അശ്വനി ആര്‍ ജീവന്‍
മൂന്നാം മൈലന്നെഴുതിയ കുറ്റി കടന്നാൽ കാടാണ്…
മൂത്തോളെ പെറ്റ കഥ തൊടങ്ങുന്നതിങ്ങനാ
നല്ല നീലച്ച കാടാര്ന്ന്
പോറസ്റ്റാരെ കണ്ണും വെട്ടിച്ചോണ്ടും കേറണം
പറേമ്പൊ പറേണമല്ലോ
കണ്ടാ ഉടുമുണ്ടടക്കം ഉരിഞ്ഞു പോണ ചീത്തയാ
പറഞ്ഞല്ലോ ഇപ്പോ പെറ്റു വീണ പോലത്തെ
നല്ല നീലച്ച കാടാര്ന്ന്
വെറകെടുത്ത് വിറ്റേച്ചും വേണമാര്ന്ന്…
ബൊമ്മൻ കൂടെ പഠിച്ചതാര്ന്ന്
എന്നു വച്ചാ
അവന്റപ്പൻ കൊരങ്ങ് പനി വന്ന് ചാവുന്ന വരെ…
നല്ല സ്നേഹമാര്ന്ന്
നെറഞ്ഞ കാടു പോലത്തെ മനസ്സാര്ന്ന്
കാടും വഴി മൊത്തം കാണാപ്പാഠാര്ന്ന്
കാട്ടു ചുള്ളി വെട്ടി ഒടിച്ച് തര്ന്ന കണ്ടാ
മെരുങ്ങിയ ഒറ്റയാനാര്ന്ന്
പറഞ്ഞല്ലോ നല്ല നീലച്ച കാടാര്ന്ന്
കുഞ്ഞിലേ മുറിപറ്റിയ മനസ്സുകളും വച്ചോ ണ്ടാര്ന്ന്…
മൂത്തത് ബൊമ്മന്റെയാണ്…
അവള് ചത്തത് അവളപ്പന് വേണ്ടിയാണ്
അല്ല അവളപ്പൻ ചത്തത് അവക്ക് വേണ്ടിയാണ്
ഒറ്റയാൻ കൊണ്ടോയതാന്നൊരു കഥ
പോറസ്റ്റാരെ ഉന്നം മാറീന്നൊരു കഥ
മീമ്പിടിക്കാൻ പോയതാര്ന്ന്
‘ഇന്ന് വെറകെടുപ്പിന് പോണ്ട ശൊത്തേ… ‘
‘ഇന്ന് വെറകെടുപ്പിന് പോണ്ടമ്മാ… ‘
കാതിലങ്ങനെ പെടക്ക്ന്ന്ണ്ട്
പറഞ്ഞല്ലോ
നല്ല നീലച്ച കാടാര്ന്ന്…
നെറഞ്ഞ കാട് പോലത്തെ മനുഷ്യരാര്ന്ന്
മൂത്തോളെ പെറ്റ കഥ പറഞ്ഞാ തീരൂല
അഞ്ചെണ്ണത്തിനെ പിന്നേം പെറ്റ്
അപ്പനില്ലാത്ത അഞ്ചെണ്ണം
കാടില്ലാത്ത അഞ്ചെണ്ണം
പറേമ്പൊ പറേണമല്ലോ
ബൊമ്മൻ പോയപ്പോ
ഒന്നും അവന്റെ അല്ലാതായി
പണ്ട് നല്ല നീലച്ച കാടാര്ന്ന്
ഇന്നിപ്പോ
കാടും ചത്ത് കാട്ടു മുത്തീം ചത്ത്…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in