കവിത
ശാലിനി എസ്
‘മുറി’യാകുന്ന കുളിർ …
കുളിമുറിയിലിട്ടുണക്കിയ തോല്
ഉടല് ചുറ്റിയൊഴുകുന്നു ജലധാര …
വെള്ളം …
കണ്ണിലേക്കൊഴിക്കുമ്പോൾ ചത്ത മീനിന്റെ ഹൃദയമെനിക്ക്
ഉടലിലേക്കു പകരുമ്പോൾ
പ്രണയത്തിലും ഉഴറി വീണ തിരയിളക്കങ്ങൾ പലതു മണക്കുന്നു
ഒഴുകി വീണ പച്ചപ്പിൽ ചിതറി വീണ പൊട്ടിച്ചിരികൾ
ഇനിയും മുഴുവനായി പടർന്നു കയറാനറിയാത്ത
ചില്ലു കൊട്ടാരമാണ് നീ
ഉപ്പിന്റെ കവാടം …
മുറിവ് കഴുകുന്ന കുളി
ഒഴുകിയ തലമുടിയിൽ പിറന്നു വീണ കാക്കകൾ കരയുന്നു
‘മതി’ ഇനി, പുറത്തേക്ക് പുറത്തേക്ക് …
ചിതല് കയറിയ വാതിലിൽ മറന്നു പോകാൻ വെമ്പിയ ഓർമചിത്രം
കണ്ണീരു പിറക്കാതെ കുറ്റിയിൽ അന്ന് തട്ടി-വിളി …
ഇനിയെപ്പോഴാണ് ?
ഒറ്റക്കൊരു കുതിപ്പിൽ അടഞ്ഞു വീഴുന്ന നില-വിളി
“ദേ ഞാനിറങ്ങി ”
ഉടലിന്റെ വളവുകൾ നാണിപ്പിക്കാതെ
നീണ്ടുനിവർന്നു കിടക്കുന്നു
തല വഴി കാലിലേക്കിറങ്ങിയ പെരുമ്പാമ്പ് തോർത്തിലൂടെ
മാളത്തിലേക്കിഴയുന്നു
അനന്തശയനമായിരുന്നു ഉദ്ദേശം
‘നീല’ പൊതിയാതുടൽ
അസ്പർശ്യത്തിന്റെ ചുവപ്പിൽ കുതിരുന്നു …
സാമ്രാജ്യം
വസ്ത്രങ്ങൾക്കുള്ളിൽ ചുവപ്പൻ കാലിനരിപ്പുകൾ
ആത്മരതി മാനത്തിൽ ഉഴറി വീഴുന്നു തേരട്ടകൾ
തോല് പുതക്കുന്നുടൽ
അനുവദിക്കാത്ത സ്പര്ശങ്ങളോർത്തു ഞെട്ടുന്നു
ആദ്യ വിരൽ സ്പർശം വീണ്ടും പൊടി മണ്ണിലേക്ക്
കുളിമുറി, ആഗ്രഹങ്ങൾ പൊതിഞ്ഞ വെറുപ്പിന്റെ നിലവിളികളിൽ
എന്റേത് മാത്രമെന്ന് ഞെരിഞ്ഞമർന്നു
പൊക്കിൾ കൊടി ബന്ധമുപേക്ഷിക്കുന്ന സാമ്രാജ്യം
…
കാസർഗോഡ് കേന്ദ്ര സർവ്വകലാശാലയിൽ ഗവേഷകയാണ്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.