HomeTHE ARTERIASEQUEL 39പച്ചയ്ക്ക് കൊളുത്തിയ ഭാഷ കൊണ്ടെഴുതിയ കവിതകൾ

പച്ചയ്ക്ക് കൊളുത്തിയ ഭാഷ കൊണ്ടെഴുതിയ കവിതകൾ

Published on

spot_imgspot_img

ഡോ. കെ. എസ്. കൃഷ്ണകുമാർ

വായനാനുഭവം:  മൊണാലിസൻ (കവിത  സമാഹാരം) – ശ്യാം കൃഷ്ണ ലാൽ
ഇത്ര നാളും കണ്ടും കേട്ടും അനുഭവിച്ചുമറിഞ്ഞ ജീവിതത്തിനെ കൂടുതൽ സത്യപ്പെടുത്തുന്ന എഴുത്തുകൾ ചേർത്തു വച്ചതാണ് ശ്യാം കൃഷ്ണ ലാലിന്റെ മോണാലിസൻ എന്ന കവിതസമാഹാരം. സംസാരചിത്രങ്ങൾ ജീവിതത്തിൽ നിന്ന്  തീരെ വൈകാതെ അവയുടെ താപം ഒട്ടും ആറാതെ   നേരെ കവിതയാക്കുന്നതിന്റെ  പണിയാലശബ്ദങ്ങൾ  പുസ്തകത്തിന്റെ താളുകളിൽ നിന്ന് മുഴങ്ങുന്നുണ്ട്. സത്യസന്ധതയാണ് ശ്യാമിന്റെ കവിതകളുടെ ഗന്ധങ്ങൾ. നീ മരിച്ചിട്ടു വേണം നിന്റെ ശവക്കല്ലറയിന്മേൽ നീ ഹൃദയമുള്ളവനാണെന്ന് എഴുതാനെന്ന് കാത്തിരിക്കുന്ന ഒരു വന്റെ കവിതകളാണിത്. നീ സന്തോഷിക്കുന്നത് കാണാൻ എനിക്കു വയ്യെന്നു സമ്മതിക്കുന്ന ഒരു മനസ്സിന്റെ തുറസ്സാണ് ശ്യാം എഴുതുന്ന കവിതകളുടെ ആശയവിസ്താരവും. 

കാലത്തിന്റെ അങ്ങേയറ്റത്തു നിന്ന് ചിന്തിച്ചു തുടങ്ങി ഇങ്ങേയറ്റത്തേക്ക്  വളരെ പെട്ടെന്ന് എത്തുന്നുവെന്ന ശക്തിയേറിയ ഒരൊഴുക്ക് ശ്യാമിന്റെ എഴുത്തിലുണ്ട്. കഥാവശേഷൻ എന്ന കവിതയിൽ  നിന്റെ ശവക്കല്ലറ പണിയും വരെ കാത്തിരിക്കുന്നതും, പരിസ്ഥിതി ദിനം എന്ന കവിതയിൽ കുഴിമാടത്തിലേക്കെത്തും വരെ കാത്തിരിക്കുന്നതുമായ ചിന്തകൾ എന്തിലും ദ്രുതഗതിയിൽ ഒടുക്കത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള ശ്യാമിന്റെ തീവ്രമായ അഭിനിവേശം വ്യക്തമാക്കുന്നു. എല്ലാം തോർന്നും കൊഴിഞ്ഞും ജീവിതം ആസകലം തഴച്ചുവളരുന്ന ഊഷരതയുടെ പരപ്പുകൾ ശ്യാമിന്റെ കവിതകളെല്ലാം ഉറക്കെ പറയും. ശ്യാമിന്റെ പ്രണയ സങ്കൽപം പരിപൂർണ്ണമായും അനാച്ഛാദനം ചെയ്യുന്നതാണ് ഈ മരത്തിന്റെ ഇലയ്ക്ക് ഹൃദയത്തിന്റെ ആകൃതിയാണ് എന്ന കവിത. അവൾ മണ്ണായിരുന്നതു കൊണ്ടാണ് ഋതുക്കളിൽ ശിശിരത്തിന്റെ പ്രണയിയായി  കവി മാറുന്നത്. തന്റെ വളർച്ച അവൾ വരെ  മാത്രമാണെന്ന് കാറ്റിന്റെ തോളിൽ അയാൾ എഴുതി വയ്ക്കുന്നു. അവൾ കാരണം ആത്മാവിനകത്തുണ്ടായ  നിലാവസ്തമിക്കാത്ത ഒരു ഗ്രാമത്തെ കാട്ടിത്തരുന്ന സർഗ പ്രക്രിയയാണ് ശ്യാമിനു പ്രണയം. അർദ്ധനാരീശ്വരൻ എന്ന കവിതയിൽ ഹൃദയത്തിന്റെ ചുമലിൽ കൈവച്ച് ക്കൈ ശരിയാവുമെന്ന് പ്രണയം ഉരുക്കഴിക്കുന്നുണ്ട്.

സ്നേഹത്തെക്കുറിച്ച് മലയാളത്തിൽ ഇക്കാലമത്രയും എഴുതിയ വാക്യങ്ങളിൽ ഇന്ദ്രിയതീവ്രതയേറിയ അച്ചട്ട് എന്ന കവിതയിൽ ശ്യാം  എത്ര നിറങ്ങളിലാണ്  എഴുതുന്നത്.  താലിയും സിന്ദൂരവും ശ്യാമിന്റെ കവിതകളിൽ ആവർത്തിക്കുന്ന രണ്ട് വാക്കുകളാണ്.  അവന്റെ താലിയിലേക്കുള്ള നിന്റെ യാത്ര ഏറ്റവും മുന്നിലിരുന്നു കാണുമ്പോൾ എന്നതാണ് ഒരു കവിതയുടെ ശീർഷകം പോലും . തോരാത്തവളിൽ ഒരു ഖണ്ഡികയിൽ താലിയും സിന്ദൂരവും  വിശദമായി അർത്ഥപ്പെടുന്നുണ്ട്. നീ തൊടാത്ത സിന്ദൂരവും നീയിടാത്ത താലിയും ധരിച്ച് നിന്റെ നിത്യഹരിത വിധവയെന്നൊരു ജ്വലിക്കുന്ന  ആശയം ആ കവിതയിലുണ്ട്.   സ്നേഹം മരിച്ചെന്നാണയിടുമ്പോൾ മാത്രം ലോകാവസാനം വരെ നിന്നിലേക്ക് പെയ്യാൻ മൗനമേഘക്കാട്ടിലേക്ക് കൂപ്പുകുത്തുന്ന എഴുതപ്പെടാത്തവളാകുന്നു ഞാൻ എന്നാണ് തോരാത്തവൾ എന്ന കവിത ഒടുക്കം തോരുന്നത്.  മനുഷ്യരെ  വേദനിപ്പിക്കാൻ ആയുധങ്ങളെക്കാൾ സ്നേഹത്തിനാണ് ശക്തിയെന്ന്  പറഞ്ഞുകൊണ്ടാണ് ആ  കവിത  അവസാനിക്കുന്നത്. 

ശ്യാമിനു കവിത നാഥരില്ലാത്തവർക്കുവേണ്ടി വിയർപ്പൊഴുക്കുന്ന സഹൃദയനാണത്രേ. ഉപേക്ഷിക്കപ്പെട്ടവർക്ക്  സംരക്ഷണവും സുരക്ഷയും സജ്ജീകരിക്കുന്നതിന്റെ വൈകാരികതയിലാണ് മൊണാലിസൻ പോലെയുള്ള കവിതകളുടെ  വേരുകൾ ആഴ്ന്നുനിൽക്കുന്നത്. ഭൂമിയെ ഒരു കണ്ണീർഗ്രഹമെന്ന് പര്യായപ്പെടുത്തുന്നു മൊണാലിസൻ എന്ന് പുസ്തകത്തിനു ശീർഷകം വരാൻ കാരണമായ കവിത.  വേദനയുടെ മുൾപ്പടർപ്പുകൾക്കിടയിൽ നിന്ന് ഉടൽ നീട്ടുന്ന വാക്കിന്റെ കടുത്ത വർണ്ണപൂക്കളാണ് ശ്യാം കൃഷ്ണലാൽ എഴുതുന്ന കവിതകൾ.

ശ്യാം കൃഷ്ണ ലാൽ എന്നയാൾ കവിതയെഴുതുമ്പോൾ നിലയ്ക്കാത്ത ചിന്തകളുടെ ഒരു കാഹളം മുഴങ്ങുന്നു. യുദ്ധത്തിൽ  വാക്കുകൾ മൗനങ്ങൾക്കു മുന്നിൽ തോറ്റുപോകുന്ന കാഴ്ചകൾ കാട്ടിത്തരുന്ന കവിതകളാണ്. ഈ രാത്രിയിലെവിടെയാണ് ഉറക്കമെഴുതി വച്ചിരിക്കുന്നത്? എന്ന കവിതയുടെ തുടക്കത്തിൽ ശ്യാം പറയുന്നുണ്ട്, വാക്കുകളുടെ അതിപ്രസരത്തിനിടയിലേക്ക് മൗനത്തിന്റെ ഒരു വരുണ്ട്.  അക്ഷരമില്ലാതെ ഓരായിരം കഥ പറയുന്ന പൈതലിനോടാണ് ശ്യാമിന്റെ കൗതുകം.

മൗനമാണത്രേ സുഖം, ഉത്തരം പറയാനും ഉത്തരത്തിൽ തൂങ്ങാനും. മൗനമാണ് ഏറ്റവും ശക്തിയേറിയ ഭാഷയെന്ന്  കവിത ഉപയോഗിച്ച് ശ്യാം അടിവരയിടുന്നു. ബോൺസായ് എന്ന രചനയിലും വലിയ വാക്കുകൾ മുരടിക്കുന്നു, മൗനത്തിന്റെ വിശ്വരൂപത്തിനു സമയമായെന്നുമൊക്കെ പ്രവചിക്കുന്നു.

ദൈവത്തെ കണ്ടു കിട്ടിയാൽ ചെകിട്ടത്തൊന്ന് പൊട്ടിക്കണമെന്നുകൂടി   പറയുന്ന കവിതയാണ് ബോൺസായ്.  ദൈവം ശ്യാമിന്റെ കവിതക്കൂട്ടിലെ പ്രധാന ചേരുവയാണ്.  ദൈവത്തെ പ്രതിയാക്കി വിസ്താരം നടത്തുന്ന കവിതകളാണ് പലതും. ആത്മഗതവും ബോൺസായിയുമൊക്കെ അത്തരം രചനാലക്ഷ്യം സാക്ഷാത്കരിക്കുന്നുണ്ട്. ദൈവം തലവര വരച്ചുപഠിക്കുന്ന നേരത്ത് ജനിച്ചതാണ് തന്റെ തെറ്റെന്ന് കവി ആത്മഗതമായി പറയുന്നു.

ഭൂതകാലവും ഓർമകളും  പണിതീർക്കുന്ന ഒരു സമകാലികതയുണ്ട്. ചില കാലങ്ങളിൽ നിന്ന് മോചനമില്ലാതെ ജീവിക്കുന്നവർക്ക് അത്  അറിയാം.  ഓർമകൾ പണിയുന്ന വർത്തമാനാനുഭവങ്ങളുടെ   വലിയ സൗധങ്ങൾക്കിടയിലൂടെ  യാത്ര പോകുന്നതുപോലെയാണ് ശ്യാം എഴുതിയ കവിതകൾ വായിക്കുമ്പോൾ.  ഓർമകളോളം സമകാലികത  മറ്റെന്തിനാണുള്ളത്? അവ പിന്നെ ഭാവിയെ പ്രവർത്തിപ്പിക്കുന്ന   വൈദ്യുതിയായി ജീവിതമാകെ പിടിയിടുന്നു. വിഷുവും വീട്ടുമുറ്റവും സന്ധ്യയും മുല്ലപ്പൂക്കളും പരൽമീനും താലിയും ചുംബനവും ഉറക്കഗുളികയുമെല്ലാം  ശ്യാമിന്റെ കവിതകളിൽ പറയുന്നതു പോലെ   പച്ചയ്ക്ക് കൊളുത്തിയ ഭാഷ കൊണ്ട്  ഒരാൾ എഴുതി വച്ചിരിക്കുന്നു.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

More like this

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...