HomeTHE ARTERIASEQUEL 09മരണാനന്തരം

മരണാനന്തരം

Published on

spot_imgspot_img

വായന

വിജേഷ് എടക്കുന്നി

മരണാനന്തരം കവിതകൊണ്ടൊരാൾ ഉയിർത്തെഴുന്നെൽക്കുന്നു. കാറ്റിലുലഞ്ഞാടുന്നൊരപ്പൂപ്പൻ താടി പോലെ ദിശയറിയാതെ ഊരു ചുറ്റുന്നു. പണ്ടെപ്പോഴോ കുറിച്ചു വെച്ച കവിതകൾ ആത്മാവിൽ അയാൾക്ക് അന്നവും അഭയവുമാകുന്നു. ആത്മഹത്യ കൊണ്ടയാൾ തന്റെ ജീവിതത്തെ അന്വർത്ഥമാക്കുന്നു. കാലങ്ങളിലൂടൂർന്ന് ആ വാക്കുകൾ തെളിച്ചമുള്ള കവിതകളാവുന്നു.
നിഷാർ കെ. കോടത്തൂരിനെ ഓർക്കുന്നു. വ്യക്തിപരമായി സൗഹൃദമില്ലായിരുന്നു. പക്ഷേ, സഹയാത്രികനും എഴുത്തുകാരനുമായ ശ്രീശോഭ് പലപ്പോഴായി നിഷാറിനെ കുറിച്ച് പറയുന്നത് കേട്ടിരുന്നിട്ടുണ്ട്. എന്തിനാണ് നിഷാർ ആത്മഹത്യ ചെയ്തതെന്ന് കൂട്ടുനടന്നവർക്കിന്നും വിഷാദഭരിതമായ ചോദ്യമാണ്. ഒപ്പമില്ലാത്തൊരാളെ പുതിയ കാലത്തിനു മുന്നിൽ പരിചയപ്പെടുത്താൻ ശ്രമിക്കുകയാണ് നിഷാറിന്റെ ചങ്ങാതിമാർ. മരണത്തിനു തൊട്ടു മുൻപുള്ള ഒരാളുടെ വാക്കും വരിയും കാലങ്ങളിലൂടെ കനം വെച്ചിരിക്കുന്നുവെന്ന് അവർ വിശ്വസിക്കുക തന്നെ ചെയ്യുന്നു. അവരാക്കവിതകൾ ഒരുക്കൂട്ടി അച്ചടിച്ച് വാനോളമുയർത്തി കവിയെ കാണിക്കുന്നു. നീയെന്ന വേദനയെ ഇങ്ങനെ പുനരാവാഹിക്കുന്നു എന്ന് വിളംബരം ചെയ്യുന്നു. അവിടെ മറവിയിൽ നിന്നൊരാൾ തന്റെ കവിതകളാൽ വെളിച്ചപ്പെടുന്നു. ആത്മഹത്യയ്ക്കു തൊട്ടു മുൻപുള്ള നിമിഷം ഇവനും ജീവിതത്തെ ഉരക്കല്ലിൽ പുൽകിപ്പുണർന്നിട്ടുണ്ടാവില്ലേ? മരണത്തിനുമുകളിൽ കവിത കൊണ്ടൊരാൾ ഉയർത്തിക്കെട്ടിയ കറുത്ത കൊടിയാണീ കവിതകൾ.

‘നിളേ
നീയിഴയുന്നശാന്തമായ്
കാറ്റിൻ വരൾച്ചയിൽ
വിങ്ങും മനസ്സുമായ്

നീ പണ്ട്
തെളിനീർക്കുടം നെഞ്ചി
ലേറ്റിയൊരു യുവതി
മാമാങ്ക സ്മൃതികളിൽ
നിറവാർന്ന സുകൃതം’

“നിളയെക്കുറിച്ചു തന്നെ” എന്ന കവിതയിൽ നിഷാർ, നിറഞ്ഞൊഴുകി പരന്നിരുന്ന പുഴയുടെ പൂർവകാലത്തെ ഓർത്തെടുക്കുന്നു. ഭാരതപ്പുഴ വെറും ഭാരതപ്പൂഴിയായെന്ന് കവി സങ്കടം പറയുന്നു. പ്രത്യാശയുടെയോ, വീണ്ടെടുപ്പിന്റെയോ പക്ഷത്ത് ഹൃദയം ചേർത്തുവെച്ച കവിയല്ല നിഷാർ. ഓരോ വാക്കിലും ഇരുട്ട് തളംകെട്ടിക്കിടക്കുന്നു.

അടുക്കളയിൽ ആട്ടിൻ തല പോലെ വേവുന്ന അമ്മയേയും ലേഡീസ് ഹോസ്റ്റലിൽ ആത്മഹത്യയോട് മല്ലടിക്കുന്ന കൂട്ടുകാരിയേയും അതേ ഇരുട്ടു കൊണ്ട് കവി വരച്ചു വെയ്ക്കുന്നു.

‘ജനിച്ചപ്പോൾ എന്റെ കണ്ണിലൊരു കരടുണ്ടായിരുന്നു
എന്റെ വളർച്ചക്കൊപ്പം
കരടും വളർന്നു
ഒടുക്കം
കരടെനിക്കസഹ്യമായപ്പോൾ
ഞാനെന്റെ
കണ്ണ് കുത്തി പൊട്ടിച്ചു’
( കരട് )

പരാതിയോ പരിഭവങ്ങളോ ഇല്ലാതെ അകമേ എല്ലാ യാതനകളും ഏറ്റുവാങ്ങാൻ സന്നദ്ധനായൊരാളെ നിഷാറിന്റെ കവിതയിൽ ഉടനീളം കണ്ടെടുക്കാം. വെളിച്ചത്തിനപ്പുറമുള്ള ഇരുട്ടിലും ജീവിതം സാധ്യമാണെന്ന് കവി വിശ്വസിക്കുന്നു. ജീവിതാധികാരത്തിന്റെയും ഉടലധികാരത്തിന്റെയും നശ്വരതയെ ഈ കവിത നമുക്കഭിമുഖം നിർത്തുന്നു.

ആൾക്കുട്ടങ്ങളിൽ നിന്നുള്ള ഇറങ്ങി പോരലാണ് നിഷാറിന് കവിത. ഏകാന്തതയിൽ അഭിരമിക്കലാണ് അതിന്റെ നിയോഗം. മനുഷ്യനിലൂടെയുള്ള സംവാദാത്മകതയാണ് കവിതയുടെ അടിവേര്. അപ്രാപ്യമായ ഒന്നിനെ സ്വന്തമാക്കാൻ കവി ഉറക്കമിളയ്ക്കുന്നില്ല.

“വീട് വിടാനുള്ളതാണ്
വിടെന്ന തടവറയെ ഭേദിച്ച് ”

‘ഖബറുകൾ’ എന്ന ഈ കവിതയിൽ കുറഞ്ഞ വാക്കുകൾ കൊണ്ട് കവി തന്റെ ആത്മനിന്ദയും ആത്മരോഷവും പ്രകടിപ്പിക്കുന്നുണ്ട്. തലവഴി പുതപ്പ് മൂടിപ്പുതച്ച്, അലസനായ ഒരാളുടെ മരിപ്പ് പ്രഖ്യാപിക്കുന്നുണ്ട്. മരണത്തിനഭിമുഖം നിൽക്കുന്നൊരാളിലൂടെ വികസിക്കുന്നതാണ് നിഷാറിന്റെ കവിതകൾ എന്ന് പറയാതെ വയ്യ.

‘ചില്ലറക്കുടുക്ക തല്ലിപ്പൊട്ടിച്ച്
ഞാനവൾക്ക് മണ്ണെണ്ണ വാങ്ങിച്ചു കൊടുത്തു
ചിമ്മിനി വെട്ടത്തിൽ പട്ടിണി
മറന്നിരിക്കുന്ന ഭാര്യയെ പ്രതീക്ഷിച്ച്
വീട്ടിലെത്തിയ എന്നെ എതിരേറ്റത്
അവളുടെ മരണ നൃത്തമായിരുന്നു’
(മണ്ണെണ്ണ )

ഒട്ടും ശാന്തമായൊഴുകി പരക്കാൻ ആഗ്രഹിക്കാതിരുന്നതുകൊണ്ടാവാം നിഷാറിന്റെ കാഴ്ചകളിൽ കാർമേഘങ്ങൾ മാത്രം കൂടുകൂട്ടുന്നത്. മണ്ണെണ്ണ മണമുള്ള മരണങ്ങളെ വാക്കിലാവാഹിക്കുന്നത്. വിജയോന്മാദിയായൊരാളെ നിഷാറിന്റെ കവിതയിൽ കണ്ടെത്തുക അസാധ്യമാണ്. ആ അർത്ഥത്തിൽ ഈ കവിതകൾ തോറ്റവന്റെ സുവിശേഷമാണ്.
ആർദ്രതയും അതിജീവന സാധ്യതകൾ തേടിയുള്ള അലച്ചിലുമായിരുന്നേക്കാം കവിക്ക് ജീവിതം.

മുറുക്കമുള്ള ഭാഷകൊണ്ടും സുഘടിതമായ രൂപ ശില്പം കൊണ്ടും അപൂർവതയുള്ള ആശയങ്ങൾ കൊണ്ടും മൗലികത പുലർത്തുന്നതാണ് നിഷാറിന്റെ കവിത. കണ്ണീർഖനിയിൽ വിളഞ്ഞ കനൽ മുത്തുകൾ. ഹൃദയത്തോട് കാതു ചേർത്തുവച്ചാൽ മാത്രം കേൾക്കാവുന്ന ചെറിയ ഒച്ചകളും ധ്വനികളുമുള്ള ബിംബാവലികൾ കൊണ്ട് ആഴവും ആർദ്രവും സ്വച്ഛതയും നീലാകാശം പോലെ നിർമലമായ ദേശമൊഴിയഴകും നിറഞ്ഞ ഈ കവിതകൾ ഒരാൾ മരണത്തെ അടയാളപ്പെടുത്തിയതിന്റെ നേർചിത്രം കൂടിയാണ്.

കവി നിഷാർ കെ. കോടത്തൂർ 17 വർഷങ്ങൾക്കു മുൻപേ ആത്മഹത്യ ചെയ്ത യുവാവാണ്. നാലു മാസം മുൻപേയാണ് അയാൾ എഴുതിയ കവിതകൾ സുഹൃത്തുക്കൾ പുസ്തകമാക്കുന്നത്.

വിജേഷ് എടക്കുന്നി
തൃശൂർ ജില്ലയിൽ ഒല്ലൂരിനടുത്ത് എടക്കുന്നിയിൽ ജനനം. ഒല്ലൂർ സെന്റ് മേരീസ് എൽ.പി.സ്കൂൾ, തലോർ സെന്റ് തേരാസിറ്റാസ് യു.പി.സ്കൂൾ, ദീപ്തി ഹൈ സ്കൂൾ, തൃശൂർ സെന്റ് തോമസ് കോളേജ്, മലയാള പഠന ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിൽ പഠനം.ആനുകാലികങ്ങളിൽ കവിതയും ലേഖനവും എഴുതാറുണ്ട്. കവിതക്ക് കേരള കലാമണ്ഡലത്തിന്റെ വള്ളത്തോൾ കവിതാ പുരസ്കാരം ലഭിച്ചു. സമാന്തര പ്രസിദ്ധീകരണങ്ങളിൽ ശ്രദ്ധേയമായിരുന്ന അയനം മാസികയുടെ പത്രാധിപർ.അയനം സാംസ്കാരിക വേദി ചെയർമാൻ. കവി എ.അയ്യപ്പനെ കുറിച്ച് ‘പൂവിലൂടെ തിരിച്ചു പോയവൻ’ (ഹരിതം ബുക്സ് കോഴിക്കോട്)എന്ന പേരിൽ പുസ്തകം എഡിറ്റ് ചെയ്തിട്ടിണ്ട്.
ഭാര്യ: ഭുവന
മകൾ: മേധ

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...

പ്രൊഫ: എരുമേലി പരമേശ്വരന്‍ പിള്ള കഥ-കവിത പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കേരള ബുക്ക്‌സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സപ്ലൈയേഴ്‌സ് രണ്ടാമത് പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥ, കവിതപുരസ്‌കാരം 2023ന് കൃതികള്‍...

More like this

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...