കെ. മധുപാൽ / അജു അഷ്‌റഫ്
ഒരേ സമയം കഥാകാരനായും, സംവിധായകനായും വർത്തിക്കുന്ന, മലയാള സിനിമയിലെ ചുരുക്കം ചില മുഖങ്ങളിലൊരാളാണ് താങ്കൾ. ഈ രണ്ട് ദ്വന്ദങ്ങളെ, രണ്ട് മാധ്യമങ്ങളെ, ഭാഷാ വ്യവഹാരങ്ങളെ സംയോജിപ്പിക്കുക എന്നത് എത്രത്തോളം ശ്രമകരമാണ്..?
കഥാകാരൻ, സംവിധായകൻ എന്നീ തലങ്ങളെ രണ്ടായി തന്നെയാണ് ഞാൻ കാണുന്നത്. ‘കഥയെഴുതുന്ന ഒരാൾ’ എന്നത് സിനിമാ ജീവിതത്തിന് മുൻപേ തന്നെ എനിക്ക് കൈവന്നൊരു ലേബലാണ്. എൺപതുകളുടെ തുടക്കത്തിൽ തന്നെ ചെറുകഥകൾ എഴുതുകയും, കലാകൗമുദി, മലയാളനാട്, കുങ്കുമം തുടങ്ങിയ കഥാമാസികകളിൽ അവ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീടാണ് സിനിമയെന്ന മേഖലയിലേക്ക് ഞാൻ പ്രവേശിക്കുന്നത്. 1990 മുതൽ 2000 വരെയുള്ള, പത്ത് വർഷക്കാലം ഒരു കഥ പോലും ഞാൻ എഴുതിയിട്ടില്ല എന്നുള്ളതാണ് മറ്റൊരു വസ്തുത.!. കുട്ടിക്കാലം മുതൽ തന്നെ സിനിമ എന്നോടൊപ്പമുണ്ടായിരുന്നു. ഞാനത് കേൾക്കുന്നും കാണുന്നുമുണ്ടായിരുന്നു. കോളേജ് പഠനകാലത്തെ ഫിലിം സൊസൈറ്റി മൂവ്മെന്റുകളിലൂടെ സിനിമയ്‌ക്കൊപ്പം ഞാൻ സഞ്ചരിച്ചു. കൊച്ചിയിൽ വന്ന കാലത്തൊക്കെ നല്ല സിനിമകൾ വിടാതെ കാണാനുള്ള അവസരവും കൈവന്നു.
വായനയുടെ ഒരു ലോകവും, കാഴ്ചയുടെ ഒരു ലോകവും നിർമ്മിക്കപ്പെടുന്നുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് രണ്ടും തീർത്തും വ്യത്യസ്തമായ ലോകങ്ങളായി നിലകൊള്ളുന്നു. വായനയുടെ ലോകം സ്വകാര്യതയാണ്. കാഴ്ച്ചയുടേത് കൂട്ടായ ഒരു പ്രയത്നവും. കാഴ്ച്ചയുടെ ലോകത്ത് നിന്നുണ്ടാവുന്ന കാര്യങ്ങളും അനുഭവങ്ങളും എന്റെ കഥയെഴുത്തിൽ വലിയ ഗുണം ചെയ്തിട്ടുണ്ട് എന്നെനിക്കറിയാം. കഥയെഴുത്തിൽ എപ്പോഴും വിഷ്വലി കാണുന്നത് പോലെ അവതരിപ്പിക്കാൻ ശ്രമിക്കാറുണ്ട്. ഇത് കാഴ്ച്ചയുടെ ലോകം സൃഷ്ടിക്കുന്ന ഇമ്പാക്ട് ആണ്.
അതേസമയം, കാഴ്ച്ചയുടെയും വായനയുടെയും ഭാഷ രണ്ടാണ്. രണ്ട് ഭാഷയ്ക്കും അതിന്റെതായ സ്വഭാവമുണ്ട് എന്ന് ഞാൻ കരുതുന്നു. നമ്മൾ കാണുന്ന കാഴ്ച്ചകൾ നമ്മളോട് സംവദിക്കുന്ന രീതി വ്യത്യസ്തമാണ്. പക്ഷേ വായനയിലെ ഭാഷയിൽ ചിന്തയ്ക്കാണ് പ്രസക്തി. ചിന്തിക്കുമ്പോഴുള്ള ഭാഷയും കാണുമ്പോഴുള്ള ഭാഷയും രണ്ടായിട്ടാണ് സാഹിത്യത്തിൽ ഉപയോഗിക്കപ്പെടുന്നത് എന്നത് പുസ്തകങ്ങൾ വായിക്കുമ്പോൾ തന്നെ നമുക്ക് വെളിപ്പെടുന്നൊരു കാര്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം എഴുത്ത് എന്നതിൽ “ആരോടാണ് സംവദിക്കുന്നത്” എന്നതിന് ചെറുതല്ലാത്ത പ്രാധാന്യമുണ്ട്. എവിടെയോ ഇരിക്കുന്ന ഒരു വായനക്കാരൻ, നമ്മളിലെ എഴുത്തുകാരനെ തിരിച്ചറിയുന്നുണ്ടോ എന്നത് ഞാൻ ആലോചിക്കാറുണ്ട്. ഒരു സിനിമാക്കാരനാണെന്നോ, അല്ലെങ്കിൽ ഒരു നടൻ ആണെന്നോ, സംവിധായകനാണെന്നോ അറിഞ്ഞുകൊണ്ടുള്ള ഒരു വായന ഈ അടുത്തൊന്നും ഉണ്ടായിട്ടില്ല. രണ്ടായിരത്തിന് ശേഷം ഞാൻ വീണ്ടും കഥയെഴുത്തിലേക്ക് തിരിച്ചുവന്നപ്പോൾ പലരുമെന്നോട് പറഞ്ഞിട്ടുണ്ട്. “താങ്കളുടെ അതേ പേരിൽ കഥകൾ എഴുതുന്ന ഒരാളുണ്ടെന്ന് !”. കഥാകൃത്തിന്റെ ഫോട്ടോ കൂടി അച്ചടിക്കുന്ന ശീലം വന്നതോടെയാണ് രണ്ടും ഒരാളാണെന്ന് പലരും തിരിച്ചറിയുന്നത്.
ഞാൻ പലപ്പോഴും ആലോചിക്കാറുള്ള മറ്റൊരു കാര്യമെന്തെന്നാൽ, സിനിമയിലുള്ള എഴുത്തിൽ, അല്ലെങ്കിൽ ഒരു സിനിമാ നടൻ കഥ എഴുതുന്ന എന്ന സാഹചര്യത്തിൽ, എന്റെ സിനിമ കണ്ട ഒരു ആസ്വാദകൻ, എന്റെ കഥയുടെ വായനക്കാരനായും മാറുന്ന സ്ഥിതിവിശേഷമുണ്ടാവാറുണ്ട്. ഈ രണ്ട് രീതിയിലും എന്നോട് സംസാരിച്ചിട്ടുള്ള,എന്നെ സമീപിച്ചിട്ടുള്ളവരുണ്ട്. യാത്രകളിലും മറ്റും ഞാനിത് അനുഭവിച്ചിട്ടുണ്ട്. എന്നെ ഒരു എഴുത്തുകാരനായി മാത്രം തിരിച്ചറിഞ്ഞ വായനക്കാരുണ്ട്. അതുപോലെ, ഞാൻ കഥയെഴുതുന്നു എന്നത് അറിയുകയേ ചെയ്യാത്ത, സിനിമാ നടനായി മാത്രമെന്നേ തിരിച്ചറിഞ്ഞ ആളുകളും കുറവല്ല. എന്നെ സംബന്ധിച്ചിടത്തോളം ഇത് രണ്ടും ഒന്നിച്ചു കൊണ്ടുപോവുകയെന്നത് എന്റെ സ്വകാര്യമായ താല്പര്യങ്ങളും ഇഷ്ടങ്ങളും അനുസരിച്ചാണ്. രണ്ട് രീതിയിലുള്ള വ്യത്യസ്ത ഐഡന്റിറ്റികൾ ഉണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു. എഴുത്ത് ഒറ്റയ്ക്കുള്ള പരിശ്രമമാണ്. സിനിമ കൂട്ടായ യത്നവും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല