മുകിലൻ: രേഖപ്പെടുത്താതെ പോയ ചരിത്രത്തിന്റെ സർഗ്ഗാത്മക വായന

0
944
athmaonline-mukilan-book-review-athira-s

വായന

ആതിര എസ്

എഴുതപ്പെടാത്ത ചരിത്രങ്ങളെ കണ്ടെടുക്കാനും ആവിഷ്കരിക്കാനുമുള്ള ത്വര വെളിപ്പെടുത്തുന്ന സൂക്ഷ്മ ചരിത്രബോധമാണ് ഉത്തരാധുനിക നോവലുകൾ പ്രകടിപ്പിക്കുന്നത്. ചരിത്രത്തെ വ്യത്യസ്ത കോണിൽനിന്നും വ്യാഖ്യാനിച്ച് അവതരിപ്പിക്കുന്ന രചനാ ശൈലിയാണ് ഉത്തരാധുനിക എഴുത്തുകാരുടേത്.

കേരള ചരിത്രത്തിൽ വളരെയൊന്നും രേഖപ്പെടുത്താതെ പോയ മുഗൾ ഭരണത്തിന്റെ സാധ്യതകളെ യാഥാർത്ഥ്യത്തിന്റെയും മിത്തുകളുടെയും കെട്ടുകഥകളുടെയും ആശയപരിസരത്തു നിന്നുകൊണ്ട് പുനർവായിക്കുകയാണ് ദീപുവിന്റെ ‘മുകിലൻ’ എന്ന നോവൽ.

ആരുവാമൊഴി ചുരം കടന്നെത്തിയ മുകിലപ്പട വേണാട് പിടിച്ചടക്കിയ ചരിത്രവും അതിന്റെ ചില സൂചനകളും മാത്രമേ ലഭ്യമായിട്ടുള്ളു. അതു കൂടാതെ ഡൽഹി മുതൽ കന്യാകുമാരി വരെ മുഗളന്മാർ നടത്തിയ പടയോട്ടത്തിനൊടുവിൽ ആറ് സംസ്ഥാനങ്ങൾ കീഴടക്കി നേടിയ വമ്പിച്ച നിധിശേഖരത്തിന്റെ അറിയപ്പെട്ടാത്ത തലങ്ങളും മൂന്നു വർഷക്കാലം മുഗളന്മാർ ഇവിടം ഭരിച്ചതിന്റെ ചരിത്രവും കേരള ചരിത്രത്തിന് ഇന്നും അപരിചിതമാണ്. ഇവയുടെ യാഥാർത്ഥ്യത്തെ ചുരുളഴിക്കുകയാണ് ‘മുകിലനി’ലൂടെ.

ചരിത്രരേഖകളിൽ ഇല്ലാത്ത മുകിലന്റെ ഭരണകാലഘട്ടത്തെ കെട്ടുകഥകളിലൂടെയും മിത്തുകളിലൂടെയും അന്വേഷിച്ച് സിദ്ധാർത്ഥൻ എന്ന ചരിത്ര ഗവേഷക വിദ്യാർത്ഥി ഇറങ്ങുന്നതാണ് നോവലിന്റെ കഥ. ഈ അന്വേഷണയാത്രയാണ് ഈ കൃതിയുടെ ആഖ്യാനകലയായി മാറുന്നത്.

ചരിത്രത്തിന്റെ വിശ്വസനീയത ഉറപ്പാക്കാൻ അനേകം തെളിവുകൾ നിരത്തുന്ന ഒരാഖ്യാനരീതി നോവലിൽ കാണാൻ കഴിയുന്നുണ്ട്. സിദ്ധാർത്ഥും അവന്റെ നാട്ടുകാരും പറയുന്ന കഥകൾക്കപ്പുറം ചരിത്ര കഥാപാത്രങ്ങളുടെ പിൻബലത്തിലൂടെയാണ് പലപ്പോഴും ‘മുകില’ന്റെ കഥയ്ക്ക് ചരിത്രത്തിന്റെ ഇടനാഴിയിൽ സ്ഥാനം ലഭിക്കുന്നത്. ഉമ്മയമ്മ റാണിയുടെ ഭരണകാലത്താണ് മുകിലൻ ആരുവാമൊഴി ചുരം താണ്ടി തിരുവിതാംകൂറിൽ എത്തുന്നത്. കടന്നു പോന്ന സ്ഥലങ്ങളിലെല്ലാം കൊള്ളയും കൊള്ളിവെയ്പും നടത്തി. ക്ഷേത്രങ്ങളും കമ്പോളങ്ങളും ആക്രമിച്ചു. മുകിലന്റെ ആക്രമണത്തെ തുടർന്ന് ഉമയമ്മ റാണി നെടുമാങ്ങാടേയ്ക്ക് പലായനം ചെയ്തിരുന്നു. ആ സമയത്താണ് മുഗൾ സാദത് ഖാൻ തിരുവിതാംകൂർ ഭരിക്കുന്നത്. കേരള വർമ്മ, പുലി മാർത്താണ്ഡവർന്മ എന്നിവരോടൊപ്പമുള്ള ചരിത്രസംഭവങ്ങളും മുകിലന്റെ ചരിത്രത്തിന് ദൃഢത നൽകുന്നു.

ശക്തനായ ഒരു ഭരണാധികാരിയായിട്ടാണ് മുഗൾ സാദത് ഖാനെ നോവലിലുടനീളം വരച്ചിടുന്നത്.
“ഉത്തരേന്ത്യയിലെ ഊഷര ഭൂമികളെ മറികടന്ന് കന്നടത്തിന്റെയും തമിഴകത്തിന്റെയും നഗരങ്ങളിലും അങ്ങാടികളിലും സംഹാരതാണ്ഡവമാടി മുകിലൻ.”

റാണിയുടെ കാലഘട്ടത്തിൽ ഒരു ഏകീകൃത ഭരണമായിരുന്നില്ല തിരുവിതാംകൂറിൽ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വരവോടുകൂടിയാണ് ഭരണ വ്യവസ്ഥയിൽ മാറ്റങ്ങളുണ്ടാകുന്നത്. തിരുവിതാംകൂറിൽ നിലനിന്ന വിചിത്രമായ ഭരണ രീതി ‘എട്ടരയോഗം’ എന്നറിയപ്പെട്ടിരുന്നു. എട്ട് അധികാരം ബ്രാഹ്മണർക്കും അര (പകുതി)അധികാരം രാജാവിനും ആയിരുന്നു. ഈ ഭരണ സംവിധാനം അക്കാലത്തെ ബ്രാഹ്മണാധിപത്യത്തെ സൂചിപ്പിക്കുന്നു. മുലക്കരം, മീശക്കരം, ചാവു കാണിക്ക , വയ്യാവരി, കാട്ടുഭോഗം എന്നിങ്ങനെ വ്യത്യസ്തങ്ങളായ നികുതി സമ്പ്രദായങ്ങൾ തിരുവിതാംകൂറിൽ ഉണ്ടായിരുന്നു. പലപ്പോഴും ഇതൊക്കെ സാധാരണജനജീവിതങ്ങളെ മാത്രമേ ബാധിച്ചിരുന്നുള്ളൂ. മുകിലന്റെ വരവോടു കൂടി ഇവയൊക്കെ നിർത്തലാക്കി. ഇങ്ങനെ പുരോഗമനാത്മകമായ സങ്കല്പങ്ങളായിരുന്നു മുകിലന്റെ ഭരണത്തിനടിസ്ഥാനം എന്ന് നോവലിൽ നിന്നും വ്യക്തമാകുന്നു.

മണക്കാട് തങ്ങളുമായിട്ടുണ്ടായിരുന്ന സൗഹൃദമാണ് മുകിലനെ ആത്മീയതയിലേക്ക് നയിച്ചത്. ഒരു പക്ഷേ പത്മനാഭ സ്വാമി ക്ഷേത്രം കൊള്ളയടിക്കാത്തതിന്റെ പ്രധാന കാരണം ഈ ആത്മീയചിന്തകളാകാം. ക്ഷേത്രത്തിലെ ‘ബി’ നിലവറയ്ക്കുള്ളിൽ നിന്നും ലഭിച്ച മൂല്യമേറിയ വസ്തുവകകൾ മുകിലൻ കീഴടക്കിയ ക്ഷേത്രങ്ങളുടേതാണെന്ന എഴുതപ്പെടാത്ത ചരിത്രത്തിന്റെ തെളിവുകൾ നോവലിൽ കാണാം. ഇവയിലെ സത്യത്തിന്റെ അംശത്തെ ഇഴപിരിച്ച് വ്യാഖ്യാനിക്കുമ്പോൾ രേഖപ്പെടുത്താതെ പോയ മുഗൾ വംശചരിത്രം തെളിയുന്നു.

ചരിത്രവും ഫിക്ഷനും കൂട്ടിയോജിപ്പിച്ച പുതിയ കഥന കലയാണ് (Historiographic metafiction) നോവലിന്റെ ആഖ്യാനത്തെ നിയന്ത്രിക്കുന്നത്. ചരിത്ര കഥാപാത്രങ്ങളുടെ സൃഷ്ടിയ്ക്കപ്പുറമായി ചില വിശ്വാസങ്ങൾ കൂടി മുകിലന്റെ ഭരണ കാലഘട്ടത്തെ ആസ്വാദകനിൽ ഊട്ടി ഉറപ്പിക്കുന്നു. പഞ്ചവൻ കാടും നിധികുംഭവും, തിരുമൂല ക്ഷേത്രത്തിലെ മുകിലാക്രമണം- ഇവയൊക്കെ മുകിലകഥയെ ചരിത്രത്തിനോടൊപ്പം പിടിച്ചു നിർത്തുന്നു.

ചരിത്രം പ്രതിനിധാനം ചെയ്യുന്ന യാഥാർത്ഥ്യം വസ്തുനിഷ്ഠമല്ലെന്നും അതു തികച്ചും വ്യക്തിനിഷ്ഠമാണെന്നും E.H. Carr തന്റെ ‘what is history’ എന്ന കൃതിയിൽ പറയുന്നു. ഇവിടെ മുകിലൻ എന്ന വ്യക്തിയുടെ ജീവിത സംഭവ പരമ്പരകളിലൂടെയാണ് മൂന്നു വർഷത്തെ അവരുടെ തിരുവിതാംകൂർ ഭരണകാലത്തെ അടയാളപ്പെടുത്തുന്നത്.

വിശാലമായ സാംസ്കാരിക ഭൂമിയാണ് നോവലിന്റേത്. അതിനാൽ തന്നെ ഒരേ സമയം ചരിത്രത്തിന്റെ പലമകളെ നോവൽ വിലയിരുത്തുന്നു. മുകിലന്റെ ചരിത്രത്തിന് ആക്കം കൂട്ടുന്ന ദേശചരിത്രാഖ്യാനങ്ങളാണ് നോവലിനുള്ളത്. കഥകൾ ഉറങ്ങിക്കിടക്കുന്ന ആറാട്ടന്മയുടെ തട്ടകം, പള്ളിപ്പറമ്പ്, മുകിലന്റെ കോട്ട നിന്നിരുന്നു എന്നു പറയുന്ന കോട്ടപ്പുറം എന്നീ സ്ഥലസൂചനകൾ അദ്ദേഹത്തിന്റെ കാലത്തെയെന്നപ്പോലെ അദ്ദേഹം കീഴടക്കിയ ദേശനിർമ്മിതികളുടെ സാംസ്കാരിക ഘടനകളെയും വ്യക്തമാക്കുന്നു.

ഒരു ചരിത്രാന്വേഷി എന്ന നിലവിട്ട് ചരിത്ര കഥാപാത്രങ്ങളോട് സംവദിക്കുന്ന ഒരു അബോധ വ്യക്തിത്വത്തിനുടമായി പലപ്പോഴും സിദ്ധാർത്ഥ് മാറുന്നുണ്ട്. മുഗൾ സാദത് ഖാന്റെ പടത്തലവനായ അസദലിയോട് അദ്ദേഹം നടത്തുന്ന സംഭാഷണങ്ങൾ ഉദാഹരണമാണ്. ആ സംഭാഷണ ശകലങ്ങളുടെ വെളിച്ചത്തിൽ നിന്ന് തിരുവിതാംകൂറിൽ നിലനിന്നിരുന്ന ‘ചിത്രവധ’ത്തെ കുറിച്ച് സൂചന ലഭിക്കുന്നുണ്ട്. “ഏഴു ദിവസം കൊണ്ടേ മരിക്കൂ! മഴയുള്ള മാസങ്ങളിലാണ് ചിത്രവധം നടത്താറ്. മഴ വെള്ളം മുറിവുകളിലും ഉരുക്കു ദണ്ഡിൽ കൂടിയും അരിച്ചിറങ്ങി അടുത്ത ദിവസം മുതൽ പുഴുവരിക്കാനാരംഭിക്കും. പുഴുത്ത് പുഴുത്ത് കൊടിയ വേദന തിന്നേ മരിക്കൂ” ഇത്തരത്തിൽ കൊടും ക്രൂരമായ വധശിക്ഷാരീതികൾ തിരുവിതാംകൂറിൽ നിന്നിരുന്നതായി നോവലിൽ പറയുന്നു. അസദലിയിൽ നിന്ന് നിധിയുടെ സത്യം ഉമയമ്മ റാണി അറിയുന്നതാണ് ആറ്റിങ്ങൽ കലാപം എന്ന ചരിത്ര സംഭവത്തിന് കാരണമായതെന്നും നോവൽ വാദിക്കുന്നു. ബോധത്തിന്റെയും അബോധത്തിന്റെയും ചക്രവാള മണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്ന സിദ്ധാർത്ഥൻ പിന്നെയും ധാരാളം പിൻവിളികൾ കേട്ടിരുന്നു. അവയിലൊന്ന് ശ്രീ വഞ്ചി ഭൂപാല പത്മനാഭദാസ വീരബാല മാർത്താണ്ഡവർമ്മയുടേതായിരുന്നു. മാർത്താണ്ഡവർമ്മയിൽ നിന്നാണ് തൃപ്പടിദാനം മുതലായ രാഷ്ട്രീയ നീക്കങ്ങളുടെ സത്യങ്ങളെ സിദ്ധാർത്ഥൻ ചരിത്ര പശ്ചാത്തലത്തിൽ ചൂണ്ടിക്കാണിക്കുന്നത്.

ഇത്തരത്തിൽ ധാരാളം ചരിത്ര പശ്ചാത്തലങ്ങളുടെയും മിത്തുകളുടെയും വിശാലമായ വീക്ഷണത്തിൽ ഗ്രഹിക്കുമ്പോഴാണ് ‘മുകിലനി’ലേക്കുള്ള അനന്തര വായനാ സാധ്യതകൾ തുറക്കപ്പെടുന്നത്.

ആതിര. എസ്
എം. എ. മലയാളം വിദ്യാർത്ഥി
കേരള സർവകലാശാല


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here