ഫോട്ടോ സ്‌റ്റോറി
മിന്റു ജോൺ
ആൾക്കൂട്ടങ്ങളിലേക്കിറങ്ങി ആ ബഹളങ്ങൾ ആസ്വദിക്കുക, കുറേയധികം ആളുകളുമായി സംസാരിക്കുക … യാത്രകൾ അങ്ങനെ പലതും വല്ലാതെ മിസ്സ് ചെയ്യാൻ തുടങ്ങിയ അവസരത്തിലാണ് കോവിഡിന്റെ ഒന്നാം ഘട്ട ലോക്ക് ഡൗണിന് ഒരയവ് വരുന്നത്. വടക്കൻ കേരളത്തിലെ തിറയാട്ടങ്ങളുടെ ചിത്രങ്ങളും കഥകളും ഐതിഹ്യങ്ങളുമൊക്കെ എക്കാലത്തും എന്നെ ഏറെ ഭ്രമിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് കോഴിക്കോട് തിറ കാണാൻ പോകാൻ ഒരവസരം കിട്ടിയപ്പോൾ രണ്ടാമതൊന്നാലോചിക്കാൻ നിൽക്കാതെ ക്യാമറയുമായി കക്കോടിയിലേക്കു ബസുകയറിയത്. സാധാരണയായി എടുക്കാൻ പോകുന്ന കലാരൂപത്തെ പറ്റി പ്രാഥമികമായ പഠനങ്ങൾ നടത്തുന്ന പതിവുണ്ടായിരുന്നു. ഇത്തവണ ലോക്‌ഡൗൺ നൽകിയ മടുപ്പിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുക മാത്രമായിരുന്നു ലക്ഷ്യമെന്നതുകൊണ്ടു പഠനത്തിനൊന്നും നിൽക്കാതെ തിറയുടെയും തെയ്യത്തിന്റെയുമൊക്കെ ചില ചിത്രങ്ങൾ മനസ്സിൽ കോരിയിട്ട് കോഴിക്കോടേക്കുള്ള ആന വണ്ടിയിൽ സൈഡ് സീറ്റിൽ സ്ഥലം പിടിച്ചു.
കക്കോടിയിലെ വളരെ പുരാതനമായ ഒരു കാവിലാണ് തിറ നടക്കുന്നത്. വൈകുന്നേരത്തോടെ അവിടെ എത്തിച്ചേർന്നു. രാവിലെ മുതൽ തിറകൾ കെട്ടിയാടാൻ തുടങ്ങിയിരുന്നു. നേരത്തെ എത്തിച്ചേരാൻ കഴിയാതിരുന്നതിൽ നേരിയ ദുഃഖം തോന്നാതിരുന്നില്ല. എന്നാൽ പതിനഞ്ചിലധികം വേഷങ്ങൾ ഇനിയും കെട്ടിയാടാനുണ്ടെന്നത് പ്രതീക്ഷനൽകി.
അണിയറയിൽ ചമയങ്ങളുടെ തിരക്കിലായിരുന്നു വേഷക്കാർ. മനുഷ്യനിൽ നിന്ന് ദൈവത്തിലേക്കുള്ള രൂപാന്തരണത്തിന്റെ ആദ്യഘട്ടം. അവിടെ വെച്ച് അവരോട് കുറച്ചു നേരം സംസാരിക്കാനായത് തിറയോടുള്ള എന്റെ അഭിനിവേശം കൂടാൻ കാരണമായി. എന്റെ ചില ബാലിശമായ ചോദ്യങ്ങൾക്കു പോലും ആ തിരക്കിനിടയിലും ഒരു മടിയും കൂടാതെ അവരുത്തരം നൽകികൊണ്ടിരുന്നു. പിന്നെ പിന്നെ തിറയുടെ ഐതിഹ്യങ്ങൾ ഞാൻ ചോദിക്കാതെ തന്നെ അവർ പറഞ്ഞു തുടങ്ങി. ആ മനുഷ്യരോടൊക്കെ അത്രയും സ്നേഹവും ആദരവും തോന്നിയതുകൊണ്ടാവാം അന്നെടുത്ത ഫോട്ടോകളും എനിക്ക് ഏറെ പ്രിയപ്പെട്ടവയായി തോന്നുന്നത്.
ദൃശ്യ കലാരൂപങ്ങളുടെ ഫോട്ടോകൾ എടുക്കാൻ പറ്റുന്ന സ്ഥലങ്ങളിൽ ഒക്കെ പോകാൻ ശ്രമിക്കാറുണ്ടെങ്കിലും കക്കോടിയിലെ തെയ്‌വങ്ങളോട് സംസാരിക്കാനും, അണിയറയിൽ പോയി ചമയങ്ങളൊക്കെ കാണുവാനും കഴിഞ്ഞതിനാലുമാവാം എനിക്കീ യാത്ര മറക്കാനാവാത്ത അനുഭവമായി തോന്നുന്നതു. കുരുത്തോലകൊണ്ടും കമുകിന്റെ പാളകൊണ്ടും മുളകൊണ്ടും വേഷത്തിനാവശ്യമായ അലങ്കാരപ്പണികൾ ചെയ്യുന്നു. കുരുത്തോലകൊണ്ടുള്ള ചില പൂക്കൾ അവർ എന്റെ തലയിലും വെച്ചു തന്നു. ഇത്രയൊക്കെ രസികന്മാരായ ഇവർ തിറ വേഷത്തിൽ അമ്പലമുറ്റത്തേക്കിറങ്ങിയാൽ ഞൊടിയിടയിൽ അത്രയും നേരം നമ്മോട് സൗമ്യമായി സംസാരിച്ച വ്യക്തികളല്ലാതായി മാറുന്നു. ഒരു പരകായ പ്രവേശനം അവിടെ സംഭവിക്കുന്നു. ചെണ്ടയുടെ താളത്തിനനുസരിച്ച് ഉറഞ്ഞു തുള്ളി അല്ഭുതകരമാം വിധം ദൈവങ്ങളായി മാറുന്നു.
…