പൂർണവിരാമം

0
386

കവിത ജി ഭാസ്കരൻ

ഒടുവിൽ അവസാന ശ്വാസത്തിന്റെ
ഈർപ്പവും ഇറങ്ങിപ്പോവുന്നു.
നേർരേഖ വരയ്ക്കപ്പെടുന്നു.
പെറ്റവൾ കൈയ്യിൽ
മുറുക്കിപ്പിടിക്കുന്നു,
പതിവില്ലാതച്ഛൻ
നെറുകയിൽ ചുംബിക്കുന്നു.
പറയാതെ പോയ വാക്കുകൾ
നാവിനും തൊണ്ടയ്ക്കുമിടയിൽ
മരവിച്ചങ്ങനെ..
കേൾക്കാൻ കൊതിച്ച കാതുകൾ
ഒന്നു തൊടാൻ, ചുംബിക്കാൻ
അവകാശമില്ലാതെ
ആൾക്കൂട്ടത്തിൽ, നീർക്കുമിള പോലെ.
ഇനിയെത്ര പ്രഭാതങ്ങൾ, സന്ധ്യകൾ
മഴ,വെയിൽ
വഴികൾ, മുഖങ്ങൾ..
എല്ലാ കയറിചെല്ലലും അവസാനിക്കുന്നു.
ഇറക്കിവിടലിന്റെ കാലമെത്തുന്നു.
കണ്ണീരു കൊണ്ട് കഴുകി ചിലർ,
നെടുവീർപ്പിൽ പറത്തി ചിലർ,
മഴപ്പാറ്റച്ചിറകിനെ കടന്നുപോവുന്ന ലാഘവത്തിൽ
അത്രമേൽ പ്രിയപ്പെട്ട മറ്റു ചിലർ.
തീരാത്ത പൊട്ടിക്കരച്ചിൽ
എന്റേത് മാത്രമാകുന്നു.
ചെവികൾ പൊട്ടുമാറ്
ഉറക്കെയെങ്കിലും
എല്ലാ കേൾവികൾക്കും അപ്പുറത്ത്.
ഒരു കവിത കൂടിയെന്ന്,
ഒരിക്കൽ കൂടി നുസ്രത്തിനെ ഗുലാമലിയെ എന്ന്,
കണ്ണിൽ നിന്ന് ഹൃദയത്തിലേക്കൊരൊറ്റ
നോട്ടം കൂടിയെന്ന്,
കാതിലൊരൊറ്റ ഈരടികൂടി
അതിനൊപ്പമൊരൊറ്റ നൃത്തച്ചുവടു കൂടിയെന്ന്.
ഒരു സമരം കൂടെ,
തലപുകയുന്ന ചർച്ചകളിൽ
കൂട്ടപ്പൊട്ടിച്ചിരികളിൽ
ഒറ്റയൊരിക്കൽ കൂടിയെന്ന്,
ഈ കിടപ്പിനെ
ഓർമ്മയിൽ നിന്നൊരാൾ
വരയ്ക്കുന്നത് കാണണമെന്ന്,
എനിക്ക് മണ്ണു വേണ്ട
ശ്വാസം മുട്ടുമെന്ന്,
കടുകു വറക്കുമ്പോൾ ഓടുന്നവളാണ്
പൊള്ളിക്കരുതെന്ന്
തണുക്കുന്നെന്ന്, നൂറു വട്ടം.
അടഞ്ഞ കൺപോളകൾക്കുള്ളിൽ
കണ്ണീരൊരു ഭ്രാന്തിയായ
സമുദ്രമാവുകയും പിന്നെ
വറ്റി പോവുകയും ചെയ്യുന്നു.
ഇതാ ശൂന്യത പൊതിയുന്നു.
എല്ലാ സങ്കൽപ്പങ്ങൾക്കുമപ്പുറം
ഭാഷയിൽ വാക്കില്ലാത്തതെന്തോ എന്നിലേക്ക്…

athmaonline

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 8078816827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here