിന്റ ആകെത്തുകയാണത് .
മനുഷ്യന്റെയും പ്രകൃതിയുടെയും പരസ്പരാശ്രയത്വം പരിഗണിക്കാത്ത ജീവന്റെ സുസ്ഥിരനിലനില്പിനെ കണക്കിലെടുക്കാത്ത മുതലാളിത്തത്തിന്റെ എല്ലാ അതിരില്ലാത്ത വികസനവാദവും ഉപേക്ഷിച്ചുകൊണ്ടല്ലാതെ ഈ ഭൂമിയെ നിലനിർത്താനാവില്ല എന്ന മാർക്സിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാവുന്നത് ഈ കാലഘട്ടത്തിൽ ആണ് . ആഗോള പരിസ്ഥിതിദുരന്തം വളരെയേറെ വിനാശത്തിലെത്തിയിട്ടും ശാസ്ത്ര സമൂഹം ഭീതിതമായ മുന്നറിയിപ്പുകൾ നൽകിയിട്ടും അതിനെ അവഗണിക്കത്തക്കവിധം മൂലധന വ്യവസ്ഥയും കോർപ്പറേറ്റ് താല്പര്യങ്ങളും തന്നെ ആണ് സർക്കാരുകളെ നയിക്കുന്നത്. പരിസ്ഥിതി പ്രകൃതി സൗന്ദര്യമോ കാടിന്റെ കുളിർമയോ അല്ല . പരിസ്ഥിതി, ജീവിതം തന്നെയാണ്. വ്യക്തിഗതമായ നൈതികതയോ ആദർശപരതയോ കൊണ്ട് സംരക്ഷിക്കാൻ കഴിയുന്നതുമല്ല. പരിസ്ഥിതി രംഗത്തെ പ്രശ്നങ്ങൾ, അത് രാഷ്ട്രീയമാണ്. വരുന്നതും വരാനിരിക്കുന്നതുമായ പ്രകൃതിദുരന്തങ്ങൾ പരിഹരിക്കുന്നതിൽ രാഷ്ട്രീയമായ ഇടപെടലുകൾ തന്നെയായിരിക്കും നിർണായകം.
…
ഡോ. കെ എൻ അജോയ് കുമാർ
കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിലെ ബോട്ടണി അധ്യാപകനായിരുന്നു. ലേഖകൻ. ആക്റ്റിവിസ്റ്റാണ്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.