ജിഷ്ണു രവീന്ദ്രൻ
“പാട്ടും വരയുമല്ലാതെ വേറെ പണിയൊന്നുമില്ലേ” എന്നു ചോദിക്കുന്ന “മാന്യമായ” ജോലി ചെയ്യുന്നവർക്കുള്ള ഉത്തരമാണ് സുബേഷ് പദ്മനാഭന്റെ ചിത്രങ്ങൾ. ലോക്ക്ഡൗണ് പ്രഖ്യാപിച്ച് വീട്ടിലിരുത്തിയാലും തിരക്കിലാണെന്ന് അയാൾ തലയുയർത്തിപിടിച്ച് പറയും. “സമയം കിട്ടുമ്പോൾ വരയ്ക്കാം” എന്നു മാറ്റിവച്ചതു മുഴുവൻ ഇങ്ങോട്ടു തേടിവരുന്ന കാലമാണിത്.
വാർത്തകൾ കേൾക്കുമ്പോൾ ഭയമുണ്ടെങ്കിലും ഉച്ച കഴിഞ്ഞ് വെയിലു താഴുമ്പോൾ, ഒരുപാടുണ്ട് സമയം എന്ന സന്തോഷത്തോടെ ബ്രഷ് എടുക്കാറുണ്ട്. സുബേഷ് പറയുന്നു. ഭക്ഷണ സാധനങ്ങൾ തീരുന്നതുപോലെ, ഒരുപക്ഷേ അതിലും വേഗത്തിൽ പെയിന്റും ക്യാൻവാസുകളും തീർന്നു. പുറത്തു പോയി വാങ്ങാൻ കഴിയില്ല എന്നതുകൊണ്ട് തോല്പിക്കാമെന്നു കരുതേണ്ട. കിട്ടുന്ന എന്തിലും വരച്ചു തുടങ്ങി, വീട്ടിലുള്ള എ ഫോർ പേപ്പറുകളിൽ, ചെറിയ നോട്ട് പുസ്തകങ്ങളിൽ. പെയിന്റ് തീർന്ന് തുടങ്ങിയപ്പോൾ നിറങ്ങൾക്കുവേണ്ടി വാശി പിടിക്കാതെയായി. രണ്ടു നിറങ്ങൾകൊണ്ടു മാത്രം പല ചിത്രങ്ങളും മുഴുമിപ്പിച്ചു.
വാട്ടർ കളർ ആയിരുന്നു സുബേഷിന്റെ പ്രീയപ്പെട്ട മീഡിയം പക്ഷെ ഇപ്പോൾ ആക്രിലിക്കും ഫാബ്രിക്കും ഒക്കെ ഉപയോഗിച്ചു തുടങ്ങി. ഈ ചിത്രങ്ങളിലൂടെ ഒന്നേ പറയാനുള്ളൂ ഇയാൾക്ക്, “കൂടെയുള്ളവർ വരെ നഷ്ടപ്പെടാൻ സാധ്യതയുള്ള സമയമാണ് പക്ഷേ കലാകാരനെ നിങ്ങൾക്ക് ഒറ്റപ്പെടുത്താൻ കഴിയില്ല.” ഒരു കലാകാരൻ ലോകത്തോടു പറയുന്ന ഏറ്റവും വലിയ രാഷ്ട്രീയ വാക്യമാണിത്. ആവശ്യത്തിനുള്ള അരിയും പച്ചക്കറിയും മാത്രമായിരുന്നു നമ്മുടെ അടിസ്ഥാന പ്രശ്നമെന്നും, ആവശ്യമാണെന്ന് നമ്മൾ കരുതിയ പലതും അനാവശ്യങ്ങളായിരുന്നെന്നുമുള്ള ബോധം ആളുകൾക്ക് വന്നു തുടങ്ങുമ്പോൾ തന്നെയാണ് കലാകാരൻ സംസാരിക്കേണ്ടത്.
ഓണ്ലൈനിൽ കുട്ടികൾക്ക് ക്ലാസ്സുകളെടുക്കുന്നുണ്ട്, അരമണിക്കൂറിന്റെ ഇടവേളകളിൽ ഓരോ കുട്ടിക്കും വിഷയങ്ങൾ വാട്‌സ്ആപ്പിലൂടെ നൽകും. വൈകുന്നേരം നാലുമണിക്കുള്ളിൽ കുട്ടികൾ ചിത്രങ്ങൾ തിരിച്ചയക്കും. വീട്ടിലിരുന്ന് കുട്ടികൾ സമയത്തോടെ ചെയ്യുമ്പോൾ അത്ഭുതപ്പെടുത്തുന്ന റിസൽട്ട് ഉണ്ടെന്ന് സുബേഷ് പറയുന്നു.സ്കൂൾ ചട്ടത്തിൽ കല പഠിപ്പിക്കുന്നതിന്റെ മുരടിപ്പും മടുപ്പും ചെറുതാക്കികളഞ്ഞ ക്യാൻവാസാണ് ഇന്നവർ വീടുകളിൽ നിവർത്തിവെക്കുന്നത്.
മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാനില്ലാതെ സ്വസ്ഥമായി വരയ്ക്കുന്നത് ഒരു മൂളിപ്പാട്ടുപോലെ മധുരമുള്ളതാണ്. നമുക്കുവേണ്ടി മാത്രമുള്ളത്. ചെയ്തുകഴിഞ്ഞ് മണിക്കൂറുകളോളം നോക്കിനിൽക്കാൻ. ചില വരകൾ കേവലം പുറംകാഴ്ചയ്ക്കപ്പുറം ഓർമ്മകളും സ്വപ്നങ്ങളും ചേർത്തു കെട്ടുന്ന കണ്ണികളാകും. അപ്പോൾ കലാകാരന് ഉറക്കം നഷ്ടപ്പെടും.
എന്നാൽ കാലങ്ങൾക്കു മുമ്പ് തയ്‌ച്ചുവച്ച മുഷിഞ്ഞ ജുബ്ബയിലും നനയ്ക്കാത്ത തലമുടിയിലും ഒരു പെഗ്ഗ് വിലകുറഞ്ഞ മദ്യത്തിലും മാത്രമാക്കി കലാകാരനെ ഒതുക്കുന്നതിൽ നിങ്ങൾ വിജയിച്ചു. ദിവസങ്ങളോളം ചുവരെഴുതുന്നവന് “ഏറ്റവും കുറഞ്ഞ” ഒരുകുപ്പി നിങ്ങൾ വാങ്ങി കൊടുത്തു. കലാകാരന് “കൂലി സമം മദ്യം” എന്ന സമവാക്യം എല്ലാ പ്രിവിലെജുകളും അനുഭവിക്കുന്നവരുണ്ടാക്കിയതാണ്.
“അവനായിരിക്കും ആ നാട്ടിലെ പിക്കാസോ” പക്ഷേ അത് തിരിച്ചറിയാൻ അയാൾക്ക് പറ്റാറില്ല. ഒടുക്കം ലോക്ക്ഡൗണ് കഴിഞ്ഞുള്ള ജീവിതത്തെപ്പറ്റി സുബേഷ് പദ്മനാഭൻ ഇങ്ങനെ പറഞ്ഞു നിർത്തി, “പ്രശ്നങ്ങൾ പറയുന്നവരധികവും സേഫ്സോണിലുള്ളവരാണ്. സേഫ്സോൺ എന്താണെന്നറിയാത്തതു കൊണ്ട് ഞങ്ങളെ തോൽപ്പിക്കാൻ കഴിയില്ല, എന്നാൽ ചിലപ്പോൾ തളർന്നു പോകാറുണ്ട്…”
തെരുവുകൾ നിശ്ചലമായാലും കലാകാരൻ നിറങ്ങളിലൂടെ ഒളിച്ചു നടക്കും…
…
[…] നിറങ്ങളിൽ ഒളിച്ചുപോകുന്നവൻ […]