നോവ്‌

1
538

അശ്വതി മോഹൻ

മൗനത്തിനു ഇടം നൽകുംതോറും നീ എന്നിലേക്ക് ആഴ്ന്നിറങ്ങുന്നത് ഞാനറിയുന്നു. നീ എന്നെ കീഴടക്കിയത് എന്റെ മനസ്സ് നിനക്കൊരുക്കിയ വഴിയിലൂടെയാണല്ലോ.

നിന്റെ വേരുകൾ എന്നെ വലിച്ചുമുറുക്കി ശ്വാസംമുട്ടിക്കുമ്പോൾ അത് കണ്ടില്ലന്നു നടിച്ചതും നിന്നെ മറക്കാൻ ശ്രമിച്ചതും
മറ്റൊന്നും കൊണ്ടല്ല. എന്റെ നിയോഗം പൂർത്തിയാകുന്നതുവരെ നീയെന്നെ ഇല്ലാതാക്കില്ലെന്ന് അറിയാവുന്നതു കൊണ്ടുതന്നെയാണ്.

കഴുകന്മാർക്ക് കൊത്തിപ്പറിക്കാൻ തക്കവിധം അല്പപ്രാണനാക്കി മാറ്റി തെരുവോരങ്ങളിലേക്ക് എറിയരുതേയെന്ന ഒരൊറ്റ അപേക്ഷയേയുള്ളൂ.

ഇണയും കൂടും ചിറകിനടിയിൽ കാത്തുസൂക്ഷിച്ച കിളിയും എന്നിൽനിന്നും പറന്നകലുമ്പോഴും ചിറകു തളരാതെ പറക്കാനെങ്കിലും നീയെന്നെ അനുവദിക്കണം..

ആളുകൾ നിന്നെ പഴിച്ചും വെറുത്തും പരാതിപരിഭവങ്ങളാൽ പ്രയാസപ്പെടുത്തിയും പ്രതിസന്ധിയിലാക്കുമ്പോഴും അതിനെല്ലാം കൃത്യമായ കാരണങ്ങളുണ്ടായിട്ടുപോലും ഞാൻ നിന്നെ സ്നേഹിച്ചു കൊണ്ടിരുന്നതല്ലേ..

ഇപ്പോൾ ഞാൻ അത്രമാത്രം ക്ഷീണിതയാണ്. നീ പകരുന്നത് എനിക്കിന്ന് താങ്ങാനാകുന്നേയില്ല. ശരീരവും മനസ്സും ഒരുപോലെ തളർന്നു പോകുന്നു.

നിന്നെ വേദനയെന്നു വിളിച്ചു ഇന്നേവരെ ഞാൻ ശല്യപെടുത്തിയിട്ടില്ല. പുറമെ ചിരിക്കുമ്പോഴും നിന്നെ ഉള്ളിലൊതുക്കി തലോടിയിട്ടേയുള്ളൂ …

ഇപ്പോൾ നീ എന്നെ വിട്ടൊന്ന് മാറിനില്ക്കണമെന്ന് അത്രമാത്രം പ്രാർത്ഥിച്ചു പോകുന്നു. അതിനു നിനക്കാവില്ലെങ്കിൽ ഇങ്ങനെ അല്പപ്രാണനായി നിലനിറുത്താതെ നിന്റെ കാരുണ്യം പൂർണ്ണമായെന്നെ വിഴുങ്ങിയെങ്കിൽ എന്ന് പ്രണയിച്ചു പോകുന്നു. എന്നന്നേക്കുമായുള്ള സമാശ്വാസവും മുക്തിയുമാകുമല്ലോ അത്..


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
editor@athmaonline.in

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here