കഥ
ശ്രീജിത്ത് പി.കെ
“ഉമ്മുക്കൊലുസു മരിച്ചന്നു രാത്രിയിൽ ഉമ്മ തനിച്ചു പുറത്ത് നിന്നു..
ഒറ്റവരൊക്കെയും പോയിരുന്നു, മുറ്റമോ ശൂന്യമായി തീർന്നു.”
ലക്ഷ്മി ഉറക്ക വായിച്ചു.
മോളെ വന്നു കഴിക്കാൻ നോക്ക്.അച്ഛൻ വരാറായി, മതി പഠിച്ചത്.അടുക്കളയിൽ നിന്നും യശോദ വിളിച്ചു പറഞ്ഞു. കൈയിലുണ്ടായിരുന്ന പുസ്തകം മടക്കിവെച്ചു ലക്ഷ്മി അമ്മേടെ അടുക്കലേക്കു പോയി.
‘അമ്മ അച്ഛനെ വിളിച്ചിരുന്നോ?
‘ഉം..അതല്ലേ കഴിച്ചു പോയി കിടക്കാൻ നിന്നോട് പറഞ്ഞത്’.
ഇന്നും അച്ഛൻ കുടിച്ചിട്ട് ഉണ്ടോ അമ്മേ?
‘ഉം…’
‘രാവിലെ പോയപ്പോൾ വൈകിട്ട് മുറ്റത്ത് തൂക്കാൻ സ്റ്റാർ വാങ്ങി വരാം എന്നു പറഞ്ഞിരുന്നു. വാങ്ങുമോ?
“നീയൊന്ന് പോകുന്നുണ്ടോ”
‘കണ്ണൻ ഉറങ്ങി കാണും ,അല്ലേ അമ്മേ…’
‘ അവൻ ഉറങ്ങി നീയും
പോയി ഉറങ്ങു.’
‘എനിക് വിശക്കുന്നില്ല.
ഞാൻ കിടക്കാൻ പോകുവാ.
‘ലക്ഷ്മി കിടക്കാനായി പോയി.
കണ്ണിലേക്ക് ഉറക്കം അരിച്ചിറങ്ങി. പെട്ടന്നാണ് അവൾ ആ ശബ്ദം കേട്ടത്. അമ്മ കരയുന്നു.
അവൾ ഓടി ചെന്നു ,അച്ഛന് കഴിക്കാൻ വിളമ്പി നൽകിയ ചോറു മുറിയുടെ അങ്ങു ഇങ്ങായി തറയിൽ ചിതറി കിടക്കുന്നു .
അച്ഛൻ അമ്മയുടെ മുടിയിൽ പിടിച്ചു ഭിത്തിയിൽ ഇടിക്കുന്നു.
ലക്ഷ്മി ഓടി ചെന്ന് അച്ഛനെ പിടിച്ചു മാറ്റാൻ നോക്കി. പെട്ടന്നായിരുന്നു അച്ഛന്റെ കയ്യിൽ ഉണ്ടായിരുന്ന കത്തി ലക്ഷ്മിയുടെ നെഞ്ചിലെക്ക് പതിച്ചത്.
അബദ്ധം സംഭവിച്ചു എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ലക്ഷ്മി താഴെ വീണിരുന്നു.
ചോര വാർന്നു പോകുന്ന മകളുടെ ശരീരം എടുത്തു ആ അമ്മ വാവിട്ട് കരഞ്ഞു. ഓടി കൂടിയ അയൽക്കാർ ലക്ഷ്മിയെ ഹോസ്പിറ്റലിൽ കൊണ്ട് പോയി.
പണത്തിന്റെ കുറവുകൊണ്ട് ആശുപത്രി വരാന്തയിലായിരുന്നു ലക്ഷ്മിയുടെ സ്ഥാനം. നെഞ്ചിലെ മുറിവ് സാരമില്ലാത്തതിനാൽ എന്നൊരു കാരണവും ആശുപത്രി ജീവനക്കാർ കണ്ടെത്തി.
വരാന്തയിൽ ലക്ഷ്മിക്ക് ഇരുവശവും കണ്ണനും യശോദയും കണ്ണുനീരോടെ കാത്തിരുന്നു.
ആകാശത്ത് നിറയെ നക്ഷത്രങ്ങൾ. തണുത്ത കാറ്റിൽ അലയടിച്ചു വരുന്ന കരോൾ ഗാനങ്ങൾ.
ലക്ഷ്മി ആകാശം നോക്കി കിടന്നു.
പിറ്റേന്ന് രാവിലെ കണ്ണ് തുറന്നു നോക്കിയപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അച്ചൻ അവൾക്ക് അരികിൽ ഉണ്ടായിരുന്നു. പറ്റിപ്പോയ തെറ്റിനു അയാൾ മകളോട് മാപ്പിരന്നു.
അപ്പോഴും ചിരിച്ചു കൊണ്ട് അവൾ അച്ഛനോട് പറഞ്ഞു പുതിയ സ്റ്റാർ വാങ്ങണം പുൽക്കൂട് ഒരുക്കണം എന്നൊക്കെ.
കാണാൻ വന്നവരോടൊക്കെയും ചിരിച്ചു കൊണ്ടവൾ മറുപടി പറഞ്ഞു.
2 ദിവസം കഴിഞ്ഞപ്പോൾ ലക്ഷ്മിയുടെ വായിൽ നിന്നും മൂക്കിൽ നിന്നുമൊക്കെ ചോര വരാൻ തുടങ്ങി. നെഞ്ചിലെ മുറിവ് പഴുത്തു. പെട്ടന്ന് തന്നെ ICU വിലക്ക് മാറ്റി. ഹൃദയമിടിപ്പ് കുറഞ്ഞു വന്നു. ചില്ലു വാതിലിലൂടെ അകത്തേക്ക് നോക്കിയ യശോദ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്ന തന്റെ മകളെ കണ്ട് ബോധരഹിതയായി.
“ലക്ഷ്മിയെ ആർക്കെങ്കിലും കാണണം എന്നുണ്ടെങ്കിൽ കാണാം”.
ICU വിൽ നിന്ന് പുറത്ത് വന്നു നഴ്സ് പറഞ്ഞു.
അവൾക്ക് അരികിലേക് പോകുമ്പോൾ യശോദ കരയാതിരിക്കാൻ പാട് പെട്ടു.
അപ്പോഴും ലക്ഷ്മി ചിരിക്കുകയായിരുന്നു.
“എന്തിനാ മോളെ നീയങ്ങനെ ചിരിക്കുന്നത്? ആരെ കാണിക്കാനാണ്..
എന്റെ മോളെ നീയുങ്ങനെ ഈ വേദന സഹിക്കും.”
യശോദ പൊട്ടിക്കരഞ്ഞു. അപ്പോൾ ചിരിച്ചു കൊണ്ട് ലക്ഷ്മി പറഞ്ഞു, അമ്മേ ചിരി ആയുസ്സ് വർദ്ധിപ്പിക്കും. അപ്പോൾ ഞാൻ മരിക്കില്ലലോ.
കൂടുതൽ ഒന്നും കേൾക്കാൻ ശക്തി ഇല്ലാതെ യശോദ പുറത്ത്ക്കു ഓടി. ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടേയിരുന്നു.
“ഉമ്മുക്കൊലുസു മരിച്ചന്നു രാത്രിയിൽ ഉമ്മ തനിച്ചു പുറത്ത് നിന്നു.
ഒറ്റവരൊക്കെയും പോയിരുന്നു, മുറ്റമോ ശൂന്യമായി തീർന്നു…”
ലക്ഷ്മി മടക്കി വെച്ചിരുന്നു പുസ്തക താൾ നിവർത്തി കണ്ണൻ വായിച്ചു. എവിടെ നിന്നോ രണ്ടു തുള്ളി കണ്ണുനീർ ആ താളുകളെ നനയിച്ചു.കൂടുതൽ വായിക്കാതെ കണ്ണൻ പുസ്തകം അടച്ചു വെച്ചു. പതിയെ അവന്റെ നോട്ടം ചെമ്പകത്തിന്റെ ചോട്ടിൽ പുതുതായി ഉയർന്നു വന്ന ആ മണ്ണ് കൂനയിലേക്ക് നീണ്ടു.അങ്ങിങ്ങായി ചിതറി വീണ് ചില ചെമ്പകപൂവുകൾ. അവിടെ ആ ചെമ്പക ചുവട്ടിൽ അവൾ ഉറങ്ങുണ്ട്.അവന്റെ ചേച്ചി, ലക്ഷ്മി.
…
ആത്മ ഓൺലൈനിൽ രചനകൾ പ്രസിദ്ധീകരിക്കാൻ
email : editor@athmaonline.in | WhatsApp : 9048906827