മാഷൂട്ടി

0
326
pradeesh new story athmaonline
കഥ

പ്രദീഷ് കുഞ്ചു


ഒന്ന്
“എന്താ, ഇതുമൊത്തമങ്ങ് വാങ്ങാൻ വല്ല ഉദ്ദേശവും ഉണ്ടോ?” ഒന്നാം നിലയിലെ എം. കോം. ക്ലാസുകൾക്ക് പുറത്തെ വരാന്തയിൽനിന്ന്, അകലേക്ക് നോക്കിനിന്ന രവിചന്ദ്രന്‍റെ അടുത്തുചെന്ന്, അപർണ അവളുടെ ഒട്ടും ക്രിയാത്മകമല്ലാത്ത തമാശയിൽ ചോദിച്ചു. രവിചന്ദ്രന്‍റെ കണ്ണിലെ തിളക്കക്കുറവ് ശ്രദ്ധയിൽപെട്ട അപർണ, ശബ്ദം കുറച്ച് വെറുതേ ചിരിച്ച്, പറഞ്ഞുനിർത്തി. “ഇനിയിപ്പൊ എന്‍റെ അപ്പൻ വലിയേടത്ത് ശ്രീധരൻ നിങ്ങൾക്കിത് തരാമെന്നേറ്റാലും, എന്‍റെ പൊന്നാങ്ങള, തരുമെന്ന് തോന്നുന്നില്ല”.
“ഹേ മനുഷ്യാ, നിങ്ങളെന്താണിങ്ങനെ ആലോചിച്ചുകൂട്ടുന്നേ?”
“ഒന്നൂല്ല, ഞാൻ പോവാണ്”
“അത് അടുത്താഴ്ച്ചയല്ലേ? അതിനിപ്പഴേ ചിന്തിച്ചുപുഴുങ്ങണോ?”
“മനുഷ്യാ, നിങ്ങളെവിടെ പോയാലും ഞാനില്ലേ നിങ്ങൾക്ക് വേണ്ടി കാത്തിരിക്കാൻ. പിന്നെന്താ? നിങ്ങള് ധൈര്യമായി പോയിട്ട് വാ. എന്നെ ആരും കട്ടോണ്ട് പോവില്ല. പിന്നെ, അധികം വൈകണ്ട ട്ടോ. ഇപ്പ തന്നെ വയസ്സ് ആയി”
“ആർക്ക്?”
“നിങ്ങൾക്ക്. അല്ലാതാർക്ക്? ദാ കണ്ട നിങ്ങടെ താടിയിലെ മൂന്ന് മുടി നരച്ചു. എനിക്കിനിയും ഒരുപാട് സമയം ഉണ്ട്.” അപർണ വായ തുറന്ന്, പിന്നെ ശരീരം വയറുകൊണ്ട് ഒടിച്ച്, ഉറക്കെ ചിരിച്ചു.

പന്ത്രണ്ട് വയസ്സിന്‍റെ വ്യത്യാസത്തിൽ അയാൾക്ക് അവളുമായി പക്വതക്കൂടുതലോ ഒരിഷ്ടകുറവോ തോന്നിയിട്ടില്ല. ഒരുപക്ഷേ അയാളേക്കാൾ ഒരുപാട് അയാളെ ആഗ്രഹിക്കുന്നത് അവളാണ്. തന്‍റെ വാക്ക് കേൾക്കാൻ, തന്‍റെ അടുത്തിരിക്കാൻ, തന്നെ കാണാൻ, അവൾ എല്ലാ സമയവും ആഗ്രഹിക്കുന്നുണ്ടെന്ന് അയാൾക്കറിയാം.
സ്നേഹിക്കപ്പെടുക എന്നതാണല്ലോ ജീവിതത്തിന്‍റെ സുകൃതം.
“അതൊക്കെ പോട്ടെ, ഇന്ന് ക്ലാസ്സിൽ വെച്ച് എന്തൊരു തള്ളലായിരുന്നു. ഉം? ‘നമ്മളെന്തിനെക്കുറിച്ച് ഏറെ ചിന്തിക്കുന്നുവോ അത് നമ്മുടെ ലോകമായി മാറുന്നു. കഴിഞ്ഞവർഷം മുഴുവൻ നിങ്ങളായിരുന്നു എന്‍റെ ചിന്തയിൽ. അങ്ങനെ നിങ്ങളെന്‍റെ ലോകമായി മാറി’. ഹോ.. തള്ളലാണേലും കേൾക്കാൻ നല്ല രസായിരുന്നു. സത്യം പറ. നിങ്ങടെ കണ്ണ് അപ്പ നിറഞ്ഞില്ലേ?”
“ഏയ്”
“എന്ത് ഏയ്. മാഷിന് ഞങ്ങളെ പിരിയുന്നതിൽ സങ്കടം ഉണ്ടല്ലേ?”
“ഏയ് ഞാൻ ചുമ്മാ”
“എന്ന ഞാനെന്‍റെ കാര്യം പറയട്ടെ? എനിക്ക് നിങ്ങളെ വല്ലാതെ മിസ്സ് ചെയ്യും. ഇവിടെയാവുമ്പോ മറ്റാരേയും നോക്കാതെ, നിങ്ങളെ കാണാം, സംസാരിക്കാം. എത്ര സ്വാതന്ത്രമാണ് ആ ചിന്തകൾക്ക് പോലുംന്നറിയോ”
ഒരു നിമിഷം പുറത്തേക്ക് വിട്ടുകളഞ്ഞ ശ്വാസത്തെ തിരിച്ചുപിടിച്ച അപർണ-
“മാഷേ..”
“ഉം”
“ഞാനൊന്ന് കെട്ടിപിടിച്ചോട്ടെ?”
“ദേ പെണ്ണേ, വേണ്ടാട്ടോ. പിള്ളേര് എല്ലാരും പോയിട്ടില്ല. ക്ലാസ്സിൽ തന്നെ പകുതി പേരുണ്ട്. ഈ വരാന്തയിലോട്ട് ആര് വേണേലും കേറി വരാം”
“ഓ, ഇനിയീ ലോകത്ത് ഈ പിള്ളേര് മാത്രേ നമ്മടെ കാര്യം അറിയാൻ ബാക്കിയുള്ളൂ എന്ന് തോന്നും, നിങ്ങടെ പറച്ചിൽ കേട്ടാൽ”
പറഞ്ഞുതീരുംമുമ്പേ അപർണ കൈപ്പത്തി മടക്കി, രവിചന്ദ്രന്‍റെ വയറിലൊരു കുത്തുകൊടുത്തു. അയാളൊന്ന് പുളഞ്ഞു. വയറിൽനിന്ന് ഉരുണ്ടുവന്ന ശ്വാസം എടുത്ത് വായിൽ മുഴക്കി, വെളിയിൽ വിടാൻ ബുദ്ധിമുട്ടുന്ന സമയത്ത്, ശിശിര ബാഗുമെടുത്ത് വരാന്തയിൽ പ്രത്യക്ഷപ്പെട്ടു. “സാറെ, പോട്ടേ. ഇനി എന്ന് കാണുമെന്നൊന്നും അറിയില്ല. എന്ത് പറ്റി സാറേ ഒരു വല്ലായ്ക പോലെ?”
“ഏയ് ഒന്നും ഇല്ല”. വേദന കടിച്ചമർത്തി രവിചന്ദ്രന്‍ പറഞ്ഞു.
അപർണ പകുതിച്ചുണ്ടുകൊണ്ടു ചിരിച്ച്, മുഖം തിരിച്ചു.
“സാറ് ഇവിടുന്ന് പോകുകയാണെന്ന് കേട്ടു. വേറെ നല്ല കോളേജിലും കിട്ടിയോ സാറേ?. അല്ലേലും ഈ ലൊടുക്ക് പാരലൽ കോളേജിൽ നിന്നിട്ട് എന്ത് ലാഭം ല്ലേ?
പിഎസ്സി ആണോ? സാർക്കൊക്കെ കിട്ടും. സാറിനൊക്കെ നല്ല ബുദ്ധിയല്ലേ.”
“ഏയ്. ആരു പറഞ്ഞു. തൽക്കാലം വേറൊരു ജോലി നോക്കാംന്ന് മാത്രം. അല്ലാതൊന്നുമില്ല. ജോലിക്കൊക്കെ ട്രൈ ചെയ്യണം ട്ടോ. വെറുതെ വീട്ടിലിരിക്കരുത്. എന്ന, ശിശിര ഇറങ്ങിക്കോളൂ. കാണാം.”
“എന്ന ശരി സാറേ. സാറിന് തിരക്കാണെന്ന് തോന്നുന്നു. നമ്മളെയൊക്കെ മറക്കല്ലേ സാറേ. ബൈ സാറേ”. നടന്ന് തുടങ്ങുന്ന സമയം ശിശിര അപർണക്ക് നേരെ ചെറുതായൊന്ന് കൈവീശിക്കാണിച്ച്, ഗോവണിപ്പടികളുടെ താഴ്ചയിലേക്ക് മറഞ്ഞു.
വേഗത്തിൽ അവളെ പറഞ്ഞയച്ചതിലും, അവളുടെ വാക്കുകളിലെ ആഴത്തിന് വേണ്ടത്ര ശ്രദ്ധകൊടുക്കാത്തതിലും രവിചന്ദ്രന് മനസ്സിലൊരു നീറ്റൽ തോന്നി.
“നിന്നെ ഞാൻ” രവിചന്ദ്രൻ അപർണയോട് ശബ്ദം മാത്രം ഉയർത്തി ദേഷ്യപ്പെട്ടു.
“നിന്നെ ഞാൻ. പറ. നിന്നെ ഞാൻ?”
അവളുടെ ചിരിയിൽ അയാൾ താണുപോയി. വീണ്ടും അയാൾ ശാന്തനായി.
“ഇവിടെ നിന്നിട്ട് ഒരു കാര്യവുമില്ല”
“ആയ്‌ക്കോട്ടെ, നിങ്ങള് പൊയ്‌ക്കോ മനുഷ്യാ. അതിനെന്തിനാ ഇങ്ങനെ വിഷമിക്കുന്നേ?”
“ഏയ് അതല്ല ഈ മുപ്പത്തിമൂന്നു കൊല്ലം ജീവിച്ചിട്ടും ഒന്നും ആയില്ലല്ലോന്ന് ഓർക്കുമ്പോ. ഒരു വിഷമം. അത്രേള്ളൂ.”
“ആര് പറഞ്ഞു. ഒന്നും ആയില്ലെന്ന്? എന്തായാലും ഒരു ജോലി പോരെ. ഇതില്ലെങ്കിൽ വേറൊന്ന് അത്രേള്ളൂ. പിന്നെ എനിക്കാണേൽ എനിക്ക് എല്ലാമെല്ലാമായി നിങ്ങളെകിട്ടീല്ലേ. ഞാൻ ഹാപ്പിയാണ് ട്ടോ”
“നീ വെറുതേ” – അയാൾക്ക് വേറൊന്നും മിണ്ടാൻ തോന്നിയില്ല ആ നിമിഷം.
“മാഷേ.. ഞാനൊന്ന് കെട്ടിപിടിച്ചോട്ടെ?”
“വേണ്ട വേണ്ട”
അയാൾ നിന്നിടത്തുനിന്ന് ഒരടിയകലം മാറി. അയാൾക്കിപ്പഴും ചമ്മൽ മാറിയിട്ടില്ല. ചമ്മൽ അല്ല. പേടിയാണ്. ശരിക്കും ഇതൊരു ലോകമായിരുന്നു. ചെറിയ മനുഷ്യരെ വേറെ കുറേ ചെറിയ മനുഷ്യരുമായി തുന്നിച്ചേർക്കുന്ന വലിയ മായാലോകം. അയാൾ ഓർത്തു. ആ ലോകത്തിൽ ഇനി പക്ഷെ തനിക്ക് ഒരവകാശവും ഇല്ലാത്തപോലെ. വെയിലാറിയ മൈതാനത്തിലേക്ക് അയാളുടെ ചിന്തകൾ പൂഴിക്കാറ്റുപോലെ വട്ടംചുറ്റി തിരിഞ്ഞുകേറി.

“ഇനി നീ എങ്ങനെ പിടിച്ചു നിൽക്കും? എം. കോം. കഴിഞ്ഞു. ഇനി എന്ത് ചെയ്യും. നെറ്റ് ക്ലിയർ ചെയ്തതുമില്ല. പറ.”
“അതിന് ഇനി പരീക്ഷ വരാൻ ഇല്ലേ? റിസൾട്ട് വരണ്ടേ? ഇനിയും എനിക്ക് സമയമൊക്കെ ഉണ്ട്. രണ്ടുകൊല്ലം ഞാൻ എങ്ങനേലും പിടിച്ചു നിൽക്കാം പോരെ? വേണ്ട മൂന്ന് കൊല്ലം? അപ്പഴേക്കും നിങ്ങൾക്ക് നല്ലൊരു, വേണ്ട മോശമല്ലാത്ത ഒരു ജോലി ഉണ്ടാക്കാൻ പറ്റില്ലേ?. പട്ടിണി ആണേലും പപ്പടം പൊട്ടിച്ചുതിന്ന് കഴിയാന്നേ നമുക്കൊന്നായ്. ഞാൻ അത്രേ ചിന്തിച്ചിട്ടുള്ളൂ. ഇനി അതല്ല എത്രകാലം വേണേലും ഞാൻ കാത്തിരിക്കാം. നിങ്ങള് കൂടെയുണ്ടെന്ന തോന്നൽ മാത്രം മതി”.
അവളുടെ വാക്കുകളിലെ എന്തെന്നില്ലാത്ത ആത്‍മവിശ്വാസവും, ഫലിതവും, സ്നേഹവും അയാൾക്ക്, ഒറ്റപ്പിടിയിൽ ഒതുക്കാനാവാതെ വഴുതിപ്പോകുന്നതുപോലെ തോന്നി. രണ്ടു കൊല്ലം! മൂന്നുകൊല്ലം! മനസ്സിൽ അതുപോലും എണ്ണിയെടുക്കാൻ അയാൾ പാടുപെട്ടു.
ഗോവണപ്പടികളിലൂടെ, കുട്ടികൾ ഒഴിഞ്ഞ വരാന്തയിലൂടെ, ഇടക്ക് അവൾ പഠിച്ച ക്ലാസ് മുറികളിലൂടെ, ആദ്യമായി ചുംബനം കൈമാറിയ ‘സ്റ്റോർ റൂം’ എന്നെഴുതിവെച്ച കുടുസ്സുമുറിയിലൂടെ, ഇപ്പോൾ പണിപൂർത്തിയാക്കിയ ഓപ്പൺ ഓഡിറ്റോറിയത്തിലൂടെ, അവർ ഒന്നിച്ചു നടന്നു. ഇടക്കിടെ അപർണ രവിചന്ദ്രന്‍റെ വിരലിൽ പിടിച്ചു നടന്നു. അയാളുടെ തോളിൽ പിടിച്ചുചാരി നടക്കണമെന്നുകൂടി അവൾ ആശിച്ചു.

കാന്‍റീനിന്‍റെ മുന്നിലെത്തിയപ്പോൾ ശ്വാസംകൊണ്ടൊരു സമാധാനം വീണ്ടെടുത്തെന്നപോലെ അപർണ പറഞ്ഞു. “ഇപ്പ ഇത് ഇങ്ങനെ പോട്ടേ. അധികം ഇഷ്യൂസ് ഒന്നും നിങ്ങളായിട്ട് ഉണ്ടാക്കാൻ പോണ്ട. അച്ഛൻ ഒരു വിധത്തിൽ ‘ഒന്നും പറഞ്ഞിട്ട് കാര്യമില്ല’ എന്ന മട്ടിലെത്തി നിൽക്കുവാണ്. പിന്നെ മഹേഷേട്ടനാ നിങ്ങളോട് കലിപ്പ്. നിങ്ങളാ കുളത്തിന്‍റെ കാര്യം അങ്ങു വിട്ടേക്ക്. അവര് അത് വെട്ടുകയോ, മൂടുകയോ എന്തോ ചെയ്തോട്ടെ. അയാൾക്ക് അവിടെ, വീട് വെക്കാനൊന്നും അല്ല എന്നൊക്കെ എനിക്കറിയാം. എന്നാലും അതൊക്കെ വിട്ടേക്ക്. എന്നേക്കാൾ വലുതല്ലല്ലോ അത്? നിങ്ങൾ അതിനുംകൂടി കേസ് കൊടുത്തപ്പോൾ എനിക്കാ വീട്ടിലുള്ള സമാധാനം ഇല്ലാണ്ടായി. അതൊക്കെ ഞാൻ മാനേജ് ചെയ്യാം. പിന്നെ ഒരു കാര്യം, ഈ നാട്ടുകാരും പിള്ളേരും എന്നും കൂടെ കാണത്തില്ല. അവർ അവരുടെ വഴിക്ക് പോകും. നിങ്ങളവസാനം ഒറ്റക്കാവും. അവരൊക്കെ എപ്പഴും സേഫ് ആയിട്ടേ കളിക്കൂ. കേട്ടോ നിങ്ങള്? ഹേ മനുഷ്യാ കേട്ടോന്ന്?”
ശബ്ദം അല്പം ഉയർത്തിതന്നെ അപർണ പറഞ്ഞുനിർത്തി.
അവളുടെ ശബ്ദം ഉയർന്നതിൽ അയാൾക്ക് പരിഭവമൊന്നും തോന്നിയില്ല. എല്ലാത്തിനും ഉള്ള ഉത്തരം തന്നെയാണിപ്പോൾ അവൾ പറഞ്ഞുതീർത്തത്. തിരുത്തലുകൾക്ക് ശേഷിയില്ലാത്തവനെപ്പോലെ, അനുസരണയുള്ള കുട്ടിയെപ്പോലെ അയാൾ തലതാഴ്ത്തി നിന്നു.
“തിങ്കളാഴ്ച എങ്ങനാ പോകുന്നേ?”
“രാത്രി പത്തരേടെ അമൃതക്ക്”
“മോഹൻ സാറ് വരുന്നു”. അവൾ ശബ്ദമടക്കിപ്പറഞ്ഞു. പിന്നെ ചുണ്ട് വിടരാത്ത ചിരിയിൽ സാറിനെ അഭിസംബോധന ചെയ്തു.
“രവി സാറേ, പോണില്ലേ?. വരൂ ഒരു ചായ കുടിച്ചാലോ?”
“സാറ് നടന്നോ, ദാ ഞാൻ വന്നു” രവി ചന്ദ്രൻ പറഞ്ഞു.
വടിവൊത്ത ശബ്ദത്തിൽ ചടങ്ങുപോലെ പറഞ്ഞുതീർത്ത് മോഹനൻ സാർ പടികളിറങ്ങി ക്യാന്റീന്‍റെ അകത്തേക്ക്, സ്റ്റാഫുകൾക്ക് ഇരിക്കേണ്ട കുടുസ്സായ ഭാഗത്തേക്ക് മറഞ്ഞു.
“കയ്യിൽ കാശൊക്കെ ഉണ്ടോ അത്യാവശ്യത്തിന്?”
“ഉം” രവിചന്ദ്രൻ മൂളി. “ഇപ്പ നീ പൊയ്‌ക്കോ. സമയം ഒരുപാടായി”
“സാരമില്ല ഇച്ചിരികൂടി കഴിയട്ടെ”
“പോ കുട്ടി. ഇനി നിന്ന വീടെത്തുമ്പോൾ സമയം വൈകും.
“ഇനിയങ്ങോട്ട് എത്രനേരത്തെ വീടെത്തിയിട്ടും എന്താ കാര്യം?”
ഒരു കൊള്ളിയാൻ രവിചന്ദ്രന്‍റെ നെഞ്ചിലൂടെ പടർന്ന് കയറി. ഇനി കാണലുകളുടെ അകലം കൂടുമല്ലോ എന്നോർത്ത്, അയാൾ അവളിൽനിന്ന് മുഖം തിരിച്ചു. നെഞ്ചിടം പൊള്ളിയ പോലെ അയാളുടെ കണ്ണുകൾ ചുവന്ന് നിറഞ്ഞു.

“ഇതിലൊന്നെഴുതിയേ”
ശബ്ദം അല്പമൊന്നിടറിയപോലെ. അവൾ ഒരു ഡയറി എടുത്ത് നടുവിലത്തെ പേജ് തുറന്ന് പിടിച്ച്, പേനകാട്ടി പറഞ്ഞു.
“എന്ത്?”
” ഒരു വാക്ക്, മാഷൂട്ടീ ന്ന്..”
“എന്തിനാ ഇതൊക്കെ ഇപ്പോ?”
“എല്ലാർക്കും കൊടുത്തില്ലേ? അപ്പ എനിക്കും ഒരു കൊതി”
അയാൾ തന്‍റെ മഷിപ്പേനകൊണ്ട് അക്ഷരങ്ങൾ മുറിക്കാതെ ഒറ്റവരയിൽ മുകളിൽ നിന്ന് താഴോട്ട് അതിലെഴുതി. ‘മാഷൂട്ടി’
ഡയറി തോൾസഞ്ചിയിൽ ഇട്ടിട്ടും അവൾ മുഖം ഉയർത്താതെ എന്തോ തിരയുന്നതിനിടയിൽ പറഞ്ഞുകൊണ്ടിരുന്നു.
“എന്‍റെ കയ്യിൽ എന്നെയല്ലാതെ, നിങ്ങൾക്ക് തരാൻ വേറൊന്നുമില്ല”
“ഞാൻ അതിന് വേറൊന്നും ചോദിച്ചില്ലല്ലോ?”
അവൾ ഇനിയും മുഖം ഉയർത്തിയിട്ടില്ല.
പൊടുന്നനെ മുഖം കുനിച്ചുനിന്ന രവിചന്ദ്രന്‍റെ തലക്ക് ഇരുവശവും കൈകൾ ചേർത്ത് പിടിച്ചു താഴ്ത്തി അയാളുടെ ചുണ്ടുകളിൽ അവൾ അവളുടെ ചുണ്ടുകൾ അമർത്തിവെച്ചു.
കണ്ണുകൾ അടഞ്ഞുപോയ രവിചന്ദ്രന്, തന്‍റെ ചുറ്റിലും ആരും ഉണ്ടായിരുന്നില്ല എന്ന് വിശ്വസിക്കണമെന്നു തോന്നി.
“പോകും ദിവസം എന്നെ കാണാൻ വരില്ലേ?”
ഒന്നുകൂടി അവൾ ആ ചോദ്യം ആവർത്തിച്ചു. ആ ആവർത്തനത്തിൽ മാത്രമാണ് അയാൾക്ക് അയാളെ തിരിച്ചുകിട്ടിയത്.
“വരും”
വീണ്ടും അയാളെ വീണ്ടെടുത്ത് ഉറപ്പിച്ചു പറഞ്ഞു
“വരും”
അവൾ നടന്നാണോ ഓടിയാണോ പോയതെന്ന ചിത്രം വരച്ചെടുക്കാൻ രവിചന്ദ്രന് ശരിക്കും കഴിഞ്ഞില്ല.
“ചായകുടിക്കൂ സർ” ക്യാന്റീനിൽനിന്നും ഇറങ്ങിവന്ന മോഹനൻ സർ വീണ്ടും എഴുതിവെച്ചപോലെ, വാക്കുകൾ ഉരുവിട്ട് രവിചന്ദ്രന്‍റെ മുന്നിലൂടെ ഒഴുകിപ്പോയി.

രണ്ട്

തിളങ്ങുന്ന കനലിന് മീതെ, തിളക്കുന്ന ചോറ്റുകലത്തിൽ നിന്ന്, വറ്റുകൾ പുറത്തേക്ക് കടക്കാൻ വെമ്പിനിന്നു. കഞ്ഞിവെള്ളത്തിന്‍റെ കുമിളകൾക്കൊപ്പം അവ ഇടക്കിടെ കലത്തിന്‍റെ വായഭാഗത്തിനുചുറ്റിലും താഴെയുമായി തങ്ങിനിന്നു. കലത്തിന്‍റെ മുകളിൽ ഡവറപ്പാത്രത്തിൽ അമ്മ കാപ്പി ചൂടാറാതിരിക്കാൻ വെച്ചിരിക്കുന്നു. അത് ഗ്ലാസ്സിലേക്ക് ഒഴിച്ചശേഷം രവിചന്ദ്രൻ രാവിലത്തെ മഴയെ വായിച്ചിരുന്നു.
മുറ്റം നിറഞ്ഞ്, മഴവെള്ളത്തിന്‍റെ ഒഴുക്കിന്‌ വേഗം കുറവായിരിക്കുന്നു. ‘ഇനിയും പെയ്യിക്കാനുണ്ട് ദൂരെ’ എന്ന മട്ടിൽ ആകാശം മേഘക്കൂട്ടങ്ങളുമായി അതിന്‍റെ വേഗസഞ്ചാരം തുടരുന്നു.

‘നീ ഉള്ളപ്പോഴാണ് മഴ
അല്ലെങ്കിൽ അതു വെറും-
പാഠപുസ്തകത്തിലേത് പോലെ
ജലം ബാഷ്പീകരിച്ച്
മേഘം തണുത്തുറഞ്ഞ്
പെയ്യുന്നു എന്ന് മാത്രം.’

അവൾക്കെപ്പഴോ എഴുതിയതാണ്. ഇപ്പോൾ ഒരു പൈങ്കിളിക്കവിതപോലെ. എങ്കിലും അയാൾ അതിനെ നാണം കൂടാതെ ആസ്വദിച്ച്, കാപ്പിയോടൊപ്പം അയവിറക്കി.
“എന്താ നിന്‍റെ ജോലി അവിടെ?”
ഒരു ഉത്സാഹവും കൂടാതെ അമ്മ ചോദിച്ചു. കാണാൻ കഴിയാത്തത്രയും പരിപ്പ് മൺകലത്തിലിട്ട് കഴുകുകയാണ് അമ്മ. “അവിടെ അവനൊരു ഓപ്പൺ റെസ്റ്റോറന്‍റ്ണ്ട്. അവിടെച്ചെന്ന അവൻ എന്തേലും ശരിയാക്കും. എന്തായാലും അമ്മക്കെന്താ?”
അവസാനം പറഞ്ഞതിൽ സ്വരം അൽപ്പം കടുത്തുപോയതായി അയാൾക്ക് തോന്നി.
അമ്മക്ക് ഒരിക്കലും തന്‍റെ കാര്യത്തിൽ ഇടപെടാൻ കഴിഞ്ഞിട്ടില്ല എന്നയാൾക്ക് പരാതിയുണ്ട്. അതിന്‍റെ അവസാനവിധി നടന്നത് അഞ്ച് വർഷം മുമ്പാണ്.
തക്കതായ ജോലിയില്ലാതെ പാരലൽ കോളേജിൽ നക്കാപ്പിച്ചക്ക് ജോലി നോക്കുന്ന സമയത്തിന്‍റെ തുടക്കമായിരുന്നു അത്. അച്ഛൻ പോസ്റ്റ്മാനായി ജോലി ചെയ്‌ത് വരികയായിരുന്നു. പായസത്തിൽ മാത്രം ഒതുക്കിയ അച്ഛന്‍റെ അമ്പത്തിനാലാം പിറന്നാൾ ദിവസം. ഊണു കഴിഞ്ഞ്, മഴതോർന്ന് മങ്ങിയ രാത്രി. പാത്രത്തിൽ അവശേഷിച്ച പായസം കരണ്ടികൊണ്ട് കോരി, ഗ്ലാസ്സിലേക്ക് കോരിത്തരുന്ന തിടുക്കത്തിലാണ് ‘അച്ഛൻ തൊടീക്കിറങ്ങി നേരം കുറേ ആയല്ലോ’ എന്ന അമ്മയുടെ അടക്കിയ ചോദ്യം വന്ന് വീണത്. കുടിക്കാനെടുക്കുന്ന സമയം കുറച്ച്, ആ ഗ്ലാസ്സ് അമ്മയുടെ കയ്യിൽ കൊടുത്ത് തൊടീലേക്കിറങ്ങി.
ചീവീടുകൾ കൂട്ടകരച്ചിൽ ആരംഭിച്ചു. ഒരുമിച്ചിരുന്നും എന്തിനിങ്ങനെ അനാഥരെപ്പോലെ കേഴുന്നു.’ഇതാ ഞങ്ങൾകൂടി വരുന്നു’ എന്ന മട്ടിൽ ദൂരെനിന്ന് വന്ന മിന്നാമിനുങ്ങുകൾ രവിചന്ദ്രന്‍റെ തലക്ക് ചുറ്റും വലംവെച്ച് നിന്നു.
ചീവീടുകൾ നിശബ്ദരായി. ദൂരെ, ചിറകുകൾ വീശിയടിക്കുന്ന ശബ്ദം. അവ അടുത്തടുത്തു വരുന്നു. കൂമൻ, തൊടിയുടെ അറ്റത്തു നിന്ന് മൂളി. പൊടുന്നനെ ആയിരമായിരം മിന്നാമിനുങ്ങുകൾ മേൽവിലാസം തേടി, രവിചന്ദ്രന്‍റെ, കണ്ണിലൂടെ, ചെവിയിലൂടെ, മൂക്കിലൂടെ പറന്ന് പോയി. അവയോടൊപ്പം അയാൾക്ക് അച്ഛനിലേക്കുള്ള ചിറക് മുളച്ചു. തേക്ക് മരത്തിൽ അച്ഛനുണ്ടായിരുന്നു.
രാത്രിയെ കീറിമുറിക്കുന്ന മിന്നാമിനുങ്ങുകൾക്ക് രക്തത്തിന്‍റെ മണം. ഭാരമില്ലാതെ പറന്നാടുന്ന, അച്ഛന്‍റെ കാലിൽനിന്നും രക്തത്തുള്ളികൾ, ഒറ്റച്ചെരിപ്പിലൂടെ, മേൽവിലാസം തെറ്റി, ഭൂമിയിലേക്കൊഴുകി.
‘ആ തേക്കിന്‍റെ കൊമ്പൊക്കെയൊന്ന് വെട്ടിക്കൂടെ?’ ഉത്തരം കിട്ടിയില്ലെങ്കിലും ഇടക്കിടെ ആവശ്യപ്പെട്ടുകൊണ്ടിരുന്ന അച്ഛൻ, ഇപ്പോൾ ഒന്നുകൂടി പറഞ്ഞ് വേദനിപ്പിച്ചപോലെ.

ആരാണ് ആദ്യം ഓടിയെത്തിയത്? അമ്മാവനാണ്. പിന്നെ നാട്ടുകാരൊക്കെ അറിഞ്ഞെത്തി. മരണം ‘ഇടിവെട്ടേറ്റത്’ എന്നാക്കിയെടുക്കാൻ ഓടിനടന്ന്, ബുദ്ധിമുട്ടിയത് അമ്മാവനായിരുന്നു.
ഇടിവെട്ട് പൊടിഞ്ഞ്, ആകാശ ധൂളികൾ, മിന്നാമിനുങ്ങുകളായതാവാം. അവിടന്നങ്ങോട്ട് ഏഴിന്‍റേയും, അടിയന്തിരത്തിന്‍റേയും ചടങ്ങിനൊക്കെ ഞാന്‍ പനിക്കിടക്കയിൽ തന്നെയായിരുന്നു. ഇടക്കിടെ കൈകൾ മണത്തുനോക്കി. കൈകൾക്ക് ചെളിയുടെ മണം. അതിനെപ്പോഴാണ് ഞാൻ അച്ഛനെ തൊട്ടത്!?
അച്ഛന്‍റെ മരണശേഷം, ആ ജോലി ഇരുപത് തികയാത്ത അനിയന് വാങ്ങികൊടുക്കാനാണ് അമ്മയും അമ്മാവനും ചേർന്ന്, എന്തിന് നാട്ടുകാർപോലും ഉത്സാഹിച്ചത്.
“ഇപ്പോ, ചെറുതാണെങ്കിലും നിനക്കൊരു ജോലി ഉണ്ടല്ലോ. പിന്നെ ലോക പരിചയവും. അവനാണേൽ വലിയ തുമ്പും പിടിയും ഇല്ലല്ലോ” എന്നായിരുന്നു അമ്മയുടെ അവസാന ഉപദേശസംഗ്രഹം.
അഞ്ച് കൊല്ലം കഴിഞ്ഞു. ഇന്നത്തെ അവന്‍റെ സ്ഥിതി എന്താണ്? അഞ്ചുകൊല്ലത്തിനുള്ളിൽ അവൻ വീടുവെച്ചു, അമ്മാവന്‍റെ മോളെ കെട്ടി. മക്കളായി, ബന്ധുക്കാരായി. ഞാനോ? ചോദ്യചിഹ്നം! ഈ നാട്ടുകാർ തന്നെ മുഖത്ത് ചോദ്യങ്ങൾ ഒട്ടിച്ചാണ് നടപ്പ്. ഇപ്പോൾപ്പിന്നെ അപർണയെക്കൂടി ചേർത്ത് കാര്യങ്ങൾ പറയാമെന്നായപ്പോൾ ‘നിനക്ക് അങ്ങനെതന്നെ വേണം’ എന്ന ഉത്തരം കൂടി നാട്ടുകാർ ആ ചോദ്യത്തിനുനേരെ എഴുതിയിട്ടു.
ഇതൊക്കെ അമ്മയോട് ഒരിക്കൽക്കൂടി പറഞ്ഞ് കയർക്കണം എന്ന് തോന്നി. എന്തിനെന്നില്ലാതെ. എങ്കിലും അമ്മക്ക് ഞാൻ വിട്ടുനിൽക്കുന്നതിൽ എന്തേലും വിഷമം ഉണ്ടോ എന്തോ?
“എപ്പഴാടാ വണ്ടി?”
“നാളെ രാത്രി പത്തരക്ക്, രാവിലെ ഞാൻ ജയേഷിന്‍റെ വീട്ടിൽപോകും”
“ഉം”

മൂന്ന്

ഒരു നക്ഷത്രത്തെപോലും, അവരെ ഇടംകണ്ണിട്ട് നോക്കാനാനുവദിക്കാത്തവിധം, ആകാശം കറുത്തമേഘങ്ങൾക്കൊണ്ട് ഭൂമിയെ മറച്ചു. മീനുകൾ പാദങ്ങളിൽ ചുംബിക്കാൻ തുടങ്ങിയപ്പോൾ, അപർണ ഇക്കിളിപൂണ്ട്, തന്‍റെ വലംകാൽ രവിചന്ദ്രന്‍റെ കാലിന്മേൽ കയറ്റിവെച്ചു. ഒരു കാലിലെ പാദസരം വെള്ളത്തോടൊപ്പം പതിഞ്ഞുചിലച്ചു. അപ്പോഴാണ്, അപ്പോൾ മാത്രമാണ്, ഭൂമിയിൽ ശബ്ദങ്ങൾ ഉണ്ടെന്ന് രവിചന്ദ്രന് തോന്നിയത്. തനിക്ക് വേണ്ടിയെന്നപോലെ, സ്വർണത്തിന് പകരം വെള്ളി പാദസരങ്ങൾ അണിഞ്ഞ, അവളെയോർത്ത് അയാൾക്ക് സന്തോഷം തോന്നി.
ചുണ്ടുകൾ ഒന്നൂകൂടെ അവളുടെ ചുണ്ടുകളിലേക്ക് ആഴത്തിൽ പടർത്തി. അപർണ കൈകൾകൊണ്ട്, , ഇനിചേർക്കാൻ ഒരിഞ്ചുപോലും ബാക്കിയില്ലാത്തവിധം അയാളെ, തന്നിലേക്ക് അടുപ്പിച്ച് ചേർന്നുകിടന്നു.
“വേദനയുണ്ടോ?”
“എന്ത്?”
“ചുണ്ടുകൾക്ക്”
“അതിന് എനിക്ക് ചുണ്ടുകൾ ഇല്ലല്ലോ”
“ഒന്ന് കണ്ണ് തുറക്കൂ. രാത്രിയിൽ ഭൂമിക്ക് ഒരേ ഒരു നിറം മാത്രമേ ഉള്ളൂ. കറുപ്പ്. എന്നിട്ടും ഈ കണ്ണുകൾ വിളങ്ങിയെന്നെ കൊതിപ്പിക്കുന്നു.”
അർത്ഥമില്ലാതെ ഒഴുകിയെത്തിയ, അപർണയുടെ കണ്ണിലെ നീർച്ചാലിനെ രവിചന്ദ്രൻ ചുണ്ടുകൾകൊണ്ട് ഒപ്പിയെടുത്തു. പിന്നെ കൺപോളകളെ ചുംബിച്ചു താഴ്ത്തി. തീരെ ചെറിയ നിശ്വാസത്തിൽ ജീവൻ വീണ്ടെടുത്തപോലെ, അപർണ രവിചന്ദ്രനെ ചുണ്ടുകൾകൊണ്ട് ഉച്ചിമുതൽ നെഞ്ചിടംവരെ അളന്നെടുത്തു.
മേഘം കനത്തുതൂങ്ങി. ഒടുവിലവ കനംവിട്ട് ഭൂമിയിലേക്ക് നുരഞ്ഞിറങ്ങി. കുളംനിറയെ മീനുകൾ. അവ അതിന്‍റെ ചിറകിൽ തലങ്ങും വിലങ്ങും പറന്നുതുടിച്ചു. നുരയിൽനിന്ന് പതഞ്ഞുപൊങ്ങുന്ന വെള്ളത്തുള്ളികൾ, വെള്ളിമണികൾ കണക്കെ, അവിടം നനുത്ത നിലാവിൽ പൊതിഞ്ഞു.
“നിങ്ങൾക്ക് തണുക്കുന്നില്ലേ?”
“എന്തോ ഇന്നില്ല”
“അതെന്താ, ഭൂമി നനയുമ്പോൾ നിങ്ങൾക്ക് തണുക്കാറുള്ളതല്ലേ?”
അവൾ എത്ര മനോഹരമായാണ് ആ ചോദ്യം കൊണ്ട് ചിരിക്കുന്നത്. രവിചന്ദ്രൻ തന്‍റെ കണ്ണുകൾകൊണ്ട്, പിന്നെ ചുണ്ടുകൾകൊണ്ട് അവളുടെ തുടിക്കുന്ന മുഖത്ത് ഇടം വലം സ്തുതി പാടി.
മഴപ്പെയ്ത്തിൽ പൊട്ടിയൊഴുകുന്ന കുമിളകളുടെ പാട്ടിന്‍റെ നേർത്ത ഇടവേളയിൽ രവിചന്ദ്രൻ അപർണയുടെ ചെവിയിൽ പതുക്കെ മന്ത്രിച്ചു.
“ഒന്ന് തൊട്ടോട്ടെ?”
“എവിടെ”
“വയറിൽ”
അവളുടെ ഞെട്ടലിന്‍റെ ശബ്ദം, അത് ശരീരം വിറച്ചവൾ പ്രകടമാക്കിയെന്ന് അയാൾ മനസ്സിലാക്കി.
“വേണ്ട”
“എന്തേ?”
“കാത്തിരിക്കൂ. നിന്‍റെ മുന്നിൽ ഞാൻ സാരിയുടുത്ത് വരും. അതുവരേക്കും കാത്തിരിക്ക്”
“ഉം”
കുളം, പുഴപോലെ കലങ്ങിമറിഞ്ഞു. ചിറകുകൾ വിരിച്ച് കുളത്തിലേക്ക് പലപുഴകൾ ഒഴുകിയെത്തി. പുഴകളിൽ നിന്ന് കുളത്തിലേക്കും കുളത്തിൽ നിന്ന് പുഴയിലേക്കും കൈവഴികൾ രൂപാന്തരപ്പെട്ടു. അവർ പരസ്പരം ചൂട് കൈമാറി. തണുപ്പ് കൈമാറി. അവസാനം കുളവും പുഴകളും പരസ്പരം തിരിച്ചറിയാനാവാത്ത വിധം, വേഷങ്ങളിൽ നിന്ന് ചായങ്ങൾ, പകർന്ന് പടർന്നു.
വീണ്ടും ആഴങ്ങളിൽ ചുണ്ടുകൾ കോർക്കപ്പെട്ടു. കൈകൾ ചേർക്കപ്പെട്ടു. കാലുകൾ വരിഞ്ഞുമുറുകപ്പെട്ടു. അവളുടെ നീണ്ട ബ്ലൗസിന് ഇടയിലൂടെ രവിചന്ദ്രന്‍റെ ഇടം കൈ ഒഴുകി. മുലഞെട്ടുകളിൽ തന്‍റെ വിരലിനഗ്രംകൊണ്ട് വൃത്തത്തിൽ തഴുകി. അവളുടെ കൈകൾ അയാളുടെ മുടിയിഴകളിൽ ഇനിയും കണ്ടെത്താനാവാത്ത എന്തിനോവേണ്ടി ബലമായി തിരഞ്ഞു. നാല് ചുണ്ടുകളും ചൂടുതേടി മുഖചുഴിയിൽ ആണ്ടുപോയി.
“മാഷേ”
“ഉം?”
“നമുക്കറിഞ്ഞാലോ?”
പെട്ടന്ന്, രവിചന്ദ്രൻ തന്‍റെ കൈ പിൻവലിച്ച്. കൈകളും, കാൽമുട്ടുകളും മടക്കി അവൾക്കഭിമുഖമായി ചുരുണ്ടു കിടന്നു. അപർണ കൺതുറന്ന് ഒരു കൊച്ചുകുഞ്ഞിനേപ്പോലെ തന്‍റെ മാറിടത്തിലേക്ക് ചരിഞ്ഞുകിടക്കുന്ന അയാളെ, ഒന്നുകൂടി ഒതുക്കിപ്പുണർന്നു.
മഴ അതിന്‍റെ അടക്കം പറച്ചിലിന്‍റെ ശബ്ദം പതിയെ കുറച്ച്, അകലങ്ങളിലെവിടെയോ ഒഴുകുന്ന കറുത്ത പുഴയെ ധ്യാനിച്ചു.
അപർണ ചോദിച്ചു.
“സമയമായില്ലേ”
“ഉം. പത്തരക്കാണ്”.
ട്രാൻസ്പരന്‍റ് പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞ തന്‍റെ മൊബൈലിൽ രവിചന്ദ്രന്‍ ഞെക്കി. സമയം നോക്കി. ഒമ്പതര.
“ഇരുപത് മിനുട്ട് മതി അവിടെയെത്താൻ. പത്തുമണിക്ക് ജയേഷ് കൊണ്ടുവിടും സ്റ്റേഷനിൽ. കൊല്ലത്ത് വെളുപ്പിനെത്തും”
രവിചന്ദ്രൻ വർത്തമാനം നിർത്തിയോ എന്ന ഭീതിയിൽ, അയാളുടെ ആ നിശബ്ദത പോലും സഹിക്കാൻ വയ്യാതെ വന്നപ്പോൾ, അവൾ ഇടപെട്ടു.
“അവിടെ എത്തിയിട്ട് എന്നെ വിളിക്കാം എന്ന് കൂടി പറ”.
അവളുടെ ശബ്ദത്തിന് കനമുള്ള വേദനകൂടി കൂട്ടുവന്നു എന്ന് തോന്നിയപ്പോൾ അയാൾ സ്നേഹത്തോടെ നെഞ്ചിൽ ഒതുക്കിക്കിടത്തി. അല്പനേരം, നിശ്ചലരായി രണ്ടുപേരും ഭൂമിമറന്ന്, ആകാശം മറന്ന് കിടന്നു.
അയാൾ കരഞ്ഞു.
പിന്നെ കരച്ചിൽ നിർത്തി.
അപർണ ഒന്നും മിണ്ടിയില്ല.
കുളപ്പടവിന്‍റെ മതിലിൽ ചാരിയിരുന്ന് രവിചന്ദ്രന്‍ അപര്‍ണയെ മടിയിൽ ഇരുത്തി.
ആഴങ്ങളിൽ നിന്നൊരു മിന്നാമിനുങ്ങ് തലക്ക് വട്ടമിട്ടുപറന്ന്, രവിചന്ദ്രന്‍റെ ഇടതുതോളിൽ വന്നിരുന്നു.
“ഈ കുളത്തില്‍ നിറയെ എന്‍റെ കൊഴിഞ്ഞകാലമായിരിക്കും. അവയില്‍ നിറയെ വിഷാദമാണ്. വറ്റിയ കുളങ്ങള്‍ എന്നെപ്പോലെ പഴക്കമേറിയ വിഷാദംതിന്നു വിണ്ടുപോയതാണ്. ഈ കുളവും നാളെ എന്നെപ്പോലെ വറ്റും”
അപർണ എണീറ്റു.
“മതി, സമയമായി നിങ്ങൾ പോയ്ക്കോളൂ”
“ഉം”
“അവിടെ എത്തിയ ഉടനെ എന്നെ വിളിക്കണം”
“ഉം”
“ഒന്നുകൊണ്ടും സങ്കടം വേണ്ട. നിങ്ങൾ തിരികെ വരുന്നതുവരെയും എനിക്കൊന്നും സംഭവിക്കില്ല. ധൈര്യമായി പോയിട്ട് വരൂ”
കാലുകൾ തള്ളവിരലിൽ ഉയർത്തിനിന്ന്, അവൾ അയാളുടെ ചുണ്ടിൽ ചുംബിച്ചു.
“പോയി വരൂ, ആരേലും ഇങ്ങോട്ട് തേടി വരുന്നതിന്മുൻപ് ഞാൻ തിരിച്ചുചെല്ലട്ടേ”
അയാൾ മറുപടി ഒന്നും പറഞ്ഞില്ല.
ആകെ നനഞ്ഞ് കുതിർന്നുപോയ അവൾ. ഈ സമയത്തും തനിക്ക് വേണ്ടി പുറത്തുവന്നവൾ. ഈ ജന്മം മുഴുവൻ തനിക്ക് വേണ്ടി കാത്തിരിക്കാമെന്നേറ്റവൾ. എന്താണ് ഇവൾക്ക് പകരമെനിക്കീ ഭൂമിയിൽ?
“മാഷൂട്ടി…”
“എന്തേ?”
തന്‍റെ ചേട്ടനോട് പറ “ഞാനാ കേസൊക്കെ പിൻവലിക്കാമെന്ന്”
മഴയിൽ കുതിർന്ന്, കൊച്ചു കുഞ്ഞിനെപ്പോലെ, രണ്ടുകയ്യിലും പാവാട വിടർത്തിപ്പിടിച്ച് നിൽക്കുന്ന അവൾ, ചെറുചിരിയോടെ തലയാട്ടിക്കൊണ്ടിരുന്നു.
“പൊയ്ക്കോ”
അവൾ കുളപ്പടികൾ കടന്ന്, വരമ്പിലൂടെ അവളുടെ വീട്ടുവളപ്പിലേക്ക് കയറുന്നത് വരെ, അവൾക്കായി അയാൾ കണ്ണുകൾകൊണ്ട് കാവൽ നിന്നു.
തോളിൽ കറുത്തൊരടയാളം ബാക്കിവെച്ച്, മിന്നിമിനുങ്ങ് രവിചന്ദ്രനിൽനിന്ന് അകന്നുപോയി.
നാല്
മൊബൈലിന്‍റെ ടോർച്ചിൽ കാലടികൾക്ക് മാത്രം വേണ്ട വെളിച്ചം തേടി രവിചന്ദ്രൻ നടന്നു. നനഞ്ഞൊട്ടിയ മുണ്ടിൽന്നും വെള്ളം ചെരുപ്പിനെ നനച്ചുകൊണ്ടേയിരുന്നു. അത് ചീവീടുകൾക്കൊപ്പം കരഞ്ഞുകൊണ്ട് അയാളോടൊപ്പം ചലിക്കാൻ മടിച്ചുകൊണ്ടിരുന്നു. കോളേജിലെ കുട്ടികളുടെ ബഹളം ഇവിടെയും ഉയർന്നു വരുന്നതായി അയാൾക്ക് തോന്നി. ചീവീടുകൾ കുട്ടികളെപ്പോലെ, അർത്ഥമില്ലാതെ, കരഞ്ഞുകൊണ്ടിരിക്കുന്നു. അനാഥരെപ്പോലെ.
സമയം പത്തുമണിയാവാറായി. ഇനി അഞ്ചു മിനിറ്റ് ജയേഷിന്‍റെ വീട്ടിലേക്ക്.
ദൂരെ ഒരു ബൈക്ക് ശബ്ധിക്കുന്നപോലെ. ഇപ്പോൾ കേൾക്കാനില്ലല്ലോ? മഴവീണ്ടും പെരുക്കാൻ തുടങ്ങുന്നു. ചെളി, അവ ചെരുപ്പിലേക്ക്കൂടി കടന്നു. ചെരുപ്പുകൾ കാലിൽനിന്നും വഴുതിയകലുന്നു.
ദൂരെ പ്രകാശം കാണുന്നു. ജയേഷിന്‍റെ ബൈക്കാവുമോ? അത് അകലേക്കെന്നോ അടുത്തേക്കെന്നോ വേർതിരിച്ചറിയാനാവുന്നില്ലല്ലോ.
ചെളിയുടെ മണം എറിവരുന്നു. ഉടുത്ത മുണ്ടിലൊക്കെ ചെളിയുടെ പാടുകൾ. എന്തൊരു ദുർഗന്ധമാണതിന്.
കാലുകൾ വഴുതുന്നുവല്ലോ?
അയ്യോ! എന്‍റെ ചെരുപ്പ്. എന്‍റെ ഒരു കാലിലെ ചെരുപ്പെവിടെ?

കടവിന്‍റെ പടികളിൽ വരെ ഇപ്പോൾ വെള്ളമാണ്. ഒറ്റപ്പെട്ട ചെരുപ്പുകളിലൊന്ന് ചെളിപുരണ്ട് വെള്ളത്തിൽ പാറിയൊഴുകുന്നു.
ആകാശഗംഗപോലെ മിന്നാമിനുങ്ങുകൾ രവിചന്ദ്രനെത്തേടിയെത്തി.
അവക്കെന്ത് സുഗന്ധമാണ്. രവിചന്ദ്രന്‍റെ കണ്ണിൽനിന്നും, ചെവിയിൽന്നും, മൂക്കിൽന്നും മിന്നാമിനുങ്ങുകൾ ഇറങ്ങിവന്നു. അവക്ക് രക്തത്തിന്‍റെ ഗന്ധമായിരുന്നു. അത് സുഗന്ധമുള്ള, തിളങ്ങുന്നവയ്ക്കൊപ്പം ചേർക്കപ്പെട്ടു. അവ പടർന്നു തുടങ്ങി. ഒന്നിൽനിന്നും രണ്ടിലേക്ക് രണ്ടിൽ നിന്നും നാലിലേക്ക്. തൊട്ടവ തൊട്ടവ ഇരുണ്ടുവന്നു. ഇരുണ്ട അവയുടെ ഗന്ധം മാറിവന്നു. വെളിച്ചം ഇരുട്ടിലേക്ക് മാറി. ആ ഇരുട്ടിന്‌ രക്തത്തിന്‍റെ രാത്രിവർണമായിരുന്നു.

കറുത്തുമെലിഞ്ഞ്, ഭീരുവായ ഒരദ്ധ്യാപകൻ ക്ലാസ്സിലേക്ക് കയറിവരുന്നു. അയാളുടെ ചെരുപ്പിന്‍റെ ശബ്ദം, ക്ലാസ്സിനടുത്തെത്തിയിട്ടും, കുട്ടികളുടെ ബഹളത്തെ അതിന് ഭേദിക്കാനായില്ല. അയാൾ അടുത്തുവരുംതോറും, ഉണങ്ങിവീണിട്ടും ഒതുക്കമില്ലാത്ത തേക്കിലക്കൂട്ടംപോലെ, കുട്ടികൾ തലങ്ങും വിലങ്ങും ശബ്ദം പാറിപറത്തിക്കൊണ്ടിരുന്നു.വെളുത്ത പ്രതലത്തിൽ അയാൾ കറുത്ത ചോക്ക് കൊണ്ട് എഴുതി.ആദ്യവാക്കിൽ തന്നെ അയാൾക്ക് പാളി.
“മാഷേ തെറ്റി” പുറകിലിരുന്ന ഒരു കുട്ടി പരിഹാസത്തോടെ വിളിച്ചു കൂവി. വേഗമയാൾ ഡസ്റ്റർ തിരഞ്ഞു._ “ഡസ്റ്ററെവിടെ?”
“ഡസ്റ്ററെവിടെ” അതേ ചോദ്യം ആവർത്തിച്ച്, കൂട്ടത്തോടെ അവർ ചിരിച്ചു.
വിയർത്തുവിളറി, അയാൾ ശരീരം അടിമുടി തപ്പി. ഇടുപ്പിൽ തുരുകിയ തൂവാലയെടുത്ത് അയാൾ തെറ്റ് മായ്ക്കാൻ തുടങ്ങി.
“മാഷേ ബോർഡിലാകെ ചോര” മുന്നിലിരുന്ന പെൺകുട്ടി നിലവിളിച്ചു.
“അയ്യേ ചോര” ക്ലാസ് ഒന്നടങ്കം ചിരിച്ചുകൂവി.
“അയ്യേ ചോര, അയ്യേ ചോര, അയ്യേ ചോര” ബെഞ്ചിൽ കൈകൾ അടിച്ചടിച്ച് അവർ ആവർത്തിച്ചുകൊണ്ടിരുന്നു. ആവർത്തനത്തിനൊപ്പം വേഗവും ശബ്ദവും മുറുകിവന്നു. അസഹ്യമായ ശബ്ദം. അയാൾ പുറത്തേക്ക് ഓടിയൊളിക്കാൻ ശ്രമിച്ചു. വാതിലുകൾ പുറത്തുനിന്ന് ആരോ അടച്ചിരിക്കുന്നു. കുട്ടികൾ ഇരുന്നിടത്തുനിന്ന് ഉയരാൻ തുടങ്ങുന്നു. ഭയന്നയാൾ ഒളിക്കാൻ ഒരിടംതേടി. കുട്ടികൾ ബെഞ്ചിൽനിന്നും ഉയർന്നുകൊണ്ടിരിക്കുന്നു.
അയാൾ ഓടി മേശക്കടിയൽ കുനിഞ്ഞിരുന്നു.
“അയ്യേ ചോര, അയ്യേ ചോര, അയ്യേ ചോര”
അയാൾ ചെവിയടച്ചുപിടിച്ചു.
ശബ്ദം മുറിയുടെ ചുമരുകളിൽ തട്ടിത്തെറിക്കുന്നു. ഒരു മുറിയിൽ ഒതുങ്ങാനാവാതെ അവ വീർപ്പുമുട്ടി. അതിന്റെ‍ പ്രകമ്പനത്തിൽ ബെഞ്ചുകളും ഡെസ്‌ക്കുകളും ചിതറിനീങ്ങി. മേശക്കാലുകളിൽ ഇറുക്കിപ്പിടിച്ച് അയാൾ കുട്ടികളെ തിരഞ്ഞുനോക്കി.
മുകളിലെ ചുമർ തുളച്ച്താണ്ടി അവരുടെ തല മറഞ്ഞിരിക്കുന്നു. അയാൾ കണ്ണുകൾ പൊത്തി. ക്രമേണ ശബ്ദം കുറഞ്ഞില്ലാതെയായി. _കാറ്റ് ഒതുങ്ങി.
മേശക്കടിയിൽനിന്ന് അയാൾ പുറത്തുവന്നു._
കാലുകൾ.
കാലുകൾ മാത്രം.
ഉടൽ നഷ്ടപ്പെട്ട കാലുകൾ മാത്രം.
ഒറ്റ ചെരുപ്പണിഞ്ഞ ഒരുനൂറുകാലുകൾ മാത്രം.
അയാളുടെ നെറുകയിലേക്ക് ഒറ്റചെരുപ്പുകളിൽ നിന്നും ആദ്യതുള്ളി രക്തം അരിച്ചിറങ്ങി.
പിന്നെ ഷർട്ട്, മുണ്ട്, അവ നനഞ്ഞൊഴുകി.
ഒടുക്കം അയാളുടെ ചെരുപ്പിലേക്ക്. അതിൽനിന്ന് ഒഴുകിയവ മുറിനിറയെ പരന്നു.
വാതിലുകൾ, ജനാലകൾ, തുറക്കപ്പെട്ടു.
വെളിച്ചം കടന്നുവന്നപ്പോൾ രക്തം അതിന്‍റെ വർണത്തിൽനിന്ന് പുറത്ത് വന്നു. കറുപ്പ്.
കൈവിരൽ കൊണ്ട് അയാൾ അതിൽ തെറ്റാതെ ഒരു വാക്ക് കുറിക്കാൻ ശ്രമിച്ചു.
അയാളിൽ ഒളിഞ്ഞിരുന്ന മിന്നാമിനുങ്ങുകളിലൊന്ന് പറന്നുവന്ന് അയാളുടെ വാക്കിന്‍റെ കറുത്ത നനവിൽ തൊട്ട് ജനാലയിലൂടെ പുറത്തേക്ക് പറന്നു.

അപർണ അവളുടെ വലിയ കണ്ണുകൾ, പെട്ടെന്ന് തുറന്ന് സമയം നോക്കി. പത്തര.

അഞ്ച്
“നാട്ടുകാർക്കൊന്നും പരാതി ഇല്ല. പിന്നെ ഒരുത്തൻ മാത്രേ പരാതിയുമായി വന്നിട്ടൊള്ളൂ.
അവൻ ഇപ്പ ഇവിടെ ഇല്ലാലേ? ഞാനവന്‍റെ വീട്ടിൽ അന്വേഷിച്ചിരുന്നു.”
“ഇല്ല സർ. അവൻ ഇവിടെ ഇല്ല” സ്റ്റേഷൻ സബ് -ഇൻസ്‌പെക്ടർ വിജയ് നമ്പ്യാരുടെ ചോദ്യത്തിന് മഹേഷ് വളരെ ഭവ്യതയോടെ മറുപടി പറഞ്ഞു.
“അമ്മാവൻ വിളിച്ചു പറഞ്ഞില്ലേ സർ”
“ഉവ്വ് ഉവ്വ്. അമ്മാവൻ അല്ല, സി. ഐ. ആണ് എന്‍റെടത്ത് പറഞ്ഞേ. അതാ ഞാൻ തന്നെ നേരിട്ട് വന്നേ.
ഇതെപ്പെഴാ മൂടിയേ”
“ഇന്നാണ് സർ”
“മണ്ണൊക്കെ?”
“ചുറ്റിലും ഉള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്തു. പിന്നെ നാട്ടുകാരുടെ പറമ്പിലെ എല്ലാ വേസ്റ്റും ഇവിടെ രാവിലെ കൊണ്ടിടാൻ പറഞ്ഞിരുന്നു. അതൊക്കെകൂടി ആയപ്പോൾ ഒരുവിധം തികഞ്ഞു സർ”
“അതെന്തായാലും നന്നായി. നാട്ടുകാരുടെ വേസ്റ്റും തീർന്നു. നിങ്ങടെ കുളവും തൂർന്നു.”
മോണകാട്ടി വിജയ് നമ്പ്യാർ നിർമ്മലമായി ചിരിച്ചു. കൂടെ മഹേഷും.
“അവൻ പ്രശ്നക്കാരൻ ആണോടേ?”
“ഏയ് അല്ല സർ.”
“തനിക്കെതിരെ ഇതിന്മുന്നും കേസുകൾ കൊടുത്തിട്ടുണ്ട് എന്നാണല്ലോ അറിവ്. അതിൽ രണ്ടും ക്രിമിനൽ കേസ്. അവസാനം എനിക്ക് പ്രശ്നം ആകുമോ?”
“അമ്മാവൻ എല്ലാം പറഞ്ഞില്ലേ സർ.”
“ആ. ഉവ്വ് ഉവ്വ്. പറഞ്ഞു. എന്നാലും കാര്യങ്ങൾ കൂടുതൽ വഷളാവാതെ നോക്കണം”
“ഉവ്വ് സർ”
“ഇതാരാ?”
“ആര് സർ?”
“ഇത്, ഈ ഫോൺ ചെയ്തു കൊണ്ടിരിക്കുന്നത് കുറേ നേരമായല്ലോ, എന്തോ തിരയുന്നപോലെ. സുഖമില്ലേ”
“പെങ്ങളാണ് സർ”
“ഓക്കെ ഓക്കെ,
ഇവിടെവിടെയോ ഒരു ഫോൺ റിങ്ചെയ്യുന്നപോലെ?
ഒരു വൈബ്രേഷൻ.
കുറച്ചുനേരമായി”

LEAVE A REPLY

Please enter your comment!
Please enter your name here