പൈനാണിപ്പെട്ടി
വി. കെ. അനിൽകുമാർ
വര: കെ. പി. മനോജ്
കുഞ്ഞമ്പുവിനെക്കുറിച്ചാണ്.
വടക്കൻകേരളത്തിൻ്റെ തനിമ അങ്ങനെത്തന്നെ ഈയൊരറ്റവാക്കിൻ്റെ മങ്കലത്തിൽ പോർന്ന് വെച്ചിട്ടുണ്ട്.
കുഞ്ഞമ്പുവില്ലാതെ വടക്കൻകേരള ഗ്രാമങ്ങളില്ല.
തൃക്കരിപ്പൂരിലൂടെയോ പയ്യന്നൂരിലൂടെയോ ചെറുവത്തൂരിലൂടെയോ യാത്രയാകുമ്പോൾ ഒരു കുഞ്ഞമ്പുവിനെ കടന്നുപോകാതിരിക്കാൻ നിങ്ങൾക്കാകില്ല.
ഒരു പേരിൽ ഒരു ദേശം അത്രമേൽ അലിഞ്ഞ് ചേർന്നിരിക്കുന്നു.
കുഞ്ഞമ്പുവിനെക്കുറിച്ചെഴുതുമ്പോൾ ഇച്ചിരിക്കൂടി വൈകാരികമായിട്ടൊക്കെ എഴുതേണ്ടതാണ്.
പ്രിയപ്പെട്ട ചങ്ങാതി വരച്ച ചിത്രത്തിൽ കാണുന്നത് ആരാണെന്നറിയുമോ… പടിയിറങ്ങിപ്പോയ അനേകമനേകം കുഞ്ഞമ്പുമാരിൽ ഒരാളാണ്.
ഇരുപത്തിയഞ്ച് വർഷം മുൻപ് ഈ ഭൂമിയിൽ നിന്നും ഇല്ലാതായ കെ.വി. കുഞ്ഞമ്പു ഇതെഴുതുന്നയാളുടെ അച്ഛനാണ്.
കുഞ്ഞമ്പുവിൻ്റെ സർവ്വലക്ഷണങ്ങളും തികഞ്ഞ മനുഷ്യൻ
വടക്കിൻ്റെ പച്ചമണ്ണിൽ തേച്ച് പിടിപ്പിച്ച കല്ലുപ്പാണ് കുഞ്ഞമ്പു.
ഒരു ദേശത്തിൻ്റെ തെരുവൻ മുണ്ടുടുത്ത ഭൂപടചിത്രം…
കുഞ്ഞമ്പുവെന്ന പേര് കേട്ടാൽത്തന്നെ അറിയാം ഏതാണ് ദേശമെന്ന്.
ഏറ്റവും കൂടുതൽ ആലോചിച്ച പേരാണ് കുഞ്ഞമ്പു.
തൃക്കരിപ്പൂരും കുഞ്ഞമ്പുവും അത്രമേൽ അനുപൂരകങ്ങളാണ്.
എത്രയെത്ര കുഞ്ഞമ്പുമാർ നടന്നുനടന്നു തേഞ്ഞുപോയ വഴിത്താരകൾ….
കുപ്പായമിടാത്ത ചെരിപ്പിടാത്ത കടുക്കനിട്ട തെരുവൻ മുണ്ടുടുത്ത കുഞ്ഞമ്പുമാർ തൃക്കരിപ്പൂരിൻ്റെ പഴമ്പാട്ടുകളിൽ തഴച്ചു
റാക്കിനെക്കാൾ വീര്യമുറ്റിയ
മുഞ്ചിൻ്റെ തീയാളി കുഞ്ഞമ്പുമാർ ജ്വലിച്ചു.
“കുഞ്ഞമ്പൂം കുഞ്ഞാതീം
തൊവ്വാൻ പോമ്പം
എന്തെല്ലാം വേണ്ട്പ്പാ
കുഞ്ഞാതിക്ക്
കൊലക്കാത്ത വായേൻ്റെ
കൂമ്പ് വേണം
കുത്താത്ത കാളേരെ
കൊമ്പ് വേണം
കടിക്കാത്ത നായീരെ
പല്ല് വേണം
വാളാത്ത നെല്ലിൻ്റെ
വിത്ത് വേണം
ചെയിക്കാത്ത തെങ്ങിൻ്റെ
തേങ്ങവേണം
കുഞ്ഞമ്പും കുഞ്ഞാതീം
തൊവ്വാൻ പോമ്പം
എന്തെല്ലാം വേണ്ട്പ്പാ
കുഞ്ഞാതിക്ക്… ”
പാട്ടിൻ്റെ കൊടങ്കല്ല് കീഞ്ഞു വന്ന്
കുഞ്ഞമ്പു കിതച്ചു.
താൻ നായകനായ പാട്ടിൻ്റെ ചൗതിക്കിരുന്നു.
കുഞ്ഞമ്പൂം കുഞ്ഞാതീം ഓളും പുരുവനുമാണ്.
പറശ്ശിനിക്കടവിലെയോ സ്വന്തംതറവാട്ടിലെയോ തെയ്യത്തിനെ തൊവ്വാൻ പോവുകയാണ് രണ്ടു പേരും.
പാട്ടിൻ്റെ തനിമയാർന്ന സന്ദർഭം.
ഒപ്പരം വന്ന കുഞ്ഞാതിക്ക് എന്തൊക്കെയാ വേണ്ടത് എന്ന് പുരുവൻ കുഞ്ഞമ്പു ചോദിക്കുന്നു.
സ്വന്തം ഭർത്താവിന് ഒരിക്കലും സാധിച്ചു കൊടുക്കാനാകാത്ത ആവശ്യങ്ങൾ ഉന്നയിക്കുന്ന ഭാര്യയാണ് പാട്ടിലെ കുഞ്ഞാതി…
കുഞ്ഞമ്പൂം കുഞ്ഞാതീം എത്ര നല്ല ഓളും പുരുവനുമാണ്.
അവരുടെ പോക്ക് എല്ലാവരും നോക്കി നിന്നു.
തെയ്യത്തിനെ തൊവ്വാൻ പോയ കുഞ്ഞമ്പൂം കുഞ്ഞാതീം അവരുടെ പാട്ടും പിന്നെ തിരികെ വന്നില്ല….
കൊലക്കാത്ത വാഴയ്ക്ക് കൂമ്പില്ലാത്തതു പോലെ കടിക്കാത്ത നായിക്ക് പല്ലില്ലാത്തതു പോലെ പാട്ടില്ലാത്ത ലോകത്ത് കുഞ്ഞമ്പും കുഞ്ഞാതിയുമുണ്ടാകില്ല….
ഇത് കുഞ്ഞമ്പുവിൻ്റെ കാലമല്ല.
കുഞ്ഞമ്പുമാർ ഓരോരുത്തരായി
റാക്ക് കുടിച്ച് തുമ്മാൻതിന്ന് ഇരുളിലേക്ക് നീട്ടിത്തുപ്പി കീഞ്ഞുപോയി.
വടക്കിൻ്റെ പച്ചകുത്തി ചില കുഞ്ഞമ്പുമാർ മാത്രം ശേഷിക്കുന്നുണ്ട്.
അമ്പത് വയസ്സിൽ താഴെയായി ഒരു കുഞ്ഞമ്പുവും തൃക്കരിപ്പൂരിൽ ഇനി ബാക്കിയില്ല.
ഒരിരുപത്തിയഞ്ച് മുപ്പത് വർഷത്തിനുള്ളിൽ
എല്ലാ കുഞ്ഞമ്പുമാരും ഈ ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകും.
ഈ ഭൂമി കുഞ്ഞമ്പുരഹിതമാകുന്ന കാലം അത്ര വിദൂരമല്ല….
വടക്ക് മുടിചൂടാമന്നനായി വിരാജിച്ച കുഞ്ഞമ്പുവിനെ പക്ഷെ,ശബ്ദതാരാവലിയിൽ കാണാനാകില്ല.
പ്രത്യേകിച്ചൊരർത്ഥവും ഈ വാക്കുകൾ നല്കുന്നില്ല.
കുഞ്ഞമ്പു ദൈവത്തിൻ്റെ പര്യായമല്ലാത്തതിനാൽ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ ജാതിക്കാരും ഈ പേരുപയോഗിച്ചു.
സ്വന്തം വീട്ടിലോ ബന്ധുവീട്ടിലോ കുഞ്ഞമ്പുവിൻ്റെ ചാർച്ചക്കാരില്ലാത്തവരായി ആരുമുണ്ടായിരുന്നില്ല.
വീട്ടിൽ കുഞ്ഞമ്പുവായി അച്ഛനും അമ്മയുടെ അച്ഛനുമുണ്ടായിരുന്നു.
ഭർത്താവും അച്ഛനും മോനും കുഞ്ഞമ്പുമാരായി അനുഗ്രഹിക്കപ്പെട്ട സ്ത്രീകൾ വരെ 1.!അന്നുണ്ടായിരുന്നു.
അത്രയും ജനകീയമായിരുന്നു
കുഞ്ഞമ്പുവിൻ്റെ പേർ പകർച്ചകൾ.
കുഞ്ഞമ്പു
ചെറിയമ്പു
കർത്തമ്പു
കാര്യമ്പു
വെള്ത്തമ്പു
അമ്പു
അമ്പാടി
അമ്പൂഞ്ഞി
അമ്പൂക്കൻ
അമ്പുരാജ്…
ഇത്രയും വിഭവങ്ങൾ കുഞ്ഞമ്പുവിൽ നിന്നും ഉണ്ടാക്കാം. മറ്റൊരു പേരിനും ഇത്രയും പടർപ്പുകളില്ല….
കുഞ്ഞമ്പുവുമായി സമ്പർക്കപ്പെടാതെ ഒരു ജീവിതം തൃക്കരിപ്പൂരുകാർക്ക് സാധ്യമല്ല.
തൃക്കരിപ്പൂരിൻ്റെ ഹൃദയഭാഗത്ത് മായാത്ത മറയാത്ത കാരുണ്യത്തിൻ്റെ ഉടൽ രൂപകമായി ഒരു കുഞ്ഞമ്പുവിൻ്റെ പുഞ്ചിരിത്തിളക്കമുണ്ട്.
മറ്റുള്ളവർക്കായി എരിഞ്ഞൊടുങ്ങിയ കുതിരപ്പന്തി മടത്തിൽ കുഞ്ഞമ്പു.
തൃക്കരിപ്പൂരിലെ ഏറ്റവും വലിയ കലാസമിതിയായ K M Kകുതിരപ്പന്തി മടത്തിൽ കുഞ്ഞമ്പുവിൻ്റെ നിത്യസ്മാരകമാണ്.
സ്ക്കൂളിൽ ഒരു കുഞ്ഞമ്പുമാഷ് എന്തായാലും നിർബന്ധമാണ്.
കുഞ്ഞമ്പു മാഷ് വടക്കിൻ്റെ ഐക്കൺ ആണ്.
എ.വി, വി.വി, കാന്തലോട്ട് ….
കുഞ്ഞമ്പുവെന്ന പോർ വീര്യമുറഞ്ഞ വടക്കിൻ്റെ മൺവീറുകൾ.
കരിവെള്ളൂരിനിത്രയും ചോപ്പേറിയത് കീനേരി കുഞ്ഞമ്പുവിൻ്റെ ചുടു ചോരയിൽ ക്കുതിർന്നാണ്…
കുണിയൻ പുഴയിലെ വെള്ളത്തിനിത്രയും ഉപ്പേറിയത് കീനേരി കുഞ്ഞമ്പുവിൻ്റെ ചോരയിലെ ഉപ്പു കുടിച്ചാണ്..
തടവറയിലെ രാപ്പുലരിയിൽ തൂക്കുമുറിയിൽ
ശ്വാസനാളം പൊട്ടിപ്പിടഞ്ഞതും മറ്റൊരു കുഞ്ഞമ്പുവായിരുന്നു.
കയ്യൂരിലെ തീയിൽപ്പൊടിച്ച വാല്യക്കാരൻ.
കുഞ്ഞമ്പു ഒരു രക്തസാക്ഷിയുടെ ജീവിതം കൂടിയാണ്.
എ വി.കുഞ്ഞമ്പുവെന്ന പേരു കേൾക്കുമ്പോൾ കരിവെള്ളൂർ കുണിയനിലെ കൈപ്പാടുകളിൽ ഇപ്പോഴും പീരങ്കികൾ വെടിയുതിർക്കും.
പച്ചോലയിൽ പൊതിഞ്ഞു കെട്ടിയ ചോരയൊലിക്കുന്ന കുഞ്ഞമ്പു ഗർജിക്കും.
പുലയപ്പാട്ടിൻ്റെ പടിയിറങ്ങി പുലിമറഞ്ഞ തൊണ്ടച്ചൻ്റെ കൈ പിടിച്ച് മറ്റൊരു കുഞ്ഞമ്പു വരുന്നുണ്ട്
വാരന്താറ്റ് ചേണിച്ചേരി കുഞ്ഞമ്പു നമ്പ്യാർ….
കുഞ്ഞമ്പുവിൻ്റെ പാട്ടുകൾക്കും പറച്ചിലുകൾക്കും അവസാനമില്ല.
എങ്കിലും ഒരു പാട്ട് ഒരൊറ്റ പാട്ട്
തൊട്ടിലിൻ്റെ ഞരക്കത്തിനൊപ്പം
വലിഞ്ഞു മുറുകുന്ന കയറിൻ്റെ മുറുക്കത്തിനൊപ്പം
മനസ്സിനെ വല്ലാതെ
വല്ലാതെ നൊമ്പരപ്പെടുത്തുന്നു.
ഉള്ളകം വിങ്ങി തൃക്കരിപ്പുരിലെ അമ്മമാർ പാടിയ ഉറക്കുപാട്ട്…..
“കുഞ്ഞമ്പൂൻ്റമ്പേന കണ്ടിനോ കണ്ടിനോ
ഞാങ്കണ്ടു ഞാങ്കണ്ടു കുഞ്ഞമ്പൂൻ്റമ്പേന
എന്തൊടെയാളം കുഞ്ഞമ്പൂൻ്റമ്പക്ക്
നെറ്റിക്ക് പൊട്ട്ണ്ട് നാൽക്കവളയുണ്ട്
ആറു മുലയുണ്ട് അറുനാഴിപ്പാലുണ്ട്
കുഞ്ഞമ്പൂൻ്റമ്പേന കണ്ടിനോ കണ്ടിനോ
ഞാങ്കണ്ടു ഞാങ്കണ്ടു കുഞ്ഞമ്പൂൻ്റമ്പേന…. ”
ഇച്ചാപ്പലിൽ മയങ്ങിയ കുട്ടി
കാലിച്ചേകോനായകുഞ്ഞമ്പുവിനെയും പാൽനുര മണമുള്ള അമ്പയെയും സ്വപ്നം കണ്ടു.
കുഞ്ഞി ഉറക്കിൽ ചിരിച്ചു.
കരഞ്ഞു.
പാട്ടിൻ്റെ തൊട്ടിൽക്കയർ പൊട്ടിച്ച് കുഞ്ഞമ്പൂൻ്റമ്പ ഇറങ്ങി നടന്നു.
കുഞ്ഞമ്പുവും ആലയും പാട്ടും തൊട്ടിൽക്കയർക്കരച്ചിലും ഇല്ലാത്ത ലോകം.
വഴിതെറ്റിയ, അമ്പിളിപ്പൂങ്കല മെയിലണിഞ്ഞ ഇടശ്ശേരിക്കവിത പോലെ അമ്പ കുഞ്ഞമ്പുവിനെ അന്വേഷിച്ചിറങ്ങി.
ആദ്യം കുഞ്ഞമ്പുവും ഞാനുമാണല്ലോ ഉണ്ടായത്.
പിന്നെയാണ് പാട്ടുണ്ടായത്.
നെറ്റിക്ക് പൊട്ടുള്ള നാൽക്കവളയുള്ള അമ്പ പറഞ്ഞു.
അമ്പയെ ആരും തിരിച്ചറിഞ്ഞില്ല.
കുഞ്ഞമ്പു ഇല്ലാതായതും പൈക്ക് ഗോമാതാവെന്ന വിശുദ്ധ പദവി ലഭിച്ചതും
അമ്പ അറിഞ്ഞിരുന്നില്ല.
തൻ്റെ കൊമ്പിനുള്ളിൽ ഓംകാരനാദമുണ്ടെന്നും ചാണകത്തിൽ പ്ലുട്ടോണിയം ഉണ്ടെന്നും പറഞ്ഞവനെ കുഞ്ഞമ്പൂൻ്റമ്പ കുത്തി മലർത്തി…
പാട്ടും കുഞ്ഞമ്പുവും അമ്പയുമില്ലാത്ത
കാലം വിദൂരമല്ല…
https://athmaonline.in/vkanilkumar/
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.