ഓണാഘോഷം:  ജില്ലയില്‍ മൂന്ന് പ്രധാന വേദികള്‍ 

0
247

കോഴിക്കോട്‌:  ജില്ലാതല ഓണാഘോഷത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 9ന് ടാഗോര്‍ ഹാളില്‍ നടക്കും.

ടാഗോര്‍ഹാള്‍, ടൗണ്‍ഹാള്‍, മാനാഞ്ചിറ എന്നീ മൂന്നു പ്രധാന വേദികളിലായാണ് 9, 10, 11, 12 തീയതികളില്‍ ജില്ലയിലെ ഓണാഘോഷം നടക്കുക. മാനാഞ്ചിറ ബിഇഎം സ്‌കൂളില്‍ പൂക്കളവും ഒരുക്കും.

ഓണാഘോഷ കമ്മിറ്റിയുടെ യുടെ ഓഫീസ് ഉദ്ഘാടനം സെപ്റ്റംബര്‍ 5 വൈകിട്ട് നാലിന് മാനാഞ്ചിറ ഡിടിപിസി ഓഫീസില്‍ നടക്കും. എ പ്രദീപ് കുമാര്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ സാംബശിവറാവു തുടങ്ങിയവര്‍ പങ്കെടുക്കും.

ഒമ്പതിന് ടാഗോര്‍ ഹാളില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിനുശേഷം ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്ത പരിപാടി ഉണ്ടായിരിക്കും. ഗാനമേള, ഗസല്‍, ഖവാലി, ഭാരത് ഭവന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധ കലാകാരന്മാരുടെ പരിപാടികള്‍ തുടങ്ങിയവ വിവിധ ദിവസങ്ങളിലായി ടാഗോര്‍  ഹാളില്‍ സംഘടിപ്പിക്കും.  ടൗണ്‍ഹാളില്‍ നാല് ദിവസങ്ങളിലായി വിവിധ നാടകങ്ങള്‍ അരങ്ങേറും. മാനാഞ്ചിറയില്‍ ഓണക്കളികള്‍, തലപ്പന്ത്, ഊഞ്ഞാലാട്ടം, നാടന്‍ കലാരൂപങ്ങള്‍, മാര്‍ഷ്യല്‍ ആര്‍ട്‌സ് തുടങ്ങിയവ അരങ്ങേറും. പ്രമുഖര്‍ ഉള്‍പ്പെടുന്ന വടംവലി മത്സരവും ഉണ്ടാവും.

പ്രളയബാധിത പ്രദേശങ്ങളില്‍ വണ്ടര്‍ ഓണ്‍ വീല്‍സ് എന്ന സഞ്ചരിക്കുന്ന മാജിക് ഷോയും സംഘടിപ്പിക്കും. 

പ്രധാന വേദികള്‍ക്ക് പുറമേ ജില്ലയിലെ വിവിധ സഞ്ചാര കേന്ദ്രങ്ങളില്‍ ഡി ടി പി സി യുടെ സഹകരണത്തോടെ പരിപാടികള്‍ അവതരിപ്പിക്കും.  കൊയിലാണ്ടി അകലാപ്പുഴയിലും അത്തോളിയിലും  ജലോത്സവവും, കാപ്പാട്, വടകര സാന്‍ഡ് ബാങ്ക്‌സ് എന്നിവിടങ്ങളില്‍ വിവിധ പരിപാടികളും ഉണ്ടായിരിക്കും. 

കളക്ടറേറ്റില്‍ നടന്ന ഓണാഘോഷ പരിപാടികളുടെ സംഘടന സംബന്ധിച്ച യോഗത്തില്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ സാംബശിവറാവു, സബ്കലക്ടര്‍ വി വിഘ്‌നേശ്വരി, എഡിഎം റോഷ്ണി നാരായണന്‍,  ഡിടിപിസി സെക്രട്ടറി സിപി ബീന, ഡിടിപിസി എക്‌സിക്യൂട്ടീവ് അംഗം മുസാഫര്‍ അഹമ്മദ്, പൗരപ്രമുഖര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here