അഭിനവ കൃഷ്ണോപദേശം

0
681

ആദിഷ ടി. ടി. കെ.

ഒരു രഥം വേണം
അതിവേഗം പായുന്ന
രോമരാജിയില്‍ ചുഴികളുള്ള
വെളുത്ത രണ്ടശ്വങ്ങളും.
അകലെയൊരു കുരുക്ഷേത്രമൊരുങ്ങുന്നുണ്ട്.
വെള്ളയും ചുവപ്പും കാവിയും പച്ചയും യോദ്ധാക്കള്‍ അണിനിരക്കട്ടെ.
ഭടതലവന്മാര്‍ കസേരയോടെ പൊങ്ങട്ടെ.
ചോരയുടെ എരിവും പുളിയും ഏറെയറിഞ്ഞ കഠാര മുനകള്‍ ഒന്നുകൂടി മിനുങ്ങട്ടെ.
രാജാക്കന്മാര്‍ എഴുന്നള്ളട്ടെ
കറുത്ത ബെന്‍സും ടൊയോറ്റയും
ചീറി പറക്കണം.
മുടി സ്ട്രേയിറ്റണ്‍ ചെയ്യാന്‍ പോയവളെ
തിരിച്ചു വിളിക്കണം,
മുടിയഴിച്ചാടിയവള്‍ മൂര്‍ച്ചകൂട്ടണം.
അവള്‍ക്കായ് ചുടുനിണം ഊറ്റിയെടുക്കാന്‍
യുവനിര അണിനിരക്കണം.
മണ്ണിനും പെണ്ണിനും തിളക്കമൊട്ടും കുറയരുത്
കസേരകള്‍ പന്തയത്തില്‍ മുന്‍നിര എത്തി പിടിക്കട്ടെ.

സൂര്യനും ചന്ദ്രനും മാറിമാറി പാതിരാവുകള്‍ വെളുക്കട്ടെ.
ഏറ്റവും ഡിമാന്റുള്ള ശകുനിയെ കണ്ടെത്തണം.
സമാധാനത്തിന്റെ തിരുവസ്ത്രക്കാരി രാശിപലകയില്‍ സമയം കുറിക്കട്ടെ.
കാവലിനായി ആ പഴയ
കണ്ണടക്കാരന്‍ തോര്‍ത്തുമുണ്ടുകാരനെ നിര്‍ത്തണം.
മാംസതുണ്ടുകളില്‍ ഫോക്കസ് ചെയ്യും
കഴുകരെ ആട്ടിമാറ്റാന്‍ ഊന്നുവടി വീശണം
നെയ്തെടുത്ത പരുത്തിതുണികൊണ്ട്
നിലം പതിച്ചവന്റെ ചോരയൊപ്പട്ടെ.
വീണ്ടും ചര്‍ക്കയില്‍
മേലംഗികള്‍ തുന്നികൂട്ടണം.
നിരതെറ്റുന്നതും വരിതെറ്റുന്നതും
യുദ്ധമുറകള്‍ തെറ്റിക്കുന്നതും
തന്ത്രം മെനയുന്നതും
കണ്ണടയിലൂടെ കണ്ടെത്തണം.
കാണികളില്‍ കുരുടനാം വല്യച്ഛനും
ഒരു വല്യമ്മയും വേണം,
അവര്‍ പഴയ കഥകള്‍ ചൊല്ലി വീര്യം പകരട്ടെ.
താളം മുറുകണം
മേളം കനക്കണം സേനകള്‍ രക്താഭിഷേകം നടത്തണം.
റോക്കറ്റ് മിസൈലുകള്‍ കത്തിജ്ജ്വലിക്കണം,
താഴെ വീണുടയണം.
കുറിയിട്ട് മുടിനീട്ടിയ ആശ്രമദൈവങ്ങള്‍
വായുവില്‍ ബോംബുകള്‍ സൃഷ്ടിക്കണം.
സ്ഫോടനം ചിന്തി കൊഴുപ്പിക്കണം

ഞാനാണ് സാരഥി
ഞാനാണ് സ്ഥാപകന്‍
യുദ്ധനിയമം മെനഞ്ഞവനും.
യുദ്ധകളത്തിന്റെ ഒത്ത നടുവിലായ്
എന്നെ ആനയിക്കണം

എന്റെ വാക്കില്‍ ഉലയണം വിജയം.
എന്‍ വിരല്‍ തുമ്പത്താകണം യുദ്ധവും.
ഇനി പുതിയൊരു സന്ദേശവാക്യവും വേണം.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here