കഥ
ലീന ആർ.ജെ
എഴുതിയതും എഴുതാനിരുന്നതുമായ എന്തൊക്കെയോ ബാക്ക് സ്പേസ് എന്ന മാന്ത്രികവടി കൊണ്ട് നിമിഷനേരത്തിൽ മായ്ച്ചുകളഞ്ഞിട്ട് റിതു ഫോണിന്റെ കഴുത്ത് മെല്ലെയൊന്ന് ഞെരിച്ചപ്പോൾ അതിൽ മൂന്ന് സാധ്യതകൾ കണ്ടു.
നിർത്തുക, വീണ്ടും തുടങ്ങുക, അത്യാവശ്യഘട്ടം. ഒന്നാമത് കണ്ട ‘നിർത്തുക’യിൽ വിരലമർത്തി ഫോൺ ബാഗിനുള്ളിലെറിഞ്ഞ് മുന്നിലെ പരന്നൊഴുകുന്ന പുഴയിലേക്ക് നോക്കിയിരിക്കുമ്പോൾ അവിടമാകെ തിങ്ങിനിന്നൊരു പച്ച ശ്വാസവായു അവളിലെ ദീർഘനിശ്വാസത്തിനായി കാത്തുനിന്നു. പണ്ടെങ്ങോ സൺഡേ സ്കൂൾ ക്ലാസ്സിൽ ടീച്ചർ കാണിച്ച ചിത്രത്തിലെ പിതാവായ ദൈവത്തിന്റെ മുഖമാണ് ആ സ്ഥലത്തിനെന്ന് റിതുവിന് തോന്നി. പുള്ളിക്കാരന്റെ കാടുപിടിച്ചു കിടക്കുന്ന വെള്ളത്തലമുടിക്കും താടിക്കും പച്ച സ്കെച്ച് പേന കൊണ്ട് നിറം കൊടുത്താലെന്ന പോലെ. വെളിച്ചെണ്ണയിൽ മൊരിയുന്ന പുഴമീനിന്റെ മണം കൊത്തിയെടുത്ത് കാറ്റ് വട്ടമിട്ടു പറന്നപ്പോൾ വിശപ്പോർമ്മ വന്ന് കാറ്റിനു പിന്നാലെ കാൽ വച്ചു. പുഴ മീനും കപ്പയും കിട്ടുന്ന നിരവധി ചെറുകടകൾ അവിടുത്തെ കുടിലുകൾ പോലുള്ള വീടുകളോട് ചേർന്നുണ്ട്. കഴിഞ്ഞകൊല്ലം അപ്പക്കും അമ്മയ്ക്കും ഒപ്പം വന്നപ്പോൾ കയറിയ കട നോക്കി നടക്കുമ്പോഴാണ് ‘സന്തോഷ് ക്ലോസ് തട്ടുകട’ കണ്ണിൽ പെട്ടത്. പേരിൽ തോന്നിയ കൗതുകം മാത്രമല്ല, വക്ക് പൊട്ടിപ്പോയ മൺകലങ്ങളിൽ ചെടികൾ വച്ച് പരിസരമാകെ മനോഹരമാക്കിയിരുന്നതും ബോർഡിനടുത്തായി ഒരു ടയർ തൂക്കിയിട്ടിരുന്നതിൽ നിന്നും വെള്ളച്ചാട്ടം പോലെ ഏതോ വള്ളിച്ചെടി ഞാന്ന് കിടന്നതും കണ്ണിൽ പച്ചയിട്ടു. ഒരു ടാർപോളിൻ ഷീറ്റ് വലിച്ചു കെട്ടി രണ്ട് ഡസ്കും ബഞ്ചുമിട്ട് ക്രമീകരിച്ചിരുന്ന ആ തട്ടിക്കൂട്ട് കട ഉണ്ണിപ്പെമ്പിളയുടെയും മകൻ ചന്തുവിന്റെയുമായിരുന്നു. ഉണ്ണിപ്പെമ്പിളയുടെ കഴുത്തിനും വലതു തോളിനുമിടക്കായി ഉണ്ണിയപ്പത്തിന്റെ മൂത്ത കുഞ്ഞിനോളം പോന്ന ഒരുണ്ണി ഞെളിഞ്ഞു നിന്നിരുന്നതും എട്ട് വർഷം മുൻപ് മാത്രം അന്നാട്ടുകാരിയല്ലാത്ത അവർ അവിടെ കച്ചോടം തുടങ്ങുന്നതും
‘ നിർമല’ എന്ന ശരിക്കുള്ള പേരിന് ആ നാട്ടുകാരുടെ നാവിൽ ഇടം കിട്ടാതെ പോയതിന് കാരണമാകാം.
നല്ല തണുപ്പുള്ള വെള്ളത്തിൽ കൈയ്യും മുഖവും കഴുകി റിതു ബഞ്ചിലിരിക്കുമ്പോൾ ചന്തു ഒരു തുമ്പിലയിട്ട് ചൂട് ചെമ്പാവരി ചോറും മഞ്ഞളിട്ടിളക്കിയ കപ്പയും വിളമ്പി. തിളയ്ക്കുന്ന എണ്ണ ഇക്കിളിയിട്ട് പൊള്ളിച്ചെടുത്തൊരു മീനിനൊപ്പം ഉപ്പിലിട്ട മാങ്ങയും പയറുത്തോരനും വിളമ്പി ഉണ്ണിപ്പെമ്പിള മാറുമ്പോൾ മുളകിലും കുടംപുളിയിലും കിടന്നു മടുത്തൊരു പുഴമീൻതല കപ്പയെ ലക്ഷ്യമാക്കി കുതിക്കുന്നത് കണ്ട് ‘വെക്കല്ലേ ‘എന്ന് റിതു നിലവിളിച്ചു.
‘ഇവിടത്തെ സ്പെഷ്യലാ ചേച്ചി ‘ചന്തു പറഞ്ഞു.
‘എന്റെ തലേടെ അത്രേം ഉണ്ട് ‘റിതുവിന്റെ നീരസത്തോടെയുള്ള പിറുപിറുക്കൽ ഉണ്ണിപ്പെമ്പിളയിൽ വാത്സല്യം ഉണർത്തി. അവർ അകത്തുപോയി ചെറുതായി മുറിച്ചു കറിവെച്ച മീൻ ഒരു മൺപാത്രത്തിൽ അവൾക്ക് വിളമ്പിയിട്ട് ഉമിനീര് ചേർത്തലിയിച്ച് ഓരോ വിഭവങ്ങളും അവൾ ആസ്വദിക്കുന്നത് കണ്ണെടുക്കാതെ നോക്കി നിന്നു. കഴിച്ചെഴുന്നേൽക്കുമ്പോൾ അവിടെ ഉണ്ടായിരുന്ന ചെറുതിരക്കിന്റെ മറപറ്റി ഉണ്ണിപ്പെമ്പിള നൽകിയ പരിഗണനക്ക് ഒരു നോട്ടമോ ചിരിയോ അധികം കൊടുക്കാതെ കാശ് മാത്രം കൊടുത്ത് റിതുവിറങ്ങി.
വലത്തേക്ക് അൽപ്പം നടന്ന് ചെറിയൊരു കയറ്റം കയറിയാൽ പാലത്തിനടുത്തെത്താം. ഉച്ചച്ചൂട് വകവെക്കാതെ അവൾ അങ്ങോട്ടേക്ക് നടന്നു. പാലത്തിന്റെ കൈവരിയിൽ അൽപ്പനേരം ചാരി ഇരിക്കുമ്പോൾ പറന്ന് പറന്ന് ചിറകു തളർന്നൊരു കുഞ്ഞിക്കിളി ഇരിക്കാനൊരിടം കാണാനാകാതെ നിലതെറ്റി വീഴുന്നത് സ്വപ്നം കണ്ട് ഞെട്ടിയുണർന്നു. ചുറ്റും നോക്കി. പുഴയും മരങ്ങളും കിളികളും മനുഷ്യരും മയക്കത്തിലാണ്. പാലത്തിന്റെ കൈവരിയിലേക്ക് കയറി കാലുകൾ പുഴയുടെ ഭാഗത്തേക്കിട്ട് കണ്ണുകളടച്ചു ചാടാൻ ഒരുങ്ങവേ വലതുകൈയിൽ ആരോ പിടിച്ചു വലിച്ച് ഇപ്പുറത്തേക്കിട്ടു. കടയിലെ ചന്തു ആയിരുന്നു. ഉള്ളിലെ കിതപ്പും ഭയവും വാക്കുകളിൽ കലരാതെ അവൻ പറഞ്ഞു
‘ചേച്ചി.. ബാക്കി വാങ്ങാൻ മറന്നു. ‘
വലതു കൈയിലെ പിടി വിടാതെ തന്നെ റിതുവിന്റെ ഇടതു കൈയിലേക്ക് ചില നോട്ടുകൾ തിരുകി വച്ച് താഴെക്കിടന്ന ബാഗെടുത്ത് തോളിലിട്ട്, മൂക്കിൽ കയറിട്ട് വലിച്ചു കൊണ്ടു പോകുന്ന പശുവിനെ പോലെ കടയുടെ പുറകിലായുള്ള അവന്റെ വീട്ടിൽ എത്തിച്ചു. അവിടെക്കണ്ട തിണ്ണയിൽ കാലുകൾ കൂട്ടിപ്പിടിച്ച് തല ഉള്ളിലേക്ക് തിരുകി പുറം തോടിനുള്ളിലെ ചൂടിലേക്ക് ഒളിക്കുന്ന ആമയെപ്പോലെ റിതു ചുരുണ്ടിരുന്നു. അവളുടെ മുടിയിഴകളിലൂടെ ഉണ്ണിപ്പെമ്പിള വിരലോടിച്ചപ്പോൾ അവരുടെ മീനിന്റെ ഉളുമ്പുമണമുള്ള മടിയിലേക്ക് അവൾ അവളെ പകർന്നു. കെട്ടിക്കിടന്ന് ചീഞ്ഞ സങ്കടങ്ങൾ കുത്തിയൊലിച്ചു. റിതുവിനെ വീണ്ടും വീണ്ടും തലോടവേ ഉണ്ണിപ്പെമ്പിളയുടെ നെഞ്ചിലെ പഴയൊരു മുറിവിൽ നിന്നും ചോര കിനിഞ്ഞു.
ചന്തുവിനെക്കാളും മൂന്ന് വയസ് മൂത്ത ആൻസി രണ്ടുമൂന്നു വട്ടം പള്ളിയിലും സ്കൂളിലും നിന്ന നിൽപ്പിന് കുഴഞ്ഞുവീണെന്ന് കേട്ടതിന്റെ ആധിയിലായിരുന്നു നിർമലയും ഭർത്താവ് ജോണിയും.
‘നാളെ കൊച്ചിനെയും കൊണ്ട് ആസ്പത്രീ പോകുന്നോണ്ട് പണിക്ക് കാണത്തില്ല ചേട്ടാ.’ കുഞ്ഞാമൻ ചേട്ടനോട് അതും പറഞ്ഞ്
ജോണി മുറ്റത്തേക്ക് കയറുമ്പോഴായിരുന്നു പടിയിൽ മഴയും കണ്ട് അപ്പനെ കാത്തിരുന്ന ആൻസി ഒരു മുല്ലപ്പൂ പോലെ കൊഴിഞ്ഞു വീണത്. ആദ്യകുർബാനക്കിടാൻ കരുതി വച്ചിരുന്ന വെള്ളയുടുപ്പും അലങ്കാരങ്ങളൊക്കെയുമണിയിച്ച് കിടത്തിയിരിക്കുന്ന അവളെക്കണ്ട് നിർമല കരഞ്ഞില്ല. കണ്ണിൽ മണൽ വാരിയിട്ട പോലൊരു കിരുകിരുപ്പ്. കൈയ്യും കാലും നെഞ്ചുമൊന്നും തെല്ലിട അനങ്ങാത്തൊരു കല്ലിപ്പും. മോളുടെ മേത്തൂടെ ചാഞ്ഞു കിടന്നുള്ള ജോണിയുടെ കരച്ചിൽ കണ്ടു നിന്നവരുടെ കരള് പൊടിച്ചു . മഴയങ്ങനെ കലിച്ചു നിൽക്കുന്നതുകൊണ്ട് കുഴിയെടുക്കാൻ കുറെ പാടാണ് എന്ന് കുഴിവെട്ടുകാരൻ ആച്ചായി പറഞ്ഞതും മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്യാത്തതുകൊണ്ട് കല്ലറ കിട്ടുന്നത് ബുദ്ധിമുട്ടാകുമെന്ന് പള്ളീലച്ചനും പറഞ്ഞതും കേട്ട് ബന്ധുക്കളാകെ പിറുപിറുക്കുമ്പോഴാണ് വീടിന്റെ വലത്തൂടെ ചെളിയൊഴുകി വരുന്നത് കുഞ്ഞാമൻ ചേട്ടൻ കണ്ടത്. സംഗതി പന്തിയല്ലെന്ന് കണ്ട് കുറെ അപ്പുറത്തുള്ള തന്റെ വീട്ടിലേക്ക് എല്ലാവരും മാറണമെന്ന് പറഞ്ഞിട്ട് ആരും കേട്ട ഭാവം കാണിച്ചില്ല. ഒടുവിൽ പ്രസിഡന്റ് ദീനാമ്മ വന്ന് ഒന്ന് കനപ്പിച്ച് പറഞ്ഞപ്പോ ഓരോരുത്തരായി ഇറങ്ങി.
‘ആൻസി മോളെയും അങ്ങോട്ട് മാറ്റണം ‘
കുഞ്ഞാമൻ ചേട്ടൻ ദീനാമ്മയോട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. ദീനാമ്മ അതിന്റെ ആദ്യ പടിയെന്നോണം നിർമലയെയും താങ്ങിപ്പിടിച്ച് മുറ്റത്തേക്കിറങ്ങി. നിർമലയുടെ സാരിത്തുമ്പ് പിടിച്ചുകൊണ്ട് പത്തുവയസുകാരൻ ചന്തുവും ഉണ്ടായിരുന്നു. കുഞ്ഞാമൻ ചേട്ടന്റെ വീട്ടിലോട്ട് കയറിയതും പിന്നിൽ ഭയങ്കരമായൊരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ വീട് നിന്നിരുന്നയിടത്ത് ഒരു മൺകൂന മാത്രം. പണ്ട് സ്കൂൾ മുറ്റത്ത് ചരലും മണ്ണും വച്ച് അതിരുകളോടെ കളിവീടുകൾ ഉണ്ടാക്കി സ്കൂളിന്റെ പിന്നിൽ നിന്ന് ചെറിയ പൂക്കളുള്ള കാട്ടുചെടികൾ കൊണ്ടുവന്ന് അലങ്കരിക്കും. പെട്ടെന്ന് പെയ്യുന്നൊരു മഴയിൽ അവയൊന്നാകെ തകരുന്നത് കണ്ട് സ്കൂൾ വരാന്തയിൽ നിന്ന് മഴയെക്കാൾ ഉച്ചത്തിൽ കരയുന്നൊരു കുട്ടിയെ നോക്കുന്ന അതേ ലാഘവത്തോടെ തന്റെ വീട് നിന്നിരുന്ന ഇടത്തെ നിർമല നോക്കിയിരുന്നു. കൈയിലേക്ക് കുറെ മിഠായി തിരുകി വച്ചു തന്നിട്ട് കണ്ണെഴുതിയ കൂർമ്പൻ തൊപ്പിയുള്ള മാജിക്കുകാരൻ ഒരു കറുത്ത തുണിയിട്ട് കണ്ണടക്കാൻ പറഞ്ഞിട്ട് എണ്ണി. ഒന്ന്.. രണ്ട്.. മൂന്ന്.. കണ്ണ് തുറക്കുമ്പോൾ മിഠായിയില്ല. കുട്ടികൾ അത്ഭുതം കൊണ്ട് കൈയടിച്ചപ്പോൾ നിർമലക്ക് സങ്കടം വന്നു. മാജിക്കുകാരൻ കൈയിലേക്ക് വീണ്ടും കറുത്ത തുണിയിട്ടു. വടി നീട്ടിപ്പിടിച്ചെണ്ണി. ഒന്ന്… രണ്ട്… മൂന്ന്.. കൈ നിറയെ മിഠായി. കുഞ്ഞാമൻ ചേട്ടന്റെ വീടിന്റെ മുന്നിലിരുന്ന് നിർമല കണ്ണുകളടച്ചു. ഒന്ന്.. രണ്ട്.. മൂന്ന്..
അന്നു തന്നെ ആ ഭാഗത്തുണ്ടായിരുന്നവരെയെല്ലാം ക്യാമ്പിലേക്ക് മാറ്റി. ദിവസങ്ങളേറെ കഴിഞ്ഞിട്ടും ക്യാമ്പിലുള്ളവരെ ചുറ്റിനിന്ന മരവിച്ച നിശബ്ദത കുഞ്ഞുങ്ങളിലേക്കും പടരുന്നത് കണ്ടിട്ടാകണം ഒരു മാറ്റത്തിനായി ക്യാമ്പിന് നേതൃത്വം കൊടുത്തിരുന്ന ചെറുപ്പക്കാർ ക്രിസ്മസ് കാലമല്ലാതിരുന്നിട്ടും സാന്താക്ലോസും സംഗീത ഉപകരണങ്ങളുമായി എത്തിയത്. ആ ചുവന്നയുടുപ്പും പഞ്ഞിത്താടിയും വർണ്ണബലൂണുകളും ദൂരെ നിന്നേ ചന്തുവിന്റെ കണ്ണിൽപ്പെട്ടു. വാതിൽപ്പടിയിൽ ചാരിനിന്ന് വലത്തേക്ക് അൽപ്പം ചരിഞ്ഞ്, പിന്നിലായിരുന്ന നിർമലയെ നോക്കി ഉത്സാഹത്തോടെ ചന്തു പറഞ്ഞു.
‘അമ്മേ.. ദേ നോക്ക്… സന്തോഷ് ക്ലോസ് വരുന്ന്’
അവന്റെ കണ്ണുകളിലെ തിളക്കം.. പ്രതീക്ഷ..നിഷ്കളങ്കതയൊക്കെ ഒരു മിന്നൽ പോലെ നിർമലയിലേക്ക് പതിഞ്ഞു. അവൾ ഇടിവെട്ടി പെയ്തു. ക്യാമ്പിൽ നിന്നിറങ്ങിയാലുടനെ വിഷം കിട്ടാനിടയുള്ള സന്ദർഭങ്ങളെ തിരഞ്ഞുകൊണ്ടിരുന്ന നിർമലയുടെ മനസ് ചന്തുവിനെ തൊട്ടുള്ള സ്വപ്നങ്ങളിൽ അലയാൻ തുടങ്ങി.
ചെറിയൊരു മയക്കത്തിനു ശേഷം റിതു ഉണരുമ്പോൾ മുന്നിൽ ചായയും നെല്ലിക്കാ വലിപ്പത്തിൽ എന്തോ പലഹാരവുമായി ചന്തുവെത്തി.
‘ചേച്ചി.. കഴിച്ചിട്ട് പറ എങ്ങനുണ്ടെന്ന് ‘
മണ്ണിന്റെ നിറം. തൊടുമ്പോൾ ഒരു പിരുപിരിപ്പ്. വെളിച്ചെണ്ണയുടെയും ഏലക്കായുടെയും മണം. ഒന്ന് കടിച്ചപ്പോൾ പതുപതുപ്പ്. ശർക്കര മധുരം. ഗോതമ്പ് മാവിന്റെ രുചി. ബാക്കിയാകുന്ന തേങ്ങാത്തരികൾ.. റിതു ഒരെണ്ണം കൂടെയെടുത്തു. ചന്തു വിജയഭാവത്തിൽ കൈയുയർത്തി ചിരിച്ചുകൊണ്ട് ചാടിയെഴുന്നേറ്റു.
‘ഞാനെന്തൊണ്ടാക്കിയാലും ഈ അമ്മക്ക് ഇഷ്ടപ്പെടില്ല. അന്ന് കോളേജിൽ ഫുഡ് ഫെസ്റ്റിവലിന് ഈ സാധനം താരമായെന്ന് പറഞ്ഞിട്ട് ഈ നിമിഷം വരേം അമ്മ വിശ്വസിച്ചിട്ടില്ല.’
ചന്തുവിന്റെ അധികപ്രസംഗത്തിന് തുടർച്ചയെന്നോണം ഉണ്ണിപ്പെമ്പിള പറഞ്ഞു. ‘കേട്ടോ മോളേ.. പണ്ട് ഞങ്ങടെ വീട്ടിൽ ആദ്യായിട്ട് ചാമ്പയിൽ ഒന്ന് രണ്ട് മൊട്ടു വന്നു. ഈ ചെക്കൻ വന്ന് വലിയ സന്തോഷത്തോടെ പറയുമ്പം ഞാൻ ഏതാണ്ട് പണികളിലായിരുന്ന്. പോടാ കള്ളം പറയാതെ എന്നോ മറ്റോ പറഞ്ഞു കാണും. ഇവൻ നേരെ പോയി ആ മൊട്ടു പിച്ചിയെടുത്ത് എന്നെ കാണിച്ചിട്ട് പറയുവാ അമ്മക്കിപ്പ വിശ്വാസായോന്ന്’.
മൂവരും ഒരേ ചിരിയിൽ നനഞ്ഞു.
ഒന്ന് ചിരിക്കാൻ ശ്രമിച്ചിട്ടും കഴിയാതിരുന്ന ദിവസങ്ങൾ റിതു ഓർത്തെടുക്കുകയായിരുന്നു. അടുത്ത ഫ്ലാറ്റിലെ നാലുവയസുകാരി പാറുക്കുട്ടി മിക്കിപ്പൂച്ചയോടൊപ്പം ഇടക്കൊക്കെ റിതുവിന്റെ ഫ്ലാറ്റിലേക്ക് വരും. ബാൽക്കണിയിലുള്ള കുട്ടപോലുള്ള ഊഞ്ഞാലിൽ റിതുവിനെ പിടിച്ചിരുത്തിയിട്ട് പാറുക്കുട്ടി പറയും.
‘ദിതൂ കത പയയ് ‘
റിതു അവളെ നെഞ്ചോട് ചേർത്തിരുത്തി ഒന്നും മിണ്ടാതെ ആകാശം നോക്കിയിരിക്കും.
പാറു പിന്നെയും പറയും.
‘ദിതൂ എക്ക് ദേസം ബരും. മിക്കീ ദിതൂനെ പോടാ പട്ടീ പദ ‘
മിക്കി മ്യാവൂ എന്ന് വിളിക്കുന്നതിനൊപ്പം പാറുക്കുട്ടി പോടാ പട്ടീന്ന് റിതുവിനെ ആവുന്ന കനത്തിൽ വിളിക്കുന്നത് കാണുമ്പോ വാത്സല്യത്തോടെ റിതു കഥ തുടങ്ങും.
‘ഇന്നലെ ദിതു ഒറങ്ങുമ്പോ ഒരു മിന്നാമിന്നി വന്നു. പാറുക്കുട്ടി എവിടെന്ന് ചോദിച്ചു. പാറുക്കുട്ടീടെ വീട്ടിൽ ഒറങ്ങായിരിക്കും എന്ന് പറഞ്ഞപ്പോ മിന്നാമിന്നിക്ക് കരച്ചിൽ വന്നു.’
അതു പറഞ്ഞപ്പോഴേക്കും റിതുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. മിന്നാമിന്നി ചിരിക്കുമ്പോൾ ഒപ്പം ചിരിക്കാൻ കഴിഞ്ഞേക്കും എന്നുള്ള ധാരണയിൽ കഥയിലെ ചിരിഭാഗമെത്താൻ ധൃതിയോടെ റിതു തുടർന്നു.
‘മിന്നാമിന്നി കരയണ്ട. ഇവിടന്ന് നേരെ അപ്പുറത്താണ് പാറുക്കുട്ടീടെ വീട്. താക്കോൽ പഴുതിലൂടെയോ കതകിനടിയിലൂടെയോ നീ അവിടെ കയറണം. പാറുക്കുട്ടി നിറയെ പടം വരച്ചൊരു കതകുണ്ട്. അത് പകുതി ചാരിയിട്ടേ ഉണ്ടാകൂ. അതിനുള്ളിലേക്ക് കയറുമ്പോൾ നിന്നെ സ്വപ്നം കണ്ടുറങ്ങുന്ന ഞങ്ങളുടെ കാന്താരിക്കുട്ടിയെ കാണാം. അത് കേട്ട് മിന്നാമിന്നി പൊട്ടിച്ചിരിച്ചു. പാറുക്കുട്ടിയും ചിരിച്ചു. എന്നിട്ടും റിതുവിന് ചിരിക്കാൻ കഴിഞ്ഞില്ല.
അമ്മയും അപ്പയും മരിച്ചു പോയ അപകടത്തിൽ നിസാരപരിക്കുകളോടെ റിതു രക്ഷപ്പെട്ടിരുന്നു. പരിക്കുകൾ ഭേദപ്പെട്ടശേഷം ബന്ധുക്കളുടെ ഒപ്പമുള്ള താമസം മടുത്ത് അവൾ ഫ്ലാറ്റിലേക്ക് തിരികെപ്പോന്നു. സാധാരണ റിതു കോളേജിൽ നിന്നും വൈകുന്നേരം വരുമ്പോൾ പച്ചവെള്ളരി പോലെ ചുറുചുറുക്കുള്ള, എള്ളിൻപൂ പോലെ ചിരിക്കാനറിയുന്ന റിതുവിന്റെ അമ്മ നാലുമണി പലഹാരം എന്തെങ്കിലും ഉണ്ടാക്കുന്ന പണിയിലാകും. ഓപ്പൺ കിച്ചണിൽ മുടിയൊക്കെ ഉയർത്തികെട്ടിവച്ച് പാട്ടിന്റെ താളത്തിൽ നിൽക്കുന്ന അമ്മയെ അപ്പ ചെയ്യുന്ന പോലെ പുറകീന്ന് കെട്ടിപ്പിടിച്ചു നിൽക്കാൻ റിതു വളരെ ഇഷ്ടപ്പെട്ടിരുന്നു. ആ ഇളംചൂടിന്റെ അഭാവം അവളെ ഭയപ്പെടുത്തി. അവരുടെ ഓർമകളുണർത്തുന്നതെല്ലാം രാത്രി അതിന്റെ കറുത്ത മണ്ണിട്ട് മൂടുംവരെ അവൾ തിളയ്ക്കുന്ന അരിക്കലത്തിലെ അടപ്പ് പോലെ ഇളകിക്കൊണ്ടിരുന്നു. കറുത്ത ചെറു ജീവികൾ കൂട്ടത്തോടെ വല്ലാത്തൊരു ശബ്ദത്തോടെ റിതുവിന്റെ ചെവിക്കു ചുറ്റും പറന്നുതുടങ്ങുകയായിരുന്നു. ഉണരാൻ മറക്കണേയെന്ന് കൊതിച്ച് നീണ്ട ഉറക്കങ്ങളിൽ ഒളിക്കാൻ ശ്രമിച്ച ദിവസങ്ങൾ. അപ്പയും അമ്മയും മരിച്ച അതേ സ്ഥലം. അതേ ദിവസം ഒരു അവസാനത്തിനോ അവർക്കൊപ്പമുള്ള പുതിയ തുടക്കത്തിനോ ആയി അവൾ തെരെഞ്ഞെടുത്തു. ദിവസങ്ങൾ എണ്ണിയുള്ള ഭ്രാന്തമായ കാത്തിരിപ്പിനൊടുവിലാണ് പാലത്തിൽ നിന്നും അന്ന് അവൾ ശ്രമം നടത്തിയത്.
ആകാശം സന്തോഷ്‌ക്ലോസ് തട്ടുകടയിലെ ദോശക്കല്ല് പോലെ കറുത്തു. കല്ലിൽ ചുട്ട ദോശ പോലെ ആകാശത്ത് ചന്ദ്രൻ വന്നു. ചന്തുവിനോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങുമ്പോ ചന്തുവിന്റെ കൈയിൽ ഒന്ന് പിച്ചാനും അമ്മയെ കെട്ടിപ്പിടിച്ച് ആ ഉണ്ണിയിൽ കവിളമർത്താനും റിതുവിന് തോന്നി. കാരണമേതുമില്ലാതെ കൺകോണിൽ വന്നെത്തിനോക്കിയ നീർതുള്ളികളെ അവരിൽ നിന്ന് മറയ്ക്കാൻ അവൾ വേഗം ഹെൽമെറ്റണിഞ്ഞു. മുന്നോട്ട് പോകുമ്പോൾ എപ്പോഴും കിതച്ചും ഭയന്നും പായൽ പിടിച്ച പടികളിലൂടെ ഓടിക്കൊണ്ടിരുന്ന സ്വപ്നത്തിലെ ആ പെൺകുട്ടി, കിളികളെ നോക്കുന്നതും വള്ളികളിൽ എത്തിപ്പിടിക്കാൻ ശ്രമിക്കുന്നതും റിതു കണ്ടു. കാത്തുനിന്ന പച്ച ശ്വാസവായുവിനെ അവൾ ഉള്ളിലേക്കെടുത്തു. അരുവി പോലെ അവളിൽ നുരഞ്ഞു പൊങ്ങിയൊരു ചിരി കൊടും വളവിൽ എതിരെ വന്നൊരു കാറിനടിയിൽ പെട്ട് പൊട്ടിച്ചിതറി. ‘അപകടസാധ്യതമേഖല ‘എന്നാരോ എഴുതിത്തൂക്കിയ ബോർഡ് നെഞ്ചിൽ തറച്ചു നിന്ന മരത്തിന് വീണ്ടും വേദനിച്ചതുകൊണ്ടാകും അതിന്റെ കണ്ണിൽ നിന്നും മഞ്ഞപ്പൂക്കൾ അവിടമാകെ ഉതിർന്നു വീണത്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
Kalakkiyallo!!!