വിപരീതങ്ങളുടെ ഐക്യവും സമരവും പ്രണയത്തിൽ

0
321
mc-sandeep

കവിത

എം. സി. സന്ദീപ്

പാതിവഴിയിൽ പ്രണയം നഷ്ടപ്പെട്ട
ആണുങ്ങൾ പിന്നീടെന്തായിരിക്കും ചെയ്യുകയ്യെന്നോർത്തിട്ടുണ്ടോ…?!

ഉറപ്പുള്ളടുത്ത കൊമ്പിലേയ്ക്കൊരു വാനരച്ചാട്ടം നടത്തി തലമാന്തി ഊറിച്ചിരിയ്ക്കും ചിലർ.

പ്രതികാരത്തിന്റെ മുനമൂർച്ചകൾ
അവളുടെ അടിവയറ്റിലേയ്ക്ക് തിരിച്ചിറക്കും
അതും പോരാതെ,
ഉള്ളും ഉടലും പൊള്ളിച്ചടർത്തും ചിലർ.

വേറെ ചിലരവളുടെ സ്വഭാവ സർട്ടിഫിക്കറ്റ്
തയ്യാറാക്കിയതിൽ
മറുകിന്റെയെണ്ണം, തുടയളവ്, അധരപൂട്ടിൽ
ഒലിച്ചിറങ്ങിയ ഉമിനീർ രുചി,
ഉടലുരസലിന്റെയിടയിലെ സീൽക്കാരത്തിന്റെ കമ്പന ഹെർട്ട്സ്
ഇതെല്ലാം രേഖപ്പെടുത്തി
നുരഞ്ഞുയർച്ചയുടെ ആണ്ണിടങ്ങളിൽ
സൗജന്യമായി വിതരണം ചെയ്യും.

സ്വയംഹത്യയുടെ സുതാര്യസാധ്യതകളിൽ
അവസാന ആണിയടിച്ച് തൂങ്ങും മറ്റു ചിലർ.

ഇതിനുമപ്പുറത്ത് വേറെ ചിലരുണ്ട്,
അവളെയോർത്ത് കവിതയെഴുതിയെഴുതി
കാലം കഴിയ്ക്കുമവർ…

പാതിവഴിയിൽ പ്രണയം നഷ്ടപ്പെട്ട
പെണ്ണുങ്ങൾ പിന്നീടെന്തായിരിക്കും
ചെയ്യുകയെന്നോർത്തിട്ടുണ്ടോ…?!

പ്രണയത്തിനായവർ വീണ്ടും വീണ്ടും
കേണപേക്ഷിച്ചെന്നിരിക്കും.

വേറെ ചിലർ കവിതയെന്ന വ്യാജേന പ്രണയലേഖനമെഴുതി ഇടയ്ക്കിടെ അയച്ചെന്നുമിരിക്കും.

എറിഞ്ഞ വിരലുകളിലേയ്ക്ക് തന്നെ തിരിച്ചെത്തുന്ന ബൂമറാങ്ങല്ല
ഈ പ്രണയമെന്നറിയുമ്പോൾ,
നഖത്തിലെ ചായമടർത്തിക്കളഞ്ഞ്
അടുക്കളേൽക്കേറി കായം കയ്ക്കുന്ന
സാമ്പാറുണ്ടാക്കും ഒരു കൂട്ടർ.

കുറേ പേർ മെടഞ്ഞിട്ട മുടിയഴിച്ചിട്ട് തടിയൻ പുസ്തകത്തിൽ തലപൂത്തും.
തലവേദനേം വയറുവേദനേം പോലെ
ഈയൊരു വേദനേം ഉള്ളിലൊതുക്കി,
പുറത്ത് ചിരി വരുത്തി ശിഷ്ടക്കാലം
കെട്ട്യോനോടൊപ്പം ജീവിച്ചു തീർക്കും
ഭൂരിപക്ഷം പെണ്ണുങ്ങളും…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here