നവീന പുതിയോട്ടിൽ
എന്റെ അകത്തായതിനാൽ അയാൾ മരിച്ച് പോകും എന്ന് ഞാനൊരിക്കലും കരുതിയതല്ല…
നല്ല ഭക്ഷണവും നല്ല ശുശ്രൂഷയും കൊടുത്ത് എത്ര ആരോഗ്യത്തോടെയാണ് ഞാനയാളെ വെയിലും മഴയും കൊള്ളിക്കാതെ എന്റെ അകത്ത് വെച്ച് നോക്കിയത്…
പലകാലങ്ങളിൽ, കാലാവസ്ഥാ വ്യതിയാനങ്ങളിൽ
അയാൾക്ക് പനിക്കുകയും ചുമയ്ക്കുകയും ചെയ്തിരുന്നു…
അപ്പോഴൊക്കെ അയാളെ പൊതിഞ്ഞ് എന്റെ മാറിലേക്കടുപ്പിച്ച് ഒരു കുഞ്ഞിനേപ്പോലെ ഞാൻ തൊട്ടും തടവിയും ഭേദപ്പെടുത്തിയെടുത്തു…
കുഞ്ഞുന്നാൾ മുതൽ ഏക്കലുണ്ടെന്നറിഞ്ഞതിനാൾ ഓരോ മഞ്ഞുകാലം വരുമ്പോഴും ഞാനയാളെ
സെറ്റർത്തൊപ്പികൾ അണിയിച്ചു…
ചിലപ്പോഴൊക്കെ ഒരു കുസൃതിക്കുട്ടിയോടെന്നോണം അയാൾ തല്ലിച്ചൊടിച്ച് എന്നിൽ നിന്ന് ഇറങ്ങിയോടി…
കൊഞ്ചിയും കുണുങ്ങിയും ഞാനയാളെ മധുരം കാട്ടി അരികെയിരുത്തി നെറുകയിൽ ചുംബിച്ച് ,മുടിയിഴകളിൽ തലോടി ചേർത്തുവെച്ചു…
അറിവില്ലാത്ത കുഞ്ഞു കിടാവിനേപ്പോലെ ചെളിയിൽച്ചവിട്ടിയും മറിഞ്ഞു വീണും
എന്റെ വില മതിച്ചതെല്ലാം തറയിലിട്ടുടച്ചും
ഒടുവിൽ എന്റെ മടിത്തട്ടിൽക്കിടന്നുറങ്ങിയും…
അയാൾ കാലം കഴിച്ചു…
കളിസ്ഥലങ്ങളിൽ പന്തുരുട്ടിയും കടൽപ്പുറത്ത് പട്ടങ്ങൾ പറത്തിയും അയാൾ എന്റെ പെരുവിരൽ ചവിട്ടി മൂർദ്ധാവ് കയറിയിറങ്ങി രസിച്ചു…
അപ്പോഴൊക്കെ ചിരിച്ചു കൊണ്ട് ഞാനയാളുടെ വിയർപ്പിലൊട്ടിപ്പിടിച്ച മണൽത്തരികളെ തെല്ലൊരസൂയ്യയോടെ തുടച്ച് മാറ്റി…
അയാളുടെ തടഞ്ഞു തടഞ്ഞുള്ള ശ്വാസമേറ്റ്
ഞാനുമെത്ര നിദ്രയിലാണ്ടതാണ്?
ദിനരാത്രങ്ങളുടെ ദൂരവിദൂരങ്ങളിലും
പുല്ലിലും പുൽക്കൊടിയിലും അയാൾക്കായ് വീണ് മരിച്ചു…
അയാളുടെ മണവും അയാളുടെ ചൂടും ചൂരും എല്ലാംമെല്ലാമല്ലാതെ ഒരു ലോകമെനിക്കുണ്ടായിരുന്നില്ല…
ചുണങ്ങ് പിടിച്ച അയാളുടെ കൊഴിഞ്ഞ മുടിയിഴകളുള്ള ചർമ്മത്തെ കറ്റാർവാഴ നീരു ചേർത്ത് തടവി ഞാന്റെ കുഞ്ഞിനെയെന്ന പോലെ നോക്കിപ്പോന്നു…
എന്നിട്ടും?
എപ്പോഴാണ് അയാൾ ഉള്ളിൽക്കിടന്ന് മരിച്ചു പോയത്?
ഒരു രണ്ടാനമ്മയ്ക്ക് ഞാനാകാൻ കഴിയും എന്ന് അയാൾ കരുതിപ്പോയിടത്തല്ലെ എന്നിൽ അയാൾ മരിച്ച് കിടക്കുന്നത് ഞാൻ കാണേണ്ടി വന്നത്?
മുമ്പൊക്കെ അയാൾ പിണങ്ങുമ്പോൾ ഞാൻ വിതുമ്പി വിതുമ്പി കരയുമായിരുന്നു…
ഇന്ന് കരയാനറിയാത്ത ഞാൻ നിഴലുകളെ മുഴുവൻ നോക്കി നോക്കി അറിയാതെ ചിരിച്ച് പോകുന്നു.
ഒരുരുളച്ചോറിപ്പോഴും എന്റെ കയ്യിൽ ബാക്കിയിരിക്കുന്നു…
ബലിക്കാക്കകളേ വരിക വരിക.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.