കവിയും കല്പണിക്കാരനും 

0
403

സതീശൻ ഒ. പി. 

പണ്ടു പണ്ടു വെറോണിക്ക 
എന്ന നഗരത്തിൽ 
ലൂസിഫർ എന്നൊരു 
കവിയുണ്ടായിരുന്നു.
കാട്ടു പൂക്കളെ പറ്റി
സന്ധ്യയെപ്പറ്റി 
കാമുകിമാരെ പറ്റി 
അയാൾ അതി മനോഹരമായി 
കവിതകൾ എഴുതുമായിരുന്നു. ഒരേ ചില്ലയിലെ പല പൂക്കളെ 
അയാൾ പല പേരിട്ടു വിളിച്ചു.
പല ദിവസങ്ങളിലെ സന്ധ്യകളെ  
അയാൾ 
പലതായി തന്നെ ആസ്വദിച്ചു.

കാമുകിമാർ
അദ്ധേഹത്തിനു
ഒരു ഭാരമേ ആയിരുന്നില്ല. 

അപ്പൂപ്പൻ താടി പോലെ 
ഒരോരുത്തരെയും 
അയാൾ 
പല പല സ്വർഗ്ഗത്തിലേക്കു
പറത്തിവിട്ടു . 

അതേ നഗരത്തിൽ
ഗബ്രിയേൽ എന്നു പേരായ
ഒരു വൃദ്ധനുണ്ടായിരുന്നു. 

എപ്പൊഴും വിശപ്പിനെ പറ്റി 
എകാന്തതയെപറ്റി
മുറിവുകളെ പറ്റി 
വിലപിച്ചിരുന്ന 
ഒരു കൽപ്പണിക്കാരൻ . രാജാവിന്റെ വിശപ്പുപോലെ 
മാരകമല്ല
യാചകന്റെ വിശപ്പെങ്കിലും 
അതു ഭേദമാക്കാൻ വിഷമമെന്നു
അയാൾ കല്ലിൽ കുറിച്ചിട്ടു. 

ഒരാളുപോലും കൂട്ടില്ലാതെ
ദൈവങ്ങളെ അയാൾ
കല്ലിൽ കൊത്തിവച്ചു. 

മനസ്സിലേൽക്കുന്ന അകമുറിവുകൾക്കു 
തൊടാവുന്ന
മേൽമുറിവുകളേക്കാളാഴം
എന്നു നിരന്തരം പറഞ്ഞു.

കാലം കടന്നുപോകെ
തികച്ചും കാവ്യാത്മകമായി
എന്നാൽ
യാദ്രിശ്ചികമായി
കവിയും കൽപ്പണിക്കാരനും കണ്ടുമുട്ടി. 

ഹേ കൽപ്പണിക്കാരാ 
ജീവിതത്തിന്റെ പൊരുളെന്താണു 
കവി ചോദിച്ചു. 
തന്റെ ശിൽപ്പത്തിന്റെ 
അവസാന
മിനുക്കു പണിയിലായിരുന്ന വൃദ്ധൻ
ഉത്തരം പറയാനായവെ
മരിച്ചു വീണു. 

ഹേ വായനക്കാരാ 
എനി നിങ്ങളുടെ ഊഴമാണു 
ഒന്നുകിൽ 
മടിക്കാതെ ഉത്തരം പറയുക 
അല്ലെങ്കിൽ 
ഈ ചോദ്യം ചോദിച്ചു 
ആളുകളെ കൊല്ലുക .


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here