കോർത്തുവെച്ച മഴനൂലുകൾ…

0
177

കറിവെച്ചു വെച്ച
മൺചട്ടി മേലെയും,
ഊതിയൂതി പതം വന്ന
അടുപ്പിലേക്കും,
കഴുകി കമിഴ്ത്തിവെച്ച
നിറം മങ്ങിയ പാത്രങ്ങളിലും,
ഓലമേഞ്ഞ
ഒറ്റമുറി വീടിന്റെ
മൂലയിൽ ചാരിയ തഴപ്പായിലേക്കും
ഇറ്റു വീഴുന്ന മഴത്തുള്ളികളോരോന്നും
കോർത്തുവെച്ചതുപോലെ.. !

ഇടവപ്പാതിയിൽ
നനഞ്ഞുണങ്ങാൻ വൈകുന്ന
മുത്തശ്ശിയുടെ ജമ്പർ….
മുലകെട്ടാതെ മുത്തശ്ശിയും.. !!

ഉമ്മറത്തെത്തിയ തൂവാനത്തിൽ
നനഞ്ഞണഞ്ഞു പോയ
നിലവിളക്ക്……

ഒച്ചും അട്ടയും മണ്ണിരയും തവളകളും അകത്തേക്ക്…
ഞങ്ങൾ പുറത്തേക്കും.. !
ഉച്ചിയിൽ വീഴുന്ന മഴത്തുള്ളികൾ..
പിന്നെ പനിയും ചുമയും ..
പക്ഷെ…
ചേമ്പിലയിലെ മഴത്തുള്ളികൾ
വജ്രം പോലെയായിരുന്നു.. !
നനയാതെ തെന്നി.. തെന്നി നീങ്ങുന്ന ഒന്ന്..


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
9048906827 (WhatsApp)
editor@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here