കവിത
പ്രദീഷ് കുഞ്ചു
ഉറുമ്പ് കടിച്ചിട്ട്,
ഉറങ്ങാൻമേല.
ഉടുതുണി,
ഉറക്കപ്പായ,
ഉലകമുച്ചൂടും
ഉറക്കെക്കുടഞ്ഞു.
ഇടക്ക്,
അരിക്കുന്നപോലെ,
കടിക്കുന്ന പോലെ,
ചൊറിയുന്ന പോലെ.
കിരുകിരിപ്പ്,
ചൊകചൊകപ്പ്,
തടിച്ചുപൊന്തൽ,
കലശലാം നീറ്റൽ.
അടീല്,
തുടക്ക്,
പൊക്കിളിൽ,
പുറത്ത്,
കഴുത്തിൽ,
കൺപോളയിൽ.
കൊടുത്തടി,
കട്ടത്തിരുമ്മൽ,
മാന്തലോ മാന്തൽ.
കുളിച്ചു.
നന്നായി തുടച്ചു.
കാറ്റുകൊണ്ടു,
വെയിലിലിരുന്നു.
പിന്നേം,
കുളിച്ചു.
നന്നായി തുടച്ചു.
പിന്നെ കൂടെക്കൂടെ,
പൗഡറിട്ടു.
ഇരിക്കക്കള്ളിയില്ല,
നിക്കക്കള്ളിയില്ല,
കിടന്നിട്ടൊട്ടുന്നുമില്ല.
പരപരാ-
മേലോട്ട്,
കീഴ്പോട്ട്.
പൊട്ടുപോലെ,
കുത്തുപോലെ,
വരപോലെ,
വരച്ചപോലെ.
ഉള്ളിൽക്കിടന്ന്,
പുളയുന്ന പരാക്രമം,
തൊള്ളതുറന്ന്,
ആരോട് പറയാൻ.
നോക്കി.
കമഴ്ന്ന് കിടന്ന്,
ചരിഞ്ഞുകിടന്ന്,
മലന്ന് കിടന്ന്.
വളഞ്ഞും,
പുളഞ്ഞും കിടന്ന്.
നടന്ന് നോക്കി,
കിതച്ചു.
ഓടിനോക്കി,
തളർന്നു.
പിന്നേം കിടന്നു നോക്കി.
പിന്നെ,
കണ്ണടച്ചു നോക്കി.
കാതടച്ചു വെച്ചു.
അതാ,
കിരുകിരാ ചെത്തം.
ചുണ്ട് തുടക്കുന്നവ,
ഉറുഞ്ചിയെടുക്കുന്നവ,
ഏമ്പക്കം വിടുന്നവ.
പിന്നേം,
ചെത്തം മിണ്ടീല.
പിന്നേം,
കിറുകിരാ ചെത്തം.
പമ്മിപ്പമ്മി,
തിക്കിത്തിരക്കി,
ഒടുന്നവ,
പറക്കുന്നവ,
തിരയുന്നവ.
പിന്നേം
മിണ്ടീല,
ഇളകീല.
അപ്പ പതിയെ
അവരിലൊരുവനെ കണ്ടു.
നെഞ്ചിടത്ത്.
ഇടത് മുലഞെട്ട്,
ചീഞ്ഞിടത്ത്,
ഒരു ചെറിയൊരോട്ട.
ഓട്ടയിൽ നിന്ന്,
പുറത്തേക്ക്.
കരുത്ത് പിടിച്ച്,
നെഞ്ച് വിരിച്ച്,
ചുണ്ട് തുടച്ച്,
കണ്ണുരുട്ടി,
ഏമ്പക്കം വിട്ട്,
തലയെത്തി നോക്കുന്ന,
പ്രാണന്റെ
കട്ടുറുമ്പ്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
നല്ലെഴുത്ത്????????
Great work…. its really fabulous
“പ്രാണൻ്റെ കട്ടുറുമ്പ്”…
Nice ????