ഏറെ സ്വകാര്യമായി ഒരാൾ തന്നെത്തന്നെ കേട്ടെഴുതും വിധം (പി. ആർ. രതീഷിന്റെ കവിതകൾ )

0
540
the arteria - athmaonline-08

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ
ഡോ.രോഷ്നി സ്വപ്ന

“Two possibilities exist:
either we are alone in the Universe
or we are not.
Both are equally terrifying.
Arthur C. Clarke

ഉന്മാദത്തെ കവിതയിലേക്കും കവിതയെ ഉന്മാദത്തിലേക്കും പകർത്തുകയും പടർത്തുകയും ചെയ്യുന്ന കാവ്യ രീതിയാണ് പി ആർ രതീഷിന്റേത്.
കവിതയിൽ അയാൾ ഏകാകിയായി അലയുന്നു. ആൾക്കൂട്ടത്തിനിടയിലും ഒറ്റയ്ക്കാവലിന്റെ ഉന്മാദം അയാളെ മൂടുന്നുണ്ട്. അതിന്റെ അടയാളങ്ങൾ അയാളെ വേട്ടയാടുന്നുണ്ട്.
ഏകാന്തത വേട്ടയാടിയ കാലം താൻ ആശ്രയിച്ചത് സംഗീതത്തെയായിരുന്നു എന്ന് മായ ആഞ്ചലോ പറഞ്ഞിട്ടുണ്ട്
ഏകാന്തത പക്ഷേ പിആർ. രതീഷിന്റെ സഹജമായ വഴിയാണെന്ന് പറയാൻ പറ്റില്ല. ജീവിതത്തിൽ ഒരുതരം അലച്ചിൽ എല്ലാകാലത്തും രതീഷിന്റെ കവിതകളുടെ കൂട്ടാളിയാണ്.
അതോടൊപ്പം തന്നെ ഒറ്റയ്ക്കാവലിന്റെ പലതരത്തിലുള്ള പോരാട്ടങ്ങളും കവിതയിൽ സംഘർഷമായി പരിണമിക്കുകയും ചെയ്യുന്നുണ്ട്.
പ്രണയമായും മരണ ബോധമായും ഏകാന്തതയുമായുള്ള കൂട്ടുകെട്ട് കവിയുടെ സഹജമായ സംഘ ബോധത്തിന് വിരുദ്ധവുമാണ്.
“എല്ലാം വറ്റിപ്പോകുന്ന
നേരത്തും
കവിതയുടെ ഒരു
നദി തന്നെ
സൂക്ഷിച്ചു വച്ചു ”
ഇത്രമാത്രം കവിതയിൽ ഒരാൾ മുറിഞ്ഞുപോകുമോ എന്ന് ഒരു നിമിഷം ചിന്തിക്കാം.
നെരൂദ പറയുന്നുണ്ട്.
“എന്നെ ഭൂമിക്കുള്ളിലേക്ക് ഉപേക്ഷിക്കുക.
ഞാൻ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന ഇടത്തേക്ക്.
കാഴ്ചയോ സ്പർശമോ അറിയാതെ
ശൂന്യതയിൽ
വലിച്ചെറിയപ്പെട്ട
കല്ലുപോലെ
നിഴലിന്റെ
വിരൽ പോലെ…
എനിക്കറിയാം
നിനക്ക് സാധിക്കില്ല
നിനക്കെന്നല്ല.
ആർക്കും.,
ആ ഇടത്തെ
മോചിപ്പിക്കാനോ.
അവിടേക്ക്
വഴികൾ തുറക്കാനോ ആർക്കും സാധിക്കില്ല”
പക്ഷെ രതീഷിന്റെ കവിതകൾക്ക് സാധിക്കുന്നു.
അവയിലെ പ്രണയത്തിന് സാധിക്കുന്നു.
ആത്മാവിന്റെ കടൽ വെള്ളം കോരിക്കുടിച്ച് അന്ധനായ കവിക്ക്, വേവിന്റെ വരികൾ നിറഞ്ഞുതുളുമ്പുന്ന പ്രണയത്തിന്റെ പൊള്ളലിൽ ആ വഴി തുറക്കാനാവും.
ചിലപ്പോൾ അത് തീയിലേക്ക് ആളിപ്പടരുന്ന ജലത്തിന്റെ ഉന്മാദം പോലെയാവും.
അല്ലെങ്കിൽ, കരയിലേക്ക് ആഞ്ഞാഞ്ഞുവീശുന്ന കടൽ കാറ്റുപോലെയാകും.
രതീഷിന്റെ വിസ്മൃതകാണ്ഡം എന്ന കവിത വായിക്കൂ
“”നീയും ഞാനും ആദ്യം വിശന്നത്
സ്നേഹത്തിന്
പിന്നെ പിന്നെ
ഓരോ വാക്കിന്
വാക്കിൽ നിന്നും ജീവിതത്തിലേക്ക് കടന്നപ്പോൾ പ്രണയത്തിന്റെ നദി
മറഞ്ഞു
ഒരിക്കലും ഉണ്ടാകാത്ത
ഒരു വീട് സ്വപ്നം കണ്ട്
ഞാൻ ഉറങ്ങി
നാം ഒരുമിക്കും എന്ന ഉറപ്പാൽ നീ ഉറങ്ങാതിരുന്നു.
ഇന്നലെ വീടുവിട്ടിറങ്ങിയ
കവിയെ കണ്ടു.
വായിക്കുന്തോറും ഉടഞ്ഞു പോകുന്ന അവന്റെ ജീവിതവും.
പലവഴിയലഞ്ഞു അവയിലൊക്കെ നിന്നെ തിരഞ്ഞു.
ഒടുവിൽ മൗനം സംസാരിക്കുന്നവരുടെ നാട്ടിലെത്തി.

ഏത് കാട്ടിലാണ് ജീവിതത്തിൻറെ വീട്?
ഏത് കിനാവിൽ ആണ് പ്രണയത്തിന്റെ കര?
കവിതയുടെ അന്തർവാഹിനിയായ ആത്മപീഡയുടെ ആനന്ദത്തെ ആകാശത്തു വെച്ച് വിസ്ഫോടനം ചെയ്യുന്നു ഈ കവിത. അത് തന്മയത്വത്തിന്റെ, വിശ്വാസത്തിന്റെ, വിസ്മയത്തിന്റെ, പ്രാർഥനയുടെ കടൽ സംഗീതമാണ്. പ്രണയത്തിന്റെ അനന്തമായ വേദനയാണ്.
“ഹൃദയം നിറയെ വേരുകളുള്ള വൃക്ഷമാണ് വീട്. സ്വപ്നം നിറയെ ജീവിതം ഉള്ള ആഴമാണ് കവിത” എന്ന് എഴുതുമ്പോൾ ആത്മാവിനെ മുഴുവൻ മൂടുന്ന അനുഭവമായി പടരുന്നു കവിത.
അത് ജീവനെ മുഖാമുഖം നിർത്തുകയാണ്. കവിതയിലത്രയും എരിഞ്ഞുതീരുന്ന ഏകാന്തത കവിതയേ കൂടുതൽ തീക്ഷ്ണവും തീവ്രവുമാക്കുന്നു.
“ഉറവയുള്ള കാലത്തിന്റെ കിതപ്പ് മറഞ്ഞ കിളിയുടെ ചിറകിനുള്ളിലേക്ക്
ആകാശം പറന്നടുക്കുന്നു ”
നാമിപ്പോൾ
ഇറങ്ങി കൊണ്ടിരിക്കുന്നത് കവിതയുടെ ഒടുക്കത്തെ ഒടുക്കത്തേക്കാണ് “”
അസ്ഥിയും ആത്മാവും അറിയാതെ ഉയിരെഴുതിയതാണ് ഈ കവിത.
പലസ്‌തീൻ കവിയത്രിയായ ഷദാബ് വജ്ബിയുടെ ഒരു കവിതയിൽ സമാനമായ വായനാനുഭവം. കിട്ടിയിട്ടുണ്ട്.
“ഞാൻ
പുനർജ്ജനിച്ചിരിക്കുന്നു
എന്റെ ശരീരത്തിന്റെ
വ്യവസ്ഥാപിതങ്ങൾക്ക്
പുറത്തു കടന്ന്…
ആവശ്യങ്ങളുടെ
പിശുക്കിനപ്പുറം കടന്ന്
പഴുത്ത കുലകൾ ചാഞ്ഞു നിൽക്കുന്ന
ശാഖകൾക്കപ്പുറം
ഒരൊറ്റ നിമിഷം കൊണ്ട്
വിശുദ്ധപ്രണയത്തിന്റെ
സുഗന്ധം
പരത്തുന്ന
എണ്ണമില്ലാത്ത
ഒഴിവിടങ്ങളിലേക്ക്
എന്റെ കണ്ണുകൾ
നിശബ്ദരായ രണ്ട് ഗോളങ്ങളല്ല,
അഭിവാഞ്ജകളുടെ നാളം
എന്റെ കണ്ണുകൾ
പ്രണയികളുടെ പച്ചത്തുരുത്തിലേക്ക്
വേഗത്തിലുടഞ്ഞുപോകുന്ന
വഴികാട്ടികളായ തുഴകൾ.
എന്റെ ആത്മാവും ഹൃദയവും പാടുകയാണ്.
എനിക്ക് വേണ്ടി കാത്തു കിടക്കുക
നക്ഷത്രങ്ങളുടെ
തിളങ്ങുന്ന
ജലധാരകളിലേക്ക്
ചന്ദ്രനിലേക്കുള്ള
വെളുത്ത വഴിയിൽ
ചക്രവാളത്തിന്റ നീല വരക്കപ്പുറം
പകലിന്റെ
വെള്ളച്ചാട്ടങ്ങളിലൂടെ
സൂര്യനുദിക്കുന്ന നിമിഷം
ഒരു കൊമ്പിൽ നിന്ന്
മറ്റൊരു കൊമ്പിലേക്ക്
വെളിച്ചത്തിന്റെ
നൂൽവരകൾ
വരക്കപ്പെടുമ്പോൾ
വെളിച്ചത്തെയും ആകാശത്തെയും
സ്വപ്നം കണ്ട്
കൂടുകളുടെ ആഴങ്ങളിൽ നിന്ന്
പുറത്തുകടക്കുന്ന
കിളികളുടെ കൊക്കുകളിൽ സൂക്ഷിച്ച
ധാന്യങ്ങൾ പോലെ
കിളികൾ ചിലയ്ക്കുന്നു
ഭൂമിയിലേക്ക് പതിക്കുന്ന
അതിനിഗൂഢസൗരപഥങ്ങളുടേത് പോലുള്ള
എന്റെ ശബ്ദം
അവസാനിക്കുന്നിടത്ത്
വളർച്ചയുടെ മൊട്ടുകളാൽ വലിച്ചെടുത്ത്
പൂന്തോട്ടങ്ങളിലെ
മുളകൾക്ക്
സൂര്യപ്രകാശവും
ജീവനും കൊടുത്ത്
എനിക്കായി കാത്തുനിൽക്കുക
ഞാൻ ഇനിയും പുനർജ്ജനിക്കും ”
പ്രഭാതത്തിൽ സൂര്യന്റെ ആദ്യത്തെ കിരണത്തെ കാണാൻ കൊതിക്കുന്ന പുൽക്കൊടിയുടെ ആനന്ദം!
ഒരിക്കലും ഒരു വിരൽപ്പോറൽ കൊണ്ടുപോലും തൊട്ടുനോക്കിയിട്ടില്ലാത്ത അനശ്വരതയുടെ, ആഴം.
രതീഷ് എഴുതുന്നു.
“നീ അറിയുന്നുണ്ടാവണം നിന്റെ മിഴിക്കാടുകളിൽ
നാം നടന്ന ദൂരത്തിന്റെ
കിതപ്പ്
കനക്കുന്നുണ്ടാവണം
നീ നടക്കാത്ത വേഗങ്ങളിൽ എന്റെ നെഞ്ചിടിപ്പിന്റെ കുതിപ്പ്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here