ഓ ക്യാപ്റ്റൻ മൈ ക്യാപ്റ്റൻ

0
195
Shaheer Pulikkal

സിനിമ

ഷഹീർ പുളിക്കൽ

ജീവിതം മനോഹരമാണെന്നും നിങ്ങൾ ഈ തുടർന്നുപോകുന്നതും ജീവിതവും തമ്മിൽ വളരെ വൈരുദ്ധ്യങ്ങളുണ്ടെന്നും ബോധ്യപ്പെടുത്താൻ നമുക്ക് ഒരാൾ അനിവാര്യമാണ്. തീർച്ചയായും അത്തരത്തിൽ ഒരാളെ നമ്മൾ തിരയുക സ്കൂളിലോ കോളേജിലോ ആയിരിക്കും. കലാലയ ജീവിതം കഴിഞ്ഞ് സമൂഹത്തിലേക്ക് തന്റേതായ ഒരിടം കെട്ടിപ്പടുക്കാൻ തുനിഞ്ഞിറങ്ങുന്ന ഒരാൾക്ക് അത്തരത്തിലൊരാളെ കണ്ടുമുട്ടാൻ വളരെയധികം പ്രയാസമുണ്ടാകും.

റോബിൻ വില്ല്യംസ് എന്ന നടന്റെ ഒരംശംപോലും കാണാനാകാത്ത സിനിമ, ഡെഡ് പോയറ്റ്സ് സോസൈറ്റി. ക്ലാസ്സിൽ ഡെസ്ക്കിൽ കയറി നില്ക്കുകയും കവിതാനിരൂപണ പുസ്തകത്തിലെ ആദ്യപേജ് കീറിക്കളയാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ജോൺ കീറ്റിംഗ് എന്ന അദ്ധ്യാപകനായാണ് റോബിൻ വില്ല്യംസ് സിനിമയിലെത്തുന്നത്. ഉന്നത വിദ്യാഭ്യാസത്തിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന കർക്കശമായ ചട്ടങ്ങളും നിയമങ്ങളുമുള്ള ഒരു ഹയർ സെക്കണ്ടറി സ്കൂളായ വെൽട്ടൺ അക്കദമിയാണ് സിനിമയിലെ കഥാപശ്ചാത്തലം. ടോഡ് ആൻഡേഴ്സൺ എന്ന അന്തർമുഖനായ വിദ്യാർത്ഥിയുടെയും അവന്റെ കൂട്ടുകാരനായ നീൽ പെറിയുടെയും അഗാധമായ സൗഹൃദവും സിനിമയുടെ ഒഴുക്കിനെ മനോഹരമാക്കുന്നു. ഒരുപക്ഷേ ഡെഡ് പോയറ്റ്സ് സോസൈറ്റി എന്ന സിനിമയെ ജീവിതത്തോടു ചേർത്തുപറയുമ്പോൾ ഇതുപോലുള്ള സൗഹൃദവും നീൽ പെറി തന്റെ പിതാവിൽ നിന്നു നേരിടുന്ന സമ്മർദ്ദവുമാണ് ബന്ധപ്പെടുത്താൻ സാധിക്കുക.

വെൽട്ടൺ അക്കാദമിയിലെ അദ്ധ്യാപന രീതികൾക്ക് വിരുദ്ധമാണ് ജോൺ കീറ്റിംഗിന്റെ അദ്ധ്യാപനരീതി. ജീവിതത്തെ അതിസാധാരണമാക്കൂ എന്ന കീറ്റിംഗിന്റെ ഉപദേശം വിദ്യാർഥികൾ ആപ്തവാക്യമായാണ് സ്വീകരിക്കുന്നത്. ഡെസ്ക്കിനു മുകളിൽ കയറിനിന്ന് ലോകം കാണാൻ പഠിപ്പിക്കുന്ന അദ്ധ്യാപകനെ നമുക്ക് സ്വപ്നംപോലും കാണാൻ സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം. സിലബസ് തീർക്കുന്നതും ക്ലാസ്സ്‌ നോട്ട്സ് കൃത്യമായി നല്കുന്നതുമാണ് അദ്ധ്യാപനമെന്നു വിശ്വസിക്കുന്ന ഒരു വലിയ സമൂഹമാണ് നമ്മുടെ വിദ്ധ്യാർത്ഥി സമൂഹത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. നാലുചുമരുകൾക്കുള്ളിൽ നിന്നുകൊണ്ട് മാത്രം വിദ്യാർത്ഥികൾക്ക് അറിവു പകർന്നുനല്കുന്ന അദ്ധ്യാപകർ ഒരുതരത്തിൽ ശാപമാണ്. മണ്ണിനെയും വായുവിനെയും കാറ്റിനെയുമറിയാതെ, ഒരിക്കൽ പോലും ആസ്വദിച്ചുകൊണ്ട് മഴ നനയാതെ, കോൺക്രീറ്റ് കെട്ടിടങ്ങളുടെ ചൂടുമാത്രം അറിയുന്ന പുതിയ തലമുറയ്ക്ക്, ചങ്ങലയിട്ട് ഒരിടത്തുമാത്രം തന്നെ തളച്ചിടുന്ന ആനയ്ക്ക് പാപ്പാനോടുള്ള അതേ വികാരമായിരിക്കും അദ്ധ്യാപകനോടും ഉണ്ടാവുക.

ജോൺ കീറ്റിംഗ് വെൽട്ടൺ അക്കാദമിയിലെ പൂർവ്വവിദ്യാർത്ഥിയായിരിക്കും. കീറ്റിംഗ് തന്റെ പഠനകാലത്ത് ഡെഡ് പോയറ്റ്സ് സൊസൈറ്റി എന്ന പേരിൽ ഒരു അനധികൃത കവിതാ പാരായണ സംഘം രൂപീകരിച്ചത് പഴയ മാഗസിനിൽ നിന്ന് നീൽ കണ്ടെത്തുന്നു. പിന്നീട് നീലും സുഹൃത്തുക്കളും രാത്രിയിൽ ഹോസ്റ്റൽ മതിൽ ചാടിക്കടന്ന് തൊട്ടടുത്തുള്ള ഗുഹയിൽ സമ്മേളിച്ച് കവിതകൾ ചൊല്ലികേൾപ്പിക്കുന്നു. സിനിമയിൽ തന്റെ ചുറ്റും കൂടിയിരിക്കുന്ന വിദ്യാർത്ഥികളോടായി കീറ്റിംഗ് ഇങ്ങനെ പറയുന്നുണ്ട്. കവിത, സൗന്ദര്യം, റൊമാൻസ്, സ്നേഹം, ഇവയ്ക്കു വേണ്ടിയാണ് നാം ജീവിക്കുന്നതുതന്നെ. വനവാസികളായ മനുഷ്യരുമായി താരതമ്യപ്പെടുത്തുമ്പോൾ പരിഷ്കൃത ജനത അവരുടെ സാഹിത്യത്തിന്റെയും ഭാഷയുടെയും പേരിൽ പോരിശ കാണിക്കുന്നു. എന്നാൽ വനവാസിയുടെ ഭാഷയും സാഹിത്യവും വിലയിരുത്താനാകാത്ത കാലത്തോളം മനുഷ്യൻ അപ്രകാരമായിരിക്കും. എഴുതാനും വായിക്കാനും അറിയാത്തവർക്കും കവിതയുണ്ട്. മണ്ണിൽ തൂമ്പകൊണ്ട് കൊത്തിക്കിളക്കുന്ന കർഷകൻ ഓരോ തവണ മണ്ണിൽ തൂമ്പ മുട്ടിക്കുമ്പോഴും ദോശക്കല്ലിൽ ഓരോതവണ മാവ് ഒഴിക്കുമ്പോഴും പാചകക്കാരൻ ഒരു പുതിയ കവിത ഉണ്ടാക്കുന്നു. സൗന്ദര്യവും റൊമാൻസും സ്നേഹവും അപ്രകാരം തന്നെ മനുഷ്യജീവിതത്തിനെ വലയം ചെയ്തുനില്ക്കുന്നു.

വെൽട്ടൺ അക്കാദമിയിൽ നടക്കുന്ന അഭിനയ പരിശീലന ക്യാമ്പിൽ നീൽ പങ്കെടുക്കുന്നു. ഷേക്സ്പിയറിന്റെ മിഡ്‌ സമ്മർ നൈറ്റ്സ് ഡ്രീം എന്ന നാടകത്തിൽ നീൽ അഭിനയിക്കുന്നു. തന്റെ മകനെ ഡോക്ടർ ആക്കാൻ വെമ്പുന്ന നീലിന്റെ പിതാവ് അവൻ നാടകത്തിൽ അഭിനയിക്കുന്നത് അറിയുന്നതോടെ പ്രതിഷേധവുമായി സ്കൂളിൽ എത്തുന്നു. ഒരു നടൻ ആവാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് നീൽ പിതാവിനോടു വെളിപ്പെടുത്തുന്നു. നീലിന്റെ പിതാവ് ഇതിൽ ദേഷ്യപ്പെടുകയും ബലമായി നീലിനെ വീട്ടിലേക്കു കൊണ്ടുപോവുകയും ചെയ്യുന്നു. കീറ്റിംഗിനെ കുറ്റം പറയുന്ന നീലിന്റെ അച്ഛൻ അവനെ സൈനിക സ്കൂളിലേക്ക് മാറ്റുകയാണെന്ന് അറിയിക്കുന്നു. അന്നുരാത്രി മാനസിക സംഘർഷങ്ങളെത്തുടർന്ന് നീൽ വെടിവച്ചു മരിക്കുന്നു. കീറ്റിംഗിന്റെ മേൽ കുറ്റം ചാരി സ്കൂളിൽ നിന്നു പുറത്താക്കുന്നു. തന്റെ ഏതാനും വസ്തുക്കൾ എടുക്കാൻ വരുമ്പോൾ ടോഡ് ആൻഡേഴ്സൺ കീറ്റിംഗിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡെസ്ക്കിനു മുകളിൽ കയറിനിന്ന് “ഓ ക്യാപ്റ്റൻ മൈ ക്യാപ്റ്റൻ!” എന്നു വിളിച്ചുപറയുന്നു. ഡെഡ് പോയറ്റ്സ് സോസൈറ്റി പറഞ്ഞുവയ്ക്കുന്ന മനോഹരമായ മറ്റൊരു കാര്യം കൂടെയുണ്ട്. ഒരദ്ധ്യാപകനും തന്റെ ശിഷ്യരെ മുഴുവൻ സ്വാധീനിക്കാൻ കഴിയില്ല എന്നതാണത്. ജോൺ കീറ്റിംഗിനെ പിന്തുണച്ച് അധികപേരും ഡെസ്ക്കിനു മുകളിൽ കയറിനില്ക്കുമ്പോൾ ചിലർ അതിനുമുതിരാതെ ഇരിക്കുന്നുണ്ട്. മനസ്സിലെ മുറത്തിലിട്ട് നമ്മൾ ഓരോ അദ്ധ്യാപകനേയും പാറ്റിനോക്കുന്നുണ്ട്. നൂറിൽ ഒരാൾക്കു മാത്രമായി നാം ചുരുക്കുന്ന ഒരിടം നമ്മുടെ എല്ലാവരുടെ മനസ്സിലുമുണ്ട്. എന്തായാലും ജോൺ കീറ്റിംഗിനെപ്പോലെ ഒരദ്ധ്യാപകൻ ഉണ്ടാവുമോ എന്നത് സംശയകരമാണ്. ഒരു നല്ല അദ്ധ്യാപകൻ ആകാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അയാൾ ഡെഡ് പോയറ്റ്സ് സൊസൈറ്റി കാണട്ടെ.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here