മലയാള നോവലിലെ സ്ത്രീ മാതൃകകള്‍

1
3013
krishna-mohan-article-wp

‘ചിത്തിരപുരത്തെ ജാനകി’ , ‘കല്ല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’ എന്നീ നോവലുകളെ മുന്‍നിര്‍ത്തി ഒരു പഠനം.

കൃഷ്ണ മോഹൻ

‘മൂന്നാം ലോക സ്ത്രീകള്‍ മനുഷ്യ ചരിത്രത്തിന്റെ നടുക്കളത്തിലേക്ക് നമ്മുടെ ജീവിതസമസ്യകളേയും ഉപജീവനപ്രശ്‌നങ്ങളേയും കൊണ്ടുവരികയാണ് ഇപ്പോള്‍. എല്ലാ ജീവന്റേയും നിലനില്പിനായുള്ള സാദ്ധ്യതകള്‍ വീണ്ടെടുക്കുന്നതിലൂടെ സമൂഹത്തിലും പ്രകൃതിയിലും ഉള്ള സ്‌ത്രൈണാന്ത:സത്ത വീണ്ടെടുക്കാനുള്ള അസ്ഥിവാരം ഇടുകയാണ് അവര്‍ ചെയ്യുന്നത്. അതിലൂടെ നിലനിര്‍ത്താനും പരിപാലിക്കാനും ശേഷിയുള്ള ഭൂമിയുടെ വീണ്ടെടുക്കലുമാണ് അവര്‍ ചെയ്യുന്നത് ‘*. ഇവിടെ അന്തര്‍ലീനമായിരിക്കുന്ന ആൺകോയ്മയെയും സ്ത്രീചൂഷണത്തെയും ഇല്ലായ്മ ചെയ്യുവാനും സ്‌ത്രൈണാന്ത:സത്ത വീണ്ടെടുക്കുവാനുമുള്ള ശ്രമങ്ങളെ കുറിച്ചുമാണ് വന്ദനാശിവ പ്രതിപാദിക്കുന്നത്. സാംസ്‌കാരിക ചിന്തകളില്‍ സ്ത്രീവാദം സുദൃഢമായതിന്റെ ദര്‍ശനങ്ങളാണ് മുകളില്‍ കാണുന്നത്. അതിനും എത്രയോ മുമ്പ് തന്നെ സാഹിത്യം സ്‌ത്രൈണ സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ ആ പ്രോത്സാഹനങ്ങള്‍ പോലും പുരുഷാധിപത്യത്തിന് കീഴിലായിരുന്നു എന്നു മാത്രം. മലയാള സാഹിത്യം പരിശോധിക്കുമ്പോൾ പെണ്ണാവിഷ്കാരങ്ങൾ ശക്തിമത്താകുന്നത് നോവലിലാണെന്ന് കാണാം. എന്നാൽ ആദ്യകാല നോവലുകളെ സ്ത്രീ പ്രത്യയ ശാസ്ത്ര നിർമിതികൾ എന്ന് വിളിക്കാൻ കഴിയില്ല. ഇതാണ് പാരമ്പര്യ-ആധുനിക സ്ത്രീ ആവിഷ്‌കാരങ്ങൾ തമ്മിലുള്ള വ്യത്യാസവും. പാരമ്പര്യത്തില്‍ നിന്നും ആധുനികതയിലെത്തിയപ്പോള്‍ സ്‌ത്രൈണ സ്വാതന്ത്ര്യം കുറച്ചുകൂടി ഫലവത്താക്കുന്നത് കാണാം. ഇതിനു പ്രധാനകാരണം എഴുത്തുകാരികളുടെ രംഗപ്രവേശം തന്നെയാണ്. സ്ത്രീ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ അവർ തന്നെ ആവിഷ്‌കരിക്കാന്‍ തുടങ്ങിയതോടെ സാഹിത്യം പതിയെ ആൺകോയ്മയിൽ നിന്നും വിടുതല്‍ നേടുകയും പെൺപക്ഷത്തോട് അടുക്കുകയും ചെയ്തു.

പെൺ ജീവിത സന്ദര്‍ഭങ്ങളെ വ്യത്യസ്ത രീതിയില്‍ സമീപിക്കുന്ന നിരവധി നോവലുകള്‍ മലയാള സാഹിത്യത്തിലുണ്ടായിട്ടുണ്ട്. അവയില്‍ സമാന സ്വഭാവം പുലര്‍ത്തു രണ്ടു നോവലുകളാണ് ഉഷാകുമാരിയുടെ ‘ചിത്തിരപുരത്തെ ജാനകി’യും രാജശ്രീയുടെ ‘കല്ല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’യും. സ്ത്രീ ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും കയറിച്ചെല്ലുക എന്നതാണ് രണ്ടു നോവലുകളുടെയും സമാനതയ്ക്കു കാരണം. രൂപത്തിലും ഭാവത്തിലും ശൈലിയിലും ഇവ തമ്മില്‍ അന്തരമുണ്ടെങ്കിലും പച്ചയായ ചില പെണ്ണനുഭവങ്ങള്‍ ഇവ തമ്മിലുള്ള പാരസ്പര്യത്തിനു ഹേതുവായി നിൽക്കുന്നു.

writer-ushakumari

1. ചിത്തിരപുരത്തെ ജാനകിയിലെ സ്‌ത്രൈണാനുഭവങ്ങള്‍.

ഇടുക്കി ജില്ലയിലെ വെള്ളത്തൂവല്‍ ഗ്രാമം സാഹിത്യത്തില്‍ ഇടം നേടിയത് ഉഷാകുമാരിയെന്ന എഴുത്തുകാരിയിലൂടെയാണ്. ‘താരയും കാഞ്ചനയും രണ്ടു പോരാളികള്‍’എന്ന നോവലാണ് ഉഷാകുമാരി ആദ്യം രചിച്ചത്. എന്നാല്‍ അവര്‍ക്ക് സാഹിത്യത്തില്‍ വ്യക്തി മുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞത് ‘ചിത്തിരപുരത്തെ ജാനകി’യിലൂടെയാണ്. 2015-ലെ ഒ.വി.വിജയന്‍ പുരസ്‌കാരം നേടിയ കൃതിയാണ് ചിത്തിരപുരത്തെ ജാനകി. ജീവിതത്തോട് മത്സരിക്കുന്ന ഒരു പറ്റം സാധാരണക്കാരികളുടെ കഥയാണ് പ്രസ്തുത നോവലില്‍ ആവിഷ്‌കൃതമായിരിക്കുന്നത്. ഇതെല്ലാം എഴുത്തുകാരി സ്വാനുഭവത്തില്‍ നിന്നും രൂപപ്പെടുത്തിയതാണെന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കണം. അതുകൊണ്ട് നമ്മുടെ നിത്യജീവിതത്തില്‍ കണ്ടുമുട്ടുന്ന ഓരോ സ്ത്രീയുടേയും വിയര്‍പ്പും കണ്ണുനീരും ചിത്തിരപുരത്തെ ജാനകിയില്‍ കാണാം. ഉഷാകുമാരി ഒരു വീട്ടമ്മയായതിനാല്‍ അവരുടെ എഴുത്തിനും അനുഭവത്തിനും ശക്തികൂടും. ഇതാണ് നോവലിനെ ശ്രദ്ധേയമാക്കുന്ന ഏക ഘടകം.

ജാനകിയെന്ന സ്ത്രീയുടെ വിചാരങ്ങളിലൂടെയാണ് നോവല്‍ മുന്നോട്ട് പോകുന്നത്. ആത്യന്തികമായി നോവല്‍ ചിന്തകളിലധിഷ്ഠിതമാണ്. സമൂഹത്തില്‍ നടക്കുന്ന ഓരോ അനീതികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഇവിടെ കാണാം. എന്നാല്‍ അവയെല്ലാം ചിന്തകളില്‍ ഒതുക്കാൻ മാത്രമേ ഇതിലെ കഥാപാത്രത്തിനു കഴിയുന്നുള്ളൂ. ഇതുതന്നെയാണ് സാധാരണക്കാരികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നവും. മൂന്നു തലമുറകളിലെ സ്ത്രീകളെ നോവലിൽ കാണാം; രേണുകയുടെ അമ്മ, രേണുക, ജാനകി. എന്നാല്‍ ജാനകിയെയാണ് പ്രധാന ആഖ്യാതാവായി നോവലിസ്റ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. എന്തുകൊണ്ട് മറ്റു രണ്ടു കഥാപാത്രങ്ങളെയും ആഖ്യാനത്തിനുപയോഗിച്ചില്ല എന്ന ചിന്ത സ്വാഭാവികമായും കടന്നുവരും. അതിനു കാരണം ‘കാല’മാണ്. കാലത്തിൽ അധിഷ്ഠിതമായ ചില നിയമങ്ങളാണ്. നോവലിന്റെ ആദ്യഭാഗങ്ങളില്‍ രേണുക ആഖ്യാതാവായി വരുന്നുണ്ടെങ്കിലും അവിടെ പെണ്ണിന്റെ നെടുവീര്‍പ്പുകള്‍ മാത്രമേ കേള്‍ക്കാന്‍ കഴിയുന്നുള്ളൂ. ജാനകിയിലേക്കെത്തുമ്പോഴാണ് സ്ത്രീ സ്വാതന്ത്ര്യ ചിന്തകള്‍ പരുവപ്പെട്ടു വരുന്നത്. അതിന്റെ പ്രധാന കാരണം മുന്‍കാല തലമുറയിൽപ്പെട്ട രേണുക പുരുഷാധിപത്യം നിലനിന്ന കാലത്താണ് ജീവിച്ചിരുന്നത് എന്നത് തന്നെയാണ്. അവരിലൂടെ സ്ത്രീ സ്വാതന്ത്ര്യം ആവിഷ്‌ക്കരിക്കുന്നതിന്റെ നിരര്‍ത്ഥകത എഴുത്തുകാരി മനസ്സിലാക്കി. ജാനകിയിലേക്ക് വന്നപ്പോള്‍ സന്ദര്‍ഭം കുറേകൂടി അനുകൂലമായി. എന്നാല്‍ അവിടെ ചിന്താരൂപീകരണം മാത്രമേ നടക്കുന്നുള്ളൂ എന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കണം.

ചിത്തിരപുരത്തെ ജാനകി എല്ലാത്തിനെയും വിമര്‍ശിക്കുന്നു. പുരുഷാധിപത്യത്തോടൊപ്പം ഭരണകൂട വ്യവസ്ഥയേയും എതിര്‍ക്കുന്നു. ‘പ്രകൃതിവിരുദ്ധമായി പണമുണ്ടാക്കുതിനുള്ള വഴിയിലേക്ക് ഭരണകൂടം പൊതുജനങ്ങളെ ഇറക്കിവിടുന്നില്ലേ?’ എന്ന ചോദ്യം നോവലിലുണ്ട്. ഇതിലൂടെ വ്യംഗ്യമായി ആൺകോയ്മയെയും എഴുത്തുകാരി വിമര്‍ശിക്കുന്നു. സ്ത്രീ വീക്ഷണത്തിലൂടെയാണ് നോവല്‍ മുന്നോട്ട് പോകുന്നത്. തന്റെ വര്‍ഗ്ഗത്തില്‍പ്പെട്ട എല്ലാ സ്ത്രീകളുടേയും അനുഭവങ്ങള്‍ ഇവിടെ ആവിഷ്‌കൃതമായിട്ടുണ്ട്. പുരുഷകഥാപാത്രങ്ങളേക്കാള്‍ കൂടുതല്‍ സ്ത്രീകഥാപാത്രങ്ങളാണ് ഇതിലുള്ളത്. സ്വന്തം കാമനകള്‍ക്കുവേണ്ടി സ്ത്രീയെ അവളുടെ ഇച്ഛപോലും നോക്കാതെ ഉപയോഗിച്ച് വലിച്ചെറിയുന്ന ഒരു പറ്റം പുരുഷന്മാരെ ഇതില്‍ കാണാം. പൈലിയും വിനോദും നൗഷാദുമെല്ലാം അതിന്റെ പ്രതിനിധികളാണ്. സ്വന്തം മകളെപ്പോലും നീചമായ കണ്ണുകള്‍ കൊണ്ട് നോക്കുന്ന പുരുഷന്മാരെക്കുറിച്ചോര്‍ക്കുമ്പോള്‍ ജാനകിയുടെ ഉള്ളില്‍ കോപാഗ്നി ആളുന്നത് കാണാം. ഇവിടെയെല്ലാം സ്ത്രീ പുരുഷന്റെ അടിമയല്ലെന്ന ആഹ്വാനം എഴുത്തുകാരി നടത്തുന്നുണ്ട്. സ്ത്രീത്വത്തിന്റെ ആത്മസംഘര്‍ഷങ്ങളും ആധികളും പുരുഷാധിപത്യ പ്രവണതകളോടുള്ള വെല്ലുവിളികളും അവതരിപ്പിക്കുതില്‍ വലിയൊരളവോളം ഉഷാകുമാരി വിജയിച്ചു.

രേണുക, ജാനകി, കുഞ്ഞേലി, സീതമ്മ, ചന്ദ്രിക, ആരിഫ, ഐഷ, തങ്കമണി തുടങ്ങിയ കഥാപാത്രങ്ങളിലൂടെ നിരവധി സ്ത്രീ മാതൃകകളെ എഴുത്തുകാരി ആവിഷ്‌കരിക്കുന്നുണ്ട്. ഇവരെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ക്ലേശകരമായ ജീവിതം നയിക്കുവരാണ്. അതിനാല്‍ അവരുടെ അനുഭവങ്ങള്‍ക്ക് ശക്തി കൂടും. സ്ത്രീകളെ നിരന്തരം ശാക്തീകരിക്കുന്ന പ്രവണത നോവലില്‍ കാണാം. തന്മൂലം സ്ത്രീകള്‍ അവരുടെ സ്വത്വം മനസ്സിലാക്കി മുന്നോട്ടു വരുമെന്നുള്ള പ്രതീക്ഷ എഴുത്തുകാരിക്കുണ്ട്. സ്ത്രീകളുടെ സ്വത്വനിര്‍മ്മിതി ചിന്തകളിലൊതുക്കി എന്നത് നോവലിന്റെ പരിമിതിയാണ്. അതിനെ പ്രയോഗിക്കാനുളള ധൈര്യം എഴുത്തുകാരി കാണിച്ചില്ല. കാണിച്ചിരുന്നെങ്കില്‍ നോവല്‍ കുറച്ചുകൂടി പരിവര്‍ത്തന സ്വഭാവം പുലര്‍ത്തുമായിരുന്നു. എന്തിരുന്നാലും ജാനകിയുടെ ഓരോ ചിന്തയും സുദൃഢവും പരിവര്‍ത്തനോന്മുഖവുമായിരുന്നു. ചിത്തിരപുരം എന്ന ഗ്രാമത്തിലെ സ്ത്രീകളുടെ അതിജീവനത്തിന്റെ ശാന്തവും സൗമ്യവുമായ കഥയായി ഈ നോവല്‍ എന്നും നിലനില്‍ക്കുന്നു. പെൺമയുടെ വ്യത്യസ്ത വിതാനങ്ങളെ പരമാവധി ഉപയോഗപ്പെടുത്തികൊണ്ടുള്ള രചനാരീതിയാണ് ഇവിടെ കാണുന്നത്.

writer-rajasree

2. കല്ല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ ക’ഥ’.

നവമാധ്യമസങ്കേതങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രസിദ്ധീകരിച്ച നോവലാണ് രാജശ്രീയുടെ ‘കല്ല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’. മലയാള നോവല്‍ ചരിത്രത്തില്‍ പുതിയൊരു ഉദ്യമം എന്നു വേണം നോവലിനെ വിശേഷിപ്പിക്കാൻ. ഫേയ്‌സ്ബുക്കില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഈ നോവലിന്റെ സ്വീകാര്യതയ്ക്കു പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. ഏറ്റവും പ്രാധാന്യം ഇതില്‍ അണിനിരക്കുന്ന സ്ത്രീ മാതൃകകള്‍ തന്നെയാണ്. മൂന്നു സ്ത്രീകളെയാണ് എഴുത്തുകാരി തന്റെ ഉദ്ദേശ്യത്തിൽ എത്തിച്ചേരാൻ കണ്ടെത്തിയിരിക്കുന്നത്. കല്ല്യാണിക്കും ദാക്ഷായണിക്കും പുറമേ എഴുത്തുകാരി തന്നെ ഇതിൽ നേരിട്ട് പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ മൂന്നു സ്ത്രീകളുടേയും ജീവിതാഖ്യായികയായി നോവലിനെ കാണാം. പാരമ്പര്യവും ആധുനികവത്കരണവും തമ്മിലുള്ള വ്യത്യാസങ്ങള്‍ നോവല്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സമകാല സന്ദര്‍ഭത്തില്‍ നിന്നുകൊണ്ട് പഴയ സ്ത്രീ ജീവിതങ്ങളെ അനാവരണം ചെയ്യാന്‍ ഇവിടെ ശ്രമിക്കുന്നുണ്ട്. അങ്ങനെയാണ് കല്ല്യാണിയും ദാക്ഷായണിയും നോവലില്‍ സ്ഥാനം പിടിക്കുന്നത്. നോവലില്‍ സ്വത്വനിര്‍മ്മിതി നടത്തുന്നത് ഈ രണ്ടു കഥാപാത്രങ്ങളിലൂടെയാണ്. ഇവര്‍ക്കു പുറമേ ചേയിക്കുട്ടി, കുഞ്ഞിപ്പെണ്ണ്, വല്ല്യേച്ചി, യക്ഷി, ചേന്നമ്മ തുടങ്ങിയ കഥാപാത്രങ്ങളും നോവലില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവര്‍ക്കോരോരുത്തര്‍ക്കും സ്വന്തമായ വ്യക്തിത്വം നോവല്‍ കൊടുക്കുന്നുണ്ട്. സ്‌ത്രൈണ സ്വാതന്ത്യത്തിനുള്ള ഏറ്റവും വലിയ മാര്‍ഗ്ഗവും ഇതുതെയാണ്. ആരേയും ഭയക്കാതെ ജീവിക്കാനുള്ള സ്വാതന്ത്രവും ഇവര്‍ക്ക് എഴുത്തുകാരി നല്‍കുന്നു. ഇവിടേയും കാലം ഒരു പ്രധാന കണ്ണിയാണെങ്കിലും കാലത്തിനോടുള്ള പ്രതിഷേധം ശക്തമായി നടക്കുന്നു. ഒഴുക്കിനെതിരെ നീന്തുവാനുള്ള പ്രവണത ആദ്യാവസാനം വരെ ഇവിടെ നടത്തുന്നുണ്ട്. നോവലില്‍ ആവിഷ്‌കരിക്കുന്ന സ്ത്രീ ജീവിതങ്ങള്‍ വ്യത്യസ്തമാണെങ്കിലും അവയുടെ ഗതിവിഗതികള്‍ ഒന്നുതന്നെയാണ്.
പുരുഷാധിപത്യ പ്രവണതകളോടുള്ള എതിര്‍പ്പ് ഇവിടെ കാണാന്‍ കഴിയും. കോപ്പുകാരനും ആണിക്കാരനുമെല്ലാം അതിന്റെ പരിധിയില്‍ വരുന്നതാണ്. മറിയ മീസിനെപ്പോലുള്ളവര്‍ ആവിഷ്‌കരിച്ച മുതലാളിത്ത ആൺകോയ്മയുമായി ഈ കഥാപാത്രങ്ങളെ ബന്ധപ്പെടുത്താന്‍ കഴിയും. എന്നാല്‍ ഒരിക്കലും അവര്‍ ആൺകോയ്മയില്‍ അടിമപ്പെടുന്നില്ല.

നോവലില്‍ ഒരമാനുഷിക കഥാപാത്രത്തെ സന്നിവേശിപ്പിച്ചിട്ടുണ്ട്. ആ യക്ഷിയിലൂടെ സമകാലിക സമൂഹത്തോടുള്ള വെറുപ്പും വിദ്വേഷവും എഴുത്തുകാരി പങ്കുവയ്ക്കുന്നു. യക്ഷിയുടെ ഇരട്ടപ്പേറെടുക്കുന്ന ദാക്ഷായണിയെ മുമ്പൊരു നോവലിലും കാണുന്നില്ല. നോവലില്‍ ‘കിണറിനെ’ ഒരു ബിംബമായി ചിത്രീകരിച്ചിരിക്കുന്നു. ഒരുപാട് നിഗൂഢതകള്‍ അതില്‍ ഉള്ളടങ്ങിയിരിക്കുന്നു. വല്ല്യേച്ചി എന്ന കഥാപാത്രം ആ നിഗൂഢതയുടെ സൂക്ഷിപ്പുകാരിയാണ്.

പ്രാദേശിക സംസ്‌കാരം നോവലില്‍ അടയാളപ്പെടുത്തുന്നുണ്ട്. കണ്ണൂര്‍ ജില്ലയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഇതിലെ ഓരോ കഥാപാത്രവും പ്രാദേശിക സംസ് കൃതിയുടെ നേര്‍പതിപ്പുകളാണ്. മൂന്നുതരം ഭാഷാവൈവിധ്യങ്ങളുടെ സ്വാധീനം ഇവിടെ പ്രതിഫലിക്കുന്നുണ്ട്. തെക്കന്‍ഭാഷ, വടക്കന്‍ ഭാഷ, മാനക ഭാഷ തുടങ്ങിയവയുടെ മിശ്രണ രൂപേണയുള്ള ആഖ്യാനരീതി നോവലിനെ വ്യത്യസ്തമാക്കുന്നു. ഭാഷാന്തരങ്ങള്‍ മാത്രമല്ല തെക്കരും വടക്കരും തമ്മിലുള്ള സംഘര്‍ഷവും നോവലില്‍ പ്രധാന വിഷയമാകുന്നു. ലൈംഗികതയെ വളരെ രസകരമായി ഇതില്‍ ആവിഷ്‌കരിച്ചിരിക്കുന്നു.

പ്രസ്തുത നോവലില്‍ സ്ത്രീസ്വത്വാവിഷ്‌കാരം വളരെ ദൃഢമാണ്. ഇതിലെ ഓരോ സ്ത്രീ കഥാപാത്രങ്ങളിലും സ്വതന്ത്ര ചിന്താരൂപീകരണം നടത്തുകയും അതിനെ പുറത്തുകൊണ്ടുവരികയും ചെയ്തിട്ടുണ്ട്. തങ്ങളുടെ വ്യക്തി ജീവീതത്തില്‍ തലയിടാന്‍ അവരാരും ആരെയും അനുവദിക്കുന്നില്ല. ഇതിലെ ഓരോ കഥാപാത്രങ്ങളും പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുന്നു. തന്മൂലം സ്ത്രീ ഐക്യം സാധ്യമാകുകയും അതുവഴി അവരുടെ സ്വത്വത്തെ വെളിയിലേക്ക് കൊണ്ടുവരാന്‍ നിഷ്പ്രയാസം സാധിക്കുകയും ചെയ്യുന്നു. ഈ നോവല്‍ ശരിക്കും കല്ല്യാണിയുടേയും ദാക്ഷായണിയുടേയും മാത്രം കഥയല്ല. അതുവഴി നിരവധി സ്ത്രീകള്‍ നമ്മോട് സംവദിക്കുന്നുണ്ട്. സമൂഹത്തിലെ മുഴുവന്‍ സ്ത്രീകളുടെ കഥയായി ഈ നോവലിനെ കണക്കാക്കാം.

ചിത്തിരപുരത്തെ ജാനകിയും, കല്ല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കതയും ആഖ്യാനത്തിലും ശൈലിയിലും ആവിഷ്‌കാര മാതൃകയിലും വ്യത്യസ്തത പുലര്‍ത്തുന്നു. എന്നാല്‍ ഇവയില്‍ ചില സാമ്യതകള്‍ കാണാന്‍ സാധിക്കും. ജാനകിയില്‍ സ്ത്രീ പക്ഷ ചിന്തകള്‍ രൂപപ്പെടുന്നുണ്ടെങ്കിലും അവ പുറത്തേക്കു പ്രകടമാകുന്നില്ല. എന്നാല്‍ കല്ല്യാണിയും ദാക്ഷായണിയും അത്തരം ചിന്തകളെ സമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കു ന്നുണ്ട്. ജാനകി, കല്ല്യാണി, ദാക്ഷായണി തുടങ്ങിയവര്‍ വ്യത്യസ്ത നോവലിലെ കഥാപാത്രങ്ങളാണെങ്കില്‍കൂടിയും അവര്‍ പ്രതിനിധീകരിക്കുന്നത് സ്ത്രീ വര്‍ഗ്ഗത്തെയാണ്. അതുതന്നെയാണ് നോവലുകളുടെ സാമ്യതയ്ക്കു കാരണമായി വര്‍ത്തിക്കുന്നതും. വിശാലമായ സ്ത്രീ മാതൃകകള്‍ ഈ രണ്ടു നോവലുകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്തിരപുരത്തെ ജാനകി പാരമ്പര്യത്തില്‍ നിന്നു ആധുനികതയിലേക്ക് സഞ്ചരിക്കുന്നു. സമകാലിക സന്ദര്‍ഭത്തില്‍ നിന്നുകൊണ്ട് പഴയകാല ആഖ്യാനത്തിലേക്കെത്തിച്ചേരുകയാണ് കല്ല്യാണിയും ദാക്ഷായണിയും. സ്ത്രീയുടെ സ്വത്വപ്രതിഷ്ഠാപനമാണ് ഇരു നോവലുകളും ലക്ഷ്യം വയ്ക്കുന്നത്.

*Vandana shiva,staying alive P.224

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

google-play-logo

1 COMMENT

  1. വളരെ ഗഹനമായ ഒരു പഠനമാണു കൃഷ് നടത്തിയിരിക്കുന്നത്. പ്രശംസനീയമായ രീതിയിൽ പഠനം മുന്നോട്ട് കൊണ്ടു പോയിരിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു, കൃഷ്????

LEAVE A REPLY

Please enter your comment!
Please enter your name here