നിലോഫർ ടി. എ.
ചങ്കുവിറപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ അലറിക്കഴിയുമ്പോള്‍,
ചെങ്കതിര്‍ പൂത്ത പോലുള്ള നിന്റെ മാറിടത്തില്‍ നിന്നും ഹാരങ്ങള്‍ ഓരോന്നായി ഊരിക്കഴിയുമ്പോള്‍,
കൂടിയാലോചനകള്‍ക്കും ഉടമ്പടികള്‍ക്കും ശേഷം
നിന്‍ സ്വരം
നിശബ്ദമായിക്കഴിയുമ്പോള്‍,
നിരാഹാരമിരുന്നു മെലിഞ്ഞുണങ്ങിയ ശരീരത്തിലേക്ക് ഒരിറ്റ് സര്‍ബത്ത്, കടലായി വന്നു പതിച്ചുകഴിയുമ്പോള്‍,
നൈരാശ്യത്തിന്റെയും വിഷാദത്തിന്റെയും മരുഭൂമികള്‍ താണ്ടി കവിതകള്‍ എഴുതിക്കഴിയുമ്പോള്‍,
നീ വരണം
എന്റെയടുത്തേക്ക്.
ഒരു സൂഫിയെപ്പോലെ നിന്റെ കാതുകളില്‍
ഞാന്‍ അനശ്വരതയെ മന്ത്രിക്കാം.
കിഴക്കിനും പടിഞ്ഞാറിനും
ചുവപ്പിനും കറുപ്പിനുമപ്പുറമുള്ള
മനുഷ്യനെപ്പറ്റി പറഞ്ഞു തരാം.
ഒരു വൃത്തം പോല്‍ ആവര്‍ത്തിക്കുന്ന
ജീവിതപ്രഹേളികയെ കാണിച്ചു തരാം.
അനേകം സ്വരങ്ങളുള്ള നിന്റെ ശബ്ദത്തില്‍ നിന്നും നിന്റെ സ്വരത്തെ കണ്ടെത്തിത്തരാം.
അപ്പോഴേക്കും,
നെറുകെ ചീകിയ നിന്റെ
മുടിയിഴകള്‍ നരച്ചിട്ടുണ്ടാകും.
നിനക്ക് നാല്പത് തികഞ്ഞിട്ടുണ്ടാകും!
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in