Friday, January 27, 2023
HomeTHE ARTERIASEQUEL 12ദൈവത്തെ പുനർവായിക്കുമ്പോൾ..

ദൈവത്തെ പുനർവായിക്കുമ്പോൾ..

വായന
ഗിരീഷ് കാരാടി

ഈ വർഷത്തെ സാഹിത്യ അക്കാദമി പുരസ്കാരം കരസ്ഥമാക്കിയ ശ്രീജിത്ത് പൊയിൽക്കാവിന്റെ ‘ദ്വയം’ സമകാലീന സാമൂഹ്യ യാഥാർത്ഥങ്ങൾക്ക് നേരെ തിരിച്ച് വെച്ച ഒരു ലോഹകണ്ണാടിയാണ്.ലോഹ കണ്ണാടി പോലെ തകർക്കാൻ കഴിയാത്ത സാമൂഹ്യ യാഥാർത്ഥ്യങ്ങളാണ് ദ്വയം സമൂഹത്തിന് മുൻപിൽ ചർച്ചക്ക് വെക്കുന്നത്.ബാലിതെയ്യം എന്ന തെയ്യത്തിന്റെ ആചാര അനുഷ്ഠാനങ്ങളിലിലൂടെ കേരളത്തിലെ തെയ്യം കലാകാരൻമാർ അനുഭവിക്കുന്ന ജാതീയമായ വേർതിരിവും-ഐത്തവുമാണ് നാടകം ചർച്ചക്ക് വെക്കുന്നത്.തെയ്യം നടക്കുന്ന ദിവസം ദൈവമായിരുന്ന ഒരാൾക്ക് തെയ്യം കഴിഞ്ഞ് ആ കാവിൽ ജാതിയുടെ പേരിൽ ഐത്തം കൽപ്പിക്കുന്നതും ശേഷം സംഭവിക്കുന്ന നാടകീയമായ സംഭവങ്ങളുമാണ് നാടകത്തിനെ മുന്നോട്ട് നയിക്കുന്നത്.

തെയ്യം കലാകാരനായ ചന്തു ഒരു സ്വർണ്ണകരയുള്ള കൈത്തറിമുണ്ട് ഭാര്യക്കായി വാങ്ങുന്നു. തെയ്യം നടന്ന ദിവസം ബാലിയുടെ ദൈവത്തറയിൽ ആ മുണ്ട് മറക്കുന്നു.അതെടുക്കാൻ പിറ്റേ ദിവസം ദൈവത്തറയിലെത്തുന്ന ചന്തുവിനെ കാവിന്റെ കാരണവൻ രാമൻ നായർ ഐത്തം കാരണം തടയുകയും ആക്രമിക്കുകയും ചെയ്യുന്നു. ഒടുവിൽ രാമായണ കഥാപാത്രമായ ബാലിദൈവം പ്രത്യക്ഷപ്പെട്ട് ചന്തുവിന് തന്നെ ഭഗവാൻ രാമൻ ചതിച്ച് കൊന്ന കഥ പറഞ്ഞു കൊടുക്കുന്നു. ഇതിലൂടെ രാമായണ കഥയുടെ ഒരു പ്രതികഥാകഥനം നാടകത്തിൽ സാധ്യമാവുന്നുണ്ട്.

എല്ലാ കാവ്യങ്ങളും രചിക്കപ്പെടുന്നത് മനുഷ്യകുലത്തിനെ സുഖിപ്പിക്കാനാണ് എന്ന് നാടകം പറയുമ്പോൾ സമകാലീന എഴുത്തുകാർ പല പ്രശ്നങ്ങളോടും നിശബ്ദപാലിക്കുന്നത് ഒരു സുഖിപ്പിക്കൽ തന്നെയാണെന്ന പ്രതിധ്വനി നാടകത്തിലുണ്ട്. കറുത്തവരോടും, ജാതിയിൽ താഴ്നവരോട് വിമോചന ആഹ്വാനം നടത്തിയാണ് നാടകം അവസാനിക്കുന്നത്.ദളിത് ദൈവങ്ങളെ പൂണൂലിട്ട് സവർണ്ണരാക്കുന്ന സമകാലീന ഇന്ത്യൻ സാഹചര്യത്തിൽ “പൂണൂലിട്ടവന്റെ പൂജയേക്കാളും ഞാക്കിഷ്ടം ഇങ്ങളെ കുടീലെ കള്ളും പോത്തിറച്ചുയുമാ”..!!എന്നാണ് കറുത്തവരുടെ ദൈവങ്ങൾ നാടക അവസാനത്തിൽ ആഹ്വാനം ചെയ്യുന്നത്.

Sreejith Poilkave
ശ്രീജിത്ത് പൊയിൽക്കാവ്

സംവിധാന കലയിൽ തികഞ്ഞ കയ്യൊതുക്കമുള്ള ശ്രീജിത്ത് പൊയിൽക്കാവ് നാടകം രംഗത്ത് അവതരിപ്പിക്കാനുള്ള കല എന്ന നിലക്ക് തന്നെയാണ് ദ്വയവും രചിച്ചിട്ടുള്ളത്. ലളിതമായ ആഖ്യാന രീതിയും മലബാറിലെ നാട്ടുഭാഷയും നാടകത്തിന്റെ ശിൽപചാരുതക്ക് മികവ് കൂട്ടുന്നു.2016 ൽ ഈ നാടകം സംഗീത നാടക അക്കാദമിയുടെ പ്രവസിമലയാളി ദേശീയ മത്സരത്തിൽ മികച്ച രചനക്കും, മികച്ച നടിക്കും ഉള്ള ദേശീയ അംഗീകാരം നേടിയിട്ടുണ്ട്. ഡൽഹി ജനസംസ്കൃതി ഡൽഹി, ശില്പി കലാവേദി കണ്ണൂർ,ആളൂർ ജനകീയവായശാല ത്രിശ്ശൂർ തുടങ്ങി നിരവധി അമേച്ചർ നാടകസംഘങ്ങൾ നാടകം അരങ്ങിലെത്തിച്ചിട്ടുണ്ട്. ഇതിനോടകം ഇരുപതോളം നാടക സംഘങ്ങൾ ദ്വയം അവതരിപ്പിച്ച് കഴിഞ്ഞു.മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര കൂട്ടായ്മയായ ലോക നാടക വാർത്തകൾ എന്ന കൂട്ടായ്മയുടെ അമരക്കാൻ കൂടിയായ ശ്രീജിത്ത് പൊയിൽക്കാവ് ഇന്ത്യക്കകത്തും പുറത്തുമായി നൂറോളം നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. അബുദാബി ഭരത് മുരളി നാടക പുരസ്കാരം, ഡൽഹി ജനസംസ്കൃതിയുടെ സഫ്ദർ ഹശ്മി പുരസ്കാരം,മികച്ച സംവിധായകനുള്ള സംഗീത നാടക അക്കാദമി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഈ മുപ്പത്തിയാറുകാരൻ ഇതിനോടകം കരസ്ഥമാക്കി കഴിഞ്ഞു.കഴിഞ്ഞ വർഷത്തെ മികച്ച കഥക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ വരി എന്ന ചലച്ചിത്രം സംവിധാനം ചെയ്ത് ചലച്ചിത്ര രംഗത്തും ശ്രീജിത്ത് നിലയുറപ്പിച്ചിട്ടുണ്ട്.അച്ഛൻ ഗംഗാധരൻ നായരും അമ്മ ദേവിയും ആണ്. സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ അപർണ്ണ പ്രഭയാണ് ഭാര്യ.

gireesh-karadi
ഗിരീഷ് കാരാടി

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

RELATED ARTICLES
- Advertisment -spot_img

Most Popular

കഥകൾ

കവിതകൾ

വായന

PHOTOSTORIES